Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ 90,000 കടന്നതോടെ ലോക് ഡൗൺ ഇളവുകൾ തിരിച്ചടിയാകുമോ എന്ന് സംശയിച്ച് സംസ്ഥാനങ്ങൾ; മെയ് 31 വരെ അടച്ചുപൂട്ടൽ നീട്ടി പഞ്ചാബ്; കർഫ്യൂവിൽ ഇളവ്; മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 30,000 കടന്നു; ഡൽഹി ജയിലിൽ തടവുകാർ അടക്കം 17 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു ; അതിഥി തൊഴിലാളികളുടെ മടക്കം സുഗമമാക്കാൻ ഓൺലൈൻ ഡാഷ് ബോർഡുമായി കേന്ദ്ര സർക്കാർ

രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകൾ 90,000 കടന്നതോടെ ലോക് ഡൗൺ ഇളവുകൾ തിരിച്ചടിയാകുമോ എന്ന് സംശയിച്ച് സംസ്ഥാനങ്ങൾ; മെയ് 31 വരെ അടച്ചുപൂട്ടൽ നീട്ടി പഞ്ചാബ്; കർഫ്യൂവിൽ ഇളവ്; മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 30,000 കടന്നു; ഡൽഹി ജയിലിൽ തടവുകാർ അടക്കം 17 പേർക്ക് കോവിഡ്; തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു ; അതിഥി തൊഴിലാളികളുടെ മടക്കം സുഗമമാക്കാൻ ഓൺലൈൻ ഡാഷ് ബോർഡുമായി കേന്ദ്ര സർക്കാർ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ലോക് ഡൗണിൽ കുടിയേറ്റ തൊഴിലാളികളുടെ സുഗമമായ നീക്കത്തെ സഹായിക്കാനും നിരീക്ഷണത്തിനുമായി കേന്ദ്രസർക്കാർ ഓൺലൈൻ ഡാഷ് ബോർഡിന് തുടക്കമിട്ടു. ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകളും ബസുകളും വഴി തങ്ങളുടെ നാടുകളിൽ തിരിച്ചെത്തുന്നതിന് സംസ്ഥാന സർക്കാരുകളുടെ പിന്തുണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉറപ്പാക്കിയിട്ടുണ്ട്. നാഷണൽ മൈഗ്രന്റ് ഇൻഫൊർമേഷൻ സിസ്റ്റമാണ് നിലവിലുള്ള എൻഡിഎംഎ-ജിഐഎസ് പോർട്ടലിൽ തുടങ്ങിയത്. സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയം എളുപ്പമാക്കാനും, സമ്പർക്ക പട്ടിക തയ്യാറാക്കാനും ഓൺലൈൻ ഡാഷ് ബോർഡ് സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നാലാം ഘട്ട ലോക് ഡൗണിൽ കൂടുതൽ ഇളവുകൾക്കായി കാത്തിരിക്കുമ്പോഴും രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവില്ല. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 85, 940 കേസുകളാണ് ശനിയാഴ്ച വരെ റിപ്പോർട്ട് ചെയ്തത്. മരണ സംഖ്യ 2,572 ഉം. വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം കോവിഡ് പോസിറ്റീവ് കേസുകൾ 90,398 ആയി ഉയർന്നു. മരണ സംഖ്യ 2862 ഉം. 33,928 പേർ രോഗമുക്തരായി.

പഞ്ചാബ് സർക്കാർ മെയ് 31 വരെ ലോക് ഡൗൺ നീട്ടി

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ നീട്ടി പഞ്ചാബ് സർക്കാർ. ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടാനാണ് സർക്കാർ തീരുമാനം. അതേസമയം ഇതോടൊപ്പം പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.

പ്രതിവാര ഫേസ്‌ബുക്ക് ലൈവിലാണ് മെയ് അവസാനംവരെ ലോക്ക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കൊറോണ വ്യാപനം തടയാൻ ലോക്ക്ഡൗൺ അനിവാര്യമാണെന്നും അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. മെയ് 18 മുതൽ പൊതുഗതാഗതം പുനരാരംഭിക്കുമെന്നും റെഡ്സോണല്ലാത്ത മേഖലകളിൽ പരമാവധി ഇളവുകൾ നൽകുമെന്നും അമരീന്ദർ സിങ് അറിയിച്ചിട്ടുണ്ട്. ഹോട്ട്സ്പോട്ടുകളല്ലാത്ത എല്ലായിടങ്ങളിലും കടകളും മറ്റു ബിസിനസ് സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാനാകും.

മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 30,000 കടന്നു

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ ആശങ്കയുയരുന്നു. ശനിയാഴ്ച പുതുതായി 1696 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. 30,796 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
67 പേർ ശനിയാഴ്ച കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഒറ്റദിവസം ഉണ്ടാകുന്ന ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇത്. ഇതോടെ മരണസംഖ്യ 1137 ആയി ഉയർന്നു. 524 പേർ ശനിയാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് വിവരം. ഇതോടെ ആകെ രോഗമുക്തി പ്രാപിച്ചവർ 7088 ആയി. മുംബൈയിൽ മാത്രം ശനിയാഴ്ച മരിച്ചത് 41 പേരാണ്.

ഡൽഹി ജയിലിൽ തടവുകാർ അടക്കം 17 പേർക്ക് കോവിഡ്

ഡൽഹിയിലെ റോഹിണി ജയിലിൽ തടവ് പുള്ളികൾ ഉൾപ്പെടെ 17 പേർക്ക് കോവിഡ്. ഒരു തടവ് പുള്ളിയിൽനിന്നും ജയിൽ ഉദ്യോഗസ്ഥനും 15 തടവുകാർക്കുമാണ് കോവിഡ് പടർന്നത്. മറ്റ് അസുഖങ്ങൾക്ക് ചികിത്സയ്ക്കായി ഡിഡിയു ആശുപത്രിയിൽ എത്തിയ തടവ് പുള്ളിക്കാണ് ആദ്യം കോവിഡ് ബാധിച്ചത്.

ഇയാളിൽനിന്നാണ് മറ്റുള്ളവരിലേക്ക് പടർന്നത്. 19 തടവ് പുള്ളികൾക്കും അഞ്ച് ജയിൽ ഉദ്യോഗസ്ഥർക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് 15 തടവ് പുള്ളികൾക്കും ഒരു വാർഡർക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആർക്കും രോഗ ലക്ഷണങ്ങളില്ല. രോഗം കണ്ടെത്തിയവരെയെല്ലാം ക്വാറന്റൈൻ ചെയ്തു.

തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

ശനിയാഴ്ച മാത്രം 477 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 10585 ആയി. 6970 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.മൂന്ന് പേരാണ് ഇന്നുമാത്രം രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 74 ആയി. 3538 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 89 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും നാല് പേർ ധാക്കയിൽ നിന്നും മടങ്ങിയെത്തിയവരാണെന്ന് തമിഴ്‌നാട് സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ കേസുകൾ ചെന്നൈയിലാണ്. 332 കേസുകളാണ് ചെന്നൈയിൽ മാത്രം റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP