Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 80,000 കവിഞ്ഞു; രോഗമുക്തരായത് 27,791 പേർ; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണവും കൂടി; മുംബൈയിൽ രണ്ടുപൊലീസുകാർ കൂടി മരിച്ചു; കേന്ദ്ര സായുധ പൊലീസ് സേനയിൽ നിന്ന് രണ്ടായിരം പേരെ അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ

രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ 80,000 കവിഞ്ഞു; രോഗമുക്തരായത് 27,791 പേർ; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; രോഗം ബാധിച്ച പൊലീസുകാരുടെ എണ്ണവും കൂടി; മുംബൈയിൽ രണ്ടുപൊലീസുകാർ കൂടി മരിച്ചു; കേന്ദ്ര സായുധ പൊലീസ് സേനയിൽ നിന്ന് രണ്ടായിരം പേരെ അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 78,003 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 24 മണിക്കൂറിനിടെ 3,722 കേസുകളും 134 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2549 ആയി ഉയർന്നുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, വേൾഡോമീറ്ററിന്റെ കണക്ക് പ്രകാരം 81,705 കേസുകളായി. മരണസംഖ്യ 2,644 ഉം. 27, 791 പേരാണ് രോഗമുക്തരായത്.

മുംബൈയിൽ രണ്ടുപൊലീസുകാർ കൂടി മരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1602 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 27,524 ആയി. 44 പേരാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചത് 1019 പേരാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഏറ്റവും രോഗികളുള്ളതും മഹാരാഷ്ട്രയിലാണ്. മുംബൈയിൽ മാത്രം 16,738 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഇതുവരെ മരിച്ചത് 621 പേരാണ്. 24 മണിക്കൂറിനുള്ളിൽ 25 പേരാണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുടുതൽ കേസുകൾ സ്ഥിരീകരിച്ചതും മുംബൈയിലാണ്. 991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണനിരക്കിൽ മുംബൈയിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയുണ്ടായത് ഇന്നാണ്. പത്ത് പേർ നവി മുംബൈയിലും അഞ്ച് പേർ പൂണെയിലും രണ്ട് പേർ ഔറംഗബാദ് സിറ്റിയിലുമാണ് മരിച്ചത്. 6,059 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. 3,15, 686 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 27, 524 ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈനിൽ നിരീക്ഷണത്തിലുണ്ട്.

മുംബൈയിൽ രണ്ടു പൊലീസുകാരും മരിച്ചിട്ടുണ്ട്. സ്വെരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മുരളീധർ വാഘ്മറെ, ശിവജി നഗർ പൊലീസ് സ്റ്റേഷനിലെ പി.എൻ.ഭഗ്വാൻ പത്രെ എന്നിവരാണ് ഇന്ന് മരിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു. രാജ്യത്തുടനീളം സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കൾക്കിടയിലാണ് വീണ്ടും മുംബൈയിൽ പൊലീസുകാരുടെ മരണം. മഹാരാഷ്ട്രയിൽ കോവിഡ്19 ബാധിച്ച പൊലീസുകാരുടെ എണ്ണം ആയിരം കടന്നിട്ടുണ്ട്.

പൊലീസുകാർക്കിടയിൽ രോഗം വ്യാപിക്കുന്നതിൽ സംസ്ഥാന സർക്കാർ ആശങ്കപ്രകടിപ്പിച്ചു. കേന്ദ്ര സായുധ പൊലീസ് സേനയിൽ നിന്ന് രണ്ടായിരം പേരെ അയക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 22 മുതൽ തുടർച്ചയായി ലീവില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാർക്ക് അവധി നൽകുന്നത് ലക്ഷ്യമിട്ടാണ് കേന്ദ്ര സേനയെ ആവശ്യപ്പെട്ടത്.

കോവിഡ് ബാധിത പ്രദേശങ്ങളിൽ പട്രോളിങ് നടത്തുന്നതും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും കുറ്റവാളികളെ നേരിടുന്നതിനേക്കാൾ അപകടരമാണെന്ന് മുംബൈയിൽ പൊലീസുകാർ വാർത്താ ഏൻസികളോട് പറഞ്ഞു. കുറ്റവാളികളെ നേരിടുമ്പോൾ നമുക്ക് ശത്രുവിനെയെങ്കിലും തിരിച്ചറിയാം. എന്നാൽ കോവിഡ് ബാധിത മേഖലകളിലെ നിയന്ത്രണത്തിനിറങ്ങുമ്പോൾ അതല്ല സ്ഥിതിയെന്നും പൊലീസുകാർ പറയുന്നു. പൊലീസുകാർ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാത്രമായി പ്രത്യേക കൺട്രോൾ റൂം തുടങ്ങിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു.

തമിഴ്‌നാട്ടിൽ കേസുകൾ കൂടുന്നു

തമിഴ്‌നാട്ടിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന. 24 മണിക്കൂറിനിടെ 447 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രോഗബാധിതരുടെ എണ്ണം 9,674 ആയി ഉയർന്നു. വ്യാഴാഴ്ച രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് മരണസംഖ്യ 66 ആയി.

ഇന്ന് റിപ്പോർട്ട് ചെയ്ത രണ്ടു മരണവും ചെന്നൈയിലാണ്. നഗരത്തിൽ രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. ഇന്നു മാത്രം 363 കേസുകളാണ് ചെന്നൈയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആകെ കോവിഡ് രോഗികളുടെ 55 ശതമാനവും ചെന്നൈയിലാണ്. അയ്യായിരത്തോളം പേർക്കാണ് ചെന്നൈയിൽ കോവിഡ് ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ചെന്നൈയിൽ കോയമ്പേട് മാർക്കറ്റ് കേന്ദ്രീകരിച്ച് വലിയതോതിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2,600 പേർക്കാണ് കോവിഡ് ഹോട്ട്സ്പോട്ടായ കോയമ്പേട് മാർക്കറ്റുമായി ബന്ധപ്പെട്ട് രോഗം പടർന്നത്.താരതമ്യേന തമിഴ്‌നാട്ടിൽ മരണനിരക്ക് കുറവാണെന്നും രോഗികൾക്ക് കാര്യക്ഷമമായ ചികിത്സ ഉറപ്പുവരുത്താൻ സർക്കാരിന് സാധിക്കുന്നുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ പറഞ്ഞു. കോവിഡ് പരിശോധന വ്യാപകമാക്കിയതാണ് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വലിയ വർധനയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അധിതൃതർ പറയുന്നത്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തിയ സംസ്ഥാനമാണ് തമിഴ്‌നാട്. മൂന്നുലക്ഷം സാമ്പിളുകളാണ് തമിഴ്‌നാട്ടിൽ പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP