Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്ത് ഓമിക്രോൺ വ്യാപനം അതിതീവ്രം; രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കണം; ടി.പി.ആർ നിരക്ക് അനുസരിച്ച് പരിശോധന കൂട്ടണം; സമ്പർക്കത്തിലൂടെ രോഗവ്യാപനം തടയാൻ അടിയന്തര നടപടി വേണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

രാജ്യത്ത് ഓമിക്രോൺ വ്യാപനം അതിതീവ്രം; രോഗലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കണം; ടി.പി.ആർ നിരക്ക് അനുസരിച്ച് പരിശോധന കൂട്ടണം; സമ്പർക്കത്തിലൂടെ രോഗവ്യാപനം തടയാൻ അടിയന്തര നടപടി വേണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: ഓമിക്രോൺ രാജ്യത്തുടനീളം വ്യാപിക്കുന്നുവെന്നും രോഗലക്ഷണങ്ങളുള്ള എല്ലാവരെയും പരിശോധിക്കണമെന്നും സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്നാണ് കേന്ദ്രം നിർദ്ദേശിച്ചിരിക്കുന്നത്.

വലിയരീതിയിൽ വ്യാപനമുണ്ടായിരുന്ന ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടാവുന്നുമില്ല. ഈ പ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.

രോഗവ്യാപനം ഏറിയിട്ടും പരിശോധന വർധിപ്പിക്കാത്തത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി അപകടസാധ്യതയുള്ള എല്ലാ കോൺടാക്റ്റുകളും പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ആർദി അഹൂജ പറയുന്നു.

എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസിന്റെ വ്യാപനം പരമാവധി തടയുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു.

കോവിഡ് രോഗികൾക്ക് ചികിത്സയ്ക്ക് ശേഷവും ചുമ തുടരുകയാണെങ്കിൽ അവർക്ക് സ്റ്റിറോയിഡ് നൽകുന്നതിന് പകരം അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന പുതിയ മാർഗരേഖയും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു. നിലവിലെ സാഹചര്യം അത്ര ആശ്വാസകരമല്ലെന്നും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നു.

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് കോവിഡ് പരിശോധന അടിയന്തരമായി വർധിപ്പിക്കണമെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ഐസിഎംആർ പോർട്ടലിൽ ലഭ്യമായ ഡാറ്റയിൽ നിന്ന് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പരിശോധന കുറഞ്ഞതായി കാണുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക അറിയിച്ചു.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളുടെയും അടിസ്ഥാന ലക്ഷ്യം ദ്രുതഗതിയിലുള്ള രോഗവ്യാപനം തടയുന്നതിന് വേണ്ട നടപടികളാണ്. രോഗ ലക്ഷണമുള്ളവരെ കണ്ടെത്തി പരിചരണം ഉറപ്പാക്കുകയും കൂടുതൽ സമ്പർക്കങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു.

ഇതിനായി പുതിയ ക്ലസ്റ്ററുകളും അണുബാധയുടെ പുതിയ ഹോട്ട്സ്പോട്ടുകളും തിരിച്ചറിയാൻ സാധിക്കേണ്ടതുണ്ട്. കണ്ടെയ്ന്മെന്റ് സോണുകൾ ഏർപ്പെടുത്തിയും കോൺടാക്റ്റ് ട്രെയ്സിങ്, ക്വാറന്റൈനിങ്, ഐസൊലേഷൻ തുടങ്ങിയ നിയന്ത്രണ നടപടികൾ ഊർജിതമാക്കിയും രോഗവ്യാപനം തടയണമെന്നാണ് നിർദ്ദേശം കഴിഞ്ഞയാഴ്ച ഐസിഎംആർ പുതുക്കിയ മാർഗ്ഗനിർദ്ദേശത്തെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കേരളത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കോവിഡ് അവലോകന യോഗം പൊതു സ്ഥലത്തെ കടുത്ത നിയന്ത്രണങ്ങൾക്കടക്കം തീരുമാനമെടുക്കും. രാത്രി കാല കർഫ്യുവും വന്നേക്കാം.

ടിപിആർ 48 ശതമാനത്തിലെത്തിയ തിരുവനന്തപുരത്ത് വാരാന്ത്യലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന് ജില്ലാതല സമിതി സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ഓഫീസിലടക്കം സെക്രട്ടറിയേറ്റിൽ നിയന്ത്രണം ശക്തമാക്കി.

തലസ്ഥാന ജില്ലയിൽ കോവിഡ് വ്യാപന നിരക്ക് പ്രതിദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് ഉൾപ്പെടെ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കാൻ മന്ത്രിമാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

വിവാഹ, മരണാനന്തര ചടങ്ങുകൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം 50ൽ കൂടാതിരിക്കാൻ പൊലീസ് നിരീക്ഷണം കർശനമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

ഒന്നും രണ്ടും ഘട്ടത്തെക്കാൾ അതിതീവ്രമായ കോവിഡ് വ്യാപനമാണ് കേരളം നേരിടുന്ന വെല്ലുവിളി. സ്‌കൂളുകളും കോളേജുകളും അടക്കം ക്ലസ്റ്ററുകളാകുകയാണ്. 120 ലേറെ കോവിഡ് ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. എംജി കോളേജ്, ആൾ സെയിന്റ്‌സ്. മാർ ഇവാനിയോസ് അടക്കമുള്ള തലസ്ഥാനത്തെ നിരവധി കോളേജുകൾ അടച്ചു.

തലസ്ഥാനത്തെ സ്ഥിതി അതിരൂക്ഷമാണ്. പരിശോധിക്കുന്ന രണ്ടിലൊരാൾക്കാണ് രോഗം. വിദ്യാഭ്യാസമന്ത്രി കോവിഡ് പൊസീറ്റിവായി. പൊളിറ്റിക്കൽ സെക്രട്ടറി അടക്കം മുഖ്യമന്ത്രിയുടെ ഓഫീസിലെ നിരവധിപേർക്ക് രോഗമുണ്ട്. വനം-ദേവസ്വം മന്ത്രിമാരുടെ ഓഫീസ് ഭാഗികമായി അടച്ചു. ജോലിക്കെത്തേണ്ട ജീവനക്കാരുടെ എണ്ണം അൻപത് ശതമാനമാക്കണമെന്നാണ് സർവ്വീസ് സംഘടനകളുടെ ആവശ്യം. നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളൊന്നും ആരും കൃത്യമായി പാലിക്കാത്തതിനാൽ കൂടുതൽ കടുപ്പിക്കും. രാത്രി കർഫ്യു സജീവപരിഗണനയിലുണ്ട്.

വാരാന്ത്യ ലോക്ക് ഡൗണിൽ വിദഗ്ദ്ധർക്ക് രണ്ടഭിപ്രായമുണ്ട്. മാളുകളടക്കം പൊതുസ്ഥലങ്ങളിൽ ആളുകളുടെ എണ്ണം കൂടുതൽ കുറച്ചേക്കും. അതേ സമയം സമ്പൂർണ്ണ അടച്ചുപൂട്ടൽ ഉണ്ടാകില്ല. മറ്റന്നാൾ വൈകീട്ട് അഞ്ചിനാണ് കോവിഡ് അവലോകനയോഗം. അമേരിക്കയിൽ ചികിത്സയിൽ ഉള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. ഹോട്ടലുകളിലടക്കം കടുത്ത നിയന്ത്രണം വേണമെന്നാണ് തലസ്ഥാന ജില്ലയിൽ മന്ത്രിമാരും കലക്ടറും പങ്കെടുത്ത യോഗം സർക്കാരിനോടാവശ്യപ്പെട്ടത്.

സംഘടനകളുടെ യോഗങ്ങൾ നടത്തരുതെന്നാണ് നിർദ്ദേശം. സിപിഎം ജില്ലാ സമ്മേളനം തീർന്നപ്പോഴാണ് മന്ത്രിമാർ പങ്കെടുത്ത യോഗം ചേർന്നത്. ജില്ലയിൽ നേരത്തെ കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും സിപിഎം ജില്ലാസമ്മേളനം നടന്നപ്പോൾ സർക്കാരോ ജില്ലാ ഭരണകൂടമോ ഒരു നടപടിയും എടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP