Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്ന് ഇന്ത്യ; മൂന്നാഴ്‌ച്ചക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയായി; രോഗവ്യാപനം മൂർദ്ധന്യ ഘട്ടത്തിൽ എത്താൻ ഇനിയും മാസങ്ങൾ എടുക്കുമെന്ന് വിദഗ്ദർ; ഏഷ്യയിൽ കൊറോണയുടെ ഹോട്ട്സ്പോട്ടായി മാറി ഇന്ത്യ; കൊറോണയുടെ ആക്രമണം രാജ്യത്തിന്റെ ഭാവി ആശങ്കയിലാഴ്‌ത്തുമ്പോൾ

കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്ന് ഇന്ത്യ; മൂന്നാഴ്‌ച്ചക്കുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയായി; രോഗവ്യാപനം മൂർദ്ധന്യ ഘട്ടത്തിൽ എത്താൻ ഇനിയും മാസങ്ങൾ എടുക്കുമെന്ന് വിദഗ്ദർ; ഏഷ്യയിൽ കൊറോണയുടെ ഹോട്ട്സ്പോട്ടായി മാറി ഇന്ത്യ; കൊറോണയുടെ ആക്രമണം രാജ്യത്തിന്റെ ഭാവി ആശങ്കയിലാഴ്‌ത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഷ്യയിൽ കൊറോണയുടെ ഹോട്ട്സ്പോട്ടായി മാറിയ ഇന്ത്യയിൽ ഇതുവരെ രോഗബാധിതരായവരുടേ എണ്ണം 20 ലക്ഷം കടന്നു. 42,000 ത്തിൽ അധികം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊറോണ ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിൽ അമേരിക്കക്കും ബ്രസീലിനും പുറകിലായി മൂന്നാം സ്ഥാനത്ത് എത്തിനിൽക്കുകയാണ് ഇന്ത്യ. കഴിഞ്ഞ മൂന്നാഴ്‌ച്ചക്കുള്ളിൽ രോഗബാധിതരുടെ എണ്ണം മൂന്നിരട്ടിയായി എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

യൂറോപ്പിലും മറ്റും രോഗവ്യാപനതോതിൽ ഇത്ര വർദ്ധനവ് ദൃശ്യമായത് രോഗവ്യാപനത്തിന്റെ മൂർദ്ധന്യഘട്ടത്തിലായിരുന്നു. എന്നാൽ, ഇന്ത്യയിൽ രോഗവ്യാപനം മൂർദ്ധന്യഘട്ടത്തിൽ എത്തുവാൻ ഇനിയും മാസങ്ങൾ എടുക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഇത് ഭാവിയെ കുറിച്ചുള്ള ആശങ്ക ഇനിയും വർദ്ധിപ്പിക്കുന്നു. രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ഇപ്പോൾ തന്നെ അധികഭാരത്താൽ വലയുന്ന ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ മൂർദ്ധന്യഘട്ടമെത്തുമ്പോൾ ആകെ തകർന്ന് പോകുമെന്ന ഭയവും ബാക്കി നിൽക്കുന്നു.

ജനസംഖ്യയിൽ ലോകത്ത് രണ്ടാമതുള്ള രാജ്യത്തിലെ അധികാരികൾ വിവിധ പോർമുഖങ്ങളിൽ കൊറോണയ്ക്കെതിരെ യുദ്ധം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 62,538 പുതിയ കേസുകളാണ് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,86,864 ആയി ഉയർന്നു. 886 മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ മൊത്തം കോവിഡ് മരണങ്ങൾ 42,578 ആയും ഉയർന്നു. രോഗവ്യാപന തോതും ഇപ്പോൾ ഉയരുന്നുണ്ട്. നിലവിൽ രോഗവ്യാപന നിരക്ക് 3.1 ശതമാനമാണ്.

ഇന്ത്യയിൽ ആദ്യത്തെ 10 ലക്ഷം രോഗികൾ ഉണ്ടായത് ജൂലായ് 17 നായിരുന്നു. പിന്നീട് 15 ലക്ഷം മാർക്ക് കടക്കുവാൻ 12 ദിവസങ്ങൾ മാത്രമാണ് എടുത്തത്. പ്രതിദിനം 50,000 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇന്ത്യയുടെ കോവിഡ് പരിശോധന നിരക്ക് വളരെ കുറവാണ് എന്നാണ് വിദഗ്ദർ പറയുന്നത്. പത്ത് ലക്ഷം പേരിൽ 16,035 പേർ മാത്രമാണ് പരിശോധനക്ക് വിധേയരാകുന്നത്. ഇതുവരെ ഇന്ത്യക്ക് ഒരേയൊരു ആശ്വാസമുള്ളത് മരണനിരക്ക് കുറവാണെന്നത് മാത്രമാണ്. എന്നാൽ രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകൾ മാത്രമെ അതിൽ ഉൾപ്പെട്ടിട്ടുള്ളു എന്നതിനാൽ മരണ നിരക്ക് ഇനിയും കൂടുതലായിരിക്കും എന്നാണ് പറയപ്പെടുന്നത്.

ഈ പ്രതിസന്ധിയിൽ ഏറ്റവുമധികം കഷ്ടപ്പെടുന്ന ദരിദ്രർക്ക് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ റേഷനും മറ്റും അനുവദിച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ആയിരുന്നു മാർച്ചിൽ ഇന്ത്യൻ സർക്കാർ നടപ്പിലാക്കിയത്. എന്നാൽ, ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തി, ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നിരവധി കുടിയേറ്റ തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായത്.

രാജ്യവ്യാപകമായ ലോക്ക്ഡൗൺ പിന്നീട് എടുത്ത് കളഞ്ഞെങ്കിലും ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രാദേശിക ലോക്ക്ഡൗണുകൾ നിലവിലുണ്ട്. ബാംഗ്ലൂരിലെ ഐ ടി ഹബ്, ബീഹാർ, തമിഴ്‌നാടിന്റെ ചില ഭാഗങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നേരത്തേ മഹാനഗരങ്ങളായ ഡെൽഹിയേയും മുബൈയേയും ഒക്കെയാണ് കൊറോണ കടന്നാക്രമിച്ചിരുന്നതെങ്കിൽ ഇപ്പോൾ താരതമ്യേന ചെറിയ നഗരങ്ങളും ഗ്രാമീണ മേഖലയുമൊക്കെയാണ് കൊറോണയുടെ ആക്രമണത്തിന് വിധേയരാകുന്നത്. 70 ശതമാനം ഇന്ത്യാക്കാർ ജീവിക്കുന്നത് ഇത്തരം പ്രദേശങ്ങളിലാണെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

അതേസമയം, ഇന്ത്യൻ സമൂഹത്തിന് കൊറോണ എന്നത് ഒരു രോഗമാണെന്ന കാര്യം അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നാണ് പലയിടങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊറോണാ രോഗികളെ ക്രിമിനലുകളെ പോലെയാണ് പലയിടങ്ങളിലും പരിഗണിക്കുന്നത് എന്ന ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മീററ്റിൽ നിന്നുള്ള, സർക്കാർ ഉദ്യോഗസ്ഥനായ ഒരു യുവാവ് പറഞ്ഞത്, രോഗം ഭേദമായിട്ടും ആരും തന്റെ അടുത്തുവരാൻ തയ്യാറല്ല എന്നാണ്. അതുപോലെ വിദേശങ്ങളിൽ നിന്നും എത്തുന്നവർക്ക് പലയിടങ്ങളിലും സ്വന്തം വീടുകളിൽ പോലും ക്വാറന്റൈൻ ഇരിക്കാൻ നാട്ടുകാർ സമ്മതിക്കുന്നില്ല എന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്.

താരതമ്യേന ദുർബലമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഉള്ള ബീഹാർ ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുതൽ ശക്തിയാർജ്ജിക്കുകയാണ്. ആരോഗ്യ രംഗത്ത് ജനസംഖ്യാനുപാതത്തിൽ ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യ.മാത്രമല്ല, ഇന്ത്യൻ ജനസംഖ്യയുടെ ഭൂരിഭാഗവു വസിക്കുന്ന ഗ്രാമീണമേഖലയിൽ സാമൂഹിക അകലവും മാസ്‌ക് ധരിക്കലുമൊക്കെ വിരളമാണെന്നും പല റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP