Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്തിന്റെ 43.5ശതമാനം പ്രദേശങ്ങളും ഗ്രീൻ സോണിൽ; മുംബൈയും ഡൽഹിയും ചെന്നൈയും അഹമ്മദാബാദിലും രോഗ വ്യാപനം അതിവേഗം; മെട്രോ നഗരങ്ങളിൽ ഭീതി മാറാതെ ട്രെയിൻ വിമാന സർവ്വീസുകൾ തുടങ്ങില്ല; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 40,000 ക്ലബ്ബിലെത്തും; മരണം 1500 കവിയുമെന്നും ഉറപ്പായി; മൂന്നാം ഘട്ട ലോക്ഡൗൺ ലക്ഷ്യം തെറ്റിയാൽ ഇന്ത്യ എത്തിപ്പെടുക വമ്പൻ പ്രതിസന്ധിയിൽ

രാജ്യത്തിന്റെ 43.5ശതമാനം പ്രദേശങ്ങളും ഗ്രീൻ സോണിൽ; മുംബൈയും ഡൽഹിയും ചെന്നൈയും അഹമ്മദാബാദിലും രോഗ വ്യാപനം അതിവേഗം; മെട്രോ നഗരങ്ങളിൽ ഭീതി മാറാതെ ട്രെയിൻ വിമാന സർവ്വീസുകൾ തുടങ്ങില്ല; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് 40,000 ക്ലബ്ബിലെത്തും; മരണം 1500 കവിയുമെന്നും ഉറപ്പായി; മൂന്നാം ഘട്ട ലോക്ഡൗൺ ലക്ഷ്യം തെറ്റിയാൽ ഇന്ത്യ എത്തിപ്പെടുക വമ്പൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധയുടെ വ്യാപനം സങ്കീർണ്ണതയിലേക്ക്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഇന്ന് 13,000 കടക്കാനാണ് സാധ്യത. രാജ്യത്ത് ഇത് 40000 ക്ലബ്ബിലുമെത്തും. ഇന്ന് രാവിലെ 11 മണി വരെ 39878 രോഗികളെയാണ് തിരിച്ചറിഞ്ഞത്. 1323 പേർ മരിച്ചു. ഇന്നലെ 2567 പേർക്കാണ് രോഗം ബാധിച്ചത്. 92 പേർക്ക് ജീവൻ നഷ്ടമായി. അതായത് മരണ നിരക്ക് ഒരു ദിവസം 100 എന്ന നിരക്കിലേക്ക് ഉയരുകയാണ്.

ഇതിനിടെയിലും ചില സംസ്ഥാനങ്ങളിലും ചില പ്രദേശത്തും മാത്രമായി വൈറസ് ചുരങ്ങുന്നുവെന്നത് ആശ്വാസമാണ്. മഹാരാഷ്ട്രയിൽ മുംബൈയിലും ഗുജറാത്തിൽ അഹമ്മദാബാദും ഡൽഹിയുമാണ് ഏറ്റവും ഭീതിപ്പെടുത്തുന്നത്. മധ്യപ്രദേശിലും തമിഴ്‌നാട്ടിലും യുപിയിലും രോഗത്തെ തടയാൻ കഴിയുന്നില്ല. പഞ്ചാബിലും പുതിയ രോഗികൾ എത്തുന്നു. എന്നാൽ കേരളം അടക്കമുള്ള മറ്റിടങ്ങളിൽ അതിശക്തമായ പ്രതിരോധമാണുള്ളത്. അതുകൊണ്ട് തന്നെ രാജ്യത്തിന് അതിവേഗം പൂർവ്വ സ്ഥതിയിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് വിലയിരുത്തൽ. കേരളമാണ് കോവിഡ് അതിജീവനത്തിലെ ഉജ്ജ്വല മാതൃക. ഗോവയും ഹിമാചലും ആൻഡമാനും ചത്തീസ് ഗഡും വലിയ പ്രതിരോധം ഒരുക്കി. പത്ത് സംസ്ഥാനങ്ങളിൽ രോഗം ആരുടേയും ജീവനെടുത്തില്ല. ഇതിൽ ചണ്ഡിഗഡിൽ 94 പേർക്ക് രോഗ ബാധയുണ്ടായി.

തമിഴ്‌നാട്ടിൽ സമൂഹ വ്യാപനം ഉണ്ടായതായാണ് സൂചന. ഏഷ്യയിലെ ഏറ്റവും വലിയ പഴം-പച്ചക്കറി മാർക്കറ്റായ കോയമ്പേടിൽ നിന്നു മാത്രം 88 പേർക്കു നേരിട്ടു കോവിഡ് ബാധിച്ചതോടെ ചെന്നൈയിൽ സമൂഹ വ്യാപനമെന്ന് ആശങ്ക ശക്തമായത്. ചെന്നൈയിൽ രോഗികളുടെ എണ്ണം ഇരട്ടിയായത് 4 ദിവസം കൊണ്ട്. കോവിഡ് ബാധിതരിൽ 98% രോഗലക്ഷണങ്ങൾ ഇല്ലാത്തവരാണെന്നതും ആശങ്ക കൂട്ടുന്നു. മാർക്കറ്റിൽ നിന്നു വിവിധ ജില്ലകളിലേക്കു പച്ചക്കറിയുമായി മടങ്ങിയവർക്കും രോഗം. തമിഴ്‌നാട്ടിൽ ആകെ കോവിഡ് ബാധിതർ 2757. ചെന്നൈയിൽ മാത്രം 1257. ആകെ മരണം 29. മഹാരാഷ്ട്രയിൽ 790 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗികൾ 12,296 ആയി. ഇന്നലെ 36 പേർ കൂടി മരിച്ചു; ആകെ മരണം 521. മുംബൈയിൽ മാത്രം രോഗികൾ 8,359; മരണം 322. ധാരാവി ചേരിയിൽ 496 രോഗികളാണുള്ളത്.

അതിനിടെ, ആരോഗ്യ ഇൻഷുറൻസ് (മഹാത്മ ജ്യോതിബ ഫുലെ ജൻ ആരോഗ്യ യോജന) പദ്ധതി സാമ്പത്തിക മാനദണ്ഡങ്ങളില്ലാതെ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന കോവിഡ് രോഗികൾക്കും ആനുകൂല്യം ലഭിക്കും. മുംബൈയിൽ നാവിക സേനയുടെ നേവൽ ബേസായ ഐഎൻഎസ് ആംഗ്രെയിൽ കോവിഡ് ബാധിച്ച 38 നാവികരിൽ 12 പേർ സുഖം പ്രാപിച്ചു. മുഴുവൻ ഉദ്യോഗസ്ഥരോടും ജോലിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട ബോംബെ മുനിസിപ്പൽ കോർപറേഷൻ, ജീവനക്കാർക്ക് നക്ഷത്ര ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വീടിനു കാവൽ നിന്ന 3 പൊലീസ് കോൺസ്റ്റബിൾമാർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടകയിൽ 48 മണിക്കൂറിനിടെ 3 പേർ മരിച്ചതോടെ ആകെ കോവിഡ് മരണം 25 ആയി. രോഗികൾ 601. അതിനിടെ, അതിഥി തൊഴിലാളികളോട് സംസ്ഥാനം വിടരുതെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി യെഡിയൂരപ്പ. നിർമ്മാണ, വ്യവസായ മേഖലകളിൽ തൊഴിലാളിക്ഷാമം രൂക്ഷമായേക്കും എന്നതിനാലാണിത്. ബെംഗളൂരുവിൽ മാസ്‌കില്ലാതെ പുറത്തിറങ്ങുന്നവർക്ക് 1000 രൂപ പിഴ ചുമത്തും. ഈ സാഹചര്യത്തിലാണ് ലോക് ഡൗൺ തുടരുന്നത്. പ്രധാന നഗരങ്ങളിലെ സ്ഥിതിയിൽ പുരോഗതിയില്ലാതെ വിമാന, ട്രെയിൻ സർവീസുകൾ തുടങ്ങുക എളുപ്പമല്ലെന്നാണ് വിലയിരുത്തൽ. മുംബൈയും ചെന്നൈയും ഡൽഹിയും സാധാരണയിലേക്ക് മടങ്ങിയെത്തിയാൽ മാത്രമേ രാജ്യാന്തര വിമാന സർവ്വീസ് തുടങ്ങൂവെന്നാണ് സൂചന. എന്നാൽ പ്രവാസികളെ മടക്കിക്കൊണ്ടു വരാൻ പ്രത്യേക വിമാനങ്ങൾ ഓടിക്കുകയും ചെയ്യും.

സോണുകൾ തീരുമാനിക്കുന്നത് 28 ദിവസത്തെ സ്ഥിതി അടിസ്ഥാനമാക്കിയായിരുന്നു. ഇപ്പോൾ 21 ദിവസത്തെ സ്ഥിതിയാണ് നോക്കുന്നത്. രോഗികളുടെ എണ്ണവും ഇരട്ടിപ്പിന്റെ തോതും മാത്രമല്ല, പരിശോധനകളുടെ തോതും നിരീക്ഷണത്തിന്റെ നിലവാരവും കണക്കിലെടുക്കുന്നു. അങ്ങനെ, റെഡ് സോൺ ജില്ലകൾ 170 എന്നതിൽനിന്ന് 130 ആയി. ഓറഞ്ച് 207ൽനിന്ന് 284, ഗ്രീൻ 353ൽനിന്ന് 319 എന്നിങ്ങനെയായി. എന്നാൽ, റെഡ് സോണിലെ 170 ജില്ലകളുടെ പട്ടികയിൽനിന്ന് 92 എണ്ണം ഒഴിവാകുകയും 52 എണ്ണം പുതുതായി ഉൾപ്പെടുകയുമാണു ചെയ്തത്. അത് രോഗവ്യാപനത്തിന്റെ സ്വഭാവത്തെക്കുറിച്ച് ശ്രദ്ധേയമായ സൂചനയാണ്.

അപ്പോഴും മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഇൻഡോർ തുടങ്ങി പ്രധാന നഗരങ്ങളും ഡൽഹിയും പട്ടികയിൽ തുടരുകയുമാണ്. രാജ്യത്തിന്റെ 43.5% നിലവിൽ ഗ്രീൻ സോണിൽ എന്നത് ആശ്വാസകരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP