Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സമ്പർക്കത്തെ തുടർന്ന് ആറു പേർക്കു കൂടി കോവിഡ്; അതീവ ജാഗ്രതയിൽ കോഴിക്കോട് നഗരം; പരിശോധന ശക്തമാക്കി അധികൃതർ; ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എസ് സാംബശിവറാവു

സമ്പർക്കത്തെ തുടർന്ന് ആറു പേർക്കു കൂടി കോവിഡ്; അതീവ ജാഗ്രതയിൽ കോഴിക്കോട് നഗരം; പരിശോധന ശക്തമാക്കി അധികൃതർ; ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എസ് സാംബശിവറാവു

കെ വി നിരഞ്ജൻ

കോഴിക്കോട്: കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്ത കോവിഡ് പോസിറ്റീവായ സെക്യൂരിറ്റി ജീവനക്കാരൻ കൃഷ്ണനുമായുള്ള സമ്പർക്കത്തെ തുടർന്ന് ആറുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിൽ കോഴിക്കോട് നഗരം. ഫ്ലാറ്റിലെ രണ്ടു പുരുഷന്മാർക്കും മൂന്നു സ്ത്രീകൾക്കും പത്തു വയസ്സുള്ള ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇതേ ഫ്ളാറ്റിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇനിയും കുടുതൽ പേർക്ക് രോഗബാധയ്ക്കുള്ള സാധ്യതയും നിലനിൽക്കുന്നു. ഇവിടെ വൈറസ് എത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണൻ തൂങ്ങിമരിച്ചതിനെത്തുടർന്നാണ് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്.ഇതിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്ണന് എവിടെനിന്ന് വൈറസ് ബാധയുണ്ടായെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കല്ലായിയിൽ ഒരു ഗർഭിണിക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടവും കണ്ടെത്തിയിട്ടില്ല. വലിയങ്ങാടിയിലെ ഒരു വ്യാപാരിയുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കും രോഗബാധ എവിടെനിന്ന് സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ല.

സമ്പർക്കത്തിലൂടെയാണ് ഈ രോഗബാധകളെല്ലാം ഉണ്ടായിട്ടുള്ളത്. അതിനാൽ കോവിഡ് നിയന്ത്രണങ്ങളും നിയമവും കർശനമാക്കാൻ ജില്ലാ ഭരണകൂടവും നഗരസഭയും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേതുപോലെ കോഴിക്കോട്ടും കാര്യങ്ങൾ കൈവിട്ടുപോകുമോ എന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടവും പൊലിസും ആരോഗ്യവകുപ്പും നഗരസഭയുമെല്ലാം. സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം പകരുന്നതിനാൽ കോഴിക്കോട്ട് അതീവ ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഫ്ളാറ്റിലെ രണ്ടുപേരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്. രോഗികൾ പുതിയങ്ങാടിയിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിലും കാസർക്കോട് ജില്ലയിലെ ചില പ്രദേശങ്ങളും സദർശിച്ചുവെന്ന് റൂട്ട് മാപ്പിൽ വ്യക്തമാക്കുന്നു. ജൂൺ പത്തിനും പതിനൊന്നും ആണ് പുതിയങ്ങാടിയിലെ ബന്ധുവിന്റെ കല്ല്യാണത്തിൽ പങ്കെടുത്ത് സ്വന്തം വാഹനത്തിൽ ജൂൺ 11 ന് തിരികെ വീട്ടിലെത്തിയത്. ജൂൺ 13 ന് രാവിലെ എട്ടു മണിക്കും രാത്രി പത്തു മണിക്കും ഇടയിൽ കാസർക്കോട് ജില്ലയിലെ ചിലയിടങ്ങളും സന്ദർശിച്ചിരുന്നു. ടൂറിസ്റ്റ് ബസിലാണ് യാത്ര ചെയ്തത്. രോഗം സ്ഥിരീകരിച്ച 53 കാരി ജൂൺ 27 ന് ഫ്ളാറ്റിന് അടുത്തുള്ള മിൽമ ഷോപ്പിൽ വൈകീട്ട് നാലിന് എത്തിയിരുന്നു. കോഴിക്കോട് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഇരുവടെയും ആരോഗ്യ നില തൃപ്തികരമാണ്.

രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളയിൽ, തേർവീട് റോഡ്, ജോസഫ് റോഡ് എന്നിവടങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തി. ഇതിനിടെ വെള്ളയിൽ ക്വാറന്റൈൻ ലംഘിച്ചതിന് രണ്ടു പേർക്കെതിരെ കേസെടുത്തു. ക്വാറൻറൈൻ ലംഘിച്ചതിനും ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്.

കോർപറേഷനിലെ ആരോഗ്യ വിഭാഗം നഗരത്തിൽ പരിശോധന ശക്തമാക്കി. മാസ്‌ക് ധരിക്കാത്തവർക്കും ശരിയായ വീധത്തിൽ ധരിക്കാത്തവർക്കും എതിരേ പിഴ ഈടാക്കിതുടങ്ങി. നിയമ നടപടികളും സ്വീകരിക്കുന്നുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിനെതിരേയും നടപടി സ്വീകരിക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ കൂടിനിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. കടയുടമകൾക്കെതിയേും ഇതിന്റെ പേരിൽ നടപടി സ്വീകരിക്കുന്നുണ്ട്. പാളയം പച്ചക്കറി മാർക്കറ്റ്,ലോട്ടറി കടകൾ തുടങ്ങി ആളുകൾ കൂടുതലായി വന്നുചേരുന്ന സ്ഥലങ്ങൾ പ്രത്യേകം നിരീക്ഷണത്തിലാണ്.

ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടം ചേരുന്ന സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കലക്ടർ എസ് സാംബശിവറാവു ഉത്തരവിട്ടു. സമൂഹവ്യാപനത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടികളുടെ ഭാഗമായാണ് തീരുമാനം.

കോഴിക്കോട് നഗരത്തിലെ വലിയങ്ങാടി, പാളയം, എസ് എം സ്ട്രീറ്റ്, സെൻട്രൽ മാർക്കറ്റ് എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു. ഇവടങ്ങളിൽ വാഹന ഗതാഗതത്തിനും പൊതുജനങ്ങളുടെ സഞ്ചാരത്തിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി. വലിയങ്ങാടിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും ഒരോ വഴികൾ മാത്രമേ അനുവദിക്കുകയുള്ളു. വലിയങ്ങാടിയിൽ ചരക്കുമായി എത്തുന്ന വാഹനങ്ങൾക്കും ഇവിടെനിന്ന് ചരക്കുമായി പുറത്തേക്ക് പോകുന്ന വാഹനങ്ങൾക്കും കർശന നിയന്ത്രണം ഉണ്ടാകും. മറ്റ് സ്ഥലങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾ വലിയങ്ങാടിയിൽ പ്രവേശിക്കുന്നതിന് മുമ്പായി രജിസ്ട്രേഷൻ നടത്തും. വാഹനത്തിലെ ജീവനക്കാരെ തെർമൽ സ്കാനിംഗിന് വിധേയമാക്കും. രജിസ്ട്രേഷനു ശേഷം ടോക്കൺ ലഭിക്കുന്ന വാഹനങ്ങൾക്കുമാത്രമേ വലിയങ്ങാടിയിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. ടോക്കണിൽ വാഹനം എത്തിയ ദിവസം, സമയം എന്നിവ രേഖപ്പെടുത്തും. വാഹനങ്ങൾ നിർബന്ധമായും അതേദിവസം തന്നെ ജില്ല വിട്ടുപോകണം. ജീവനക്കാർ ഒരു കാരണവശാലും വാഹനത്തിന് പുറത്തിറങ്ങാനോ മറ്റ് കടകളിൽ കയറിയിറങ്ങാനോ പാടില്ല. ഭക്ഷണം വലിയങ്ങാടിയിലെ കച്ചവടക്കാരുടെ സംഘടനാപ്രതിനിധികൾ വാഹനത്തിൽ എത്തിച്ചുനൽകും.

വലിയങ്ങാടിക്കകത്തുള്ള എല്ലാ ക്രോസ് റോഡുകളും അടച്ചിടും. ഇവിടങ്ങളിലെ താമസക്കാർക്കും കച്ചവടക്കാർക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വലിയങ്ങാടിക്കകത്തെ താമസക്കാർക്ക് റസിഡൻസ് അസോസിയേഷനുകളുടെയും കച്ചവടക്കാർക്ക് അവരുടെ സംഘടനകളുടെയും നേതൃത്വത്തിൽ ബാഡ്ജുകൾ നൽകണം. സാമൂഹിക അകലം പാലിച്ചു മാത്രമേ കടകളിൽ ഉപഭോക്താക്കളെ അനുവദിക്കാവൂ. എല്ലാവരും മാസ്ക് ഉപയോഗിക്കേണ്ടതും എല്ലാവർക്കും സാനിറ്റൈസർ നല്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഈ പ്രദേശങ്ങളിൽ അഞ്ചിൽ കൂടുതലാളുകൾ ഒത്തുചേരാൻ അനുവദിക്കില്ല. തൊഴിലാളികൾ വസ്ത്രം മാറാനും വിശ്രമിക്കാനും ഉപയോഗിക്കുന്ന മുറികളിൽ അണുനശീകരണം നടത്തേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP