Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൃതദേഹങ്ങൾ അ​ഗ്നിയിൽ ദഹിപ്പിക്കാം എന്ന് ക്രിസ്ത്യൻ സഭകൾ; ആവശ്യമെങ്കിൽ സെമിത്തേരിയിൽ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്നും ആലപ്പുഴ രൂപത; കോവിഡ് രോ​ഗികളുടെ മൃതദേഹങ്ങൾ പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും; മഹാമാരിക്കാലത്ത് വിശ്വാസങ്ങളും ആചാരങ്ങളും മാറുമ്പോൾ

മൃതദേഹങ്ങൾ അ​ഗ്നിയിൽ ദഹിപ്പിക്കാം എന്ന് ക്രിസ്ത്യൻ സഭകൾ; ആവശ്യമെങ്കിൽ സെമിത്തേരിയിൽ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്നും ആലപ്പുഴ രൂപത; കോവിഡ് രോ​ഗികളുടെ മൃതദേഹങ്ങൾ പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും; മഹാമാരിക്കാലത്ത് വിശ്വാസങ്ങളും ആചാരങ്ങളും മാറുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് മഹാമാരി മനുഷ്യന്റെ നിത്യജീവിതത്തിൽ വലിയ മാറ്റങ്ങളാണ് വരുത്തിയത്. മാസ്ക് ധരിക്കാനും പൊതു ഇടങ്ങളിൽ ശാരീരിക അകലം പാലിക്കാനും മനുഷ്യനെ ശീലിപ്പിച്ചത് കോവിഡ് വ്യാപന ഭീതിയാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും പോലും മാറ്റങ്ങൾ വരുത്താൻ കോവിഡ് കാലത്ത് സാധിച്ചു. മലയാളികൾ ഇക്കുറി കർക്കിടക വാവിന് സ്നാന ഘട്ടങ്ങളിൽ ബലി തർപ്പണം നടത്തിയിരുന്നില്ല. അതിന് പിന്നാലെ ഇതാ, കാലങ്ങളായി ക്രൈസ്തവ സമൂഹം പിന്തുടർന്ന് പോന്നിരുന്ന ശവസംസ്കാര ചടങ്ങുകളിലും സമൂലമായ മാറ്റം വരുന്നു. പള്ളി സെമിത്തേരിയിൽ മൃതശരീരങ്ങൾ അടക്കം ചെയ്യുന്നതിന് പകരം അ​ഗ്നിയിൽ ദഹിപ്പിക്കാം എന്ന നിലപാടിലേക്ക് കേരളത്തിലെ ക്രൈസ്തവ സഭകൾ എത്തുകയാണ്.

കോവിഡ് ബാധിതരായ രൂപതാംഗങ്ങളുടെ മൃതദേഹം ആവശ്യമെങ്കിൽ സെമിത്തേരിയിൽ തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്ന ചരിത്ര തീരുമാനം എടുത്തത് ലത്തീൻ കത്തോലിക്കാ സഭയുടെ ആലപ്പുഴ രൂപതയാണ്. സെമിത്തേരിയിലോ അടുത്തുള്ള ദഹനകേന്ദ്രത്തിലോ മൃതദേഹം ദഹിപ്പിക്കാം. ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ കഴിഞ്ഞ ദിവസം രൂപതയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് തീരുമാനമെടുത്തത്. കോവിഡ് മരണങ്ങളിൽ ഇനി ഈ നടപടിക്രമം പാലിക്കുമെന്ന് രൂപത പിആർഒ ഫാ.സേവ്യർ കുടിയാംശേരിയിൽ അറിയിച്ചു. കോവിഡ് ബാധിതരായ രണ്ട് പേരുടെ മൃതദേഹം ഇന്നലെ രണ്ട് ഇടവകകളിലായി ദഹിപ്പിച്ച ശേഷം അടക്കം ചെയ്തു. മുൻപും പല സഭകളിലും മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയെങ്കിലും പലപ്പോഴും പുറത്തെ ശ്മശാനങ്ങളിൽ ദഹിപ്പിച്ച ശേഷമായിരുന്നു സംസ്കാരം. രൂപതാതലത്തിൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ച് സംസ്കരിക്കാൻ അനുമതി നൽകുന്നത് കേരളത്തിലെ കത്തോലിക്കാ സഭാ ചരിത്രത്തിൽ ആദ്യമാണ്.

തീരപ്രദേശത്ത് മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം ആഴത്തിൽ കുഴിച്ചിടുന്നതിനുള്ള തടസ്സമാണ് തീരുമാനത്തിനു പിന്നിൽ. ആലപ്പുഴ കാട്ടൂർ തെക്കേതൈക്കൽ തോമസിന്റെ ഭാര്യ മറിയാമ്മയുടെ (85) മൃതദേഹം കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിലും മാരാരിക്കുളം വടക്ക് പഞ്ചായത്ത് 14–ാം വാർഡിൽ കാനാശേരിൽ സെബാസ്റ്റ്യന്റെ ഭാര്യ ത്രേസ്യാമ്മയുടെ (അച്ചാമ്മ – 62) മൃതദേഹം മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിലുമാണ് ദഹിപ്പിച്ച ശേഷം സംസ്കരിച്ചത്.

കോവിഡ് മൂലം മരിക്കുന്നവരുടെ മൃതദേഹങ്ങൾ പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിനു തടസമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും വ്യക്തമാക്കി. ദഹിപ്പിച്ചശേഷം ഭസ്മം അന്ത്യകർമങ്ങളോടെ സെമിത്തേരിയിൽ സംസ്കരിക്കാമെന്നും ഇതുസംബന്ധിച്ച് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. എന്നാൽ വീടുകളിൽ ദഹിപ്പിക്കാൻ അനുവാദമില്ല. സംസ്കരിക്കുന്നതിന് മൃതദേഹം നേരിട്ടു സെമിത്തേരിയിൽ എത്തിച്ചു കർമങ്ങൾ നടത്തണം. മണ്ണിൽ കുഴിയെടുത്തോ കല്ലറയിയോ സംസ്കാരം നടത്താം. സെല്ലാർ അനുവദനീയമല്ല. കുഴിക്ക് 6 അടി താഴ്ച ഉണ്ടായിരിക്കണം. .20 ആളുകൾക്ക് സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാം. ആവശ്യമെങ്കിൽ സന്നദ്ധ സേനയുടെ സേവനം തേടാം. കോവിഡ് ബാധിച്ചു മരിച്ച ആളുടെ സമ്പർക്കപ്പട്ടികയിൽ ആയി നിരീക്ഷണത്തിലുള്ളവർ, വൈദികർ ഉൾപ്പെടെ അനാരോഗ്യമുള്ള ആളുകൾ എന്നിവർ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കരുതെന്നും സർക്കുലറിൽ പറയുന്നു.

കേരളീയ സംസ്കാരത്തിന്റെ പല കാര്യങ്ങളും തങ്ങളുടെ ആചാരത്തിന്റെ ഭാ​ഗമാക്കിയവരാണ് കേരളത്തിലെ പല ക്രൈസ്തവ സഭകളും. വീടുകളിൽ സന്ധ്യക്ക് നിലവിളക്ക് കൊളുത്തുന്നത് മുതൽ സുമം​ഗലികൾ സീമന്തരേഖയിൽ സിന്തൂരം അണിയുന്നത് വരെയുള്ള ആചാരങ്ങൾ പല സഭകളിലെയും ആളുകൾ ഇന്നും പിന്തുടരുന്നുണ്ട്. മാർപാപ്പയുടെ മൃതശരീരം പോലും കിടത്തി സംസ്കരിക്കുമ്പോൾ കേരളത്തിലെ ക്രൈസ്തവ സന്ന്യാസിമാരുടെ ഭൗതിക ശരീരം ഹിന്ദു സന്ന്യാസിമാരുടേത് പോലെ സമാധി ഇരുത്തുന്ന പതിവും കേരളത്തിലുണ്ട്. അപ്പോഴും സഭാവിശ്വാസികളെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ സഭകൾ വിട്ടുവീഴ്‌ച്ച ചെയ്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP