Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിദേശത്തു നിന്നും എത്തുന്നവർക്കെല്ലാം ഇലക്ട്രോണിക് ടാഗ് അനുവദിച്ച് സിംഗപ്പൂർ; ക്വാറന്റൈൻ ലംഘിച്ചാൽ അപ്പോൾ പിടി വീഴും; 14,000 കോവിഡ് മരണങ്ങൾ ഇറാൻ ഔദ്യോഗികമായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് 42,000 ആക്കിയതോടെ കോവിഡ് മരണത്തിന്റെ കണക്കുകളിലെ നുണ ഒരിക്കൽ കൂടി പൊളിഞ്ഞു

വിദേശത്തു നിന്നും എത്തുന്നവർക്കെല്ലാം ഇലക്ട്രോണിക് ടാഗ് അനുവദിച്ച് സിംഗപ്പൂർ; ക്വാറന്റൈൻ ലംഘിച്ചാൽ അപ്പോൾ പിടി വീഴും; 14,000 കോവിഡ് മരണങ്ങൾ ഇറാൻ ഔദ്യോഗികമായി നേരത്തേ പ്രഖ്യാപിച്ചിരുന്നത് 42,000 ആക്കിയതോടെ കോവിഡ് മരണത്തിന്റെ കണക്കുകളിലെ നുണ ഒരിക്കൽ കൂടി പൊളിഞ്ഞു

മറുനാടൻ ഡെസ്‌ക്‌

സിംഗപ്പൂർ: ഇനി മുതൽ സിംഗപ്പൂർ സന്ദർശിക്കുന്ന വിദേശികൾ ഒരു ഇലക്ട്രോണിക് മോണിട്ടറിങ് ഡിവൈസ് ധരിക്കേണ്ടി വരും. അവർ ക്വാറന്റൈൻ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനായാണിതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 11 മുതൽ ഈ നഗരം അതിന്റെ അതിർത്തികൾ വിദേശ സന്ദർശകർക്കായി തുറന്നുകൊടുക്കുമ്പോൾ ഈ ഡിവൈസുകൾ തയ്യാറാകും. വിദേശയാത്രക്കാർക്കും, ചില പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, നഗരവാസികൾക്കും ഈ ഉപകരണം നൽകും. ഇവർക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ക്വാറന്റൈൻ സൗകര്യങ്ങൾ ഉപയോഗിക്കാതെ അവരവരുടെ വീടുകളിൽ തന്നെ സെൽഫ് ഐസൊലേഷൻ ചെയ്യാവുന്നതാണ്.

വിദേശത്തുനിന്നെത്തുന്നവർ അവരുടെ താമസസ്ഥലത്ത് എത്തിയാൽ ഉടൻ ഈ ഉപകരണം ആക്ടിവേറ്റ് ചെയ്യണം. ജി. പി. എസ്, ബ്ലൂടൂത്ത് സിഗ്‌നലുകൾ ഉപയോഗിക്കുന്ന ഈ ഉപകരണത്തിൽ വരുന്ന അറിയുപ്പുകൾക്കെല്ലാം ഇവർ മറുപടി നൽകേണ്ടതുണ്ട്. വീട് വിട്ട് പുറത്തുപോകുവാനോ, ഉപകരണം കേടാക്കാനോ ശ്രമിച്ചാൽ ഉടൻ അധികൃതർക്ക് അതിനെ കുറിച്ച് അറിയിപ്പ് ലഭിക്കും. നിർബന്ധമായും വിധേയമാകേണ്ട കോവിഡ്-19 പരിശോധനക്കായി മാത്രമേ സഞ്ചാരികൾക്ക് വീടുവിട്ട് പോകുവാൻ അനുവാദമുണ്ടായിരിക്കുകയുള്ളു.

ഈ ഉപകരണത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒന്നും തന്നെ സിംഗപ്പൂർ സർക്കാർ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ഇതിൽ വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ സംഭരിക്കില്ലെന്നും, ശബ്ദമോ ചിത്രങ്ങളോ റെക്കോർഡ് ചെയ്യുകയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് മുകളിൽ ഉള്ളവർക്ക് മാത്രമാണ് ഇത് നിർബന്ധമാക്കിയിട്ടുള്ളത്. നഗരത്തിൽ താമസിക്കുന്ന എല്ലാ പൗരന്മാർക്കും ധരിക്കുവാൻ വൈറസ് ട്രേസിങ് ഡോംഗിൾ നൽകുവാനും തീരുമാനമായിട്ടുണ്ട്. അതേ സമയം ക്വാറന്റൈൻ നിയമവും സാമൂഹിക അകലം പാലിക്കലും കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം 7,272 ഡോളർ വരെ പിഴയും ആറു മാസം വരെ തടവുമാണ് ശിക്ഷ.

ഈ നിയമം ലംഘിക്കുന്ന വിദേശ തൊഴിലാളികളുടെ വർക്ക് പാസ്സുകൾ റദ്ദു ചെയ്യുന്നതാണ്. ഇതുവരെ 53,000 കൊറോണ കേസുകളാണ് ഈ കൊച്ചു രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ മിക്കതും, കുടിയേറ്റ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഡോർമിറ്ററികളിലാണ്. എന്നാൽ അടുത്തകാലത്തായി, വിദേശത്തുനിന്നും എത്തുന്നവരിലൂടെ രോഗം പകരുന്നത് സാധാരണമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 226 പുതിയ കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 27 കോവിഡ് മരണങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇറാന്റെ കള്ളങ്ങൾ പൊളിയുമ്പോൾ, രാജ്യത്തെ മൊത്തം കോവിഡ് മരണം 42,000

മനഃപൂർവ്വമോ അല്ലാതെയോ പല രാജ്യങ്ങളും യഥാർത്ഥ കോവിഡ് മരണസംഖ്യ പുറത്തുപറയാൻ തയ്യാറാകുന്നില്ല. നേരത്തേ ചൈനയിൽ നിന്നുള്ള പല തെളിവുകളും വിരൽ ചൂണ്ടിയത് അവിടത്തെ യഥാർത്ഥ കോവിഡ് മരണ സംഖ്യ ഔദ്യോഗിക കണക്കിന്റെ പല മടങ്ങാണെന്നായിരുന്നു. ശ്മശാനങ്ങളിൽ നിന്നുള്ള കണക്കുകളും, തദ്ദേശവാസികളുടെ മൊഴിയുമെല്ലാം ഇതിന് അടിവരയിടുന്നതുമായിരുന്നു. ഇപ്പോഴിതാ, കോവിഡ് മരണത്തിന്റെ കാര്യത്തിൽ ഇറാനും നുണ പറഞ്ഞിരിക്കുന്നതായി വ്യക്തമായിരിക്കുന്നു.

നേരത്തെ ഇറാൻ ആരോഗ്യ വകുപ്പ് പറഞ്ഞിരുന്നത് ഇറാനിൽ 14,405 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു എന്നായിരുന്നു. എന്നാൽ സർക്കാരിന്റെ തന്നെ രേഖകൾ കാണിക്കുന്നത് 42,000 പേർ കോവിഡ് ബാധമൂലം മരിച്ചു എന്നാണ്. ഔദ്യോഗിക കണക്കിന്റെ മൂന്നിരട്ടിവരും ഇത്. അതുപോലെ, ഔദ്യോഗിക രേഖകളിൽ അവകാശപ്പെട്ടിരുന്നതുപോലെ 2,78,827 പേർക്കല്ല, മറിച്ച് 4,51,024 പേർക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളതെന്നും ഈ രേഖകൾ പറയുന്നു. ജൂലായ് 20 വരെയുള്ള കണക്കാണിത്.

അതീവ രഹസ്യമായി സൂക്ഷിച്ച ഈ ഔദ്യോഗിക രേഖകൾ ഒരു പ്രമുഖ പാശ്ചാത്യ മാധ്യമത്തിന് ചോർന്നു കിട്ടുകയായിരുന്നു. ആദ്യത്തെ കോവിഡ് മരണം നടന്നത് ജനുവരി 22 നായിരുന്നു എന്നും അതിൽ പറയുന്നുണ്ട്. നേരത്തേ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നത്, ആദ്യ കോവിഡ് മരണം നടന്നത് ഫെബ്രുവരി 19 നായിരുന്നു എന്നാണ്. മാർച്ച് മുതൽ രോഗവ്യാപനത്തിൽ കുറവ് ദൃശ്യമായെങ്കിലും, കഴിഞ്ഞ രണ്ടുമൂന്ന് ആഴ്‌ച്ചകളായി രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചിട്ടുണ്ട്. ഇന്നലെ 2,600 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.

മദ്ധ്യപൂർവ്വ മേഖലയിൽ, കൊറോണ മൂലം ഏറ്റവുമധികം ദുരിതമനുഭവിച്ച രാഷ്ട്രവും ഇറാൻ തന്നെയാണ്. കോവിഡ് മരണത്തിന്റെ കാര്യത്തിൽ പത്താം സ്ഥാനത്തായിരുന്ന ഇറാൻ, ഇപ്പോൾ പുറത്തായ രേഖകൾ സത്യമാണെന്ന് തെളിഞ്ഞാൽ അഞ്ചാം സ്ഥാനത്ത് എത്തും. കൊറോണ വൈറസ് ചൈനയിൽ പ്രത്യക്ഷപ്പെട്ട ഡിസംബർ മുതൽ തന്നെ ഇറാനിയൻ ഡോക്ടർമാർ ഇറാനിൽ ഈ വൈറസിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഫെബ്രുവരി 19 ന് മാത്രമാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനാ സന്ദർശനം കഴിഞ്ഞെത്തിയ രണ്ടുപേരിലായിരുന്നു അന്ന് രോഗബാധ സ്ഥിരീകരിച്ചത്.

എന്നാൽ പുറത്തായ രേഖയിൽ പറയുന്നത് ജനുവരി 22 ന് തന്നെ ആദ്യത്തെ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു എന്നാണ്. ഫെബ്രുവരി 19 ന് രണ്ട്പേർക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോഴേക്കും 52 പേർ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 19 ന് ശേഷം ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരിക്കുന്ന രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുമായി ഒത്തു ചേർന്ന് പോകുന്നുന്റ്. എന്നാൽ ആദ്യകാലത്തെ മരണ നിരക്കും രോഗവ്യാപന നിരക്കും വലിയ തോതിലായിരുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറയുന്നത്.

എന്നാൽ, തങ്ങൾ ലോകാരോഗ്യ സംഘടനക്ക് കൈമാറിയ വിവരങ്ങൾ സുതാര്യവും സത്യവുമാണെന്ന നിലപാടിലാണ് ഇറാൻ ആരോഗ്യ വകുപ്പ്. അതേ സമയം സത്യത്തിലേക്ക് വെളിച്ചം വീശണമെന്ന ആഗ്രഹത്തോടെയാണ് ഇത് ചോർത്തി നൽകുന്നതെന്ന്, ഇത് ചോർത്തി നൽകിയവർ പറഞ്ഞതായി മാധ്യമവും റിപ്പോർട്ട് ചെയ്യുന്നു. രോഗവ്യാപനം ശക്തമാകുന്നതോടെ തൊഴിലില്ലാത്തവരും ദരിദ്രരും സർക്കാരിനെതിരെ തിരിയുമെന്ന് ഭരണം കൂടം ഭയപ്പെട്ടിരുന്നു എന്നാണ് മുൻ ഇറാൻ എം പി യായ ഡോ. നുറോൽഡിൻ പ്രിമോസാൻ പറയുന്നത്. ഒരു പക്ഷെ അതായിരിക്കും അവരെ കൊണ്ട് കള്ളം പറയിച്ചത് എന്നാണ് ഇപ്പോൾ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP