Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

വാക്‌സിൻ എത്തിയെന്ന ആശ്വാസത്തിലും കോവിഡ് ഭീതി ഒഴിയുന്നില്ല; ജനുവരിയിൽ യുഎസ്എയിൽ കോവിഡ് കോവിഡ് വ്യാപന സാധ്യതയെന്ന് റിപ്പോർട്ടുകൾ; ടെസ്റ്റ് നിരക്ക് ഉയർത്തിയാൽ ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുമെന്ന് തന്നെ സൂചന; രണ്ടാഴ്‌ച്ചക്കകം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നേക്കും

വാക്‌സിൻ എത്തിയെന്ന ആശ്വാസത്തിലും കോവിഡ് ഭീതി ഒഴിയുന്നില്ല; ജനുവരിയിൽ യുഎസ്എയിൽ കോവിഡ് കോവിഡ് വ്യാപന സാധ്യതയെന്ന് റിപ്പോർട്ടുകൾ; ടെസ്റ്റ് നിരക്ക് ഉയർത്തിയാൽ ഇന്ത്യയിലും കോവിഡ് നിരക്കുകൾ ഉയരുമെന്ന് തന്നെ സൂചന; രണ്ടാഴ്‌ച്ചക്കകം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നേക്കും

മറുനാടൻ ഡെസ്‌ക്‌

വാഷിംട്ഗൺ: ലോകത്തിൽ ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിന്റെ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് നിലവിൽ യുഎസ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പോടെയാണ് യു എസിൽ കാര്യങ്ങൾ കൈവിട്ട് പോയത്. കഴിഞ്ഞ കുറച്ച് മാസം മുൻപ് വരെ ഇന്ത്യയുടെ കുതിപ്പ് ഡിസംബർ ആകുമ്പോഴേക്കും ലോകത്ത് ഒന്നാമതാകുമെന്ന വിമർശനത്തിന് വഴിവെച്ചിരുന്നു. പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ കോവിഡ് നിയന്ത്രണം കൈവിട്ടു പോയാലല്ലാതെ ഇന്ത്യയ്ക്ക് ഭയക്കാനില്ലെന്നത് ആശ്വാസമാണ്. നവംബറിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ അവിടെ കോവിഡ് രോഗികൾ കുതിച്ചുയരുകയായിരുന്നു.

നവംബർ 20ന് പ്രതിദിന രോഗികളുടെ എണ്ണം 2,04,166 വരെയെത്തി. ഡിസംബർ 2ന് അത് 2,03,737 വരെയെത്തി. നാലിന് സർവകാല റെക്കോർഡായ 2,35,272ലും. ഇന്ത്യയിൽ ഡിസംബർ നാലിന് റിപ്പോർട്ട് ചെയ്തതാകട്ടെ 36,595 കേസുകളും.യുഎസിലെ കോവിഡ് മരണസംഖ്യയും ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്നതാണ് ഏപ്രിൽ 21നു ശേഷം ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ചത് ഡിസംബർ മൂന്നിനാണ് 2921 പേർ. നാലിന് 2718 പേരും. രാജ്യത്തെ പല സ്റ്റേറ്റുകളിലും ഐസിയു നിറയുകയാണെന്നാണ് റിപ്പോർട്ടുകൾ. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഒരു ലക്ഷം കടന്നു.

വരും ദിവസങ്ങളിൽ പ്രശ്നം ഗുരുതരമാകുമെന്നു വ്യക്തമാക്കുന്നതാണ് യുഎസിലെ സാംക്രമിക രോഗ വിദഗ്ധൻ ആന്റണി ഫൗചിയുടെ വാക്കുകൾ'ജനുവരി അതിഭീകരമായിരിക്കുമെന്നത് ഉറപ്പാണ്' എന്നാണ് അദ്ദേഹം കോവിഡ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാസ്‌കും സാമൂഹിക അകലവും ഉൾപ്പെടെ നിർബന്ധമായും പാലിക്കണമെന്നാവശ്യപ്പെട്ട് യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുതിയ മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.ടെസ്റ്റുകൾ കൂടുതലൽ നടത്തുന്നതുകൊണ്ടാണ് രോഗികളും കൂടുന്നതെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ പറഞ്ഞത്.

എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നേരിട്ട് ബൂത്തിലെത്തി വോട്ടു ചെയ്യാമെന്ന ട്രംപിന്റെ ആഹ്വാനമാണ് ഇപ്പോൾ യുഎസിലെ റെക്കോർഡ് കോവിഡ് രോഗികളുടെ എണ്ണത്തിനു കാരണമായതെന്നാണു പ്രധാന വിമർശം. വോട്ടർമാർ നേരിട്ടു ബൂത്തിലെത്തി ചെയ്ത വോട്ടുകൾ ട്രംപിനെ തുണച്ചതുമില്ല. പോസ്റ്റൽ ബാലറ്റുകളുടെ ബലത്തിൽ ജോ ബൈഡൻ പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

സെപ്റ്റംബറിൽ റോയിട്ടേഴ്സ് വാർത്താ ഏജൻസി ഉൾപ്പെടെയാണ് കോവിഡ് രോഗികളിൽ ഇന്ത്യ ഡിസംബറോടെ മുന്നിലെത്തുമെന്നു പ്രവചിച്ചത്. സെപ്റ്റംബർ 17ന്, ലോകത്ത് ഒരു രാജ്യത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്ത്യയിൽ രേഖപ്പെടുത്തിയപ്പോഴായിരുന്നു പ്രവചനം.97,894 പേർക്കാണ് അന്ന് രോഗം റിപ്പോർട്ട് ചെയ്തത്. സെപ്റ്റംബറിൽ യുഎസ് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് സംഖ്യയാകട്ടെ 53,982ഉം. സെപ്റ്റംബർ 25നായിരുന്നു അത്. എന്നാൽ സെപ്റ്റംബറിൽ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നുനിന്നെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിൽ അത് നല്ലനിലയിൽ കുറഞ്ഞുവന്നു.

അതേസമയം, ടെസ്റ്റുകൾ കൂട്ടിയാൽ ഇന്ത്യയിലും രോഗികളുടെ എണ്ണം കൂടുമെന്ന പരാമർശത്തെ തള്ളിക്കളയാനുമാകില്ല. 7.25 ശതമാനമാണ് യുഎസിലെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതായത് ഇതുവരെ ടെസ്റ്റ് ചെയ്ത 100ൽ ഏഴു പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.59 ശതമാനമാണ്. ആകെ ടെസ്റ്റ് ചെയ്ത 100ൽ ആറു പേർക്കും രോഗം സ്ഥിരീകരിക്കുന്നു. ജൂലൈക്കു ശേഷം ഇന്ത്യയിൽ ഏറ്റവും കുറവ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മാസം കൂടിയാണ് നവംബറിലൂടെ കടന്നു പോയത്. 12 ലക്ഷത്തിലേറെ പേർക്കാണ് നവംബറിൽ രോഗം ബാധിച്ചത്.

ഒക്ടോബറിനേക്കാളും 32 ശതമാനം കേസുകൾ കുറവ്. കോവിഡ് മരണങ്ങളാകട്ടെ ജൂണിനു ശേഷം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും നവംബറിലാണ്15,498 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഒക്ടോബറിനേക്കാളും മരണത്തിൽ 35 ശതമാനം കുറവ്.ഡിസംബർ 5 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യയിലെ ആകെ രോഗബാധിതരിൽ 94.28% പേരും കോവിഡ്മുക്തരായി (90,58,822 പേർ). ഇപ്പോഴും രോഗം ബാധിച്ചിട്ടുള്ളത് 4.27% പേർക്കു മാത്രം (4,09,689 പേർ). മരിച്ചവരാകട്ടെ 1.45 ശതമാനവും (1,39,700 പേർ). ഇതുവരെ ആകെ 96.08 ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. 3.92 ലക്ഷം കേസുകൾ കൂടിയായാൽ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടക്കും. നിലവിലെ കണക്കുകൾ പ്രകാരം പോകുകയാണെങ്കിൽ രണ്ടാഴ്ചയ്ക്കകം അതു സംഭവിക്കും.

കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ആകെ ടെസ്റ്റ് ചെയ്തവരിൽ 100ൽ 25 പേർക്ക് എന്ന കണക്കിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. നാലാം സ്ഥാനത്തുള്ള റഷ്യയിലാകട്ടെ ടെസ്റ്റിനു വിധേയരായ 100ൽ 3 പേർക്ക് എന്ന കണക്കിനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.ആകെ ജനസംഖ്യ പ്രകാരമുള്ള കണക്കെടുത്താൽ 10 ലക്ഷത്തിൽ 101 പേർ എന്ന കണക്കിനാണ് ഇതുവരെ ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ലോകത്ത് ഇക്കാര്യത്തിൽ 97ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. മുന്നിൽ ബെൽജിയമാണ്അവിടെ പത്തു ലക്ഷത്തിൽ 1456 പേർ കോവിഡ് ബാധിച്ചു മരിക്കുന്നു. സ്പെയിൻ 5, ഇറ്റലി 6, യുകെ 8 എന്നിങ്ങനെയാണു സ്ഥാനം. യുഎസ് 11ാം സ്ഥാനത്തും. ഏറ്റവുമധികം കോവിഡ് മരണങ്ങളുണ്ടായ രാജ്യങ്ങളിൽ മൂന്നാമതാണ് ഇന്ത്യ 1,38,657 പേർ. മുന്നിൽ യുഎസും ബ്രസീലുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP