Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

കോവിഡിന്റെ മൂന്നാം തരംഗം വരുമെന്ന് പറയുമ്പോഴും ആർക്കും കൃത്യമായ അഭിപ്രായങ്ങളില്ല; വാക്‌സിനേഷൻ വേഗത്തിലാകുമ്പോൾ മൂന്നാം തരംഗം ഒഴിവാകാമെന്ന് ഒരു നിഗമനം; ഡെൽറ്റ പ്ലസ് തിരികൊളുത്തുമോ കോവിഡ് മൂന്നാം തരംഗത്തിനെന്ന ആശങ്ക മറുവശത്തും; ടിപിആർ നിരക്ക് താഴാത്ത കേരളം ആശങ്കയുടെ മുൾമുനയിൽ

കോവിഡിന്റെ മൂന്നാം തരംഗം വരുമെന്ന് പറയുമ്പോഴും ആർക്കും കൃത്യമായ അഭിപ്രായങ്ങളില്ല; വാക്‌സിനേഷൻ വേഗത്തിലാകുമ്പോൾ മൂന്നാം തരംഗം ഒഴിവാകാമെന്ന് ഒരു നിഗമനം; ഡെൽറ്റ പ്ലസ് തിരികൊളുത്തുമോ കോവിഡ് മൂന്നാം തരംഗത്തിനെന്ന ആശങ്ക മറുവശത്തും; ടിപിആർ നിരക്ക് താഴാത്ത കേരളം ആശങ്കയുടെ മുൾമുനയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗം ഇന്ത്യയിൽ എങ്ങനെയാകും ആഞ്ഞു വീശുക എന്നതിനെ കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട്. ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കോവിഡിന്റെ മൂന്നാം തരംഗത്തിനു കാരണമാകുമെന്നതാണ് പ്രധാന ആശങ്ക. കേരളത്തിൽ രണ്ടാം തരംഗം പോലും ഇനിയും അവസാനിച്ചിട്ടില്ല. ലോക്ക്ഡൗൺ നീക്കുന്നതിലേക്ക് സർക്കാർ നീങ്ങിയത് ജനങ്ങളുടെ ദുരിതം അത്രമേൽ വർധിച്ചതു കൊണ്ടു കൂടിയാണ്. ഈ സാഹചര്യത്തിൽ കോവിഡിന്റെ മൂന്നാം തരംഗം എത്തിയാൽ അതിന്റെ ആഘാതം സംസ്ഥാനം എത്രകണ്ട് താങ്ങുമെന്ന ആശങ്ക ശക്തമാണ്. അതേസമയം വാക്‌സിനേഷൻ വേഗത്തിലാകുന്നതോടെ മൂന്നാം തരംഗം ഉണ്ടാകില്ലെന്ന നിഗമനം പങ്കുവെക്കുന്നവരുമുണ്ട്. എങ്ങനായായാലും സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കകളാണ് നിലനിൽക്കുന്നത്.

സംസ്ഥാനത്ത് പാലക്കാട് ജില്ലയിലെ കണ്ണാടിയിൽ അടക്കം ഡെൽറ്റാ വ്യാപനത്തിന്റെ ഘട്ടത്തിലാണ്. ഡെൽറ്റ പ്ലസ് ശ്വാസകോശത്തിലെ കോശങ്ങളെ ബാധിക്കാനാണു സാധ്യത കൂടുതലെന്നു കഴിഞ്ഞദിവസം നാഷനൽ ടെക്‌നിക്കൽ അഡൈ്വസറി ഗ്രൂപ്പ് (വാക്‌സിനേഷൻ) മേധാവി ഡോ.എൻ.കെ.അറോറ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ ബാധിച്ചാലും അതു ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നോ കൂടുതൽ പേരിലേക്കു പകരുമെന്നോ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമം ഒരു ഡോസ് വാക്‌സീൻ എങ്കിലും സ്വീകരിച്ചവരെ ഡെൽറ്റ പ്ലസ് കാര്യമായി ബാധിക്കില്ലെന്ന നിഗമനമാണ് ഇപ്പോഴും മുന്നിലുള്ളത്. മാസ്‌കും സാനിറ്റസറും ഉപയോഗിച്ച് വൈറസിൽ നിന്ന് അകന്നു നിൽക്കുകയും പരമാവധി വേഗത്തിൽ വാക്‌സീൻ സ്വീകരിക്കുകയും ചെയ്താൽ ഡെൽറ്റ പ്ലസ് ഭീതി വിതയ്ക്കാതെ കടന്നുപോകുമെന്നു തന്നെയാണ് പ്രതീക്ഷ. മറിച്ചുള്ള ആശങ്കകളും ചെറുതല്ല താനും.

രണ്ടാം തരംഗത്തിൽ ഡെൽറ്റ വൈറസ് കേരളമാകെ വീശിയടിക്കുന്നതിനിടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം മെയ്‌ 15ന് 4,45,334ൽ എത്തിയിരുന്നു. ഈ തരംഗത്തിലെ എറ്റവും ഉയർന്ന കണക്ക്. ഈ ദിവസം മുതൽ കോവിഡ് കേസുകളുടെ ഇറക്കം ആരംഭിച്ചിരുന്നു. എന്നാൽ രണ്ടാം തരംഗത്തിന്റെ പരിശോധനസ്ഥിരീകരണ നിരക്ക് (ടിപിആർ) 10 ശതമാനത്തിൽ താഴെ സ്ഥിരമായി നിൽക്കുന്നില്ല.

ടിപിആർ അഞ്ചു ശതമാനത്തിൽ എത്തിയാൽ മാത്രമേ അതിന്റെ ആഘാതം ഒഴിഞ്ഞുവെന്നു പറയാൻ സാധിക്കുകയുള്ളൂ. രണ്ടാം തരംഗം വിട്ടുമാറാതെ നിൽക്കുന്ന ഘട്ടത്തിൽ, ജൂൺ 11നാണ് ഡെൽറ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കേരളത്തിൽ ഡെൽറ്റ പ്ലസ് വൈറസ് എവിടെ നിന്ന് എത്തിയെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും രാജ്യത്ത് ആദ്യമായി ഈ വൈറസ് കണ്ടെത്തിയ മഹാരാഷ്ട്രയിൽ നിന്നാകാം ഇവിടെ എത്തിയതെന്ന നിഗമനത്തിലാണു സംസ്ഥാന ആരോഗ്യ വകുപ്പ്.

ഡെൽറ്റ വൈറസിൽ സംഭവിച്ചിട്ടുള്ള കെ 417 എൻ (കെ417എൻ) എന്ന ജനിതക മാറ്റമാണ് ഡെൽറ്റ പ്ലസ് വകഭേദത്തിന് കാരണമായിട്ടുള്ളതെന്നു സംസ്ഥാന സർക്കാരിന്റെ കോവിഡ് വിദഗ്ധസമിതി ചെയർമാൻ ഡോ.ബി.ഇക്‌ബാൽ പറഞ്ഞു. രണ്ടു ജനിതക സ്വഭാവത്തോടെ ഡെൽറ്റ പ്ലസിന്റെ ഉപവിഭാഗങ്ങളായി പ്രത്യക്ഷപ്പെട്ടിട്ടുള്ള വകഭേദങ്ങളെ എവൈ.1, എവൈ.2 എന്നിങ്ങനെയാണു നാമകരണം ചെയ്തിരിക്കുന്നത്.

നേപ്പാൾ, ബ്രിട്ടൻ, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ എവൈ.1 വകഭേദവും അമേരിക്ക, തുർക്കി, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിൽ എവൈ.2 വകഭേദവുമാണ് കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലാണ് എവൈ.1 റിപ്പോർട്ട് ചെയ്തത്. പിന്നാലെ രണ്ടു വകഭേദങ്ങളും ഇന്ത്യയിൽ കണ്ടെത്തിക്കഴിഞ്ഞു. കേരളത്തിൽ പാലക്കാട് രണ്ടും പത്തനംതിട്ടയിൽ ഒന്നും കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ കേരളത്തിൽ ഇതിനകം മൂന്നു പേർക്കു മാത്രമേ ഡെൽറ്റ പ്ലസ് ഉണ്ടായിട്ടുള്ളൂവെന്നു പറയാനാവില്ല.

ദിവസവും 1,000 ലേറെ കോവിഡ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ ഒരു ജില്ലയിൽ നിന്ന് ആഴ്ചയിൽ 150 സാംപിളുകളാണ് ജനിതക പഠനത്തിനു വിനിയോഗിക്കുന്നത്. ഈ പഠനത്തിൽ നിന്നാണു മൂന്നു കേസുകൾ കണ്ടെത്തിയത്. തുച്ഛമായ സാംപിളുകൾ പരിശോധിക്കുന്നതിനാൽ ഡെൽറ്റ പ്ലസ് ബാധിച്ചവരെയെല്ലാം കണ്ടെത്താനാകില്ലെന്ന പരിമിതിയുണ്ട്. ചിലപ്പോൾ കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടാകാം. എന്നാൽ കേരളത്തിൽ മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകില്ലെന്നാണ് ഇതുവരെയുള്ള നിരീക്ഷണങ്ങളിൽ നിന്നു വ്യക്തമാകുന്നത്.

അതേസമയം, ഡെൽറ്റ പ്ലസിന്റെ വ്യാപനശേഷി എത്രയെന്ന് ഇനിയും ഉറപ്പിച്ചിട്ടില്ല. ഡെൽറ്റയോളം ഇത് അപകടകരമാകുമോയെന്ന കാര്യത്തിൽ ലോകമാകെ ശാസ്ത്രജ്ഞർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. രണ്ടാം തരംഗത്തിൽ ആഘാതം സൃഷ്ടിച്ച ഡെൽറ്റ വൈറസിന്റെ അത്രയും പ്രഹരം സൃഷ്ടിക്കില്ലെന്ന നിഗമനത്തിൽ എത്തിയ ശാസ്ത്രജ്ഞർ ഇതിനെ ഡെൽറ്റ മൈനസ് എന്നും വിശേഷിപ്പിക്കുന്നുണ്ട്. മൂന്നാം തരംഗത്തിന് ഡെൽറ്റ പ്ലസ് കാരണമാകുമോയെന്നു അതിനാൽ തന്നെ സ്ഥിരീകരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP