Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; സമൂഹവ്യാപനമെന്ന ആശങ്കയിൽ ബെംഗളൂരു നഗരം അതീവ ജാഗ്രതയിൽ; മരണ സംഖ്യ 7429 കടന്ന മഹാരാഷ്ട്ര: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 11 പേർ: ഇന്നലെ 384 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊറോണ മരണ നിരക്ക് 16,487 ആയി

ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു; സമൂഹവ്യാപനമെന്ന ആശങ്കയിൽ ബെംഗളൂരു നഗരം അതീവ ജാഗ്രതയിൽ; മരണ സംഖ്യ 7429 കടന്ന മഹാരാഷ്ട്ര: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 11 പേർ: ഇന്നലെ 384 പേർ കൂടി മരിച്ചതോടെ ഇന്ത്യയിലെ കൊറോണ മരണ നിരക്ക് 16,487 ആയി

സ്വന്തം ലേഖകൻ

മുംബൈ: പിടിച്ചു കെട്ടാൻ എത്രയൊക്കെ ശ്രമിച്ചിട്ടും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് ബാധിച്ച് ഇന്നലെ 384 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ കൊറോണ മരണ നിരക്ക് 16,487 ആയി ഉയർന്നു. ഇന്നലെ പുതുതായി 19,620 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ച് 8944 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. ഇന്നലെ 20,000ത്തിന് അടുത്ത് ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.

മരണം 7429 കടന്ന് മഹാരാഷ്ട്ര
സംസ്ഥാനത്ത് 5493 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. 156 മരണംകൂടി ഇന്ന് റിപ്പോർട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട 156 മരണങ്ങളിൽ 60 എണ്ണം കഴിഞ്ഞ 48 മണിക്കൂറിനിടയിൽ സംഭവിച്ചതാണ്. മുൻപ് മരിച്ച പലരുടെയും മരണകാരണം കോവിഡാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. ആ കണക്കുകൾകൂടി ചേർത്താണ് ഇന്നലെ 156 മരണങ്ങൾ റിപ്പോർട്ടുചെയ്തത്.

70,607 ആക്ടീവ് കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളത്. 2330 പേർ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതോടെ ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 86,575 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 30-നു ശേഷവും തുടരുമെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്നലെ വ്യക്തമാക്കി.

ധാരാവിയിൽ ഇന്നലെ 13 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഇതോടെ ധാരാവിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2245 ആയി. 81 പേർ മരിച്ചു.കഴിഞ്ഞ 48 മണിക്കൂറിനിടെ മഹാരാഷ്ട്രയിലെ 150 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ പൊലീസുകാർക്കിടയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4666 ആയി. ഒരു പൊലീസുകാരൻ ഞായറാഴ്ച മരിച്ചതോടെ ആകെ മരണം 57 ആയി.

അതേസമയം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരുന്ന പശ്ചാത്തലത്തിൽ ജോലിക്കു പോകുകയോ അവശ്യ സേവനത്തിനോ മറ്റ് അത്യാവശ്യങ്ങൾക്കോ അല്ലാതെ നഗരത്തിൽ രണ്ടു കിലോമീറ്ററിനപ്പുറം സഞ്ചരിച്ചാൽ പൊലീസ് വാഹനം പിടിച്ചെടുക്കും. പുറത്തുപോകുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്നും അല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ഇതുസംബന്ധിച്ച് മുംബൈ പൊലീസ് ഞായറാഴ്ച ഉത്തരവിറക്കി . കടപ്പുറത്തും പാർക്കുകളിലും ജനങ്ങൾ സാമൂഹിക അകലം പാലിക്കാതെ കൂടുന്നു എന്നതാണ് പുതിയ നിബന്ധനകൾക്ക് കാരണമായത്. പ്രഭാതസവാരിക്കും കായിക പരിശീലനത്തിനും ഷോപ്പിങ്ങിനും മറ്റും പോകുന്നവർ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിനകത്തായിരിക്കണം എല്ലാം നിർവഹിക്കേണ്ടത്.

തമിഴ്‌നാട്ടിൽ ഇന്നലെ 3940 പേർക്ക് കോവിഡ്
തമിഴ്‌നാട്ടിൽ ഇന്നലെ 11 മലയാളികൾക്ക് അടക്കം 3940 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലയാളികൾ അടക്കം 179 പേർ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേർക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് വിമാനത്തിൽ തമിഴ്‌നാട്ടിലെത്തിയ ഒരാൾക്കും റോഡ്/ട്രെയിൻ മാർഗം എത്തിയ 10 പേർക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

54 പേർ ഇന്നലെ രോഗം ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് 1079 പേരാണ് സംസ്ഥാനത്ത് മരിച്ചത്. ഇതുവരെ 82,275 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ പുറത്തിറക്കിയ ആരോഗ്യ മാർഗനിർദേശങ്ങളും യാത്രാ നിർദേശങ്ങളും ജനങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശമുണ്ട്. മാർച്ചിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തതുമുതൽ മെയ്‌ വരെ സംസ്ഥാനത്ത് 22,333 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കാലയവളവിൽ 4,91,962 സാമ്പിളുകൾ പരിശോധിച്ചിരുന്നു. എന്നാൽ, ജൂണിൽ ഇതുവരെ 59,942 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ആറുലക്ഷത്തിലധികം പരിശോധനകൾമാത്രമാണ് നടത്തിയത്. .

നിലവിൽ 32,000-നും 35,000-ത്തിനുമിടയിലാണ് പ്രതിദിനപരിശോധന. ഇതിൽ 10 ശതമാനം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ചെന്നൈയിലിത് 19 ശതമാനത്തോളമാണ്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ആർ.ടി.പി.സി.ആർ. പരിശോധനകളാണ് നടത്തുന്നത്. രോഗനിർണയത്തിന് കൂടുതൽ കൃത്യതവരുത്താൻ കഴിയുന്ന പരിശോധനയും ഇതുതന്നെ. അതേസമയം, ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശമനുസരിച്ച് ഒരു പ്രദേശത്ത് രോഗവ്യാപനം കൂടുമ്പോൾ പൂൾഡ് പരിശോധന നടത്താവുന്നതാണ്. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട അഞ്ചുപേരുടെ സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്നതാണിത്. ഇതിന്റെ ഫലം പോസിറ്റീവായാൽ അഞ്ചുപേരുടെയും സാമ്പിളുകൾ പ്രത്യേകമായെടുത്ത് പരിശോധനനടത്തി ചികിത്സ നടത്താം. ഫലം നെഗറ്റീവാണെങ്കിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞശേഷം വീണ്ടും പരിശോധന നടത്തിയാൽ മതി.

കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ആശങ്കയായി ബാംഗ്ലൂർ

ബെംഗളൂരു: കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന. ഇന്നലെ സംസ്ഥാനത്ത് 1267 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13190 ആയി. ബെംഗളുരുവിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 783 പേർക്കാണ്. സംസ്ഥാനത്ത് മരണം 200 കവിഞ്ഞു. 16 കോവിഡ് മരണങ്ങളാണ് ഇന്നലെ റിപ്പോർട്ടു ചെയ്യപ്പെട്ടത് ഇതോടെ ആകെ മരണം 207 ആയി.

ബെല്ലാരി, ദക്ഷിണ കന്നഡ, ഉഡുപ്പി, കൽബുർഗി ജില്ലകളിലും കോവിഡ് വ്യാപനം തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ തിങ്കളാഴ്ചയ്ക്കകം 10,000 ആശുപത്രി കിടക്കകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.ഇന്ന് 220 പേർ രോഗമുക്തി നേടി. നിലവിൽ 5472 പേരാണ് ചികിത്സയിൽ ഉള്ളത്. 12448 സാമ്പിളുകൾ നെഗറ്റീവ് ആയി. 13835 പുതിയ സാമ്പിളുകൾ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, കോവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി എടുക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകർ പറഞ്ഞു.

അതേസമയം ബെംഗളൂരു നഗരം കർണാടകത്തിന്റെ ആശങ്കയായി മാറുകയാണ്. രണ്ടുദിവസത്തിനുള്ളിൽ 1379 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഞായറാഴ്ചമാത്രം 783 പേർക്ക് രോഗം സ്ഥിരീകരിച്ചു. മാർച്ചിൽ കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. കർണാടകത്തിൽ കോവിഡ് ബാധിച്ച് മരിച്ച 207 പേരിൽ 88-ഉം ബെംഗളൂരുവിലാണ്. രോഗം ബാധിച്ചവർ 3314 ആയി. സമ്പർക്കമുള്ളവർക്കും ഇല്ലാത്തവർക്കും രോഗം ബാധിക്കുന്നതാണ് ആശങ്കക്കിടയാക്കുന്നത്. ഇതോടെ സമൂഹ വ്യാപന ഭീഷണിയിലാണ് ബെംഗളൂരു നഗരം.

പനിയും ചുമയുമായി പനി ക്ലിനിക്കുകളിലെത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുകയാണ്. സമൂഹവ്യാപനമില്ലെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും ഉറവിടമറിയാത്ത രോഗികൾ കൂടുകയാണ്. ആരോഗ്യപ്രവർത്തകർ, നഴ്സുമാർ, ഡോക്ടർമാർ, ശുചീകരണത്തൊഴിലാളികൾ, പൊലീസുകാർ എന്നിവർ കോവിഡിന്റെ പിടിയിലായി. ഇതുവരെ നാലു പൊലീസുകാർ രോഗം ബാധിച്ച് മരിച്ചു. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് അടച്ചിടേണ്ടിവന്നു. കോവിഡ് വ്യാപനം തടയുന്നതിന് 55 വയസ്സുകഴിഞ്ഞ പൊലീസുകാരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതുവരെ അമ്പതിലധികം പൊലീസുകാർക്ക് രോഗം ബാധിച്ചു. 23 ശുചീകരണത്തൊഴിലാളികൾക്കും രോഗം കണ്ടെത്തി. ബി.എം ടി.സി. ബസുകൾ സർവീസ് തുടങ്ങിയതോടെ ജീവനക്കാർക്കും രോഗം ബാധിച്ചു. റെയിൽവേ ഡിവിഷണൽ ഓഫീസും വികാസ സൗധയും മുഖ്യമന്ത്രിയുടെ ഓഫീസും അടച്ചിടേണ്ടിവന്നു. പൊലീസുകാർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യത്തിൽ സ്റ്റേഷനു പുറത്തുവച്ചാണ് പരാതി സ്വീകരിക്കുന്നത്.

ഉത്തർപ്രദേശിൽ ഞായറാഴ്ച 11 മരണം; സംസ്ഥാനത്തെ മരണ നിരക്ക് 660 ആയി
ലഖ്നൗ: ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച 11 പേർകൂടി മരിച്ചു. ഇതോടെ ആകെ മരണം 660 ആയി. 606 പേർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 22147 ആയി. 6679 ആണ് സംസ്ഥാനത്തെ ആക്ടീവ് കേസുകൾ.

14,808 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടിട്ടുണ്ട്. 66.86 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്കെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി അമിത് മാഹൻ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ 23604 പ്രദേശങ്ങളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 8942 ഹോട്ട്സ്പോട്ടുകൾ അടക്കമുള്ളവയിലാണ് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്.

വൻതോതിലുള്ള ബോധവത്കരണ കാമ്പയിന് ജൂലായിൽ മീററ്റിൽനിന്ന് തുടക്കം കുറിക്കാനാണ് നീക്കം. പൾസ് പോളിയോ ഇമ്യൂണൈസേഷന് സമാനമായി വീടുകൾതോറും കയറിയുള്ള പ്രചാരണവും സർവേയും നടത്തും. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയവ ഉള്ളവരെ സർവേയ്ക്കിടെ കണ്ടെത്തും. അപകട സാധ്യത ഏറെയുള്ളവരെ പ്രത്യേക നിരീക്ഷണത്തിലാക്കുമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP