Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് മാവൂർ സ്വദേശി സുലേഖ; 52 കാരി റിയാദിൽ നിന്ന് തിരിച്ചെത്തിയത് ഈ മാസം 25 ന്; ഹൃദ്രോഗിയായ സുലേഖയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും തിങ്കളാഴ്ച തന്നെ; ഒപ്പം ആശുപത്രിയിലാക്കിയ ഭർത്താവിന് രോഗം സ്ഥിരീകരിച്ചത് ശനിയാഴ്ച; കേരളത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണം 10 ആയി ഉയർന്നു; ഞായറാഴ്ച സ്ഥിരീകരിച്ചത് 61 പോസിറ്റീവ് കേസുകൾ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരണമടഞ്ഞത് കോഴിക്കോട് മാവൂർ സ്വദേശി സുലേഖ; 52 കാരി റിയാദിൽ നിന്ന് തിരിച്ചെത്തിയത് ഈ മാസം 25 ന്; ഹൃദ്രോഗിയായ സുലേഖയ്ക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതോടെ  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതും തിങ്കളാഴ്ച തന്നെ; ഒപ്പം ആശുപത്രിയിലാക്കിയ ഭർത്താവിന് രോഗം സ്ഥിരീകരിച്ചത് ശനിയാഴ്ച; കേരളത്തിൽ കോവിഡ് മരണങ്ങളുടെ എണ്ണം 10 ആയി ഉയർന്നു; ഞായറാഴ്ച സ്ഥിരീകരിച്ചത് 61 പോസിറ്റീവ് കേസുകൾ

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാവൂർ സ്വദേശി സുലേഖ (52) ആണ് മരിച്ചത്.

ഹൃദ്രോഗിയായിരുന്ന സുലേഖ ഈ മാസം 25 നാണ് ഗൾഫിൽ നിന്നെത്തിയത്. രോഗ ലക്ഷണങ്ങളുണ്ടായിരുന്നതിനാൽ അന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവർക്ക് കടുത്ത രക്തസമ്മർദ്ദവും ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്തുകൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു.മാവൂർ കൽപ്പള്ളി മൊയ്തീനാണ് ഭർത്താവ്. ഭർത്താവിന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മക്കൾ: റഊഫ്, റനീഷ്, റഈസ് ,റജീന. മരുമക്കൾ മിസ്രിയ, മുഹ്‌സിന, ബഷീർമെയ് 25 ന് ന റിയാദിൽ നിന്നാണ് സുലേഖയും ഭർത്താവും എത്തിയത്.

 അതേസമയം സംസ്ഥാനത്ത് ഇന്ന് 61 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർഗോഡ് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള 7 പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള 2 പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാൻ-4, സൗദി അറേബ്യ-1, ഖത്തർ-1, മാലിദ്വീപ്-1) 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡൽഹി-5, കർണാടക-4, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട്, കൊല്ലം ജില്ലകളിലുള്ള 2 പേർക്ക് വീതമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 5 പേരുടെയും (ഒരു കാസർഗോഡ് സ്വദേശി), കോഴിക്കോട് ജില്ലയിൽ നിന്നുള്ള 4 പേരുടെയും പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 590 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 19,662 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,00,572 പേരും റെയിൽവേ വഴി 9796 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 1,31,651 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,34,654 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,33,413 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1241 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 208 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3099 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ 67,371 വ്യക്തികളുടെ (ഓഗ്മെന്റഡ് സാമ്പിൾ ഉൾപ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 64,093 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 12,506 സാമ്പിളുകൾ ശേഖരിച്ചതിൽ 11,604 സാമ്പിളുകൾ നെഗറ്റീവ് ആയി.

ഇന്ന് 10 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കാസർഗോഡ് ജില്ലയിലെ ബദിയടുക്ക, പിലിക്കോട്, പാലക്കാട് ജില്ലയിലെ പല്ലശ്ശന, പുതുനഗരം, കണ്ണൂർ ജില്ലയിലെ തലശേരി മുൻസിപ്പാലിറ്റി, കൊല്ലം ജില്ലയിലെ പന്മന, പുനലൂർ മുൻസിപ്പാലിറ്റി, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല എന്നീ ഹോട്ട് സ്പോട്ടുകളിൽ കണ്ടൈന്മെന്റ് സോണുകളില്ല. നിലവിൽ ആകെ 116 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP