Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂരിൽ എത്തിയത് മസ്‌കറ്റിൽ നിന്നും; ആശുപത്രിയിലേക്ക് മാറണമെന്ന നിർദ്ദേശം അവഗണിച്ച് പോയത് കൂത്തുപറമ്പിലെ മകന്റെ വീട്ടിലേക്ക്; കോവിഡ് ലംഘനത്തിന് കേസെടുത്ത പികെ മുഹമ്മദിന് കോവിഡ് സ്ഥിരീകരിച്ചത് ബുധനാഴ്ച; അർബുദ രോഗത്തിനൊപ്പം കൊലയാളി വൈറസ് കൂടിയായപ്പോൾ ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മരണം; കേരളത്തിൽ കോവിഡ് മരണം 18 ആകുമ്പോൾ

കണ്ണൂരിൽ എത്തിയത് മസ്‌കറ്റിൽ നിന്നും; ആശുപത്രിയിലേക്ക് മാറണമെന്ന നിർദ്ദേശം അവഗണിച്ച് പോയത് കൂത്തുപറമ്പിലെ മകന്റെ വീട്ടിലേക്ക്; കോവിഡ് ലംഘനത്തിന് കേസെടുത്ത പികെ മുഹമ്മദിന് കോവിഡ് സ്ഥിരീകരിച്ചത് ബുധനാഴ്ച; അർബുദ രോഗത്തിനൊപ്പം കൊലയാളി വൈറസ് കൂടിയായപ്പോൾ ഇരിട്ടി പയഞ്ചേരി സ്വദേശിയുടെ മരണം; കേരളത്തിൽ കോവിഡ് മരണം 18 ആകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കണ്ണൂർ ഇരിട്ടി പയഞ്ചേരി സ്വദേശി പി.കെ മുഹമ്മദ് (70) ആണ് മരിച്ചത്. അർബുദ രോഗ ബാധിതനായിരുന്നു. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.

കഴിഞ്ഞ മാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റിൽനിന്ന് കണ്ണൂർ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഒരാൾകൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

കോവിഡ് സ്ഥിരീകരിച്ച് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 80 വയസുള്ള തൃശൂർ സ്വദേശിയായ വനിതയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുംബൈയിൽ നിന്നെത്തിയ ഇവരെ രോഗ ലക്ഷണം കണ്ടത്തിയതിനെ തുടർന്ന് റെയിൽവെ സ്റ്റേഷനിൽ നിന്നും ആശുപതിയിലെത്തിക്കുകയായിരുന്നു. ഇതോടെ മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണ് തെളിയുന്നത്. സമാന രീതിയിൽ നിരവധി പേർ സംസ്ഥാനത്ത് ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

കോവിഡ് രോഗിയായിരുന്ന ആനാട് സ്വദേശി ആത്മഹത്യ ചെയ്തതിനു പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ആത്മഹത്യ ഉണ്ടായി. കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നെടുമങ്ങാട് സ്വദേശി മുരുകേശനാണ് (38) മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. കോവിഡ് ബാധ സംശയിച്ച് ചൊവ്വാഴ്ചയാണ് മുരുകേശനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകിട്ട് ഐസൊലേഷൻ മുറിയിൽ ഉടുമുണ്ട് ഫാനിൽ കെട്ടി തൂങ്ങിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

രാവിലെ മരിച്ച ആനാട് സ്വദേശിയേപ്പോലെതന്നെ ഇയാളും മദ്യാപാനാസക്തിയുള്ള ആളായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട മാനസിക, ശാരീരിക അസ്വസ്ഥതകൾ ഇയാൾക്കുണ്ടായിരുന്നു എന്നാണ് സൂചന. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷൻ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. ഈ മരണങ്ങളൊന്നും കോവിഡ് പട്ടികയിൽ പെടുത്തിയിട്ടില്ല. കോവിഡ്-19 രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തിൽത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവച്ചു. ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവർത്തകരെത്തി ദിശയുടെ വാഹനത്തിൽ ഇയാളെ വീണ്ടും മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോകുകയായിരുന്നു.

കേരളത്തിൽ ഇന്നലെ 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 9 പേർക്കും (ഒരാൾ മരണമടഞ്ഞു), മലപ്പുറം ജില്ലയിൽ നിന്നുള്ള 7 പേർക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കൊല്ലം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 34 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നതാണ്. 5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ 2 പേർക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

07.06.2020 ന് തൃശൂർ ജില്ലയിൽ മരണമടഞ്ഞ കുമാരൻ (87) എന്ന വ്യക്തിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എൻ.ഐ.വി ആലപ്പുഴയിൽ അയച്ചിരുന്നു. അദ്ദേഹത്തിന് ഇന്നലെ കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കാസറഗോഡ് ജില്ലയിൽ നിന്നുള്ള 11 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, പത്തനംതിട്ട, വയനാട് ജില്ലകളിൽ നിന്നുള്ള 6 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 3 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 2 പേരുടെ വീതവും, പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1238 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 905 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

എയർപോർട്ട് വഴി 53,545 പേരും സീപോർട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,28,732 പേരും റെയിൽവേ വഴി 23,296 പേരും ഉൾപ്പെടെ സംസ്ഥാനത്ത് ആകെ 2,07,194 പേരാണ് എത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,10,592 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,08,748 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1844 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 206 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP