Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി; കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി; ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുന്നു; ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു; ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ പിരിച്ചുവിടാൻ നീക്കം; കേരളത്തിലും മുഖ്യധാരാ പത്രങ്ങൾ അടക്കം കടുത്തപ്രതിസന്ധിയിലേക്ക്; കോവിഡ് മാന്ദ്യത്തിൽ ആടിയുലഞ്ഞ് മാധ്യമ ലോകവും

മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി; കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി; ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുന്നു; ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു; ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ പിരിച്ചുവിടാൻ നീക്കം; കേരളത്തിലും മുഖ്യധാരാ പത്രങ്ങൾ അടക്കം കടുത്തപ്രതിസന്ധിയിലേക്ക്; കോവിഡ് മാന്ദ്യത്തിൽ ആടിയുലഞ്ഞ് മാധ്യമ ലോകവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ മാധ്യമലോകത്തെലും സാരമായി ബാധിക്കുകയാണ്. ദേശീയ മാധ്യമങ്ങളിൽനിന്നടക്കം അടക്കം ശമ്പളം വെട്ടിക്കുറക്കുന്നതിന്റെയും ആനുകൂല്യങ്ങൾ ഇല്ലാതാവുന്നതിന്റെയും റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മുംബെയിൽ നിന്നുള്ള ഹമാരാ മഹാനഗർ പത്രം അടച്ചുപൂട്ടി. കന്നഡയിലെ കസ്തൂരി ന്യൂസ്ചാനൽ സംപ്രേഷണം നിർത്തി.

ഔട്ട്ലുക്ക് പ്രിന്റ് എഡിഷൻ നിർത്തുകയാണ്. ഇന്ത്യൻ എക്സ്പ്രസിലും ബിസിനസ് സ്റ്റാൻഡേഡിലും ശമ്പളം വെട്ടിക്കുറക്കുന്നു.ന്യൂസ് നേഷൻ ഇംഗ്ലീഷ് ഡിജിറ്റലിലെ 16 പേരെയും ടൈംസ് ഓഫ് ഇന്ത്യ സൺഡേ മാഗസിൻ ടീമിനെ ഒന്നാകെയും പിരിച്ചുവിട്ടെന്നാണ് അറിയുന്നത്. ക്വിന്റിലെ പകുതിയോളം ജീവനക്കാർക്ക് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം കിട്ടിയിട്ടുണ്ട്. ഇന്ത്യാറ്റുഡേയിൽ പണി പോകാനിടയുള്ള 46 റിപ്പോർട്ടർമാരുടേയും 17 പ്രൊഡ്യൂസർമാരുടേയും 6 ക്യാമറാ പേഴ്സൺമാരുടേയും ലിസ്റ്റായതായി പറയപ്പെടുന്നു.

കേരളത്തിലും സമാനമായ അവസ്ഥയുണ്ടെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ തന്നെ പറയുന്നത്. മനോരമയും മാതൃഭൂമിയും 20 മുതൽ 30 ശതമാനംവരെ വെട്ടിക്കുറക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. മലയാളത്തിലെ മറ്റ് പ്രമുഖ മാധ്യമങ്ങളിൽ നേരത്തെ തന്നെ ശമ്പളം വൈകലും കുടിശ്ശികയും നിലനിൽക്കായാണ്. പുതിയ സാഹചര്യത്തിൽ ഇവയുടെയൊക്കെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. ക്ലാസിഫൈസ് പരസ്യംപോലും ഏറെക്കുറഞ്ഞ് പേജുകൾ വെട്ടിക്കുറച്ചാണ് ഇപ്പോൾ മാതൃഭൂമിയും മനോരമയും പോലും ഇറങ്ങുന്നത്. ദൃശ്യമാധ്യമങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.

അതേസമയം ഇതൊരു അവസരമായി എടുത്ത് കേരളത്തിൽ തൊഴിലാളികളെ മാധ്യമ മാനേജുമെന്റുകൾ ചൂഷണം ചെയ്യുകയാണെന്നാണ് പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ കെ പി റെജി പറയുന്നത്.

ഇതുസംബന്ധിച്ച കെ പി റെജിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

വിഷുദിനത്തിലെ ലോക്ഡൗണിൽ ഒരു പരിധി വരെ ആശ്വാസം കൊള്ളുന്നവരായിരിക്കും മാധ്യമപ്രവർത്തകർ. യാത്രാ വിലക്കിന്റെയും മറ്റും പേരിൽ ബന്ധുജന സന്ദർശനവും കൈനീട്ടവും ഒക്കെ ഒഴിവായതോടെ മാറിക്കിട്ടിയ പിരിമുറുക്കത്തിന്റെ ആഹ്ലാദം പങ്കുവെച്ച സഹപ്രവർത്തകർ നിരവധിയാണ്. നേരത്തെ തന്നെ ആറു മാസത്തിലധികം ശമ്പള കുടിശ്ശികയുള്ള മാധ്യമ സ്ഥാപനങ്ങൾ നിരവധിയായിരുന്നു.

മഹാമാരിയായ കോവിഡ് പലരെയും പിരിച്ചുവിടാനും ശമ്പളം വെട്ടിച്ചുരുക്കാനുമുള്ള മറയാക്കി മാറ്റുകയാണ് പല മാധ്യമ മുതലാളിമാരും എന്നാണ് ദേശീയ തലത്തിൽനിന്നുതന്നെയുള്ള റിപ്പോർട്ടുകൾ നൽകുന്ന വിവരം. കോവിഡിന്റെയും ലോക്ഡൗണിന്റെയും പേരിൽ ആരെയും പിരിച്ചുവിടരുതെന്നും ശമ്പളം കുറയ്ക്കരുതെന്നുമുള്ള ഭരണാധികാരികളുടെ ഉണർത്തുപാട്ടുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകരിൽ എത്ര പേർക്ക് നാളെ അവരുടെ സ്ഥാപനത്തിൽ ഇരിപ്പിടം ഉണ്ടാവുമെന്ന് തീർച്ചയില്ല. പണി ഉള്ളവർക്കു പോലും പട്ടിണിയില്ലാതെ എങ്ങനെ കുടുംബം പുലർത്തും എന്ന് കണക്ക് കൂട്ടാൻ പോലും പറ്റാത്തത്ര ദുരിതാവസ്ഥ യിലാണ് കാര്യങ്ങളുടെ പോക്ക്.

ലോക് ഡൗണിൽ പണി നഷ്ടമായ വിവിധ ജനവിഭാഗങ്ങളുടെ നിത്യനിദാനത്തിനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ വിവിധ ആശ്വാസ നടപടികളും സഹായങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പണിയില്ലാതെ പണം ഇല്ലാതായവരെ സംരക്ഷിക്കാൻ ഭരണകൂടം കാണിക്കുന്ന കരുതൽ ശ്ളാഘനീയം തന്നെ. അതേസമയം, പണിയുണ്ടായിട്ടും പണമില്ലാതെ പിണമായി ജീവിക്കേണ്ടി വരുന്നവരുടെ യാതനകൾക്കു നേരെയും അധികാരത്തിന്റെ കണ്ണുകൾ തുറക്കാതിരിക്കുന്നതിനെ എന്തിന്റെ പേരിൽ നമുക്ക് ന്യായീകരിക്കാനാവും.

കോവിഡ് മഹാമാരിയെ വലിയൊരളവോളം പിടിച്ചുനിർത്താനായി എന്ന് ഭരണാ ധികാരികൾ ആവർത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. വിഷു ദിനത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയും ഇതിനു തന്നെയാണ് ഊന്നൽ നൽകിയത്. വിവരങ്ങൾ യഥാസമയം ജനങ്ങളെ അറിയിച്ചും ബോധവത്കരണ ശ്രമങ്ങളിൽ ഭരണ സംവിധാനങ്ങൾക്കൊപ്പം തോളോടു തോൾ ചേർന്ന് കഠിനമായ ശ്രമങ്ങൾ നടത്തിയും ഈ പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിച്ച പങ്ക് ഇനിയും ആവർത്തിക്കുന്നതിൽ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല.

ശമ്പള കുടിശ്ശികയുമായി ബന്ധപ്പെട്ട് അതത് മാനേജ് മെന്റുകൾക്കു മുന്നിലും പ്രത്യേക സാമ്പത്തിക പാക്കേജ്, അടിയന്തര സാമ്പത്തിക സമാശ്വാസം എന്നീ ന്യായ മായ ആവശ്യങ്ങൾ ഉന്നയിച്ചു കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് മുന്നിലും പലകുറി മുട്ടി യെങ്കിലും അനുഭാവ ത്തിന്റെ വാതിലുകൾ എവിടെയും തുറക്കുന്ന ലക്ഷണം ഇനിയും ദൃശ്യമായിട്ടില്ല.

പരസ്യ നഷ്ടത്തിന്റെ പേരിലാണ് മാധ്യമ മുതലാളിമാർ പിരിച്ചുവിടലിനും ശമ്പളം വെട്ടിക്കുറക്കുന്നതിനും കോപ്പ് കൂട്ടിക്കൊണ്ടിരിക്കുന്നത്. പരസ്യ നഷ്ടത്തിന്റെ പേരിൽ ശമ്പളം കുറയ്ക്കാൻ ഒരുങ്ങുന്നവർ ഒന്നും തുടർച്ചയായ മുഴുനീള ബഹുവർണ പേജുകൾ പരസ്യം
അച്ചടിച്ചു വിറ്റ പുഷ്‌കല നാളുകളിലൊന്നിലും ജീവനക്കാർക്ക് അതിന്റെ പേരിൽ അധികമായി നയാ പൈസ നൽകാൻ മിനക്കെടാത്തവരാണ്.

പ്രത്യക്ഷത്തിൽ അനുഭവവേദ്യമാകാത്ത വിധത്തിൽ അച്ചടി മാധ്യമങ്ങൾ മറ്റു വിവിധ ചെലവ് ചുരുക്ക നടപടികൾ ഇതിനകം സ്വീകരിച്ചു നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട്. പേജ് ചുരുക്കലും പ്രാദേശിക എഡിഷനുകൾ ചുരുക്കിയതുമാണ് അതിൽ പ്രധാനം. വരുമാന നഷ്ടം ഭീമമാണെങ്കിലും ചെലവ് ഇനത്തിൽ വലിയൊരു കുറവ് വരുത്താൻ സഹായകമാണ് ഈ നടപടികൾ. പത്രക്കടലാസിന്റെ വില നിലവാരം അനുസരിച്ച് മുൻനിര പത്രങ്ങൾക്ക് പ്രതിദിനം നാലു പേജ് കുറച്ചാൽ തന്നെ ചെലവ് ഇനത്തിൽ ചുരുക്കാൻ കഴിയുന്നത് ലക്ഷങ്ങളാണ്. ഏതാണ്ട് എല്ലാ മലയാള പത്രങ്ങളും നിലവിൽ നാലു മുതൽ ആറു വരെ പേജ് ശരാശരി കുറച്ചുകഴിഞ്ഞു. 22 ലക്ഷം കോപിയിൽ ദിവസം നാലു പേജ് കുറഞ്ഞാൽ 20 ലക്ഷത്തിലേറെയാണ് ചെലവ് ലാഭിക്കാൻ കഴിയുക. മാസം ആറു കോടിയിലേറെ രൂപ. 15 ലക്ഷം കോപ്പി ആണെങ്കിൽ ഏതാണ്ട് നാലേകാൽ കൊടിയും. പത്രക്കടലാസ് വില ഏറ്റവും കുറഞ്ഞ നിരക്കിൽ കൂട്ടിയാലുള്ള കണക്കാണിത്.

ഇന്ത്യയിൽ മാധ്യമ വ്യവസായികൾ മറ്റു പല മേഖലകളിൽ കൂടി മുതൽ മുടക്ക് നടത്തിയിട്ടുള്ളവരാണ്. ചിലർ അത് വാണിജ്യ സംരംഭങ്ങളിൽ ആണെങ്കിൽ മറ്റു ചിലർക്ക് രാഷ്ട്രീയത്തിലും സാമൂഹിക പ്രസ്ഥാന രംഗത്തും ലാഭം ലാക്കാക്കിയുള്ള നിക്ഷേപമാണ് മാധ്യമ രംഗം. താൽക്കാലികമായ പരസ്യ നഷ്ടം മൊത്തത്തിലുള്ള ലാഭത്തിൽ കുറവ് ഒന്നും ഉണ്ടാക്കുന്നില്ല എന്നു സാരം. മാത്രമല്ല, മാധ്യമ വ്യവസായത്തിന്റെ ലാഭം തന്നെ ഏതാണ്ട് എല്ലാ സ്ഥാപനങ്ങൾക്കും വൻ ലാഭമായി സംസ്ഥാനത്തും രാജ്യമെമ്പാടുമായി തല ഉയർത്തി നിൽക്കുന്നുമുണ്ട്.

ഉർവശി ശാപം ഉപകാരമായി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കാനാണ് മാധ്യമ മുതലാളിമാർ അണിയറയിൽ തിരക്കഥ ചമക്കുന്നതെന്നു വ്യക്തം. രാജ്യത്തെ നിയമ വ്യവസ്ഥയും പൊതുബോധവും അതിന് എതിരാണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം എന്ന് മാത്രമാണ് ഈ സന്ദർഭത്തിൽ അവരെ ഓർമിപ്പിക്കാനുള്ളത്. സമ്പത്തിന്റെയും സ്വാധീനത്തിന്റേയും കണ്ണുരുട്ടലിൽ അധികാരത്തിന്റെ മുട്ട് വിറക്കില്ല എന്നും പ്രതീക്ഷിച്ചു പോകുന്നു. അല്ലാത്തപക്ഷം പട്ടിണിയിൽനിന്നും കൊടിയ യാതനകളിൽനിന്നും രക്ഷ തേടി മാധ്യമപ്രവർത്തകർ നടത്തുന്ന ജീവന്മരണ പോരാട്ടത്തിനായിരിക്കും കോവിഡാനന്തര കാലം രാജ്യം സാക്ഷ്യം വഹിക്കേണ്ടിവരിക.- കെ പി റെജി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP