Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

കോവിഡ് ബാധിച്ചു മരിച്ചവരിൽ 24% പേർ റിവേഴ്‌സ് ക്വാറന്റീൻ കൃത്യമായി പാലിച്ചിരുന്നില്ല; വീഴ്ച വന്നിരുന്നില്ലെങ്കിൽ മരണ നിരക്ക് ഇനിയും കുറയുമായിരുന്നുവെന്നും വിലയിരുത്തൽ; തുടർച്ചയായ ഓക്സിജൻ നിർണയം അനിവാര്യം; ആന്റിജൻ പരിശോധന വർധിപ്പിക്കണമെന്നും വിദഗ്ധ സമിതി; കേരളത്തിൽ മരിച്ചവരിൽ ഏറെയും പുരുഷന്മാർ

കോവിഡ് ബാധിച്ചു മരിച്ചവരിൽ 24% പേർ റിവേഴ്‌സ് ക്വാറന്റീൻ കൃത്യമായി പാലിച്ചിരുന്നില്ല; വീഴ്ച വന്നിരുന്നില്ലെങ്കിൽ മരണ നിരക്ക് ഇനിയും കുറയുമായിരുന്നുവെന്നും വിലയിരുത്തൽ; തുടർച്ചയായ ഓക്സിജൻ നിർണയം അനിവാര്യം; ആന്റിജൻ പരിശോധന വർധിപ്പിക്കണമെന്നും വിദഗ്ധ സമിതി; കേരളത്തിൽ മരിച്ചവരിൽ ഏറെയും പുരുഷന്മാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചവരിൽ 24% പേർ റിവേഴ്‌സ് ക്വാറന്റീൻ കൃത്യമായി പാലിച്ചിരുന്നില്ലെന്നു കണ്ടെത്തൽ. റിവേഴ്‌സ് ക്വാറന്റീൻ കൃത്യമായി പാലിക്കുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാനാകുമെന്നു കോവിഡ് മരണം സംബന്ധിച്ചു പഠനം നടത്തിയ സംസ്ഥാനതല സമിതി കണ്ടെത്തി. കേരളത്തിൽ ഇന്നലെ 6843 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചിരുന്നു. തൃശൂർ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂർ 274, ഇടുക്കി 152, കാസർഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

അതിവ്യാപനത്തിന്റെ കാരണം തിരക്കുമ്പോഴാണ് റിവേഴ്‌സ് ക്വാറന്റൈനിന്റെ വീഴ്ച തെളിയുന്നത്. ഓഗസ്റ്റിൽ ഉണ്ടായ 223 കോവിഡ് മരണങ്ങളിൽ 61 എണ്ണം (24%) റിവേഴ്‌സ് ക്വാറന്റീൻ വഴി തടയാമായിരുന്നുവെന്നാണ് കണ്ടെത്തൽ. റിവേഴ്‌സ് ക്വാറന്റീൻ കൃത്യമായി പാലിക്കുന്നതിലൂടെ മരണ നിരക്ക് കുറയ്ക്കാനാകുമെന്നു സമിതി നിരീക്ഷിച്ചു. മരിച്ചവരുടെ ശരാശരി പ്രായം 63.5 വയസ്സാണ്. പ്രായമേറുമ്പോൾ മരണ സാധ്യത കൂടുതലാണ്. 5% പേരെ (13 പേർ) മരണശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ചവരിൽ 2 പേർക്കൊഴികെ മറ്റ് അനുബന്ധ രോഗങ്ങളുണ്ടായിരുന്നു. പ്രമേഹം (48%), അമിത രക്തസമ്മർദം (46%), ശ്വാസകോശ രോഗങ്ങൾ (21%), വൃക്ക രോഗങ്ങൾ (14%), അർബുദം (6%) തുടങ്ങിയ അനുബന്ധ അസുഖങ്ങളാണുണ്ടായിരുന്നത്.

60 വയസ്സ് കഴിഞ്ഞവരും അർബുദം, ഹൃദ്രോഗം, കരൾ രോഗം, ശ്വാസകോശ രോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ബാധിച്ചവരും വലിയ ശസ്ത്രക്രിയകൾക്കു വിധേയരാവയരും പുറത്തിറങ്ങുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും നിയന്ത്രിക്കുന്നതാണു റിവേഴ്‌സ് ക്വാറന്റീൻ. ഇത് നടപ്പാക്കുന്നതിലാണ് വലിയ വീഴ്ച ഉണ്ടായിരിക്കുന്നത്. ഇതിൽ കൂടുതൽ കരുതലെടുക്കേണ്ട സാഹചര്യമാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സർക്കാർ തലത്തിൽ റിവേഴ്‌സ് ക്വാറന്റീൻ നടപ്പാക്കുന്നതിലെ പാളിച്ചകളും ഇത് ചർച്ചയാക്കുന്നു.

കോവിഡ്മൂലം സംസ്ഥാനത്ത് മരിച്ചവരിൽ ഏറെയും പുരുഷന്മാരാണ്. ഓഗസ്റ്റ് മാസവും സെപ്റ്റംബർ ആദ്യവാരവുമായുണ്ടായ 223 മരണങ്ങളിൽ 157-ഉം പുരുഷന്മാരായിരുന്നുവെന്ന് അവലോകന സമിതി കണ്ടെത്തി. 65- നുമേൽ പ്രായമായവരെ കരുതൽ നിരീക്ഷണത്തിലാക്കുന്ന റിവേഴ്സ് ക്വാറന്റീൻ പരാജയപ്പെട്ടതുമൂലം 61 പേർക്ക് (24 ശതമാനം) ജീവൻ നഷ്ടമായെന്നും സമിതി വിലയിരുത്തുന്നു. ഇക്കാലയളവിൽ 252 മരണങ്ങളാണ് ഓഡിറ്റ് സമിതി പരിശോധിച്ചത്. മാനദണ്ഡങ്ങൾ അനുസരിച്ച് 223 മരണം കോവിഡ് മൂലമാണെന്ന് സമിതി സ്ഥിരീകരിച്ചു. പരിശോധനാഫലം ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാൽ ഒമ്പതുപേരുടെ മരണകാരണം നിർണയിച്ചിട്ടുമില്ല.

ജീവൻ നഷ്ടമായവരിൽ രണ്ടുപേർക്ക് മാത്രമാണ് മറ്റു ഗുരുതരരോഗങ്ങളൊന്നുമില്ലാതിരുന്നത്. 116 പേർ രക്തസമ്മർദവും 120 പേർ പ്രമേഹ രോഗികളുമായിരുന്നു. 15 പേരായിരുന്നു കാൻസർ ബാധിതർ. 54 പേർ ഹൃദ്രോഗികൾ ആയിരുന്നു. 36 പേർക്ക് ഗുരുതര വൃക്കരോഗങ്ങളുണ്ടായിരുന്നു. മരിച്ചവരുടെ ശരാശരി പ്രായം 63.5 ആണ്. ഏഴുമാസം പ്രായമായ കുഞ്ഞുമുതൽ 97 വയസ്സുള്ളയാൾവരെ മരിച്ചിട്ടുണ്ട്. പ്രായം കൂടുംതോറും മരണസാധ്യതയും കൂടുതലാണെന്ന് നിഗമനങ്ങൾ ശരിവക്കുന്നതാണ് കണക്കുകൾ. ഇക്കാലായളവിൽ തിരുവനന്തപുരം (31), കൊല്ലം (34), ആലപ്പുഴ (30), എറണാകുളം (26), തൃശ്ശൂർ (25), കോഴിക്കോട് (29), കണ്ണൂർ (22) എന്നീ ജില്ലകളിൽ മരണം 20-ന് മുകളിലാണ്. ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓരോ മരണങ്ങൾ മാത്രമാണുണ്ടായിരുന്നത്.

സമിതിയുടെ ശുപാർശകളും പുറത്തു വന്നിട്ടുണ്ട്. ഡയാലിസിസ് സെന്ററുകൾ, കാൻസർ കെയർ സെന്ററുകൾ എന്നിവ കൂടുതൽ ശ്രദ്ധിക്കണം. റിവേഴ്സ് ക്വാറന്റീൻ ശക്തമാക്കണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രായമാവയവരെയും ഗുരുതര രോഗങ്ങളുള്ളവരെയും കണ്ടെത്തുകയും ബോധവത്കരണം, തുടർച്ചയായ ഓക്സിജൻ നിർണയം എന്നിവ നടത്തുകയും വേണം. ആന്റിജൻ പരിശോധന വർധിപ്പിക്കണം. മരിച്ചനിലയിൽ ആശുപത്രിയിൽ എത്തിക്കുന്നവരുടെ മരണകാരണം കോവിഡ്മൂലമാണോ എന്ന് സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,82,568 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,59,651 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 22,917 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3439 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,212 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 43,28,416 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ ആകെ 669 ഹോട്ട് സ്പോട്ടുകളാണ് കേരളത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP