Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്‌സിജൻ ലഭിക്കാതെയാണു ഹാരിസ് മരിച്ചെന്ന ആരോപണത്തിലെ പൊലീസ് അന്വേഷണം പ്രഹസനമാകും; വിശദീകരണം വാങ്ങി കേസ് ഒതുക്കും; സത്യം വാട്‌സാപ്പിലൂടെ പറഞ്ഞ നേഴ്‌സിങ് സൂപ്രണ്ടിന്റേത് ഗൂഢാലോചനയാകും; ഡോ നജ്മാ സലിമിനും പണി പോകും; കോവിഡ് കാലത്തെ ആരോഗ്യ മോഡൽ വിവാദമാകുമ്പോൾ

വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്‌സിജൻ ലഭിക്കാതെയാണു ഹാരിസ് മരിച്ചെന്ന ആരോപണത്തിലെ പൊലീസ് അന്വേഷണം പ്രഹസനമാകും; വിശദീകരണം വാങ്ങി കേസ് ഒതുക്കും; സത്യം വാട്‌സാപ്പിലൂടെ പറഞ്ഞ നേഴ്‌സിങ് സൂപ്രണ്ടിന്റേത് ഗൂഢാലോചനയാകും; ഡോ നജ്മാ സലിമിനും പണി പോകും; കോവിഡ് കാലത്തെ ആരോഗ്യ മോഡൽ വിവാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : എറണാകുളം ഗവ. മെഡിക്കൽ കോളജിൽ കോവിഡ് ബാധിതനായി ചികിത്സയിൽ കഴിഞ്ഞ സി.കെ. ഹാരിസിന്റെ മരണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ നടത്തുന്ന പൊലീസ് അന്വേഷണം വെറും നടപടി മാത്രമായി ഒതുങ്ങും. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിൽ പറയുന്നതു ശരിവച്ചു ജൂനിയർ ഡോക്ടർ നജ്മ സലിം രംഗത്തെത്തിയതോടെ ആശുപത്രി വെട്ടിലായി. നജ്മ സലിമിനെ സർവ്വീസിൽ നിന്നും പുറത്താക്കുമെന്നാണ് സൂചന. ആരോപണങ്ങൾ പത്രസമ്മേളനം വിളിച്ചു നിഷേധിച്ചെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഡോക്ടർമാരെ വെട്ടിലാക്കുന്നതൊന്നും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. മന്ത്രി ശൈലജ ടീച്ചറിന്റെ കീർത്തിയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങൾ എന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. അതുകൊണ്ട് തന്നെ പരാതി ഉന്നയിച്ചവർക്കെതിരെ ശക്തമായ നടപടിയും എടുക്കും.

വെന്റിലേറ്റർ ട്യൂബ് മാറിക്കിടന്നതിനാൽ ഓക്‌സിജൻ ലഭിക്കാതെയാണു ഹാരിസ് മരിച്ചതെന്ന നഴ്‌സിങ് ഓഫിസറുടെ വെളിപ്പെടുത്തൽ ശരിവച്ചാണ് ഡോ. നജ്മ രംഗത്തെത്തിയത്. ഹാരിസിന്റെ മരണസമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെങ്കിലും മറ്റു 2 രോഗികൾ സമാന രീതിയിൽ ഓക്‌സിജൻ ലഭിക്കാതെ പ്രയാസപ്പെട്ടതിനു താൻ സാക്ഷിയാണെന്നു നജ്മ പറഞ്ഞു. ഇവരിലൊരാളായ ജമീല ശ്വാസമെടുക്കാൻ ആയാസപ്പെടുന്നതു കണ്ടു ചെല്ലുമ്പോൾ വെന്റിലേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇക്കാര്യം ഡ്യൂട്ടി നഴ്‌സുമാരെ അറിയിച്ചെങ്കിലും ഉടൻ പരിഹാരം കാണുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം അനാസ്ഥ മുതിർന്ന ഡോക്ടർമാരെയും ആശുപത്രി അധികൃതരെയും അറിയിച്ചെങ്കിലും 'പ്രശ്‌നമാക്കേണ്ട' എന്നായിരുന്നു നിർദ്ദേശം. നഴ്‌സിങ് ഓഫിസറുടെ ശബ്ദസന്ദേശത്തിലുള്ള കാര്യങ്ങൾ അസത്യമല്ല. തനിക്കെതിരെ നടപടി പ്രതീക്ഷിച്ചു തന്നെയാണു വെളിപ്പെടുത്തൽ നടത്തിയതെന്നും നജ്മ പറഞ്ഞു.

കോവിഡ് ആശുപത്രിയെന്ന നിലയിലുള്ള മെഡിക്കൽ കോളജിന്റെ നേട്ടങ്ങളെ തകർക്കണമെന്ന ലക്ഷ്യത്തോടെയുള്ള വ്യാജപ്രചാരണമാണു നടക്കുന്നതെന്നതെന്നാണ് അധികൃതരുടെ നിലപാട്. ഹാരിസ് മരിച്ചതു ഹൃദയസ്തംഭനം മൂലമാണെന്ന് നോഡൽ ഓഫിസർ ഡോ. ഫത്താഹുദീൻ, മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ എന്നിവർ പറഞ്ഞു. അശാസ്ത്രീയവും സത്യവിരുദ്ധവും നിരുത്തരവാദപരവുമായാണു ഡോ.നജ്മയുടെ വെളിപ്പെടുത്തൽ. അവർ ഐസിയുവിൽ ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ ആരും ഇങ്ങനെ ഉണ്ടായതായി അറിയിച്ചിട്ടില്ലെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിലാണ് ഡോക്ടർക്കെതിരെ നടപടി വരുന്നത്. സിപിഎമ്മും സർക്കാരും എല്ലാം ഈ വിഷയത്തെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. നജ്മയെ സർവ്വീസിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം.

അതിനിടെ വെന്റിലേറ്റർ പ്രവർത്തിക്കാത്തതിനെത്തുടർന്നു പ്രയാസപ്പെടുന്നതു കണ്ടതായി ഡോ.നജ്മ സലിമിന്റെ വെളിപ്പെടുത്തലിൽ പരാമർശിച്ച പരേതരായ ജമീലയുടെയും ബൈഹക്കിയുടെയും ബന്ധുക്കൾ ഇന്നു കളമശേരി പൊലീസിൽ പരാതി നൽകും. ഈ കേസിൽ നജ്മയെ പ്രതിയാക്കാനും സാധ്യതയുണ്ട്. ആലുവയിലെ ജൂവലറി ഉടമ ബൈഹക്കിയുടെ ബന്ധുക്കളും പരിചരണത്തിൽ വീഴ്ചയുണ്ടായതായി ആരോപിച്ചു. ഐസിയുവിൽ വേണ്ട ശ്രദ്ധയോ പരിഗണനയോ കിട്ടുന്നില്ലെന്ന വാട്‌സാപ് സന്ദേശം ബൈഹക്കി പല തവണ അയച്ചിരുന്നതായും വീട്ടുകാർ വെളിപ്പെടുത്തി. മറ്റെവിടേക്കെങ്കിലും മാറ്റാൻ ആലോചിച്ചെങ്കിലും അതിനു കഴിയുന്ന സ്ഥിതിയായിരുന്നില്ല.

ശബ്ദസന്ദേശത്തിൽ പരാമർശിക്കുന്ന സൂം മീറ്റിങ്ങിൽ നഴ്‌സിങ് ഓഫിസർ ജലജാദേവി പങ്കെടുത്തിരുന്നതായി ആർഎംഒ ഡോ. ഗണേശ് മോഹൻ പറഞ്ഞു. പൊതുവായ നിർദ്ദേശങ്ങളാണു നൽകിയത്. ഓക്‌സിജൻ വിതരണ സംവിധാനം ശ്രദ്ധിക്കണമെന്നു പറഞ്ഞിരുന്നു. സൂം മീറ്റിങ് റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിലും മാധ്യമ പ്രവർത്തകർക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് ആർഎംഒ അറിയിച്ചു. ജലജാദേവി ഭാവനയിൽ കണ്ട കാര്യങ്ങളാണു പറഞ്ഞതെന്നു വിശദീകരണം നൽകിയിട്ടുണ്ട്. ലീവിലായിരിക്കെയാണ് അവർ മീറ്റിങ്ങിൽ പങ്കെടുത്തത്. സൂം മീറ്റിങ് രേഖകൾ അന്വേഷണ സംഘത്തിനു കൈമാറും. ഐസിയുകൾ സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഹാരിസ് കിടന്ന ഐസിയുവിൽ സിസിടിവി ഉണ്ടായിരുന്നില്ല.

തന്റെ നിലപാടുകളിൽ നജ്മയും ഉറച്ചു നിൽക്കുകയാണ്. മുൻപ് ഇത്തരം വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്ന വാദവും തെറ്റാണ്. ഐസിയുവിലെ ചില വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനൊപ്പം സിസിടിവി ക്യാമറ ഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ഇതു നടപ്പാക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ആർഎംഒയോടു വാട്‌സാപ്പിലൂടെ അറിയിച്ചതിന്റെ തെളിവുകൾ കയ്യിലുണ്ടെന്ന് നജ്മ പറയുന്നു. നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്‌സ് ഐ.സി.യു വിഭാഗത്തിൽ പ്രവർത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും നഴ്‌സിങ്ങ് ഓഫീസറും ഉന്നയിക്കുന്ന കാര്യങ്ങൾ ഇവിടെ നടന്നിട്ടില്ല. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്റെ മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടറുടേത് താൽക്കാലിക സേവനം മാത്രമെന്നും കളമശേരി മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

അനാവശ്യ പ്രചാരണം സ്ഥാപനത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. മനുഷ്യ സാധ്യമായ എല്ലാ ചികിത്സയും മരിച്ച ഹാരിസിന് നൽകിയിരുന്നു. ഹാരിസ് ആശുപത്രിയിൽ എത്തിയത് ഗുരുതരാവസ്ഥയിലാണ്. കോവിഡ് ന്യൂമോണിയ ഉണ്ടായിരുന്നു. വെന്റിലേറ്റർ ട്യൂബ് മാറികിടന്നതല്ല മരണകാരണം. സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP