Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ നിന്നെത്തിയ ബന്ധുവിനെ മഞ്ചേശ്വരം ചെക്പോസ്റ്റിൽ നിന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോയത് ഉണ്ടാക്കിയത് രാഷ്ട്രീയ വിവാദം; അന്ന് കോവിഡ് പിടിപെട്ട ആ സിപിഎം നേതാവിന് വീണ്ടും വൈറസ് ബാധ; സംസ്ഥാനത്ത് ഒരാൾക്ക് രണ്ടാമതും കോവിഡ് പിടിപെടുന്നത് ഇത് ആദ്യം; ആശങ്ക കൂട്ടി സമൂഹ വ്യാപന ഭീഷണിയും; രോഗലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് രോഗികളെ ഇനി വീടുകളിൽ കഴിയാൻ അനുവദിക്കും

മുംബൈയിൽ നിന്നെത്തിയ ബന്ധുവിനെ മഞ്ചേശ്വരം ചെക്പോസ്റ്റിൽ നിന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോയത് ഉണ്ടാക്കിയത് രാഷ്ട്രീയ വിവാദം; അന്ന് കോവിഡ് പിടിപെട്ട ആ സിപിഎം നേതാവിന് വീണ്ടും വൈറസ് ബാധ; സംസ്ഥാനത്ത് ഒരാൾക്ക് രണ്ടാമതും കോവിഡ് പിടിപെടുന്നത് ഇത് ആദ്യം; ആശങ്ക കൂട്ടി സമൂഹ വ്യാപന ഭീഷണിയും; രോഗലക്ഷണങ്ങൾ ഇല്ലാത്ത പോസിറ്റീവ് രോഗികളെ ഇനി വീടുകളിൽ കഴിയാൻ അനുവദിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആശുപത്രികളിൽ കോവിഡ് രോഗികളെ കൊണ്ട് നിറയുന്നു. സംസ്ഥാനമാകെ സമൂഹ വ്യാപനത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധ സമിതികൾ കണ്ടെത്തുന്നു. ഇതോടെ കോവിഡ് പ്രോട്ടോകോളിൽ മാറ്റം വരുത്തുകയാണ് സർക്കാർ. സംസ്ഥാനത്ത് കോവിഡ് ബാധ വർധിച്ച സാഹചര്യത്തിൽ രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ കഴിയാൻ അനുവദിക്കും. ഹോം ഐസൊലേഷൻ അനുവദിച്ചിട്ടുണ്ടെങ്കിലും വീടുകളിൽ സൗകര്യമുള്ളവർപോലും അതിനു തയ്യാറാകുന്നില്ലെന്ന് സർക്കാർ കുറ്റവും പറയുന്നു.

അനാവശ്യ ഭീതിയും തെറ്റിധാരണയുമാണ് കാരണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ച് വീട്ടിൽ കഴിഞ്ഞാൽ ആശങ്കപ്പെടേണ്ടതില്ല. സ്വന്തം വീട്ടിൽ കഴിയുന്നത് രോഗാവസ്ഥയിലെ മാനസിക സമ്മർദം കുറയ്ക്കാൻ ഉപകരിക്കും -മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചികിത്സാകേന്ദ്രങ്ങൾ രോഗലക്ഷണങ്ങൾ ഉള്ളവർക്കും പരിചരണം ആവശ്യമുള്ളവർക്കും മാറ്റിവെക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുകയാണ്. 10 വയസ്സിനു താഴെയും 60 വയസ്സിനു മുകളിലുമുള്ള രോഗികളുടെയും എണ്ണം കൂടിവരുകയാണ്. വെന്റിലേറ്റർ സൗകര്യമില്ലാത്തതു കൊണ്ട് മഞ്ചേരിയിൽ ഒരു വൃദ്ധ മരണത്തിന് കീഴടങ്ങി. ഇതും സർക്കാരിനെ ചിന്തിപ്പിക്കുന്നുണ്ട്.

അതിനിടെ നാലുമാസം മുൻപ് കോവിഡ് ബാധിക്കുകയും രണ്ടാഴ്ചത്തെ ചികിത്സയ്ക്കുശേഷം നെഗറ്റീവാകുകയും ചെയ്തയാൾക്ക് വീണ്ടും പോസിറ്റീവ്. ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരാൾക്ക് രണ്ടാമതും കോവിഡ് പിടിപെടുന്നത്. പൈവളികെ ചിപ്പാർ സ്വദേശിയും സിപിഎം. പ്രവർത്തകനുമായ ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഐ.സി.യു.വിൽ പ്രവേശിപ്പിച്ചു. ആന്റിജൻ പരിശോധനയിലാണ് വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമതും പോസിറ്റീവായതിനാൽ സ്രവം പുണെ ലാബിലേക്ക് അയച്ച് ആർ.ടി.പി.സി.ആർ. പരിശോധന നടത്താനാണ് മെഡിക്കൽ കോളേജ് അധികൃതരുടെ തീരുമാനം.

ഇക്കഴിഞ്ഞ മെയ്‌ മൂന്നാംവാരത്തിലാണ് ഇയാൾക്ക് ആദ്യം പോസിറ്റീവായത്. മുംബൈയിൽ നിന്നെത്തിയ ബന്ധുവിനെ മഞ്ചേശ്വരം ചെക്പോസ്റ്റിൽനിന്ന് കാറിൽ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ആദ്യം ഈ ബന്ധുവിനും പിന്നാലെ ഇയാൾക്കും പോസിറ്റീവായി. ഇയാളിൽനിന്ന് ഭാര്യക്കും മകനും കോവിഡ് ബാധിച്ചു. കാസർകോട് ഗവ. മെഡിക്കൽ കോളേജിലായിരുന്നു ഇയാൾ ചികിത്സയിൽ കഴിഞ്ഞത്. കഴിഞ്ഞദിവസം നേരിയ പനിയും ചുമയും അനുഭവപ്പെട്ടതിനെത്തുടർന്ന് മംഗൽപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകുകയായിരുന്നു. സിപിഎം നേതാവ് രോഗിയെ കൊണ്ടു വന്നത് കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചാണെന്ന ആരോപണവും അന്ന് ഉയർന്നിരുന്നു.

പത്തനംതിട്ട ജില്ലയിൽ റാന്നി മേനാംതോട്ടം, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിങ് ഹോസ്റ്റൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി ഉയർത്തി. എറണാകുളം ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. മലപ്പുറം ജില്ലയിൽ രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ 684 കിടക്കകൾ കൂടി സജ്ജമാക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി മാറ്റും. ചെറുപ്പക്കാർക്കിടയിലും കോവിഡ് മരണനിരക്ക് ഉയരുന്നുണ്ട്.

സമരങ്ങളിൽ പങ്കെടുത്ത രാഷ്ട്രീയപ്പാർട്ടി പ്രവർത്തകരിലും നേതാക്കളിലും രോഗവ്യാപനം വർധിച്ചു. കൊല്ലം നഗരത്തിൽ നാലു പേർക്കും തിരുവനന്തപുരം സിറ്റിയിൽ മൂന്നുപേർക്കും തൃശ്ശൂർ റൂറലിൽ രണ്ടുപേർക്കും ആലപ്പുഴ, കോഴിക്കോട് റൂറൽ, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒരാൾക്ക് വീതവും രോഗം ബാധിച്ചു. ഇന്നലെ സംസ്ഥാനത്ത് 5376 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ഇന്ന് 20 പേർ മരണമടഞ്ഞു. 42,786 പേർ നിലവിൽ ചികിത്സയിലുണ്ട്. 4424 പേർക്കും സമ്പർക്കംമൂലമാണ് ഇന്ന് രോഗബാധയുണ്ടായത്. ഉറവിടമറിയാത്തത് 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 99 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 51,200 സാമ്പിളുകൾ പരിശോധന നടത്തി. 2951 പേർ രോഗവിമുക്തരായി.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവ് ഇപ്പോഴും തുടരുകയാണ്. പോസിറ്റീവാകുന്നവരിൽ 10 വയസിനു താഴെയുള്ള കുട്ടികളും 60 വയസിനു മുകളിലുള്ളവരും ധാരാളമുണ്ട്. ഉറവിടം വ്യക്തമല്ലാത്തവരുടെ എണ്ണവും വർദ്ധിക്കുകയാണ്. ഇന്നലെ 852 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിൽ മീനടം, പുതുപ്പള്ളി, നാട്ടകം തുടങ്ങിയ മേഖലകളിൽ സമ്പർക്ക വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ മാസം അഞ്ചാം തീയതിക്കുശേഷം മീനടത്ത് 57 പേർക്കും നാട്ടകത്ത് 34 പേർക്കും പുതുപ്പള്ളിയിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി, കോട്ടയം മുനിസിപ്പാലിറ്റി, കുമരകം, ഏറ്റുമാനൂർ മേഖലകളിൽ രോഗവ്യാപനം ശക്തമായി തുടരുകയാണ്.

എറണാകുളം ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 12,600 കടന്നു. 56 പേരാണ് ഇതുവരെ മരണമടഞ്ഞത്. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, ഐഎൻഎച്ച്എസ് ഉദ്യോഗസ്ഥർ എന്നിവർ കഴിഞ്ഞ ദിവസം കൂടുതലായി പോസിറ്റീവാകുന്ന സ്ഥിതിയുണ്ടായി. രോഗികളുടെ എണ്ണത്തിൽ 20 ശതമാനം വരെ വർധനവുണ്ടാകാം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. റിവേഴ്‌സ് ക്വാറന്റൈൻ പ്രവർത്തനങ്ങളുടെ ഭാഗമായി വയോജനമന്ദിരങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിലേക്ക് ജില്ലാ ഭരണ കേന്ദ്രത്തിൽനിന്നു തന്നെ നിത്യോപയോഗ വസ്തുക്കളും മറ്റും എത്തിച്ചു നൽകുന്നുണ്ട്.

പ്‌ളാസ്മാ തെറാപ്പി ചികിത്സക്കാവശ്യമായ എഫറസിസ് മെഷീൻ കളമശേരി മെഡിക്കൽ കോളേജിൽ കെ ജെ മാക്‌സി എംഎൽഎയുടെ സഹായത്തോടെ സ്ഥാപിച്ചു. തൃശൂരിൽ പരിശോധിക്കുന്നതിന്റെ 8 മുതൽ 14 ശതമാനമാണ് കോവിഡ് പോസറ്റീവായിരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി 22 ശതമാനമായി വർധിച്ചിരിക്കുന്നു. പാലക്കാട് കൊടുവായൂർ പച്ചക്കറി മാർക്കറ്റ് ക്ലസ്റ്ററിലുൾപ്പെട്ട 40 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിൽ ജില്ലയിൽ 2486 രോഗബാധിതരാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP