Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളിൽ ഒരാളായി വളർന്ന് പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു; പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം; അവരെ പോലുള്ളവരുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങൾ; അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ....; കോവിഡൽ തളർന്ന സിനിമ; ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വൈറലാകുമ്പോൾ

പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളിൽ ഒരാളായി വളർന്ന് പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു; പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം; അവരെ പോലുള്ളവരുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങൾ; അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ....; കോവിഡൽ തളർന്ന സിനിമ; ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ് വൈറലാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡുകാലത്ത് സിനിമാ മേഖല വലിയ പ്രതിസന്ധിയിലാണ്. ഇതിന്റെ ആഴം വ്യക്തമാക്കി ഫെഫ്കാ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ കുറിപ്പ്. നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് തിരശീലയിൽ ജീവൻ കൊടുക്കുന്ന അഥവാ അത്തരം ജോലികൾ ചെയ്യുന്ന അറിയപ്പെടാത്ത ഒരു സിനിമാ തൊഴിലാളി.ഏതാനും ദിവസം മുമ്പ് സിന്ദ മരിച്ചു. സിന്ദക്ക് ക്യാൻസറായിരുന്നു. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരിയായ സിന്ദയുടെ കഥ പറഞ്ഞാണ് പോസ്റ്റിന്റെ തുടക്കം.

ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ള എത്രയോ പേർ, ആഴ്ചയിലൊരിക്കൽ ഡയാലിസിസ് നടത്തുന്നവർ, അർബുദത്തിന് ചികത്സ തേടുന്നവർ.... സിനിമാ തൊഴിലാളികളുടെ ജീവിതം വറുതിയിലായിട്ട് 180 ദിവസം പിന്നിടുമ്പോൾ വിഷാദ രോഗത്തിന്നടിപ്പെട്ട് ജീവിതം തുടരണോ വേണ്ടയോ എന്ന ശങ്കയിൽ നില്ക്കുന്ന മനുഷ്യർ വരെയുണ്ട്-ബി ഉണ്ണിക്കൃഷ്ണൻ എഴുതുന്നു. നടൻ വിനോദ് കോവൂർ മത്സ്യക്കച്ചവടത്തിനിറങ്ങിയെന്നും സഹ സംവിധായകൻ തട്ടുകടയിട്ടെന്നും കേൾക്കുമ്പോൾ നിങ്ങൾക്കതൊരു കൗതുക വാർത്ത മാത്രമാകാം.പക്ഷേ ആറായിരത്തോളം വരുന്ന ഞങ്ങളുടെ തൊഴിലാളികൾക്ക് അത് കൗതുകമല്ല, അതവരുടെ ജീവിതമാണ്-ഉണ്ണിക്കൃഷ്ണൻ എഴുതുന്നു.

ജീവൻ വെടിഞ്ഞവരുടെ ഓർമ്മ ഞങ്ങൾക്ക് കരുത്തും ധൈര്യവും തരുന്നുണ്ട്. ഈ വ്യവസായം ഇവിടെ തകരാതെ നിന്നേ മതിയാകൂ. അതിനിടെ ഇനി ഒരു ജീവൻ കൂടി നമുക്ക് നഷ്ടപ്പെടാൻ വയ്യ.. നമ്മളത് അനുവദിക്കില്ല. പ്രസാദിനും സിന്ദക്കും ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ-എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഉണ്ണിക്കൃഷ്ണന്റെ കുറിപ്പ് വായിക്കാം

ഹെയർ ഡ്രസ്സർ സിന്ദാ ദേവിയെ നിങ്ങളറിയുന്നുണ്ടാവില്ല. വെള്ളിത്തിരയിലോ ടെലിവിഷനിലോ ഒന്നും നിങ്ങൾ സിന്ദയെ കണ്ടിട്ടുമുണ്ടാവില്ല. കാരണം അവരൊരു സെലിബ്രിറ്റിയല്ല. നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്ക് തിരശീലയിൽ ജീവൻ കൊടുക്കുന്ന അഥവാ അത്തരം ജോലികൾ ചെയ്യുന്ന അറിയപ്പെടാത്ത ഒരു സിനിമാ തൊഴിലാളി.ഏതാനും ദിവസം മുമ്പ് സിന്ദ മരിച്ചു. സിന്ദക്ക് ക്യാൻസറായിരുന്നു.

തിരുവനന്തപുരം പൂജപ്പുര മഹിളാമന്ദിരത്തിലെ അനാഥ കുട്ടികളിൽ ഒരാളായി വളർന്ന്, പിന്നീട് വിവാഹിതയും മകനും ഒക്കെ ആയിട്ടും അനാഥയായി തന്നെ സിന്ദക്ക് മരിക്കേണ്ടി വന്നു. മഹിളാ മന്ദിരത്തിലെ ഏതാനും പേരോടൊപ്പം സിനിമാരംഗത്ത് നിന്ന് ശാന്തിവിള ദിനേശനും സിന്ദയുടെ യൂണിയൻ ജനറൽ സെക്രറ്ററി പ്രദീപ് രംഗനും മാത്രമാണ് അവരുടെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്.പ്രദീപും ദിനേശും ചേർന്നാണ് അവരുടെ ചിതക്ക് തീ കൊളുത്തിയത്. മരിക്കും മുമ്പ് സിന്ദ ഒരു കാര്യം മാത്രം മഹിളാമന്ദിരംകാരെ പറഞ്ഞേല്പിച്ചിരുന്നു' എന്റെ മരണവിവരം ഫെഫ്കയിൽ അറിയിക്കണമെന്ന് '. സിന്ദയുടെ അവസാന വാക്കുകളിൽ തെളിഞ്ഞത് അവർക്ക് സംഘടനയോടുള്ള ആത്മബന്ധമാണ്. സിന്ദയെ പോലെ സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീക്ക് ഒരു തൊഴിലാളി സംഘടന എന്താണെന്നു കൂടി പറഞ്ഞു വെക്കുന്നുണ്ട് ആ വാക്കുകൾ.

ഇന്നലെ ഒരാൾ വിളിച്ചു. എത്രയോ വർഷങ്ങളായി സിനിമയിൽ പ്രവർത്തിക്കുന്ന ആളാണ് അദ്ദേഹം. ഹൃദയാഘാതം വന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലായിരുന്നു. ചികത്സ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വീണ്ടും വയ്യാതായി. ആശുപത്രികളിലൊന്നിൽ കാണിച്ചപ്പോൾ അഡ്‌മിറ്റാകാനാവശ്യപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹമെന്നെ വിളിച്ചത്. ചികത്സ തുടരണമെങ്കിലും ഇപ്പോൾ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞു. എന്താ അങ്ങിനെ ഒരു തീരുമാനമെന്ന് ഞാൻ ചോദിച്ചില്ല, അദ്ദേഹം പറഞ്ഞുമില്ല. ഇന്ന് രാവിലെ ഞാൻ വിളിച്ചപ്പൊൾ, അദ്ദേഹത്തിന്റെ ഫോൺ സ്വിച്ച്ട് ഓഫ്. അദ്ദേഹത്തിന്റെ തുടർച്ചികിത്സക്കായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന ആലോചനയിലാണ്, ഞങ്ങൾ. ഇന്നും ഇന്നലെയും അതിന്റെ തലേന്നും ഇക്കഴിഞ്ഞ നാളുകളിലുമെല്ലാം എന്നെ തേടി ഇങ്ങനെ നൂറ് കണക്കിന് കാളുകളാണ് വന്നത്.

ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ള എത്രയോ പേർ, ആഴ്ചയിലൊരിക്കൽ ഡയാലിസിസ് നടത്തുന്നവർ, അർബുദത്തിന് ചികത്സ തേടുന്നവർ.... സിനിമാ തൊഴിലാളികളുടെ ജീവിതം വറുതിയിലായിട്ട് 180 ദിവസം പിന്നിടുമ്പോൾ വിഷാദ രോഗത്തിന്നടിപ്പെട്ട് ജീവിതം തുടരണോ വേണ്ടയോ എന്ന ശങ്കയിൽ നില്ക്കുന്ന മനുഷ്യർ വരെയുണ്ട്.

മക്കൾക്ക് മാസാമാസം ഓൺലൈൻ പഠനത്തിനാവശ്യമായ ഡേറ്റ ചാർജ് ചെയ്തു കൊടുക്കാൻ നിവൃത്തി ഇല്ലാത്തവർ, പഠനം ഓൺലൈനിലായിട്ടും മുഴുവൻ ഫീസും അടക്കണമെന്ന സ്‌കൂൾ മാനേജ്‌മെന്റുകളുടെ നിർബന്ധത്തിന് മുന്നിൽ പകച്ചു നില്ക്കുന്ന അച്ഛനമ്മമാർ, കയറി താമസിക്കാൻ സ്വന്തമായി വീട് എന്ന സ്വപ്നം കണ്ട് വീട് പണി തുടങ്ങുകയും ഇപ്പോ പണിപകുതിയിലാക്കി നിർത്തിവച്ചിരിക്കുകയും ചെയ്യുന്നവർ, വീട് വാടക കൊടുക്കാതെ കുടിശ്ശിഖയായപ്പോൾ ഒഴിഞ്ഞു പോകാനാവശ്യപ്പെട്ട ഗൃഹനാഥനോട് മറുത്തൊരക്ഷരം പറയാതെ ഉള്ളതെല്ലാം കെട്ടിപ്പറുക്കി കുട്ടികളെയും കൊണ്ട് ബന്ധു വീടുകളിലേക്ക് പോയവർ... ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെയും ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങളാണീ മനുഷ്യർ. നടൻ വിനോദ് കോവൂർ മത്സ്യക്കച്ചവടത്തിനിറങ്ങിയെന്നും സഹ സംവിധായകൻ തട്ടുകടയിട്ടെന്നും കേൾക്കുമ്പോൾ നിങ്ങൾക്കതൊരു കൗതുക വാർത്ത മാത്രമാകാം.പക്ഷേ ആറായിരത്തോളം വരുന്ന ഞങ്ങളുടെ തൊഴിലാളികൾക്ക് അത് കൗതുകമല്ല, അതവരുടെ ജീവിതമാണ്.

ഒന്നു വിശ്രമിക്കാൻ പോലുമാവാത്ത വിധം ഓട്ടത്തിലാണ് ഞങ്ങൾ, മുട്ടാവുന്ന വാതിലുകളിലെല്ലാം മുട്ടി, പറ്റാവുന്നിടത്തൊക്കെ നിവേദനങ്ങൾ കൊടുത്ത്, സർക്കാരിലും ജനങ്ങളിലും പ്രതീക്ഷ അർപ്പിച്ചുള്ള ഓട്ടം.

എല്ലാ വിയോജിപ്പുകളും പരിഭവങ്ങളും മാറ്റി വച്ചുള്ള അപേക്ഷയാണ്, 'മരുന്നിന് അല്പം കാശ്, ആശുപത്രികളിൽ രോഗങ്ങളുമായി മല്ലിടുന്ന തൊഴിലാളികൾക്കൊരു കൈ സഹായം, .....'

ഈ പാച്ചിലിനിടയിലാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഷൂട്ടിങ് തുടങ്ങാൻ അനുമതി നല്കിയുള്ള കേന്ദ്ര തീരുമാനം വന്നത്. ഒപ്പം, അടഞ്ഞു കിടക്കുന്ന തിയറ്ററുകളും അധികം താമസിയാതെ തുറക്കുമെന്നും പുതിയ 'നോർമലു'കളിൽ നമ്മുടെ ജീവിതങ്ങൾ തളരാതെ അതിജീവിക്കുമെന്നും പ്രതീക്ഷിക്കുന്നു; അഥവാ പ്രതീക്ഷകളിലാണ് ഇപ്പോ ഞങ്ങൾക്ക് വിശ്വാസം. ഞങ്ങൾ മാത്രമല്ല, നമ്മളെല്ലാം ആ വിശ്വാസത്തിലാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.ഇന്ന് നമ്മുടെ മുന്നിൽ കാണുന്ന ഓരോ മനുഷ്യന്റെയും ജീവിതം മേല്പറഞ്ഞ അവസ്ഥകളിൽ നിന്ന് ഭിന്നമല്ല. മഹാമാരിയിൽ തൊഴിലും കിടപ്പാടവും ഒക്കെ നഷ്ടപ്പെട്ടവർ ചുറ്റിലുമുണ്ട്. തൊഴിലാളി ആയിരിക്കയും സംഘടിത പ്രസ്ഥാനത്തിന്റെ തണലിലാണ് എന്നു ആശ്വസിക്കയും ചെയ്യുമ്പോൾ പോലും ഞങ്ങളുടെ ലൈറ്റ് യൂണിറ്റിലുണ്ടായിരുന്ന പ്രസാദിന്, മറ്റൊരു തൊഴിൽ അന്വേഷിക്കേണ്ടി വരികയും അതിനിടയിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

കൃത്യമായ ചികിത്സ കിട്ടാതെ നമ്മുടെ സിന്ദയും വിട്ടു പോയി.. പ്രസാദിനെയും സിന്ദയെയും പോലുള്ളവരുടെയൊക്കെ വിയർപ്പിലും അധ്വാനത്തിലും കെട്ടിപ്പടുത്തതാണ് ഈ വ്യവസായം. അവരെ പോലുള്ളവരുടെ വിയർപ്പിൽ അഭിഷേകം ചെയ്യപ്പെട്ടാണ് സിനിമയിലെ വിഗ്രഹങ്ങൾ--അത് താരങ്ങളോ, സംവിധായകരോ, ആരുമാകട്ടെ-- നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഈ തൊഴിലാളികളുടെ ജീവിതങ്ങൾക്ക് നേരെ കണ്ണടക്കുന്നവർ ആരായാലും, അവർ മലയാള സിനിമയുടെ മഹത്തായ ചരിത്രത്തെയാണ് നിഷേധിക്കുന്നത്. പരസ്പരം കൈകോർത്ത്, അതിജീവനത്തിനായുള്ള യാത്ര തുടരുമ്പോൾ, ജീവൻ വെടിഞ്ഞവരുടെ ഓർമ്മ ഞങ്ങൾക്ക് കരുത്തും ധൈര്യവും തരുന്നുണ്ട്. ഈ വ്യവസായം ഇവിടെ തകരാതെ നിന്നേ മതിയാകൂ. അതിനിടെ ഇനി ഒരു ജീവൻ കൂടി നമുക്ക് നഷ്ടപ്പെടാൻ വയ്യ.. നമ്മളത് അനുവദിക്കില്ല. പ്രസാദിനും സിന്ദക്കും ഒരിക്കൽക്കൂടി അഭിവാദ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP