Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം15.43 ലക്ഷം കടന്നു; മരണ നിരക്കിൽ ഇറ്റലി തന്നെ ഒന്നാം സ്ഥാനത്ത്; സ്പെയിനെ പിന്തള്ളി മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക രണ്ടാമതെത്തി; വരുന്ന രണ്ടാഴ്‍ചകൾ അമേരിക്കയ്ക്ക് നിർണായകമാണെന്ന് ആരോഗ്യ വിദഗ്‍ധർ; ചൈനയിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മരണം; കൊറോണ വൈറസിന്റെ തേരോട്ടത്തിന് മുന്നിൽ നിശ്ചലമായി ലോകം

കൊവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു; രോ​ഗ ബാധിതരുടെ എണ്ണം15.43 ലക്ഷം കടന്നു; മരണ നിരക്കിൽ ഇറ്റലി തന്നെ ഒന്നാം സ്ഥാനത്ത്; സ്പെയിനെ പിന്തള്ളി മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക രണ്ടാമതെത്തി; വരുന്ന രണ്ടാഴ്‍ചകൾ അമേരിക്കയ്ക്ക് നിർണായകമാണെന്ന് ആരോഗ്യ വിദഗ്‍ധർ; ചൈനയിൽ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് മരണം; കൊറോണ വൈറസിന്റെ  തേരോട്ടത്തിന് മുന്നിൽ നിശ്ചലമായി ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: കൊവിഡ്19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് കുതിക്കുന്നു. ഇന്ന് മാത്രം 2500ഓളം ആളുകളാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ലോകത്തുകൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 90954 ആയി. രോഗബാധിതരുടെ എണ്ണം 15.43 ലക്ഷം കടന്നു. ഇന്ന് മാത്രം 25600-ലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കൂടുതൽ ഭീതി ഉണർത്തി കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ വീണ്ടും കൊവിഡ്19 മരണം റിപ്പോർട്ട് ചെയ്തു. കൊവിഡ് മരണമില്ലാത്ത തുടർച്ചയായ രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ചൈനയിൽ ഇന്ന് കൊവിഡ്19 ബാധിതരായ രണ്ടുപേർ മരിച്ചത്.

200-ലേറെ രാജ്യങ്ങളിലാണ് വൈറസ് പടരുന്നത്. മരണസംഖ്യയിൽ ഇറ്റലിയാണ് മുന്നിൽ. കഴിഞ്ഞ ആഴ്‍ചകളിൽ കൊറോണ വൈറസ് മരണതാണ്ഡവമാടിയ ഇറ്റലിയിലും സ്‍പെയിനിലും മരണനിരക്ക് കുറയുന്നതായാണ് റിപ്പോർട്ടുകൾ. ഏതാനും ദിവസങ്ങളായി ഇറ്റലിയിലും സ്‍പെയിനിലും പുതിയ രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മരണനിരക്ക് കുറഞ്ഞുവെങ്കിലും ഒരു ദിവസം 500-ലേറെ പേർ മരിക്കുന്നുണ്ട്. സ്പെയിനിൽ ആകെ മരണസംഖ്യ 15238 ആണ്. രോഗബാധിതരുടെ എണ്ണം 152446. വ്യാഴാഴ്‍ച പുതുതായി 4226 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‍പെയിനേക്കാൾ മുമ്പേ മരണഭൂമിയായ ഇറ്റലിയിൽ വൈറസ് വ്യാപനം കുറയുക തന്നെയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 25 ദിവസം ഉയർന്നുകൊണ്ടിരുന്ന മരണനിരക്ക് മൂന്ന് ദിവസമായി കുറയുകയാണ്. പുതിയ രോഗികളുടെ എണ്ണവും വളരെ കുറഞ്ഞു. ഇതോടെ ആഴ്‍ചകളായി തുടരുന്ന നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വരുത്തുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ച് തുടങ്ങിയിട്ടുണ്ട്.

കൊവിഡ് 19 ബാധിച്ച്മരിക്കുന്നവരുടെ എണ്ണത്തിൽ സ്‍പെയിനിനെ മറികടന്ന് അമേരിക്ക രണ്ടാം സ്ഥാനത്തെത്തി. രോഗബാധിതരുടെ എണ്ണത്തിൽ അമേരിക്ക തന്നെയാണ് അതിവേഗം മുന്നേറുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 438476 പേർക്കാണ് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്‍ച 3545 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 1036 മരണവും റിപ്പോർട്ട് ചെയ്‍തു. ആകെ മരണസംഖ്യ 15824 ആയി. ഇതോടെ മരണസംഖ്യയിൽ സ്‍പെയിനിനെ മറികടന്ന് അമേരിക്ക രണ്ടാം സ്ഥാനത്തെത്തി. ഏതാനും ദിവസങ്ങളായി അമേരിക്കയിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. ഇതേ രീതിയിൽ പോയാൽ അമേരിക്ക ഇറ്റലിയെയും മറികടന്ന് ഒന്നാമതെത്താനാണ് സാധ്യത. വരുന്ന രണ്ടാഴ്‍ചകൾ അമേരിക്കയ്ക്ക് നിർണായകമാണെന്നാണ് ആരോഗ്യ വിദഗ്‍ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ രാജ്യത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്നാണ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. ന്യൂയോർക്കിലാണ് അമേരിക്കയിലെ ആകെ മരണത്തിന്റെ മൂന്നിലൊന്ന് സംഭവിച്ചിരിക്കുന്നത്.

ഇറ്റലിക്കും സ്പെയിനിനും യുകെയ്‍ക്കും പിന്നാലെ യൂറോപ്പിൽ ബെൽജിയം, സ്വീഡൻ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. ബെൽജിയത്തിൽ ഒറ്റ ദിവസം 283 പേരാണ് മരിച്ചത്. ആകെ മരണം 2523 ആയി. രോഗബാധിതർ 24983. നെതർലൻഡ്‍സിൽ 148 പേരാണ് ഒരു ദിവസം മരിച്ചത്. ആകെ മരണം 2396. രോഗബാധിതർ 21762. സ്വീഡനിൽ 106 പേരാണ് ഒറ്റ ദിവസം മരിച്ചത്. ആകെ മരണം 793. രോഗബാധിതർ 9141. റഷ്യയിൽ ഒറ്റ ദിവസം 1459 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 10131 ആയി. 13 പേർ കൂടി മരിച്ചതോടെ ആകെ മരണം 76 ആയി.

ഏഷ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്. വൈറസ് ആദ്യം കണ്ടെത്തിയതും മരണം വിതച്ചതും ചൈനയിൽ ആയിരുന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഏഷ്യയിലെ മിക്ക രാജ്യങ്ങൾക്കും വലിയ നാശം നേരിട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ പലയിടത്തും കൈവിട്ട് പോകുന്ന അവസ്ഥയാണ്. ഇറാനിൽ വ്യാഴാഴ്‍ച 117 മരണമാണ് റിപ്പോർട്ട് ചെയ്‍തത്. ഇതോടെ ആകെ മരണം 4110 ആയി. 1634 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 66220 ആയി.

മലേഷ്യയിൽ 109 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതർ 4228 ആയി. ഇന്തോനേഷ്യയിൽ 337 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ആകെ രോഗികൾ 3293. മരണം 280. ഫിലിപ്പീൻസിൽ 206 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 21 പേർ മരിക്കുകയും ചെയ്‍തു. ആകെ രോഗികൾ 4076. മരണം 203. പാക്കിസ്ഥാനിൽ 226 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 4489 ആയി.

ഒരു മരണം പോലുമില്ലാത്ത രണ്ട് ദിവസങ്ങൾക്ക് ശേഷം ചൈനയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്‍തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3335 ആയി. മരണസംഖ്യയിൽ ഇറ്റലി, അമേരിക്ക, സ്‍പെയിൻ, ഫ്രാൻസ്, യുകെ, ഇറാൻ എന്നീ രാജ്യങ്ങൾ ചൈനയുടെ മുന്നിലാണ്. പ്രാദേശിക രോഗവ്യാപനം പൂർണമായി ഇല്ലാതായെന്നാണ് ഈ മാസം ആദ്യം തന്നെ ചൈന അവകാശപ്പെട്ടത്. എന്നാൽ അതിന് പിന്നാലെ വിദേശത്ത് നിന്നെത്തിയവർക്ക് രോഗം സ്ഥിരീകരിക്കാൻ തുടങ്ങി. ഇതോടെ രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് തന്നെ പറഞ്ഞു. കഴിഞ്ഞ ദിവസം 63 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 81865 ആയി. രോഗികളുടെ എണ്ണത്തിൽ അമേരിക്ക, സ്‍പെയിൻ, ഇറ്റലി, ജർമനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ചൈനയ്ക്ക് മുന്നിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP