Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വകഭേദം വന്ന വൈറസിനും വാക്സിൻ ഫലിക്കും; നിലവിലുള്ള മൂന്നു പ്രധാന വാക്സിനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളത്; വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും; 70 ശതമാനം അധികം വ്യാപനശേഷിയുള്ള ബ്രിട്ടീഷ് വകഭേദത്തെയും വാക്സിൻ തുരത്തുമെന്ന് വിദഗ്ദ്ധർ

വകഭേദം വന്ന വൈറസിനും വാക്സിൻ ഫലിക്കും; നിലവിലുള്ള മൂന്നു പ്രധാന വാക്സിനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളത്; വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും; 70 ശതമാനം അധികം വ്യാപനശേഷിയുള്ള ബ്രിട്ടീഷ് വകഭേദത്തെയും വാക്സിൻ തുരത്തുമെന്ന് വിദഗ്ദ്ധർ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഫൈസറും, മോഡേണയും, ഓക്സ്ഫര്ഡും കണ്ടുപിടച്ച വാക്സിനുകൾ ജനതികമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസിനുമുന്നിൽ വെറുതെയാവുമോ എന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് ശാസ്ത്രലോകം. വകഭേദം വന്ന വൈറസിനും വാക്സീൻ ഫലിക്കുമെന്നു തന്നെയാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. നിലവിലുള്ള മൂന്നു പ്രധാന വാക്സീനുകളും പുതിയ വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണെന്നാണ് വിലയിരുത്തൽ. വൈറസിന്റെ വിവിധ ഭാഗങ്ങളെ തകർക്കാൻ കഴിവുള്ളതാണ് വാക്സീൻ. അതേസമയം വകഭേദം സംഭവിച്ച വൈറസിന് വീണ്ടും ജനിതകമാറ്റമുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇപ്പോഴുള്ള വാക്സീനിൽനിന്നു രക്ഷപ്പെടാൻ സാധിക്കുന്ന രീതിയിലാണ് മാറ്റമെങ്കിൽ വാക്സീൻ ഫലപ്രദമല്ലാതായേക്കാം. വാക്സീൻ എടുത്ത ശേഷവും വ്യാപനം തുടരാം.

വൈറസിനു ജനിതകമാറ്റമുണ്ടാകുന്നതിനാൽ വാക്സീനിലും മാറ്റം വേണ്ടി വരുമെങ്കിലും നിലവിൽ കണ്ടുപിടിച്ച വാക്സീനുകൾ എളുപ്പത്തിൽ പോഷിപ്പിക്കാനും മാറ്റം വരുത്താനും സാധിക്കുന്നവയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ഗ്ലാസ്ഗോയിലെ പ്രഫ. ഡേവിഡ് റോബർട്സൻ പറഞ്ഞു.പക്ഷേ ബ്രിട്ടനിൽ ഇപ്പോൾ പരക്കെ ഭീതി നിലനിൽക്കയാണ്. കൊറോണ ബാധിച്ച ആളിൽ തന്നെയാകാം വൈറസിനു ജനിതകമാറ്റം സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഒട്ടും പ്രതിരോധ ശേഷിയില്ലാതിരുന്ന ആളിലായിരിക്കാം ഇതുണ്ടായത്. പുതിയ വൈറസ് എത്രത്തോളം മാരകമാണെന്നതിൽ വ്യക്തമായ ധാരണയില്ല. എന്നാൽ വ്യാപനം പെട്ടെന്നു നടക്കുന്നതിനാൽ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറയാനിടയുണ്ട്. കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതോടെ എല്ലാവർക്കും ചികിത്സ നൽകുക എന്നത് വെല്ലുവിളിയാകും.

സെപ്റ്റംബറിലാണ് ലണ്ടനിൽ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. നവംബറിൽ കോവിഡ് ബാധിതരായവരിൽ പകുതിയോളം പേരിലും പുതിയ വൈറസാണ് ബാധിച്ചത്. ഡിസംബർ പകുതി ആയപ്പോഴേക്കും മൂന്നിൽ രണ്ടു രോഗികളിലും പുതിയ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.പഴയ വൈറസിനേക്കാൾ 70 ശതമാനം വരെ വേഗത്തിലാണ് പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനമെന്ന് ലണ്ടൻ ഇംപീരിയൽ കോളജിലെ ഡോ. എറിക് വോൾസ് പറഞ്ഞു. എന്തുകൊണ്ടാണ് വൈറസ് ഇത്രയും വേഗം പടർന്നുപിടിക്കുന്നതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ലണ്ടനിലുണ്ടായിരുന്ന രോഗിയിൽത്തന്നെയാണോ വൈറസിനു ജനിതകമാറ്റമുണ്ടായതെന്ന കാര്യത്തിൽ ഉറപ്പില്ല.

രാജ്യത്തിനു പുറത്തുനിന്നു വന്നതാകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. പുതിയ ഇനം വൈറസ് ബാധിച്ചവരിൽ കൂടുതലും ലണ്ടനിലാണ്. വടക്കൻ അയർലൻഡിൽ ഈ വൈറസ് ബാധിച്ച രോഗികളില്ല. ഓസ്ട്രേലിയയിലും ഡെന്മാർക്കിലും കണ്ടെത്തിയ പുതിയ വകഭേദം യുകെയിൽനിന്നു വന്നതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സമാനമായ വകഭേദം ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയെങ്കിലും യുകെയിൽ കണ്ടെത്തിയ വൈറസുമായി അതിനു ബന്ധമില്ലെന്നു തിരിച്ചറിഞ്ഞുകഴിഞ്ഞു.

ലോകത്തിന്റെ പല ഭാഗത്തും കോവിഡ് വൈറസിന് ഇതിനകം പലവട്ടം ജനിതകമാറ്റം സംഭവിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസല്ല ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഫെബ്രുവരിയിൽ യൂറോപ്പിൽ ഡി614ജി എന്ന വകഭേദമുണ്ടായി. ലോകത്ത് കൂടുതൽ പേരെയും ബാധിച്ചത് ഈ വകഭേദമാണ്. സ്പെയിനിൽ വേനലവധി ആഘോഷിക്കാൻ എത്തിയവർക്കു പിടിപെട്ടത് എ222വി എന്ന വകഭേദമായിരുന്നു. ഇതാണ് പിന്നീട് യൂറോപ്പ് മുഴുവനും വ്യാപിച്ചത്.

എച്ച് 69/വി70 എന്ന വകഭേദത്തിൽ, മനുഷ്യശരീരത്തിലെ കോശത്തിലേക്കു കയറാൻ സഹായിക്കുന്ന അഗ്രഭാഗത്തിനു മാറ്റമുണ്ടായിട്ടുണ്ട്. ഈ വകഭേദത്തിന് ആദ്യ വൈറസിനെക്കാൾ രണ്ടു മടങ്ങ് ശേഷിയുണ്ടെന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയിലെ പ്രഫ. രവി ഗുപ്ത പറഞ്ഞു. പഴയ വൈറസ് മൂലം കോവിഡ് ബാധിച്ച് മുക്തരായവരിലെ ആന്റിബോഡിക്ക് പുതിയ വകഭേദത്തെ പ്രതിരോധിക്കാൻ സാധിക്കുമോയെന്നു വ്യക്തമല്ലാത്തതിനാൽ സർക്കാരുകളും ശസ്ത്രജ്ഞരും ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP