Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ജനുവരിയിൽ; ആദ്യഷോട്ട് ജനുവരിയിൽ നൽകാമെന്ന് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ; ആശങ്ക ഉയർത്തുന്നത് ബ്രിട്ടനിലെ പുതിയതരം കൊറോണ വൈറസ് നിയന്ത്രണാതീതമെന്ന റിപ്പോർട്ട്; തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ച് മന്ത്രാലയം; ഞായറാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഫ്‌ളൈറ്റുകൾ നിരോധിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങൾ

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ജനുവരിയിൽ; ആദ്യഷോട്ട് ജനുവരിയിൽ നൽകാമെന്ന് പ്രതീക്ഷയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ; ആശങ്ക ഉയർത്തുന്നത് ബ്രിട്ടനിലെ പുതിയതരം കൊറോണ വൈറസ് നിയന്ത്രണാതീതമെന്ന റിപ്പോർട്ട്; തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ച് മന്ത്രാലയം; ഞായറാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ യുകെയിലേക്കുള്ള ഫ്‌ളൈറ്റുകൾ നിരോധിച്ച് നിരവധി യൂറോപ്യൻ രാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ കോവിഡ് വാക്‌സിൻ ജനുവരിയിൽ നൽകി തുടങ്ങാൻ കഴിയുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ. പ്രാഥമിക പരിഗണന വാക്‌സിന്റെ ഫലപ്രാപ്തിയിലും സുരക്ഷയിലും ആയിരുന്നു. അക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. വ്യക്തിപരമായി എനിക്ക് തോന്നുന്നത് ജനുവരിയിലെ ഏതാഴ്ച വേണമെങ്കിലും കോവിഡ് വാക്‌സിന്റെ ആദ്യ ഷോട്ട് നൽകാൻ കഴിയുമെന്നാണ്, ഹർഷവർദ്ധൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം, ബ്രിട്ടനിലെ പുതിയതരം കൊറോണ വൈറസ് നിയന്ത്രണാതീതമെന്ന റിപ്പോർട്ടുകൾ വന്നതോടെ ആരോഗ്യമന്ത്രാലയം അടിയന്തര സംയുക്ത നിരീക്ഷണ സമിതിയോഗം തിങ്കളാഴ്ച വിളിച്ചുചേർത്തിട്ടുണ്ട്.

ബ്രിട്ടനിലെ പുതിയ വൈറസ് നിയന്ത്രണാതീതം

പുതിയ കൊറോണ വൈറസ് 'നിയന്ത്രണാതീതമാണ്' എന്ന മുന്നറിയിപ്പിനു പിന്നാലെ യുകെയിൽനിന്നുള്ള വിമാനങ്ങൾ പല രാജ്യങ്ങളും നിരോധിക്കുയാണ്. യുകെയിൽനിന്നുള്ള എല്ലാ പാസഞ്ചർ വിമാനങ്ങൾക്കും ഞായറാഴ്ച മുതൽ നെതർലൻഡ് നിരോധനം ഏർപ്പെടുത്തി. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കു കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ജർമനി അറിയിച്ചു.

ജനുവരി 1 വരെയാണു നെതർലൻഡിന്റെ വിമാന നിരോധനം. ബ്രിട്ടനിൽനിന്നുള്ള വിമാന, ട്രെയിൻ സർവീസുകൾ അർധരാത്രി മുതൽ നിർത്തിവയ്ക്കുമെന്ന് അയൽരാജ്യമായ ബെൽജിയം അറിയിച്ചു. ബ്രിട്ടിഷുകാർ അവരുടെ ക്രിസ്മസ് പദ്ധതികൾ റദ്ദാക്കി വീട്ടിൽത്തന്നെ തുടരേണ്ടിവരുമെന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ഥിതി ഗുരുതരമാണെന്നു യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും പറഞ്ഞു.

രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസുണ്ടെന്നു കഴിഞ്ഞദിവസമാണു ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി സ്ഥിരീകരിച്ചത്. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചു. ബ്രിട്ടനിൽ കോവിഡ് കേസുകളും ആശുപത്രി വാസവും കൂടി.

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ എടുക്കുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

കോവിഡ് 19 നേരത്തെ വന്നാലും ഇല്ലെങ്കിലും വാക്സിന്റെ ഒരുപൂർണ കോഴ്സ് എടുക്കുന്നതാണ് ഉചിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വാക്സിനെടുത്താൽ രോഗത്തിന് എതിരെ ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാക്കാനാകും.

രണ്ടാമത്തെ ഡോസ് സ്വീകരിച്ച് രണ്ടാഴ്ചകൾക്ക് ശേഷമായിരിക്കും രോഗത്തിനെതിരെ സംരക്ഷണം നൽകുന്ന ആന്റിബോഡികൾ വികസിക്കുക.

വാക്സിൻ നിർബന്ധമല്ല

വാക്സിൻ എടുക്കണോയെന്ന് സ്വമേധയാ തീരുമാനിക്കാം. എന്നാൽ, വാക്സിന്റെ പൂർണ ഷെഡ്യൂൾ എടുക്കുന്നതാണ് ഒരാൾക്ക് സ്വയം പ്രതിരോധത്തിനും, കുടുംബം അടക്കം അടുത്ത സമ്പർക്കത്തിലുള്ളവർക്ക് രോഗം പടരാതിരിക്കാനും വേണ്ടത്. വിവിധ വാക്സിനുകളുടെ പരീക്ഷണങ്ങൾ വിവിധ ഘട്ടത്തിലാണ്. എന്തായാലും വൈകാതെ വാക്സിൻ വിതരണം ആരംഭിക്കും.

കോവിഡ് വാക്സിന്റെ സുരക്ഷിതത്വം പൂർണമായി ഉറപ്പാക്കിയ ശേഷം മാത്രമേ അത് വിതരണം ചെയ്യാൻ തുടങ്ങുകയുള്ളു. മറ്റുവാക്സിനുകളെ പോലെ തന്നെ ചെറിയ പനി, കുത്തിവയ്പ് എടുക്കുന്ന സ്ഥലത്ത് വേദന തുടങ്ങിയ ചെറിയ പാർശ്വഫലങ്ങൾ ഉണ്ടാകാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത്തരം പാർശ്വഫലങ്ങളെ നേരിടാനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

28 ദിവസത്തെ ഇടവേളയുള്ള രണ്ടുഡോസ് വാക്സിനാണ് ഒരുവ്യക്തി വാക്സിനേഷൻ പൂർത്തിയാക്കാൻ എടുക്കേണ്ടത്. കാൻസർ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവയ്ക്ക് മരുന്ന് കഴിക്കുന്നവർക്കും വാക്സിനെടുക്കാം. ഈ രോഗങ്ങൾ ഉള്ളവർ ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നതിനാൽ വാക്സിൻ എടുക്കണം.

ഒരേസമയം എല്ലാവർക്കും വാക്സിൻ നൽകുമോ?

ഇത് വാക്സിന്റെ ലഭ്യത അനുസരിച്ചായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്സിൻ നൽകാൻ മുൻഗണനാ ഗ്രൂപ്പുകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കാരണം ഇവരാണ് ഹൈറിസ്‌ക് വിഭാഗത്തിൽ പെടുന്നവർ. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, മുൻനിര പ്രവർത്തകർക്കും വാക്സിൻ നൽകും. വാക്സിന്റെ ലഭ്യത അനുസരിച്ച് 50 ന് മുകളിൽ പ്രായമുള്ളവർക്കും നേരത്തെ തന്നെ വാക്സിൻ നൽകും.

രജിസ്ട്രേഷൻ നിർബന്ധം

വാക്സിനെടുക്കുന്നയാൾക്ക് രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്ട്രേഷന് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. വാക്സിൻ എടുക്കാൻ അനുവദിച്ച സ്ഥലം, തീയതി, സമയം എന്നിവ മൊബൈലിലേക്ക് എസ്എംഎസ് വഴി അറിയിക്കും. വാക്സീൻ എടുത്ത ശേഷം ക്യുആർ കോഡ് രീതിയിൽ സർട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയച്ചു നൽകും.

ആറ് വാക്സിനുകൾ

ഐസിഎംആറുമായി ചേർന്ന് ഭാരത് ബയോടെക് നിർമ്മിക്കുന്നത്

സൈഡസ് കാഡിലയുടേത്

ജെന്നോവ

ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്പ പരീക്ഷണം നടത്തുന്ന ഓക്സഫഡ് വാക്സിൻ

ഡോ.റെഡ്ഡി ലാബ് നിർമ്മിക്കുന്ന സ്പുട്നിക് വി വാക്സിൻ

ഹൈദരാബാദിലെ ബയോളജിക്കൽ ഇ ലിമിറ്റഡ് യുഎസിലെ എംഐടിയുമായി ചേർന്ന് നിർമ്മിക്കുന്നത്.

ഇവയെല്ലാം വിവിധ പരീക്ഷണ ഘട്ടങ്ങളിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP