Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ന് മാത്രം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 16,810 പേർക്ക്; രാജ്യത്തെ കോവിഡ് മരണസംഖ്യ 15,000 കടന്നു; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡൽഹിയിലും കർണ്ണാടകത്തിലും കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4,89,795 കേസുകൾ; തീവണ്ടി സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റയിൽവെയും

ഇന്ന് മാത്രം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത് 16,810 പേർക്ക്; രാജ്യത്തെ കോവിഡ് മരണസംഖ്യ 15,000 കടന്നു; തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡൽഹിയിലും കർണ്ണാടകത്തിലും കോവിഡ് രോ​ഗികളുടെ എണ്ണം കുതിച്ചുയരുന്നു; ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 4,89,795 കേസുകൾ; തീവണ്ടി സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റയിൽവെയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് മരണങ്ങൾ 15,000 കടന്നു. ഇന്ന് 395 കോവിഡ് രോ​ഗികൾ കൂടി മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ കോവിഡ് മരണസംഖ്യ 15,302 ആയി. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ട ദിവസാണ് ഇന്ന്. ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 16,810 പേർക്കാണ്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകൾ 4,89,795 ആയി. 2,85,076 പേർ ഇതിനകം രോ​ഗമുക്തി നേടി. ചികിത്സയിൽ കഴിയുന്ന 1,89,417 പേരിൽ 8,944 പേരുടെ നില അതീവ ​ഗുരുതരമാണ്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ഡൽഹിയിലും കർണ്ണാടകത്തിലും ഇന്ന് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു.

രാജ്യത്ത് കോവിഡ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ടു ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ഇന്ന് 4841 പേരാണ് പോസിറ്റീവായത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗബാധിതർ 1,47,741 ആയി. ഇന്ന് രോഗം മുക്തി നേടിയത് 3661 പേർ. ഇതു വരെ രോഗമുക്തി നേടിയത് 77453 പേർ. നിലവിൽ 63342 പേർ ചികിത്സയിലുണ്ട്. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 3509 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 45 പേർ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70977 ആയി. ആകെ മരണസംഖ്യ 911 ആയി. ചെന്നൈയിലാണ് കടുത്ത ആശങ്ക. 3509 ൽ 1834 കേസും ചെന്നൈയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 47650 ആയി.

24 മണിക്കൂറിന് ഇടയിൽ ഡൽഹിയിൽ 3,390 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. എൽഎൽഎൻജെപി ആശുപത്രിയിൽ ചികിത്സയുള്ളവർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പാടാക്കി. ചികിത്സയുള്ളവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കിട്ടുന്നില്ലെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്. കോവിഡ് രോഗികൾ കോവിഡ് കെയർ കേന്ദ്രങ്ങളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ്റ്റനന്റ് ഗവർണർ പിൻവലിച്ചു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന ഉത്തരവാണ് പിൻവലിച്ചത്. ഡൽഹി സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർ മാത്രം കോവിഡ് കെയർ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയാകും.

കർണാടകയിൽ ഇന്ന് 442പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേർ മരിച്ചു. 10,560പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 519പേർ ഇന്ന് രോഗമുക്തരായി. അതേസമയം, ഗുജറാത്തിൽ 577പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 18 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 29,578പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 21,506പേർ രോഗമുക്തരായപ്പോൾ 1,754പേർ മരിച്ചു. തെലങ്കാനയിൽ 10,331 കേസുകളും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മഹാരാഷ്ട്രാ, ഗുജറാത്ത്, തെലങ്കാന സംസ്ഥാനങ്ങൾ കേന്ദ്രസംഘം സന്ദർശിക്കും. ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാവും ജൂൺ 26നും 29നും ഇടയിൽ മൂന്ന് സംസ്ഥാനങ്ങളും സന്ദർശിക്കുക. കോവിഡ് പ്രതിരോധത്തിനായി മൂന്ന് സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കേന്ദ്ര സംഘം വിലയിരുത്തും.

അതിനിടെ, രാജ്യത്ത് സാധാരണ തീവണ്ടി സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റയിൽവെ അറിയിച്ചു. മെയിൽ, എക്സ്‌പ്രസ്, പാസഞ്ചർ, സബർബൻ തീവണ്ടികൾ ഈ കാലയളവിൽ ഉണ്ടാകില്ലെന്നാണ് റെയിൽവെ ബോർഡ് വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ 30 വരെ വരെ യാത്ര ചെയ്യുന്നതിനായി സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്കുചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ജൂലൈ ഒന്നുമുതൽ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കാൻ റെയിൽവേ ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് ബുക്കുചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ചു നൽകും. അതേസമയം പ്രത്യേക രാജധാനി, മെയിൽ, എക്സ്‌പ്രസ് തീവണ്ടികളുടെ നിലവിലുള്ള സർവീസുകൾ തുടരും.

ലോകത്ത് ആകെ കോവിഡ് രോ​ഗികളുടെ എണ്ണം 96,22,219 ആയി. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,01,401കേസുകളാണ്. 3,380 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,87,339 ആയി. നിലവിൽ ചികിത്സയിലുള്ള 39,05,851 പേരിൽ 58,276 പേരുടെ നില അതീവ ​ഗുരുതരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP