Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യത്ത് 24 മണിക്കൂറിനിടെ 17 മരണം കൂടി; ധാരാവിയിൽ മരണം മൂന്നായതിന് പുറമേ പോസിറ്റീവ് കേസുകളും കൂടിയതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ തമിഴ്‌നാടും; ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച് കർണാടകയും ഒഡീഷയും; ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർദ്ദേശിക്കില്ലെന്ന് ഐസിഎംആർ; രോഗപ്രതിരോധത്തിന് 1500 കോടിയുടെ പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ; ട്രെയിൻ സർവീസുകൾ പുനഃ സ്ഥാപിക്കുന്നതിൽ തീരുമാനമായില്ലെന്ന് റെയിൽവെ

രാജ്യത്ത് 24 മണിക്കൂറിനിടെ 17 മരണം കൂടി; ധാരാവിയിൽ മരണം മൂന്നായതിന് പുറമേ പോസിറ്റീവ് കേസുകളും കൂടിയതോടെ മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു; കേസുകളുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ തമിഴ്‌നാടും; ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ച് കർണാടകയും ഒഡീഷയും;  ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർദ്ദേശിക്കില്ലെന്ന് ഐസിഎംആർ; രോഗപ്രതിരോധത്തിന് 1500 കോടിയുടെ പാക്കേജ് അനുവദിച്ച് കേന്ദ്ര സർക്കാർ; ട്രെയിൻ സർവീസുകൾ പുനഃ സ്ഥാപിക്കുന്നതിൽ തീരുമാനമായില്ലെന്ന് റെയിൽവെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്ത് വ്യാഴാഴ്ച കോവിഡ് പോസിറ്റീവ് കേസുകൾ 5900 ത്തോട് അടുത്തു. കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,865 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 17 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മരണസംഖ്യ 169. മഹാരാഷ്ട്രയെയാണ് ഏറ്റവുമധികം വൈറസ് ബാധിച്ചത്. 1297 കേസുകൾ. തൊട്ടുപിന്നിൽ തമിഴ്‌നാടുണ്ട്. നേരത്തെ ഒഡീഷ ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.

ധാരാവിയിൽ കൊവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. ഇതോടെ ധാരാവിയിൽ മാത്രം ഇതുവരെ മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്ന സാഹചര്യത്തിൽ ധാരാവിയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. ഇവിടുത്തെ പഴം പച്ചക്കറി കടകളടക്കം പൂട്ടാൻ കോർപ്പറേഷൻ ഉത്തരവിട്ടു. നാഷണൽ സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയം ക്വാറന്റൈൻ സെന്ററാക്കി.

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 1297 ആയി ഉയർന്നു. 12 മണിക്കൂറിനിടെ 162 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 143 കേസുകളും മുംബൈയിലാണ്. ഏപ്രിൽ ഒന്ന് മുതൽ എല്ലാദിവസവും നൂറോ അതിലധികമോ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. എട്ടിൽ കുറയാതെ മരണവും ഇവിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിൽ കോവിഡ്-19 വൈറസ് ബാധിതരുടെ എണ്ണം 800 ആയി. സംസ്ഥാനത്ത് വ്യാഴാഴ്ച 96 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിൽ 84 പേരും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധമുള്ളവരാണ്.

കർണാടകയിൽ ലോക് ഡൗൺ നീട്ടും

കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ കർണാടകയിൽ നീട്ടും. വ്യാഴാഴ്ച ചേർന്ന അടിയന്തര മന്ത്രിസഭ യോഗത്തിൽ ലോക്ഡൗൺ ഏപ്രിൽ 30വരെ നീട്ടണമെന്നാണ് എല്ലാ മന്ത്രിമാരും ഒരുപോലെ ആവശ്യപ്പെട്ടതെന്നും പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിനുശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.സംസ്ഥാനത്തെ കോവിഡ് ഹോട്‌സ്‌പോട്ടുകളിൽ ഏപ്രിൽ 14നുശേഷവും ലോക്ഡൗൺ തുടരണമെന്ന നിർദ്ദേശമടങ്ങിയ റിപ്പോർട്ടാണ് വിദഗ്ധ സമിതി കർണാടക സർക്കാറിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരും സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടണമെന്ന് നിർദ്ദേശിച്ചത്. കേന്ദ്ര തീരുമാനമനുസരിച്ച് ലോക് ഡൗൺ നീട്ടാമെന്ന തീരുമാനമാണ് കർണാടക സ്വീകരിച്ചിരിക്കുന്നത്.

വിദഗ്ധ സമിതി നിർദ്ദേശിച്ചതുപോലെ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനത്തെ 12 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. വരും ദിവസങ്ങളിൽ ലോക്ഡൗൺ കർശനമാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ലോക്ഡൗൺ നീട്ടുമ്പോൾ ഏർപ്പെടുത്തേണ്ട ഇളവുകൾ സംബന്ധിച്ചും മറ്റും വിദഗ്ധരുമായും നിക്ഷേപകരുമായും ചർച്ച ചെയ്തുവരികയാണെന്നും ഏപ്രിൽ 13ഓടെ നിയന്ത്രണം സംബന്ധിച്ച് അന്തിമ രൂപമാകുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.നാരായണ ഹെൽത്ത് സ്ഥാപക ചെയർമാൻ ഡോ. േദവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഏപ്രിൽ അവസാനം വരെ കോവിഡ് ഹോട്‌സ്േപാട്ടുകളിൽ കർശന നിയന്ത്രണം തുടരണമെന്ന റിപ്പോർട്ട് സമർപ്പിച്ചത്. ജില്ല, സംസ്ഥാന അതിർത്തിയിൽ ഗതാഗത നിയന്ത്രണം തുടരണം, മെട്രോ ട്രെയിൻ സർവിസ് അനുവദിക്കരുത്, എ.സി ബസ് സർവിസും പാടില്ല,മെയ്‌ 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്, പൊതുഗതാഗതത്തിനുള്ള നിയന്ത്രണം തുടരണം, ഐ.ടി കമ്പനികൾ, സർക്കാർ ഓഫിസുകൾ, അവശ്യ സർവിസുകൾ നൽകുന്ന കമ്പനികൾ എന്നിവക്ക് 50ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം തുടങ്ങിയ നിർദ്ദേശമാണ് വിദഗ്ധ സമിതി സർക്കാറിന് നൽകിയത്.

കേന്ദ്ര സർക്കാർ 15000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു

കോവിഡ് -19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യ-അടിയന്തര പ്രതികരണവും ആരോഗ്യസംവിധാനം തയാറാക്കലും പാക്കേജിൽ (ഇന്ത്യ കോവിഡ്-19 എമർജൻസി റെസ്പോൺസ് ആൻഡ് ഹെൽത്ത് സിസ്റ്റം) കേന്ദ്രസർക്കാർ 15,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

അനുവദിച്ച തുകയിൽ 7774 കോടി രൂപ അടിയന്തര കോവിഡ് -19 പ്രതിരോധ, ഗവേഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ബാക്കി തുക പദ്ധതിക്ക് കീഴിൽ വരുന്ന മറ്റു ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഈ തുകയുടെ വിനിയോഗത്തിന് നാലു വർഷം വരെ സമയവും അനുവദിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിനുള്ള ചികിൽസ, പ്രതിരോധമാർഗങ്ങളുടെയും നിർണയ ഉപാധികളുടെയും ആവിഷ്‌കരണം, രോഗപ്രതിരോധ മരുന്നുകളുടെയും ഉപകരണങ്ങളുടെയും സംഭരണം, ഭാവിയിലുണ്ടാകാവുന്ന വെല്ലുവിളികൾ നേരിടാൻ രാജ്യത്തേയും സംസ്ഥാനങ്ങളിലേയും ആരോഗ്യസംവിധാനങ്ങളെ പ്രാപ്തമാക്കൽ, പുതിയ പരിശോധനാശാലകളും നിരീക്ഷണസംവിധാനങ്ങളും സജ്ജമാക്കൽ, ജൈവസുരക്ഷാ തയ്യാറെടുപ്പുകൾ, പകർച്ചവ്യാധി ഗവേഷണം, സാമൂഹ്യ വ്യാപനസാധ്യത തടയൽ, ആപദ്ഘട്ടങ്ങളിലെ ആശയവിനിമയം അനായാസമാക്കൽ, എന്നിവയാണ് അടിയന്തരപ്രതികരണവും ആരോഗ്യസംവിധാനവും പാക്കേജിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്രആരോഗ്യ വകുപ്പിന്റെ കീഴിലാണ് പദ്ധതി രൂപീകരണവും നിർവഹണവും നടക്കുക.

രാജ്യത്തെ കോവിഡ് ചികിൽസാകേന്ദ്രങ്ങൾ വർധിപ്പിക്കുന്നതിന് പുറമെ രോഗത്തെ പ്രതിരോധിക്കുന്ന വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ഐസൊലേഷൻ കിടക്കകൾ, ഐ.സി.യു സംവിധാനം, വെന്റിലേറ്ററുകൾ, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ കൂടുതലായി ഒരുക്കാൻ ഈ പാക്കേജ് സഹായകമാകും. പുറമെ ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകുകയും കൂടുതൽ പാരമെഡിക്കൽ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകണമെന്നാണ് സംസ്ഥാന സർക്കാറുകളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

ട്രെയിൻ സർവീസുകൾ പുനഃ സ്ഥാപിക്കാറായില്ല

ലോക്ക്ഡൗണിനുശേഷം ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ തള്ളി റെയിൽവേ. ഇത്തരത്തിലുള്ള ഒരു നിർദ്ദേശവും നടത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.നിലവിലെ രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഏപ്രിൽ 14-ന് അവസാനിക്കുന്നതോടെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരേ പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ റെയിൽവേ.

ലോക്ക്ഡൗൺ പിൻവലിച്ചു ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചാൽ പുതിയ പ്രോട്ടോകോൾ പ്രകാരമാണു യാത്ര ചെയ്യേണ്ടതെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും റെയിൽവേ തള്ളി.

ഹൈഡ്രോക്‌സി ക്ലോറോക്വിൻ നിർദ്ദേശിക്കില്ല: ഐസിഎംആർ

കോവിഡ് 19 ബാധിച്ച രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിൻ നൽകുന്നതിന് നിലവിലെ സാഹചര്യത്തിൽ നിർദ്ദേശിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (െഎ.സി.എം.ആർ). നിരവധി ടെസ്റ്റുകൾ നടത്തിയതിന് ശേഷം തൃപ്തികരമായ ഫലം കാണുകയാണെങ്കിൽ മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂ എന്നും െഎ.സി.എം.ആർ അറിയിച്ചു.ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്ന് ഇപ്പോൾ നിർബന്ധിതമായ സാഹചര്യമല്ല. ഒരുപാട് പരിശോധനകൾക്ക് ശേഷം മാത്രമേ അത് രോഗം ഭേദമാക്കുമോ എന്ന്ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. നിലവിൽ രോഗലക്ഷണം കാണിക്കുന്നവരിൽ മരുന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

തൃപ്തികരമായ ഫലം ലഭിക്കുന്നതുവരെ ആർക്കും ഈ മരുന്ന് നിർദ്ദേശിക്കില്ല. - െഎ.സി.എം.ആറിലെ ശാസ്ത്രജ്ഞ ആർ. ഗംഗ കെട്കർ പറഞ്ഞു. ഇന്ത്യ കോവിഡ് രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.ചൈനയിൽ പ്രാഥമിക ഘട്ടം എന്നനിലയിൽ ചില രോഗികളിൽ പരീക്ഷിച്ചപ്പോൾ പെട്ടന്നുള്ള രോഗമുക്തി കണ്ടെത്തിയതിന് പിന്നാലെയാണ് ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്നിന് ആഗോളതലത്തിൽ ആവശ്യക്കാരേറിയത്.അതേസമയം, ഈ മരുന്ന് കോവിഡ് രോഗികളെ പരിചരിക്കുന്ന രോഗലക്ഷണമില്ലാത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മാത്രമേ നിലവിൽ നിർദ്ദേശിക്കാൻ നിർവാഹമുള്ളൂ എന്നാണ് െഎ.സി.എം.ആറിന്റെ പക്ഷം. രാജ്യത്ത് ഹൈഡ്രോക്‌സിക്ലോറോക്വിന് ക്ഷാമമില്ലെന്നും ഭാവയിൽ അത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.ബുധനാഴ്ച അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്ത ഇന്ത്യ, അടുത്തതായി ബഹ്‌റൈൻ, ജർമനി, ബ്രിട്ടൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപാൾ, മ്യാന്മർ, മൗറീഷ്യസ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മരുന്ന് കയറ്റിയയക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP