Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള പരീക്ഷണത്തിന് കേരളവും; സാർസിനെ മെരുക്കുന്നതിൽ ചൈന പരീക്ഷിച്ച് വിജയം കണ്ട 'കോൺവലസെന്റ് പ്ലാസ്മ' ചികിത്സക്ക് ഐസിഎംആറിന്റെ അനുമതി; ശ്രീചിത്രയിൽ നടപടികൾ പുരോഗമിക്കുന്നു; പുതിയരീതി കോവിഡ് ചികിത്സയിൽ നിർണ്ണായകമാവുമെന്ന് പ്രതീക്ഷ

കോവിഡ് രോഗമുക്തി നേടിയവരുടെ രക്തം സ്വീകരിച്ചുള്ള പരീക്ഷണത്തിന് കേരളവും; സാർസിനെ മെരുക്കുന്നതിൽ ചൈന പരീക്ഷിച്ച് വിജയം കണ്ട 'കോൺവലസെന്റ് പ്ലാസ്മ' ചികിത്സക്ക് ഐസിഎംആറിന്റെ അനുമതി; ശ്രീചിത്രയിൽ നടപടികൾ പുരോഗമിക്കുന്നു; പുതിയരീതി കോവിഡ് ചികിത്സയിൽ നിർണ്ണായകമാവുമെന്ന് പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സാർസിനെ മെരുക്കുന്നതിൽ ചൈന പരീക്ഷിച്ച് വിജയിച്ച രീതിയാണ് രോഗം മാറിയവരിൽനിന്ന് രക്തം സ്വീകരിച്ച് രോഗികൾക്ക് കൊടുക്കുക എന്നതാണ്. ഈ 'കോൺവലസെന്റ് പ്ലാസ്മ' ചികിത്സ അമേരിക്കയും പരീക്ഷിക്കുന്നുണ്ട്. കോവിഡ് രോഗ ചികിത്സയിൽ നിർണ്ണായകമാവുമെന്ന് കരുതുന്ന ഈ രീതി ഇ്പ്പോൾ കേരളവും പരീക്ഷിക്കാൻ ഒരുങ്ങുകയാണ്.

ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ (ഐസിഎംആർ) നിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചു കഴിഞ്ഞു. ഇനി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. രോഗം ഭേദമായി 14 ദിവസം രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതും കോവിഡ് 19 പരിശോധനയിൽ നെഗറ്റീവ് ആകുകയും ചെയ്തവരിൽ നിന്നാവും രക്തം സ്വീകരിക്കുകയെന്ന് ചികിത്സാരീതികൾക്ക് അനുമതി നൽകിക്കൊണ്ട് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമേ രക്തദാനത്തിനു മുന്നോടിയായി നടത്തുന്ന എല്ലാ പരിശോധനകളും പൂർത്തിയാക്കുകയും ചെയ്യും.

കേരളത്തിൽ ശ്രീ ചിത്രയിലാണ് ഈ പരീക്ഷണം നടക്കുന്നത്. കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നൽകുന്ന ചികിത്സാരീതി നടപ്പാക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നതെന്ന് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. ആശ കിഷോർ പറഞ്ഞു. സാധാരണ നിലയിൽ രക്തദാനത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങളിൽ ഇളവു ലഭിച്ചാലെ പരീക്ഷണവുമായി മുന്നോട്ടു പോകാൻ കഴിയുകയുള്ളുവെന്നും ഡോ. ആശ അറിയിച്ചു. ശ്രീചിത്ര ആയിരിക്കും പ്രധാന കേന്ദ്രം. മറ്റ് അഞ്ചു മെഡിക്കൽ കോളജുകൾക്കും ഇതിനുള്ള സൗകര്യമുണ്ടായിരിക്കും. ഓരോ സ്ഥാപനവും എത്തിക്‌സ് കമ്മിറ്റിയിൽനിന്ന് ഇതിനുള്ള അനുമതി നേടേണ്ടതുണ്ട്. എത്രയും പെട്ടെന്ന് അനുമതികൾ നേടിയെടുത്ത് ക്ലിനിക്കൽ ട്രയൽ നടത്താനാകുമെന്നും ഡോ. ആശ വ്യക്തമാക്കി.

അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് കോവിഡ് രോഗമുക്തി നേടിയവരോട് രക്തദാനത്തിനു തയാറാണോ എന്നു ചോദിക്കും. രോഗമുക്തി നേടിയ പലരും ഇപ്പോൾ തന്നെ രക്തദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ഡോ. ആശ പറഞ്ഞു. അതീവഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു പ്ലാസ്മ നൽകിയാവും പരീക്ഷണം നടത്തുക. ഇത്തരത്തിൽ ചികിത്സ നൽകിയവരുടെയും അല്ലാത്തവരുടെയും രോഗലക്ഷണങ്ങളും ഭേദമാകാൻ എടുത്ത സമയവും, വെന്റിലേറ്ററിൽ കഴിഞ്ഞ സമയവും മറ്റും താരതമ്യപ്പെടുത്തി പഠനവും നടത്തും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ട്രാൻസ്ഫ്യൂഷൻസ് മെഡിസിൻ വിഭാഗം മേധാവി ഡോ. ദേബാഷിഷ് ഗുപ്തയുടെ നേതൃത്വത്തിലാകും ട്രയൽ നടപ്പാക്കുക. കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിലെ കോവിഡ് ക്ലിനിക്ക് മേധാവി ഡോ.എ.എസ്. അനൂപ് കുമാർ ആയിരിക്കും ചികിത്സ ലഭിച്ച രോഗികളുടെ വിവരശേഖരണം നടത്തുക.

ശ്രീചിത്രയിലും മെഡിക്കൽ കോളജുകളിലും രക്തം സ്വീകരിച്ച് സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ അനുമതിയോടെയാവും രോഗികൾക്കു നൽകുക. ശീതീകരണ സംവിധാനം ഉപയോഗിച്ചാവും പ്ലാസ്മ മറ്റ് ആശുപത്രികളിലേക്കു കൊണ്ടുപോകുക. ആരിൽനിന്നൊക്കെ രക്തം സ്വീകരിക്കാം, കൊടുക്കേണ്ട രോഗിയുടെ ഗുരുതരാവസ്ഥ നിർണയിക്കേണ്ടതെങ്ങനെ തുടങ്ങി കൃത്യമായ മാർഗനിർദേശങ്ങൾ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്ഡിഎ) മുന്നോട്ടുവച്ചിട്ടുണ്ട്.ഡോക്ടർമാർ എഫ്ഡിഎയുടെ അനുമതിയോടു കൂടി മാത്രമേ ചികിത്സ നടത്താവൂ എന്നും നിർദേശമുണ്ട്. ഇത്തരം ചികിത്സ കോവിഡിനു ഫലപ്രദമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. 1918-ൽ പടർന്നു പിടിച്ച പകർച്ചപ്പനി ചികിത്സിക്കാൻ അമേരിക്കയിൽ ഈ രീതി പ്രയോഗിച്ചിരുന്നു. പോളിയോ, അഞ്ചാംപമുണ്ടിനീര് എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ഈ രീതി അവലംബിച്ചിട്ടുണ്ട്.

കോവിഡ് രോഗത്തിനു തുല്യമായ ശ്വാസകോശ രോഗങ്ങൾക്കും കോൺവലസെന്റ് പ്ലാസ്മ തെറപ്പി ഉപയോഗിച്ചിട്ടുണ്ട്. മാർച്ച് 24-ന് എഫ്ഡിഎ അനുമതി ലഭിച്ചതിനു ശേഷം ഗുരുതരാവസ്ഥയിലുള്ള 11 രോഗികളിൽ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ചൈനയിൽ ഈ രീതി പ്രയോഗിച്ച 10 രോഗികളിൽ ഓക്‌സിജൻ നില മെച്ചപ്പെട്ടിരുന്നു. രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിലെ വൈറസ് നില കുറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP