Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ മകൻ വീട്ടിലെത്തും മുമ്പേ മുങ്ങി അമ്മയും അച്ഛനും; വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടില്ലെന്ന് ഇരുവരെയും ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും വീട്ടിൽ എത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ; പ്രവാസ ജീവിതത്തിന് ഇടയിൽ ഒരൽപം ആശ്വാസം തേടി എത്തിയപ്പോൾ ഒറ്റപ്പെട്ട യുവാവിന് ഭക്ഷണം എത്തിച്ചത് അയൽവാസികൾ; നാണിപ്പിക്കുന്ന സംഭവം നടന്നത് മലപ്പുറം അരിയല്ലൂരിൽ

ഖത്തറിൽ നിന്നും കരിപ്പൂരിൽ വിമാനമിറങ്ങിയ മകൻ വീട്ടിലെത്തും മുമ്പേ മുങ്ങി അമ്മയും അച്ഛനും; വിമാനത്താവളത്തിലെ പരിശോധനയിൽ രോഗലക്ഷണം കണ്ടില്ലെന്ന് ഇരുവരെയും ഫോണിൽ വിളിച്ചുപറഞ്ഞെങ്കിലും വീട്ടിൽ എത്തിയപ്പോൾ പൂട്ടിയിട്ട നിലയിൽ; പ്രവാസ ജീവിതത്തിന് ഇടയിൽ ഒരൽപം ആശ്വാസം തേടി എത്തിയപ്പോൾ ഒറ്റപ്പെട്ട യുവാവിന് ഭക്ഷണം എത്തിച്ചത് അയൽവാസികൾ; നാണിപ്പിക്കുന്ന സംഭവം നടന്നത് മലപ്പുറം അരിയല്ലൂരിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ്-19 പകരുമെന്ന് ഭയന്ന് ഖത്തറിൽ നിന്നും വന്ന മകനെ ഉപേക്ഷിച്ച് പിതാവും മാതാവും വീട്ടിൽനിന്നും ഇറങ്ങിപ്പോയി. ഞായറാഴ്ച കരിപ്പൂർ വിമാനത്താവളം വഴി ഖത്തറിൽ നിന്നെത്തിയ മലപ്പുറം അരിയല്ലൂര് സ്വദേശിയായ യുവാവിന് രോഗലക്ഷണമുണ്ടെന്ന് ഭയന്നാണ് സ്വന്തം മാതാവും, പിതാവും മകൻ വീട്ടിലെത്തുന്നതിന്റെ മണിക്കൂറ് മുന്നെ വീട്ടിൽനിന്നും ഇറങ്ങിപ്പോയി മകളുടെ വീട്ടിൽപോയതെന്ന് പരിസര വാസികൾ പറയുന്നു. കരിപ്പൂരിൽ വിമാനമിറങ്ങിയ യുവാവ് ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയമാവുകയും രോഗലക്ഷണങ്ങളില്ലെന്ന് കാണുകയും ചെയ്തിരുന്നു. ഇക്കാര്യം മകൻ മാതാവിനെയും പിതാവിനേയും അവിടെവെച്ചു തന്നെ ഫോണിൽ വിളിച്ചു പറഞ്ഞതായാണ് വിവരം. എന്നാൽ രോഗലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും രണ്ടാഴ്ച ശ്രദ്ധിച്ച് വീട്ടിൽ കഴിയാനും നിർദ്ദേശിച്ചാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലേക്ക് അയച്ചത്. പ്രത്യേകം ശ്രദ്ധചെലുത്തണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ച കാര്യം വീട്ടുകാരെ വിളിച്ചുപറഞ്ഞ യുവാവ് വീട്ടിലെത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട വീടാണ്. പ്രവാസ ജീവിതം കഴിഞ്ഞ് ആശ്വാസത്തിനുവേണ്ടി നാട്ടിൽ തിരിച്ചെത്തിയ യുവാവിനെ സ്വന്തംമാതാപിതാക്കൾ ഉപേക്ഷിച്ചുപോകുന്ന രീതിയാണ് ഇവിടെ സംഭവിച്ചതെന്നു അയൽവാസികൾ തന്നെ പറയുന്നു. നാട്ടിൽ ഏറെ സംസാര വിഷയവും ആയി മാറിയിട്ടുണ്ട് സംഭവം.

അരിയല്ലൂർ വീട്ടിലെത്തിയ ഉടൻ പിതാവും മാതാവും വീടുവിട്ടിറങ്ങി പോയതായി പരിസരവാസികൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അയൽവാസികളായ ചില ബന്ധുക്കളാണ് ഭക്ഷണം എത്തിച്ചു കൊടുത്തതെന്നും നാട്ടുകാർ പറയുന്നു. രോഗമില്ലാത്ത മകൻ വിനയൻ തനിച്ച് വീട്ടിൽ കഴിയേണ്ട സ്ഥിതിയാണുണ്ടായിരിക്കുന്നത്. അതേ സമയം യുവാവ് അപ്രതീക്ഷിതമായാണ് നാട്ടിൽ വന്നത്. ഈ സമയത്ത് ഭാര്യയും കുട്ടിയും അവരുടെ വീട്ടിൽ പോയതായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.

അതേ സമയം ഗൾഫിൽനിന്നും വന്ന ഭർത്താവിനെ ഭാര്യ വീട്ടിൽകയറ്റാതെ ആരോഗ്യവകുപ്പിന്റെ പരിശോധനക്ക് വിധേയനായി വന്നിട്ട് വീട്ടിൽ കയറിയാൽ മതിയെന്ന് വാതിൽതുറക്കാതെ പറയുന്ന വീഡിയോ ട്രോളടക്കം ഇറങ്ങിയത് കഴിഞ്ഞു ദിവസമായിരുന്നു. ഈസംഭവം കോമഡിയായി ഇറക്കിയ വീഡിയോയായിരുന്നെങ്കിലും യഥാർഥത്തിലും സമാനമായ സംഭവമാണു സാക്ഷര കേരളത്തിൽ സംഭവിച്ചിട്ടുള്ളത്. വീട്ടിൽനിന്നും ഇറങ്ങിപ്പോയ മാതാപിതാക്കൾ മറ്റൊരു മകളുടെ വീട്ടിലേക്കാണ് പോയതെന്ന വിവരം പിന്നീട് നാട്ടുകാർ അറിഞ്ഞു. നിലവിൽ വിദേശത്തുനിന്നും വരുന്ന മുഴുവൻപേരെയും വിമാനത്തവളത്തിൽവെച്ചുതന്നെ പരിശോധന നടത്തുകയും പ്രത്യേകിച്ച് ഒന്നും കണ്ടില്ലെങ്കിൽ വീട്ടിൽ ഒരാഴ്ചത്തെ പ്രത്യേക ശ്രദ്ധവേണമെന്നും സംയശയിക്കുന്ന എന്തെങ്കിലും കണ്ടാൽ വിവരം അറിയിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്. ഇത് വിഷയം ഗൗരവമായി കാണാനും സാധ്യതകൾ തള്ളിക്കളയാതിരിക്കാനുംവേണ്ടി മാത്രമാണ്. വള്ളിക്കുന്നിൽ സമാനമായ രീതിയിൽ ഗൾഫിൽനിന്നുംവന്ന പലരും ഇതെ രീതിയിൽ സ്വന്തംവീടുകളിൽ കഴിയുന്നുണ്ട്. ആശങ്കപ്പെടേണ്ട, ജാഗ്രതമതിയെന്ന സന്ദേശം ഉൾക്കൊണ്ട് ഇവരെല്ലാം കഴിയുമ്പോൾ ഇത്തരത്തിൽ നടന്ന സംഭവത്തിനെതിരെ നാട്ടിൽ പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുണ്ട്.

അതേ സമയം കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച് ഒന്നു മുതൽ ഉംറ തീർത്ഥാടനം കഴിഞ്ഞു മലപ്പുറം ജില്ലയിൽ തിരിച്ചെത്തിയവർ ജില്ലാതല കൺട്രോൾ സെല്ലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാകലക്ടർ അറിയിച്ചു. ഇ-മെയിലിൽ പേര്, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ്, പൂർണ്ണമായ മേൽവിലാസം, ഫോൺ നമ്പർ, യാത്ര കഴിഞ്ഞു തിരിച്ചെത്തിയ ദിവസം എന്നീ വിവരങ്ങളാണ് നൽകേണ്ടത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് സർക്കാർ, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ പോകരുത്. കൺട്രോൾ സെല്ലിൽ ഫോൺ വഴി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ജില്ലയിലെ ട്രാവൽ ഏജൻസികൾ വിദേശ യാത്രക്കാരുടെ വിവരങ്ങൾ ജില്ലാ കലക്ടർക്ക് അടിയന്തരമായി കൈമാറണം.ഇതിൽ വീഴ്ച വരുത്തരുതെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകാതെ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം, പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ദേശീയപാതാ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, എൻഎച്ച്എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് കമ്മ്യൂനിറ്റി വിഭാഗം മേധാവി ഡോ. അസ്മ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ തുടങ്ങിയവർ കലക്ടറേറ്റിൽ രാവിലെ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ പങ്കെടുത്തു.

മലപ്പുറത്ത് അരീക്കോട്, വാണിയമ്പലം സ്വദേശിനികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ മാർച്ച് ഒൻപതിന് എയർ ഇന്ത്യയുടെ 960 വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയവരും മാർച്ച് 12ന് എയർ ഇന്ത്യയുടെ 964 വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയവരും രോഗികളുമായി നേരിട്ട് സമ്പർക്ക പുലർത്തിയവരും ഒരു കാരണവശാലും നേരിട്ട് ആശുപത്രിയിൽ പോകരുതെന്ന് ജില്ലാകലക്ടർ കർശനമായി നിർദ്ദേശിച്ചു. അവർ കൺട്രോൾ സെൽ നമ്പറുകളായ 0483-2737858, 0483-2737857, 0483-2733251, 0483-2733252, 0483- 2733253 എന്നിവയുമായി ഉടൻ ബന്ധപ്പെടണമെന്നും കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP