Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നെത്തിയ രണ്ടുസ്ത്രീകൾക്ക്; രണ്ടുപേരും വയോധികർ; ഒരാൾ വിമാനമിറങ്ങിയത് കരിപ്പൂരിലും മറ്റേയാൾ നെടുമ്പാശേരിയിലും; ഇരുവരുടെയും ആരോഗ്യനില തൃപ്തികരം; രോഗികളുമായി ബന്ധപ്പെട്ടവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ

മലപ്പുറത്ത് കോവിഡ്-19 സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നെത്തിയ രണ്ടുസ്ത്രീകൾക്ക്; രണ്ടുപേരും വയോധികർ; ഒരാൾ വിമാനമിറങ്ങിയത് കരിപ്പൂരിലും മറ്റേയാൾ നെടുമ്പാശേരിയിലും; ഇരുവരുടെയും ആരോഗ്യനില തൃപ്തികരം; രോഗികളുമായി ബന്ധപ്പെട്ടവർ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കോവിഡ് 19 ഭീഷണി നിലനിൽക്കെ മലപ്പുറം ജില്ലയിൽ രണ്ടു പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞ് ജിദ്ദയിൽ നിന്നെത്തിയ രണ്ടു സ്ത്രീകൾക്കാണ്.. ഇരുവരും പ്രായമായവരാണ്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിലാണ്. രണ്ടുപേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.

മാർച്ച് ഒമ്പതിന് ജിദ്ദയിൽ നിന്നു കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യയുടെ 960 നമ്പർ വിമാനത്തിലെത്തിയ വണ്ടൂർ വാണിയമ്പലം സ്വദേശിനിക്കും മാർച്ച് 12ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യയുടെ 964 നമ്പർ വിമാനത്തിലെത്തിയ അരീക്കോട് ചെമ്രക്കാട്ടൂർ സ്വദേശിനിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ വിമാനങ്ങളിൽ എത്തിയ യാത്രക്കാരും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം.

വണ്ടൂർ വാണിയമ്പലം സ്വദേശിനി മാർച്ച് 9ന് രാവിലെ 7.30നാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇവിടെ സ്വീകരിക്കാനെത്തിയവർക്കൊപ്പം 10 അംഗ സംഘമായി വാഹനത്തിൽ 10.45ന് ഷാപ്പിൻകുന്നിലെ ബന്ധുവീടിനടുത്തെത്തി. നാലു ബന്ധുക്കളുമായി സമ്പർക്കം പുലർത്തിയ ശേഷം ഉച്ചയ്ക്ക് 12ന് മാട്ടക്കുളത്തെ തറവാട് വീട്ടിൽ സന്ദർശനം നടത്തി. തുടർന്ന് ശാന്തി നഗറിലെ ബന്ധുവീട്ടിൽ സന്ദർശിച്ച ശേഷം വൈകുന്നേരം നാലുമണിക്കാണ് വണ്ടൂർ വാണിയമ്പലത്തെ സ്വന്തം വീട്ടിലെത്തിയത്.

മാർച്ച് 12ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അരീക്കോട് സ്വദേശിനി രാവിലെ 7.30ന് വിമാനത്താവളത്തിലെത്തി. അവിടെനിന്ന് ബെൻസി ട്രാവൽസിന്റെ ബസിൽ 40 പേർക്കൊപ്പം യാത്ര ചെയ്ത് ഉച്ചക്ക് 2.30ന് കരിപ്പൂർ ഹജ്ജ് ഹൗസിനടുത്തുള്ള ബസ് സ്റ്റോപ്പിലിറങ്ങി. തുടർന്ന് സ്വന്തം കാറിൽ യാത്ര ചെയ്താണ് അരീക്കോട് ചെമ്രക്കാട്ടൂരിലെ സ്വന്തം വീട്ടിലെത്തിയത്. കോവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതോടെ ഇരുവരും മാർച്ച് 13ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുകയും ഐസൊലേഷൻ വാർഡിൽ പ്രത്യേക നിരീക്ഷണത്തിൽ തുടരുകയുമാണ്.

വൈറസ്ബാധ സ്ഥിരീകരിച്ചയുടൻ ജില്ലാ കലക്ടർ ജാഫർ മലികിന്റെ നേതൃത്വത്തിൽ ജില്ലാതല മുഖ്യ സമിതി പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഉംറ തീർത്ഥാടനത്തിനു ശേഷം മടങ്ങിയ ഇരുവരും നേരിട്ടു ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ പേരിലേക്കു വൈറസ് പടരാതിരിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

വൈറസ് ബാധ സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനങ്ങളിൽ യാത്ര ചെയ്തവരും നേരിട്ടു സമ്പർക്കം പുലർത്തിയവരും ജില്ലാതല കൺട്രോൾ സെല്ലുമായി ഫോണിൽ ബന്ധപ്പെടണം. കൺട്രോൾ സെൽ നമ്പർ 0483 2737858, 0483 2737857, 0483 2733251, 0483 2733252, 0483 2733253. ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.ജില്ലാ പൊലീസ് സൂപ്രണ്ട് യു. അബ്ദുൾ കരീം, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ പി.എൻ. പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാർ, എൻഎച്ച്എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. ഷിബുലാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP