Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202119Monday

പനി കുറഞ്ഞെന്നും തങ്ങൾക്ക് പോയേ തീരു എന്നും ബ്രിട്ടീഷുകാരനും കൂട്ടരും വാശിപിടിച്ചപ്പോൾ പിടിവിട്ട് റിസോർട്ട് മാനേജർ; യാത്രയ്ക്ക് എല്ലാ സൗകര്യവും ചെയ്തത് തിരുവനന്തപുരത്തെ ജയശ്രീ ട്രാവൽസ്; മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് രാത്രി 10ന നൽകിയ നിർദ്ദേശം പോലും അവഗണിച്ചത് ഗുരുതര വീഴ്ച; വിവരം അറിയിക്കുന്നതിൽ അലംഭാവം കാട്ടിയ റിസോർട്ട് മാനേജർ കസ്റ്റഡിയിൽ; വിദേശികൾ മുങ്ങിയ സംഭവത്തിൽ വിവിധ വകുപ്പുകളോട് വിശദീകരണം തേടി മുഖ്യമന്ത്രി

പനി കുറഞ്ഞെന്നും തങ്ങൾക്ക് പോയേ തീരു എന്നും ബ്രിട്ടീഷുകാരനും കൂട്ടരും വാശിപിടിച്ചപ്പോൾ പിടിവിട്ട് റിസോർട്ട് മാനേജർ; യാത്രയ്ക്ക് എല്ലാ സൗകര്യവും ചെയ്തത് തിരുവനന്തപുരത്തെ ജയശ്രീ ട്രാവൽസ്; മുറിയിൽ നിന്ന് പുറത്തിറങ്ങരുതെന്ന് രാത്രി 10ന നൽകിയ നിർദ്ദേശം പോലും അവഗണിച്ചത് ഗുരുതര വീഴ്ച; വിവരം അറിയിക്കുന്നതിൽ അലംഭാവം കാട്ടിയ റിസോർട്ട് മാനേജർ കസ്റ്റഡിയിൽ; വിദേശികൾ മുങ്ങിയ സംഭവത്തിൽ വിവിധ വകുപ്പുകളോട് വിശദീകരണം തേടി മുഖ്യമന്ത്രി

പ്രകാശ് ചന്ദ്രശേഖർ

മൂന്നാർ: കൊറോണ ബാധിതനെന്ന് സ്ഥിരീകരിച്ച വിദേശിയുടെയും ഒപ്പമുള്ളവരുടെയും യാത്ര ക്രമീകരിച്ചത് തിരുവനന്തപുരത്തെ ജയശ്രീ ട്രാവൽസ്. മുറിയിൽ നിന്ന് ഇറങ്ങരുതെന്ന് രാത്രി 10-നും ആരോഗ്യവകുപ്പധികൃതർ നിർദ്ദേശം നൽകിയിരുന്നെന്നും ഇത് അവഗണിച്ചാണ് രോഗബാധിതനും ഭാര്യയുമടക്കമുള്ള 19 പേർ റിസോർട്ട് വിട്ടതെന്നും വ്യക്തമായി. വിദേശി റിസോർട്ട് വിട്ട കാര്യം ആരോഗ്യവകുപ്പധികൃതർ അറിയുന്നത് ഇന്ന് രാവിലെ സ്ഥിതിഗതികളറിയാൻ വിളിച്ചപ്പോഴെന്നും സ്ഥിരീകരണം.

 

സംഭവം വിവാദമായ പശ്ചാത്തലത്തിൽ സർക്കാർ ഏറെ ഗൗരവത്തോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ജില്ലാ ഭരണകൂടം നടത്തിയ അന്വേഷണത്തിലാണ് യാത്ര ചെയ്ത വാഹനത്തെക്കുറിച്ചും ടൂർ ഓപ്പറേറ്ററെക്കുറിച്ചും വിവരങ്ങൾ ലഭ്യമായിട്ടുള്ളത്. ഇന്നലെ രാത്രി 10 മണിയോടെ ഡി എം ഒ യുടെ നിർദ്ദേശ പ്രകാരം ആരോഗ്യവകുപ്പധികൃതർ റിസോർട്ട് മാനേജരെ ഫോണിൽ ബന്ധപ്പെടുകയും പരിശോധനയുടെ റിസൽട്ട് ലഭിക്കാതെ ആരെയും ഇവിടെ നിന്ന് അയക്കരുതെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

11-ാം തീയതി മുതൽ അനുദിനം രോഗബാധിതനായ വിദേശിയുടെ ആരോഗ്യസ്ഥിതി ആരോഗ്യവകുപ്പധികൃതർ രേഖരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ ആരോഗ്യവകുപ്പ് ജീവനക്കാർ റിസോർട്ടിലേയ്ക്ക് വിളിച്ചെന്നും അപ്പോൾ മാത്രമാണ് വിദേശികൾ റിസോർട്ട് വിട്ടകാര്യം റിസോർട്ട് മാനേജർ വെളിപ്പെടുത്തിയതെന്നും ഇതാണ് സ്ഥിതിഗതികൾ കൂടുതൽ ഇത്രയും വഷളാവാൻ കാരണമെന്നും ദേവികുളം സബ്ബ്കളക്ടർ അറിയിച്ചു.

തന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായി എന്നും തങ്ങൾക്ക് പോകേണ്ടത് അത്യാവശ്യമാണെന്നും മറ്റും പനി പിടിപെട്ട് ചികത്സയിലായിരുന്ന ആൾ റിസോർട്ട് മാനേജരോട് വ്യക്തമാക്കിയിരുന്നു. കൂട്ടത്തിലുണ്ടായിരുന്നവരും തിരിച്ചുപോകണമെന്ന കാര്യത്തിൽ പിടിവാശിയിലായിരുന്നു. ആരോഗ്യവകുപ്പധികൃതരുടെ നിർദ്ദേശം അവഗണിച്ച് റിസോർട്ട് മാനേജർ ഇവരെ പോകാൻ അനുവദിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്നും വിദേശികൾ റിസോർട്ട് വിട്ട കാര്യം യഥാസമയം ആരോഗ്യവകുപ്പധികൃതരെ അറിയിച്ചു എന്നുള്ള റിസോർട്ട് മാനേജരുടെ വെളിപ്പെടുത്തൽ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവരുടെ യാത്ര മാപ്പ് തയ്യാറാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്. കൊറോണ ഭീതിയകറ്റുന്നതിന് ബോധവൽക്കരണം കാര്യക്ഷമമാക്കാനും ഇന്ന് മൂന്നാറിൽ മന്ത്രി എം എം മണിയുടെ നേതൃത്വത്തിൽച്ചേർന്ന യോഗത്തിൽ തീരുമാനമായി. ഇതിന്റെ ഭാഗമായി ആനച്ചാലിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. റിസോർട്ട് മാനേജരും ടൂർ ഏജൻസിയും ഈ സംഭവത്തിൽ കാര്യമായ വീഴ്ചയാണ് വരുത്തിയിട്ടുള്ളതെന്നും ഇത് സംമ്പന്ധിച്ച് ചീഫ് സെക്രട്ടിക്ക് ഇടുക്കി ജില്ലാ കളക്ടർ പരമാവധി വേഗത്തിൽ റിപ്പോർട്ട് സമർപ്പി്ക്കുമെന്നുമാണ് അറിയുന്നത്.

റിസോർട്ട് മാനേജർ കസ്റ്റഡിയിൽ

ടീ കൗണ്ടി റിസോർട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശ വിനോദ സഞ്ചാരികളെ വിട്ടയച്ച സംഭവത്തിൽ റിസോർട്ടിന്റെ മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിക്കുന്നതിൽ ഗുരുതരമായ അലംഭാവം കാട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി.

സംഭവവികാസങ്ങളെ തുടർന്ന് വിദേശി താമസിച്ച ടീ കൗണ്ടി അടച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്നാണ് തീരുമാനം. മൂന്നാറിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി വിശദീകരണം തേടി

ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദേശികൾ മുങ്ങിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിവിധ വകുപ്പുകളോട് വിശദീകരണം തേടി.

കർശന നിരീക്ഷണത്തിൽ കഴിയവെ തന്നെയാണ് അധികൃതരുടെ കണ്ണ് വെട്ടിച്ച് സംഘം നെടുന്പാശേരിയിൽ എത്തിയത്. സ്വകാര്യ ട്രാവൽ ഏജന്റിന്റെ ഒത്താശയോടെയാണ് വിദേശികൾ ഇവിടെനിന്നും കടന്നതെന്നാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും ലഭിച്ച വിവരം. സഹായിച്ചവർക്കെതിരേ കർശന നടപടി എടുക്കാനും സാധ്യതയുണ്ട്.

മൂന്നാറിൽ വിദേശ ബുക്കിങ് നിർത്തി

മൂന്നാറിൽ ഹോം സ്റ്റേകളിലും റിസോർട്ടുകളിലും വിദേശ ബുക്കിങ് നിർത്തിവയ്ക്കും.ഹോം സ്റ്റേകൾ പരിശോധിച്ച് പട്ടിക തയാറാക്കാൻ തീരുമാനം. നിർദ്ദേശം ലംഘിക്കുന്ന റിസോർട്ടുകൾക്കും ഹോം സ്റ്റേകൾക്കുമെതിരേ നടപടി സ്വീകരിക്കും. സഞ്ചാരികൾ കൂടുതലെത്തുന്ന ആനച്ചാലിലും പള്ളി വാസലിലും ചിന്നക്കനാലിലാം ഇന്നും നാളെയുമായി അടിയന്തിര യോഗം ചേരും.

നിലവിലുള്ള വിനോദ സഞ്ചാരികൾക്ക് എല്ലാ സംരക്ഷണവും നൽകും. രോഗലക്ഷണങ്ങൾ ആർക്കെങ്കിലും കണ്ടാൽ ഉടൻ ആരോഗ്യ വകുപ്പ് പ്രവർത്തകരെ അറിയിക്കണം. ബ്രിട്ടീഷുകാരനും സംഘവും പോയ ഇടങ്ങളിൽ നിരീക്ഷണവും പരിശോധനയും നടത്തും. .ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പിൾ പരിശോധനക്കെടുക്കും. മൂന്നാറിലേക്ക് വാഹനങ്ങളിൽ എത്തുന്നവരെ പുറത്തിറക്കി പരിശോധിക്കും. ഇതിനായി നാല് സംഘങ്ങളെ നിയോഗിച്ചു. മൂന്നാർ ടീ കൗണ്ടിയിലെ ബ്രിട്ടീഷ് സംഘത്തെ വിട്ടയച്ചത് കെടിഡിസിയിലെ ഉന്നതന്റെ സമ്മർദത്തെ തുടർന്നെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP