Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് 19: കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു; മാസ്‌ക് പൂഴ്‌ത്തിവെയ്പ് തടയാൻ സർജിക്കൽ വിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; എംപ്ലോയ്മെന്റ് ഓഫീസുകളിൽ സന്ദർശകർക്ക് നിയന്ത്രണം; ജില്ലയിലാകെ 606 പേർ നിരീക്ഷണത്തിൽ

കൊവിഡ് 19: കോഴിക്കോട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു; മാസ്‌ക് പൂഴ്‌ത്തിവെയ്പ് തടയാൻ സർജിക്കൽ വിൽപ്പന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; എംപ്ലോയ്മെന്റ് ഓഫീസുകളിൽ സന്ദർശകർക്ക് നിയന്ത്രണം; ജില്ലയിലാകെ 606 പേർ നിരീക്ഷണത്തിൽ

ജാസിം മൊയ്ദീൻ

 കോഴിക്കോട്: കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂർ ബീച്ച്, സരോവരം ബയോ പാർക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാൻഡ്ബാങ്ക്‌സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്. അടുത്ത നിർദ്ദേശം ലഭിക്കുന്നതുവരെ സന്ദർശകരെ അനുവദിക്കില്ലെന്ന് ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു.

മാസ്‌ക്കിന് അമിത വില ഈടാക്കുന്നത് സംബന്ധിച്ചും ആവശ്യത്തിന് മാസ്‌ക്കുകൾ ലഭ്യമാവുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലും വടകരയിലെ ഹോൾസെയിൽ സർജിക്കൽ വിൽപന ശാലകളിലും മെഡിക്കൽഷോപ്പുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. വടകര താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വീരഞ്ചേരിയിലെ മൂന്ന് മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതിൽ ഒരിടത്ത് മാത്രമേ മാസ്‌ക്ക് സ്റ്റോക്കുള്ളൂവെന്ന് കണ്ടെത്തി.

ആവശ്യത്തിന് മാസ്‌ക്ക് ലഭ്യമാക്കാനും അമിത വില ഈടാക്കാതിരിക്കാനും നിലവിലെ സ്റ്റോക്ക് മെഡിക്കൽ ഷോപ്പുകളിൽ ഉടനെ എത്തിക്കാനും നിർദ്ദേശിച്ചു. ആറു രൂപക്ക് വിൽപന നടത്തിയിട്ടുള്ള സാധാരണ മാസ്‌ക്കിന് ചില മെഡിക്കൽ ഷോപ്പുകൾ നിലവിൽ ഇരുപത് രൂപ വരെ ഈടാക്കുന്നതായി പരാതി ഉയർന്നിരുന്നു. മൊത്ത വ്യാപാരികൾ വില കൂട്ടിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മെഡിക്കൽ ഷോപ്പുടമകൾ അറിയിച്ചു. നിർമ്മാതാക്കൾ വില കൂട്ടിയതിനാലാണെന്ന് മൊത്ത വ്യപാരികളും അറിയച്ചു. വില കുറക്കാനായി വ്യാപാരികൾക്ക് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അമിത വില ഈടാക്കിയ മെഡിക്കൽ ഷോപ്പുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. അന്വേഷണങ്ങൾ ടെലിഫോൺ മുഖേന മാത്രമേ നടത്താവൂ. ഫോൺനമ്പറുകൾ: കോഴിക്കോട് - 04952370179 വടകര- 04962523039 ബാലുശ്ശേരി- 04962640170 കൊയിലാണ്ടി- 04962630588 താമരശ്ശേരി- 0495-2225995 കരിയർ ഡവലപ്പ്മെന്റ് സെന്റർ പേരാമ്പ്ര- 0496 2615500. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൽ ഓൺലൈനായി നടത്തണം. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവയും ഓൺലൈൻ ആയി നടത്തണം. സ്മാർട്ട് ഫോൺ ഉപയോഗിച്ച് ഇക്കാര്യങ്ങൾ ചെയ്യവുന്നതാണ്. കൊറോണ ജാഗ്രതാ ദിവസങ്ങൾക്കു ശേഷം 90 ദിവസത്തിനുള്ളിൽ എംപ്ലോയ്മെന്റ് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മതിയാവുമെന്നും ക്രമീകരണങ്ങളോട് സഹകരിക്കണമെന്നും ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അഭ്യർത്ഥിച്ചു.
അതേ സമയം ജില്ലയിൽ പുതുതായി 109 പേർ ഉൾപ്പെടെ ആകെ 606 പേർ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജയശ്രീ അറിയിച്ചു.മെഡിക്കൽ കോളേജിൽ നാലു പേരും ബീച്ച് ആശുപത്രിയിൽ മൂന്നു പേരും ഉൾപ്പെടെ ആകെ ഏഴു പേരാണ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജിൽ നിന്ന് ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു. നാലു സ്രവ സാംപിൾ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 68 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 61 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. എല്ലാം നെഗറ്റീവ് ആണ്. ഇനി ഏഴുപേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാൻ ബാക്കിയുണ്ട്. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ നാലു പേർക്ക് കൗൺസിലിങ് നൽകിയതായും ഡിഎംഒ അറിയിച്ചു.

ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ യോഗം ഡി.എം.ഒ യുടെ അധ്യക്ഷതയിൽ ചേർന്നു. ബ്ലോക്ക് തലത്തിലും നടത്തി വരുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ഹെൽപ് ഡെസ്‌ക്ക് സംവിധാനം നാളെ മുതൽ ആരംഭിക്കാൻ തീരുമാനിച്ചു. സൂം വീഡിയോ കോൺഫറൻസിലൂടെ ഒൻപത് ബ്ലോക്ക് പി.എച്ച്.സി. യുടെ പരിധിയിലുള്ള 35 പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്ക് രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവരുടെയും അവരുമായി സമ്പർക്കത്തിൽ വന്നവരുടെയും ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണം ഊർജ്ജിതമാക്കാൻ നിർദ്ദേശം നൽകി. ജില്ലാ, താലൂക്ക്, ജനറൽ ആശുപത്രികളിൽ ട്രയാജ് സംവിധാനം ഏർപ്പെടുത്തിയതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP