Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കോവിഡിനെ ചെറുക്കാൻ സംസ്ഥാനത്ത് നാല് മേഖലകൾ; ചുവപ്പ് മേഖലയിൽ കർശന നിയന്ത്രണങ്ങളും മറ്റ് മൂന്ന് മേഖലകളിൽ ഭാഗിക ഇളവുകളും; ചുവപ്പ് മേഖലയിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകൾ; തിങ്കളാഴ്ച മുതൽ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാം; നിന്നുള്ള യാത്രകൾക്ക് വിലക്ക്; ജില്ല വിട്ടുള്ള യാത്രകൾക്ക് വിലക്ക് തുടരുമെന്നും മാർഗ്ഗരേഖയിൽ

കോവിഡിനെ ചെറുക്കാൻ സംസ്ഥാനത്ത് നാല് മേഖലകൾ; ചുവപ്പ് മേഖലയിൽ കർശന നിയന്ത്രണങ്ങളും മറ്റ് മൂന്ന് മേഖലകളിൽ ഭാഗിക ഇളവുകളും; ചുവപ്പ് മേഖലയിൽ കാസർഗോഡ് കണ്ണൂർ കോഴിക്കോട് മലപ്പുറം ജില്ലകൾ; തിങ്കളാഴ്ച മുതൽ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിൽ കെഎസ്ആർടിസി ബസുകൾ ഓടിക്കാം; നിന്നുള്ള യാത്രകൾക്ക് വിലക്ക്; ജില്ല വിട്ടുള്ള യാത്രകൾക്ക് വിലക്ക് തുടരുമെന്നും മാർഗ്ഗരേഖയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡിനെ ചെറുക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ നാല് മേഖലകളാക്കി തിരിച്ച് സർക്കാർ ഉത്തരവിറക്കി. റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീൻ എന്നിങ്ങനെ നാല് മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ചുവപ്പ് മേഖലയിൽ കർശന നിയന്ത്രണങ്ങളും മറ്റ് മേഖലകളിൽ നിയന്ത്രണങ്ങളിൽ ഭാഗിക ഇളവുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ ചുവപ്പ് മേഖല ഒഴികെയുള്ള ജില്ലകളിൽ കെഎസ്ആർടിസി വാഹനങ്ങൾ ഓടിക്കാം. ബസിൽ നിന്നുള്ള യാത്രകൾക്ക് നിയന്ത്രണം ഉണ്ടാകും. ടൂവീലറുകളിൽ കുടുംബാംഗങ്ങളാണെങ്കിൽ രണ്ടു പേർക്ക് സഞ്ചരിക്കാം. ഓറഞ്ച് എ, ബി മേഖലകളിൽ സിറ്റി ബസുകൾ ഓടിക്കാം. ഒരുട്രിപ്പ് 60 കിലോമീറ്ററിൽ കൂടരുത്. അതിർത്തി കടക്കാനും പാടില്ല. യാത്രക്കാർ നിർബന്ധമായി മാസ്‌ക് ധരിക്കുകയും വേണം.

ചുവപ്പ് മേഖലയിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണുള്ളത്. ഈ നാല് ജില്ലകളിലും തീവ്ര രോഗബാധയുള്ള ഹോട്ട് സ്‌പോട്ടുകൾ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. ഈ വില്ലേജുകൾക്ക് എൻട്രി പോയിന്റ്, എക്‌സിറ്റ് പോയിന്റ് ഇവ ഉണ്ടായിരിക്കും. ഇവ ഒഴികെ വില്ലേജുകളിലേക്കുള്ള മറ്റ് വഴികൾ എല്ലാം അടയ്ക്കും. ഭക്ഷ്യ വസ്തുക്കളും മറ്റും സർക്കാർ അനുവദിക്കുന്ന ഈ പോയിന്റുകളിലൂടെയാണ് എത്തിക്കുക.

ഓറഞ്ച് എ മേഖലയിൽ പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളാണുള്ളത്. ഈ ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത രീതിയിൽ ലോക്ക് ഡൗൺ തുടരും. ഹോട്ട് സ്‌പോട്ടായ പ്രദേശങ്ങൾ കണ്ടെത്തി അവ അടച്ചിടും. ഏപ്രിൽ 24 ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.

ഓറഞ്ച് ബി സോണിൽ ആലപ്പുഴ തിരുവനന്തപുരം പാലക്കാട് വയനാട് തൃശൂർ ജില്ലകളാണ് ഉൾപ്പെടുന്നത്. മൂന്നാമത്തെ മേഖലയായ ഇവിടെ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. ഈ ജില്ലകളിലെ ഭക്ഷണ ശാലകൾ ഉൾപ്പെടെയുള്ളവ വൈകിട്ട് ഏഴുമണിവരെ അനുവദിക്കും. എന്നാൽ ഹോട്ട് സ്‌പോട്ടായ വില്ലേജുകൾ കണ്ടെത്തി അവ അടച്ചിടും.

സുരക്ഷിത മേഖലയായി തിരിച്ചിരിക്കുന്ന (ഗ്രീൻ) കോട്ടയം, ഇടുക്കി ജില്ലകളിൽ തിങ്കളാഴ്ച മുതൽ കാര്യമായ ഇളവുകൾ ഉണ്ടാകും. ഇതിൽ ഇടുക്കി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായുണ്ട്. ഈ രണ്ടുജില്ലകൾ തമ്മിൽ ജില്ല വിട്ടുള്ള യാത്രകൾ അനുവദിക്കില്ല. ഈ ജില്ലകളിൽ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദേശിക്കുന്നത്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്കും ഇളവുണ്ടാകും. ഒറ്റയക്ക നമ്പറുള്ള വാഹനങ്ങൾ തിങ്കൾ ബുധൻ വെള്ളി എന്നീ ദിവസങ്ങളിൽ ഓടിക്കാം. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങളും നിരത്തിലിറക്കാം.

നാല് ചക്ര വാഹനത്തിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു. ഇരുചക്ര വാഹനത്തിൽ ഒരാൾ മാത്രം. ഓറഞ്ച് എ,ബി വിഭാഗത്തിൽ സിറ്റി ബസ് അനുവദിക്കും.

ഇളവുകൾ ഇങ്ങനെ:

നിർമ്മാണ മേഖലയിലെ പ്രവൃത്തികൾക്ക് ഇളവ്. ഹോട്‌സ്‌പോട്ട് മേഖല ഒഴിവാക്കി, കേന്ദ്ര മാർഗ നിർദ്ദേശം അനുസരിച്ച് നിർമ്മാണ മേഖലയിൽ പ്രവർത്തനം പുനഃരാരംഭിക്കും. ശാരീരിക അകലം പാലിക്കണം. തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിർബന്ധം. തൊഴിൽ ഉടമയാണ് ഇതു ചെയ്യേണ്ടത്.

വ്യവസായ മേഖലയിൽ കേന്ദ്ര നിർദ്ദേശം അനുസരിച്ച് പ്രവർത്തനം ആരംഭിക്കും. കേരളത്തിൽ കയർ, കശുവണ്ടി, ഖാദി മേഖലകളിലും പ്രവർത്തനം പുനഃരാരംഭിക്കും. ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളിൽ വ്യവസായ ശാലകൾ പ്രവർത്തിക്കാം. പ്രത്യേക എൻട്രി പോയിന്റുകൾ ഉണ്ടാകും. തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന നിർബന്ധം. തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സ്ഥലം ഏർപ്പെടുത്തണം. ജീവനക്കാർക്ക് വരുന്നതിന് വാഹന സൗകര്യം ഒരുക്കണം. കൂടുതൽ തൊഴിലാളികൾ ഉണ്ടെങ്കിൽ 50% ആളുകളെയേ ഒരു സമയം പ്രവർത്തിപ്പിക്കാവൂ.

റബർ സംസ്‌കരണ യൂണിറ്റുകൾക്ക് പ്രവർത്തനത്തിന് അനുമതി

കാർഷികവൃത്തി കേന്ദ്ര മാനദണ്ഡം അനുസരിച്ച് അനുവദിക്കും. വിത്തിടാൻ പാടശേഖരം ഒരുക്കാനും കാർഷിക ഉൽപന്നങ്ങൾ സംഭരിച്ച് മാർക്കറ്റിൽ എത്തിച്ച് വിൽപന നടത്താനും അനുമതി. ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, ഓയിൽ മിൽ, ഫ്‌ളവർ മിൽ, വെളിച്ചെണ്ണ ഉൽപാദന ഫാക്ടറിൽ എന്നിവയ്ക്കു പ്രവർത്തിക്കാം. കാർഷിക വിളകളുമായി ബന്ധപ്പെട്ട മൂല്യവർധിത യൂണിറ്റുകൾക്കും പ്രവർത്തിക്കാം. വളം, വിത്ത് വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകും.

സഹകരണ സ്ഥാപനങ്ങൾ മിനിമം ജീവനക്കാരെവച്ച് പ്രവർത്തിക്കാം. പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കൃഷിഭവൻ, അക്ഷയ കേന്ദ്രങ്ങൾ എന്നിവ തുറന്ന് പ്രവർത്തിപ്പിക്കും. ജനങ്ങൾക്കുള്ള സേവനം മുടങ്ങാൻ അനുവദിക്കില്ല.

50% തൊഴിലാളികളുമായി തോട്ടങ്ങൾക്ക് പ്രവർത്തിക്കാം. കേന്ദ്രപട്ടികയിൽ ഏലത്തോട്ടവും ഉൾപ്പെടുത്തി.ആശുപത്രി, ലാബുകൾ, ക്ലിനിക്കുകൾ, ഫിസിയോ തെറപ്പി കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും.

തദ്ദേശ സ്വയംഭരണ അതിർത്തിയിൽ ടെലി മെഡിസിൻ സൗകര്യം ഉണ്ടാകും. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനാണ് ചുമതല. രോഗിയെ നേരിട്ട് കാണമെങ്കിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ വാഹനം ഉപയോഗിക്കാം. കൂടുതൽ രോഗികൾ ഉണ്ടെങ്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് ഉപയോഗിക്കാം. ഇതിന് സ്വകാര്യ ആശുപത്രികളുടെ സേവനം തേടാം.

ആയുർവേദ, ഹോമിയോ ആശുപത്രികൾ, മരുന്നു കടകൾ തുറക്കാം.

തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കും. കൂട്ടംകൂടാൻ അനുവദിക്കില്ല. ഒരു ടീമിൽ 5 പേരേ പാടുള്ളൂ.

ആയുർവേദ, ഹോമിയോ മരുന്ന് കമ്പനികൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം.

ബാർബർ ഷോപ്പുകൾ മെയ്‌ 3വരെ ശനി, ഞായർ ദിവസങ്ങളിൽ പ്രവർത്തിക്കാം. എസി പാടില്ല. 2 പേരിൽ കൂടുതൽ ഷോപ്പിൽ കാത്തിരിക്കാൻ പാടില്ല.

വാതിൽപടി സേവനം ചെയ്യുന്ന പ്ലമർ, ഇലക്ട്രീഷ്യൻ, കംപ്യൂട്ടർ ടെക്‌നിഷ്യൻ എന്നിവർ ശാരീരിക അകലം പാലിക്കണം.

മെയ്‌ 3 വരെ അടച്ചിടേണ്ട സ്ഥാപനങ്ങൾ വൃത്തിയാക്കാനും ക്രമീകരണം നടത്താനും ഒരു ദിവസത്തേക്ക് അനുമതി.

ഏപ്രിൽ 20ന്‌ശേഷം ഒറ്റ അക്കം, ഇരട്ട അക്കം എന്ന നിലയിൽ വാഹനങ്ങൾ ഓടാം. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് ഇളവുകൾ ഉണ്ടാകും. വാഹനക്കച്ചവടക്കാരുടെ കയ്യിലുള്ള വാഹനങ്ങൾ സ്റ്റാർട്ടാക്കാൻ ഒരു ദിവസം അനുമതി. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന കടകൾ, പ്രൈവറ്റ് ബസുകൾ തുടങ്ങിയവർക്ക് ഈ അവസരം ഉപയോഗിക്കാം.

ഓല, ഓട് മേഞ്ഞ വീടുകൾക്ക് അറ്റക്കുറ്റപ്പണിക്ക് അനുമതി

കിണറുകൾ വൃത്തിയാക്കാൻ അനുമതി.

കാസർകോട്, കണ്ണൂർ ജില്ലകളിൽനിന്ന് കശുവണ്ടി കൊല്ലത്ത് എത്തിക്കാൻ അനുമതി.

മെയ്‌ 15 വരെ അങ്കണവാടി കുട്ടികൾക്ക് ഭക്ഷണം വീടുകളിലെത്തിക്കും.

കേരള ബാങ്കിന്റെ 779 ശാഖകളിലൂടെ പ്രവാസികൾക്ക് പ്രത്യേക സ്വർണപണയ വായ്പാ പദ്ധതി. 3% പലിശയ്ക്ക് പരമാവധി 50,000 രൂപവരെ വായ്പ നൽകും. പ്രൊസസിങ് ചാർജ് ഈടാക്കില്ല. വായ്പയുടെ കാലാവധി നാല് മാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP