Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

കോവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ആൾ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയെന്ന വാർത്ത ആരുതന്നു? കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി ഇടപെട്ട ഡോക്ടർ നിരീക്ഷണത്തിൽ എന്നാരു പറഞ്ഞു? കോവിഡ് 19 റിപ്പോർട്ടിങ്ങിൽ ഒരു ഭാഗത്ത് മുഖ്യമന്ത്രി മാധ്യങ്ങളെ പ്രശംസിക്കുന്നതിനിടെ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്താൻ പൊലീസിന്റെ ഭീഷണി; ജന്മഭൂമി ലേഖകന്റെ മൊബൈൽ കസ്റ്റഡിയിൽ എടുത്തതിന് പുറമേ അറസ്റ്റ് ഭീഷണിയും

കോവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന ആൾ കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയെന്ന വാർത്ത ആരുതന്നു? കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി ഇടപെട്ട ഡോക്ടർ നിരീക്ഷണത്തിൽ എന്നാരു പറഞ്ഞു? കോവിഡ് 19 റിപ്പോർട്ടിങ്ങിൽ ഒരു ഭാഗത്ത് മുഖ്യമന്ത്രി മാധ്യങ്ങളെ പ്രശംസിക്കുന്നതിനിടെ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്താൻ പൊലീസിന്റെ ഭീഷണി; ജന്മഭൂമി ലേഖകന്റെ മൊബൈൽ കസ്റ്റഡിയിൽ എടുത്തതിന് പുറമേ അറസ്റ്റ് ഭീഷണിയും

ആർ പീയൂഷ്

കൊച്ചി: കോവിഡ് 19 കാലത്ത് സർക്കാർ മാത്രമല്ല മാധ്യമങ്ങളും അതീവജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്. മാധ്യമങ്ങളുടെ പങ്കിനെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രശംസിക്കുകയും ചെയ്തു. എന്നാൽ, കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നൽകിയ വാർത്തകളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവർത്തകരെ പൊലീസ് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണ്. ജന്മഭൂമി ലേഖകന്റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. വാർത്താ ഉറവിടം വെളിപ്പെടുത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നാണ് മറ്റു മാധ്യമങ്ങളുടെ ലേഖകരെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

വാർത്തയുടെ ഉറവിടം തേടി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസിന്റെ അറസ്റ്റ് ഭീഷണിയുടെ തുടർന്ന് ജന്മഭൂമി ലേഖകൻ ഒളിവിലാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണെന്നാണ് വിശദീകരണം. ജന്മഭൂമിയുടെ കളമശേരി ലേഖകൻ എസ്. ശ്രീജിത്തിനു നേരേയാണ് ഭീഷണി.

കോവിഡ് സംശയിച്ച് നിരീക്ഷണത്തിലായിരുന്നയാൾ കഴിഞ്ഞ രണ്ടിന് മെഡിക്കൽ കോളജിൽനിന്ന് ചാടിപ്പോയി, കോവിഡ് സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളുമായി ഇടപെട്ട ഡോക്ടർ നിരീക്ഷണത്തിൽ തുടങ്ങിയ വാർത്തകൾ റിപ്പോർട്ടു ചെയ്തതിന്റെ പേരിലാണ് നടപടി. കോളജ് പ്രിൻസിപ്പലും ആർഎംഒയുമാണ് കേസിലെ പരാതിക്കാർ എന്നാണ് സൂചന. അതേസമയം, ആരാണു പരാതിക്കാരെന്നു വെളിപ്പെടുത്താൻ പൊലീസും തയാറായിട്ടില്ല.

സംഭവത്തെ കുറിച്ച് ജന്മഭൂമി നൽകുന്ന വിശദീകരണം ഇങ്ങനെ:' കോവിഡ് 19 സംശയിച്ച് വിമാനയാത്രക്കാരെ പരിശോധിച്ച് ആവശ്യമെങ്കിൽ നിരീക്ഷണത്തിൽ വയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരുന്നത് എറണാകുളം കളമശേരി മെഡിക്കൽ കോളെജിലായിരുന്നു. നിരീക്ഷണത്തിലിരുന്നയാൾ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കേരളത്തിലെ ആദ്യസംഭവവും കളമശേരിയിൽ ആയിരുന്നു. ഈ സംഭവത്തിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ രക്ഷപ്പെട്ടെന്നും ആളെ ഉടൻ കണ്ടു പിടിച്ചില്ലെങ്കിൽ സാമൂഹ്യ പ്രശ്നമാകുമെന്നും നടപടി ഉടൻ വേണമെന്നും ജില്ലാ കളക്ടർക്ക് രേഖാമൂലം ജില്ലാ മെഡിൽ ഓഫീസർ അറിയിപ്പു നൽകി. ഇതിന്റെ പകർപ്പു സഹിതം ജന്മഭൂമി ഓൺലൈനിൽ മാർച്ച് രണ്ടിന് രാത്രിതന്നെ കളമശേരി പ്രദേശിക ലേഖകൻ എസ്. ശ്രീജിത്ത് നൽകിയ വാർത്ത പ്രസിദ്ധീകരിച്ചു. സമൂഹത്തെ ജാഗ്രതപ്പെടുത്താനും ചാടിപ്പോയ ആളിനു തന്നെ ഗൗരവം മനസിലാക്കാനുമാണ് വാർത്ത പ്രസിദ്ധീകരിച്ചത്. വാർത്തയുടെ ആധികാരികതയ്ക്ക് ബന്ധപ്പെട്ട ഉത്തരവും ചേർത്തു. സംഭവം നടന്നു വൈകാതെ ഇയാൾ തിരികെ എത്തിയിരുന്നു. ആ വാർത്തയും പ്രസിദ്ധീകരിച്ചു. പിറ്റേന്ന് ജില്ലാ കളക്ടറും ഡിഎംഒയും സംഭവം വിശദീകരിച്ചു, ഔദ്യോഗികമായി ശരിവെക്കുകയും സംസ്ഥാന സർക്കാർ ഔദ്യോഗിക പത്രക്കുറിപ്പിറക്കുകയും ചെയ്തു.

എന്നാൽ, ഇതിനിടെ ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി. കൊറോണ പടരാതിരിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ പാളിച്ചയുണ്ടായത് വിമർശനത്തിനിടയാക്കി. തുടർന്ന് കളമശേരി ആശുപത്രിയെ അപകീർത്തിപ്പെടുത്തുന്നുവെന്നും തെറ്റായി വാർത്ത പ്രസിദ്ധീകരിച്ചുവെന്നും വിശദീകരിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസ് പത്രക്കുറിപ്പിറക്കി. പിന്നാലെയാണു പൊലീസ് അന്വേഷണം തുടങ്ങിയത്.

സംഭവുമായി ഒരു വ്യാജവാർത്ത പോലും ജന്മഭൂമിയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, കൊറോണ സംബന്ധിച്ചു പുകഴ്‌ത്തലുകൾ മാത്രം പ്രതീക്ഷിച്ച ആരോഗ്യവകുപ്പിനേയും സർക്കാരിനേയും വീഴ്ചയുടെ വാർത്ത പ്രതിരോധത്തിലാക്കി. ഇതേത്തുടർന്നു വാർത്ത എങ്ങനെ പുറത്തു വന്നു, ആര് പുറത്തറിയിച്ചു എന്നായി പൊലീസ് അന്വേഷണം. ഇതേത്തുടർന്ന് കളമശേരിയിലെ പ്രാദേശിക പത്രപ്രവർത്തകരെ കളമശേരി പൊലീസ് ചോദ്യം ചെയ്തു. ജന്മഭൂമി ലേഖകനെ ഇന്നലെ (17 മാർച്ച് 2020) വൈകിട്ട് 6 മുതൽ 8 വരെ കളമശേരി പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചു. എട്ടു മണിക്ക് ഫോൺ വാങ്ങി പൊലീസ് കസ്റ്റഡിയിൽ വെച്ചു. ഇന്ന് തിരികെ കൊടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതുമൂലം ഈ സമയത്ത് ശ്രീജിത്തിന് വാർത്ത അയയ്ക്കാനും അറിയിക്കാനും കഴിഞ്ഞിട്ടില്ല. ഇതിനിടെയാണു ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാനും പൊലീസ് തയ്യാറെടുക്കുന്നെന്ന സൂചന ലഭിച്ചത്. സത്യസന്ധമായ വാർത്തയെങ്കിൽ അതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നില്ലെന്നും സുപ്രീം കോടതി വരെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അതു ലംഘിച്ചുള്ള അധികൃതരുടെ നീക്കം മാധ്യമ പ്രവർത്തനം തടയുന്ന അടിയന്തരാവസ്ഥയ്ക്ക് സമാനമാണ്.'

രണ്ടാം തീയതി കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവമില്ലെന്നു കാണിച്ച് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകി. മെഡിക്കൽ ഓഫിസറുടെ കത്ത് വ്യാജമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ജില്ലാ ഭരണകൂടം ഉൾപ്പെടെ ശ്രമിച്ചത്. അതേസമയം കത്തു നൽകിയത് ഡിഎംഒ നിഷേധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ കത്ത് പുറത്തു വന്നതെങ്ങനെ എന്നറിയാനാണ് മെഡിക്കൽ കോളജ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് സൂചന

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP