Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓകാരമൂർത്തിയെ സാക്ഷിയാക്കി പുറന്തള്ളിയത് സ്ത്രീകളടക്കം നൂറോളം പേരെ; ആരോരുമില്ലാതെ ക്ഷേത്രത്തിൽ അഭയം തേടിയവരെ പുറത്താക്കിയത് കോവിഡ് 19 നെ ഭയന്ന്; ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണസമിതിയുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത വർഷങ്ങളായി ക്ഷേത്രത്തിൽ കഴിയുന്ന അന്തേവാസികളോട്; കരുനാഗപ്പള്ളി തഹസിൽദാർ ഇടപെട്ടിട്ടും ഭക്ഷണം പോലും നൽകാത്ത ഭരണസമിതിക്കെതിരെ നാട്ടുകാരും

അമ്പലമില്ലാതെ ആൽത്തറയിൽ വാഴും ഓകാരമൂർത്തിയെ സാക്ഷിയാക്കി പുറന്തള്ളിയത് സ്ത്രീകളടക്കം നൂറോളം പേരെ; ആരോരുമില്ലാതെ ക്ഷേത്രത്തിൽ അഭയം തേടിയവരെ പുറത്താക്കിയത് കോവിഡ് 19 നെ ഭയന്ന്; ഓച്ചിറ പരബ്രഹ്മ ക്ഷേത്രഭരണസമിതിയുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരത വർഷങ്ങളായി ക്ഷേത്രത്തിൽ കഴിയുന്ന അന്തേവാസികളോട്; കരുനാഗപ്പള്ളി തഹസിൽദാർ ഇടപെട്ടിട്ടും ഭക്ഷണം പോലും നൽകാത്ത ഭരണസമിതിക്കെതിരെ നാട്ടുകാരും

ആർ പീയൂഷ്

 കൊല്ലം: ക്ഷേത്രത്തിൽ അഭയം പ്രാപിച്ച അന്തേവാസികളെ കൊറോണയുടെ പേരിൽ പുറത്താക്കി. ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ അന്തേവാസികളെയാണ് ക്ഷേത്ര ഭരണ സമിതി പുറത്താക്കിയത്. വർഷങ്ങളായി ക്ഷേത്രത്തിൽ കഴിയുന്ന സ്ത്രീകളുൾപ്പെടെ നൂറിനടുത്ത് അന്തേവാസികളെയാണ് ഓച്ചിറ ക്ഷേത്ര ഭരണ സമിതി പുറത്താക്കിയിരിക്കുന്നത്. ആരോരുമില്ലാത്തവരും ബന്ധുക്കൾ ഉപേക്ഷിച്ചവരുമാണ് ക്ഷേത്രത്തിൽ അഭയം തേടിയിരുന്നത്. കോവിഡ് 19 പടരുന്ന സാഹചര്യം കണക്കിലെടുത്താണ് ഇവരെ പുറത്താക്കിയത് എന്നാണ് ഭരണ സമിതി അംഗങ്ങൾ പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് അന്തേവാസികളായവരെ പുറത്താക്കിയത്. ക്ഷേത്രത്തിലെ നടപന്തലിൽ അന്തിയുറങ്ങുകയും പകൽ സമയങ്ങളിൽ പുറത്ത് ജോലിക്ക് പോകുകയും ചെയ്യുന്നവരാണ് ഇവരിൽ ചിലർ. എന്നാൽ ഭുരിഭാഗം പേരും ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണം കഴിച്ചാണ് ഇവിടെ കഴിഞ്ഞു കൂടിയിരുന്നത്. ഇവരെയാണ് കോവിഡിന്റെ പേരിൽ ക്ഷേത്രകോമ്പൗണ്ടിൽ നിന്നും പുറത്താക്കിയത്. ഒരുമിച്ച് ഇത്രയും പേർ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് കണ്ടതോടെ നാട്ടുകാരിൽ ചിലർ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ഭരണ സമിതിയുടെ ക്രൂരത പുറത്തറിഞ്ഞത്. ഇതോടെ ജില്ലാ കളക്ടറെയും പൊലീസിനെയും നാട്ടുകാർ വിവരമറിയിച്ചു.

കരുനാഗപ്പള്ളി തഹസിൽദാർ സ്ഥലത്തെത്തുകയും ക്ഷേത്ര ഭരണ സമിതിയുമായി ചർച്ച നടത്തുകയും ചെയ്തു. എന്നാൽ പുറത്താക്കിയവരെ തിരികെ കയറ്റില്ല എന്ന നിലപാടിലായിരുന്നു അവർ. നിലവിൽ ക്ഷേത്ര ഭരണ സമിതി അന്തേവാസികൾക്ക് കാർഡ് നൽകിയിട്ടുണ്ട്. കാർഡില്ലാത്തവരെയാണ് പുറത്താക്കിയതെന്നും കാർഡുള്ളവരെ സംരക്ഷിച്ചു കൊള്ളാമെന്നും ഭരണസമിതി പറഞ്ഞു. എന്നാൽ മാനുഷിക പരിഗണന നൽകി അവർക്ക് അന്തിയുറങ്ങാൻ സൗകര്യമൊരുക്കണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു. അങ്ങനെ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇവരെ താൽക്കാലികമായി ഇന്ന് ഓഡിറ്റോറിയത്തിൽ അന്തിയുറങ്ങാൻ അനുവദിക്കാമെന്ന് ഭരണ സമിതി സമ്മതിച്ചു. നാളെ വീണ്ടും തഹസീൽദാരുടെയും കരുനാഗപ്പള്ളി എസിപിയുടെയും നേതൃത്വത്തിൽ ചർച്ച നടത്തിയതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളും.

അതേ സമയം ഇവർക്ക് ഭക്ഷണം നൽകില്ല എന്ന് ഭരണ സമിതി അറിയിച്ചതിനെ തുടർന്ന് ഓച്ചിറയിൽ ഇതരമതസ്ഥർ ഒന്ന് ചേർന്ന് ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അശരണർക്ക് വേണ്ടി നിലകൊള്ളുന്ന മൂർത്തിയാണ് പരബ്രഹ്മം എന്നാണ് വിശ്വാസം. അതിനാൽ തന്നെ നിരവധിപേർ വീട് വിട്ട് ഇവിടെ എത്തി പരബ്രഹ്മത്തെ ഭജിച്ച് കഴിയുന്നുണ്ട്. ഇങ്ങനെയുള്ള ഭക്തരെ പുറത്താക്കിയത് ഏറെ ഖേദകരമായി എന്നും ക്ഷേത്രത്തിന് തന്നെ അപകീർത്തിയുണ്ടാക്കി എന്നും നാട്ടുകാർ പറയുന്നു. നാട്ടുാകരുടെ നേതൃത്വത്തിൽ ഇവർക്ക് ഹാൻഡ് സാനിടൈസർ നൽകി കൈകൾ വൃത്തിയാക്കിയാണ് അകത്തേക്ക് കയറ്റിയത്. ഇവരുടെ പേരു വിവരങ്ങൾ രജിസ്റ്ററിൽ എവുതി വയ്ക്കുകയും ചെയ്തു

കാർഡില്ലാത്ത അന്തേവാസികൾ ക്ഷേത്രത്തിന് പുറത്ത് പോയി ജോലി ചെയ്യുന്നവരാണ്. തിരികെ ഇവർ നടപന്തലിൽ ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്. അതിനാൽ രോഗം പടരുമോ എന്ന ഭീതി മുന്നിൽ കണ്ടാണ് ഇവരെ പുറത്താക്കിയത് എന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ വിശദീകരണം.

ദക്ഷിണകാശി എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ-വൈഷ്ണവ സങ്കൽപ്പത്തിലുള്ള രണ്ട് ആൽത്തറകളും കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ 'ഈശ്വരൻ' എന്ന് പറയപ്പെടുന്ന 'പരമാത്മാവ്' അഥവാ അരൂപിയായ 'നിർഗുണ പരബ്രഹ്മം' തന്നെയാണ് ഇവിടുത്തെ ആരാധനാമൂർത്തി. 'ഓം' എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം. സകല ദേവതകളും 'ഓംകാരമൂർത്തിയായ' പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ് സങ്കൽപ്പം

.

ത്രിഗുണത്താൽ പരബ്രഹ്മം രാജസിക ഗുണമുള്ള ബ്രഹ്മാവായും, സാത്വിക ഗുണമുള്ള മഹാവിഷ്ണുവായും, താമസിക ഗുണമുള്ള മഹാദേവനായും മാറി രൂപവും, നാമവും, ശക്തിയും ധരിക്കുന്നു എന്ന് വേദങ്ങളും ഭഗവദ്ഗീതയും മറ്റും ഉത്‌ഘോഷിക്കുന്നു. ഇതിൽ മഹാവിഷ്ണുവിനെയും, പരമശിവനെയും രണ്ട് ആൽത്തറകളിൽ ഓച്ചിറ പരബ്രഹ്മത്തിന്റെ പ്രതീകമായി ആരാധിക്കപ്പെടുന്നു. ഇവിടത്തെ 'പന്ത്രണ്ട് വിളക്ക്' എന്ന പ്രസിദ്ധമായ ഉത്സവം വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ കെട്ടി ഭജനം പാർക്കുക, ദരിദ്രർക്കും രോഗികൾക്കും അന്നദാനം നടത്തുക, ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം.ഓച്ചിറ ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു വേദാന്ത പഠന ശാല ഒരു നൂറ്റാണ്ട് മുമ്പ് വരെ പ്രവർത്തിച്ചിരുന്നു . 'ഓണാട്ട് ചിറ' എന്നത് ലോപിച്ചാണ് ഓച്ചിറ ആയതെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP