Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ഇപ്പോൾ ന്യൂയോർക്ക് നഗരം; 9/11 ലെ ഭീകരാക്രമണത്തേക്കാൾ ഭീകര സംഭവമായി കോവിഡ് രോഗത്തിന്റെ വ്യാപനം; ന്യൂയോർക്കിൽ മാത്രം ഇന്നലെ മരിച്ചതു 562 പേർ; ഇതോടെ ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ മരണസംഖ്യ എണ്ണം 2,935 ആയി ഉയർന്നു; രണ്ടാഴ്‌ച്ചക്കുള്ളിൽ വരാനിരിക്കുന്നത് കോവിഡിന്റെ മരണതാണ്ഡവമെന്ന് റിപ്പോർട്ടുകൾ; 7385 ജീവൻ എടുത്ത് അമേരിക്കയിൽ വൈറസ് കുതിക്കുമ്പോൾ ഇറ്റലിയിലും സ്പെയിനിലും ഇടവേളകളില്ലാതെ മരണങ്ങളും

ലോക കൊറോണ വൈറസിന്റെ ഹോട്ട്‌സ്‌പോട്ട് ഇപ്പോൾ ന്യൂയോർക്ക് നഗരം; 9/11 ലെ ഭീകരാക്രമണത്തേക്കാൾ ഭീകര സംഭവമായി കോവിഡ് രോഗത്തിന്റെ വ്യാപനം; ന്യൂയോർക്കിൽ മാത്രം ഇന്നലെ മരിച്ചതു 562 പേർ; ഇതോടെ ലോകത്തെ ഏറ്റവും വലിയ നഗരത്തിലെ മരണസംഖ്യ എണ്ണം 2,935 ആയി ഉയർന്നു; രണ്ടാഴ്‌ച്ചക്കുള്ളിൽ വരാനിരിക്കുന്നത് കോവിഡിന്റെ മരണതാണ്ഡവമെന്ന് റിപ്പോർട്ടുകൾ; 7385 ജീവൻ എടുത്ത് അമേരിക്കയിൽ വൈറസ് കുതിക്കുമ്പോൾ ഇറ്റലിയിലും സ്പെയിനിലും ഇടവേളകളില്ലാതെ മരണങ്ങളും

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ചരിത്രത്തിൽ ഇതുവരെ ന്യുയോർക്ക് കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ സംഭവമായിരുന്നു 9/11 ലെ ഭീകരാക്രമണം. 2753 പേരാണ് അന്നു മരിച്ചുവീണത്. അതിനേയും കടത്തിവെട്ടുന്ന ഭീകരതയുമായാണ് കൊറോണ ന്യുയോർക്കിന്റെ മണ്ണിലൂടെ തേരോട്ടം നടത്തുന്നത്. ഇന്നലെ പുതുതായി 564മരണങ്ങൾ കൂടി രേഖപ്പെടുത്തിയതോടെ ന്യുയോർക്കിലെ മൊത്തം കൊറോണാ മരണങ്ങളുടെ എണ്ണം 2,935 ആയി ഉയർന്നു. ഇന്നലത്തെ മരണനിരക്കനുസരിച്ച്, ഓരോ മണിക്കൂറിലും 23 പേരാണ് ന്യുയോർക്കിൽ മരണത്തെ പുൽകുന്നത്. രാജ്യമാകമാനം ഇന്നലെ രേഖപ്പെടുത്തിയത് 1314 മരണങ്ങൾ. ഇത് രണ്ടാം തവണയാണ് അമേരിക്കയിലെ മരണനിരക്ക് ആയിരം കടക്കുന്നത്.

2,76, 318 രോഗബാധിതരും 7,391 മരണങ്ങളുമായി അമേരിക്ക നേരിടുന്നത് സമാനകളില്ലാത്ത ദുരന്തമാണ്. അതുകൊണ്ടു തന്നെ എന്തുവിലകൊടുത്തും അതിനെ നേരിടാൻ ഒരുങ്ങുകയാണ് ഭരണകൂടവും. കോവിഡ് 19 രോഗികൾ അധികമായി ഇല്ലാത്ത ആശുപത്രികളിലെ വെന്റിലേറ്ററുകൾ പിടിച്ചെടുക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ട് ഇന്നലെ ന്യുയോർക്ക് ഗവർണർ ഒരു എക്സിക്യുട്ടീവ് ഓർഡർ പുറപ്പെടുവിച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞാൽ ഈ വെന്റിലേറ്റർ അതിന്റെ യഥാർത്ഥ ഉടമസ്ഥന് കൈമാറുമെന്നും അല്ലെങ്കിൽ അതിന്റെ വില നൽകുമെന്നും ഉത്തരവിലുണ്ട്.

ന്യുയോർക്കിൽ രോഗബാധ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുവാൻ ഇനിയും രണ്ട് ആഴ്ചകളിൽ അധികം എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏകദേശം 17 മുതൽ 21 ദിവസങ്ങൾക്കകം, രോഗവ്യാപനത്തിന്റെ ശക്തി കുറയുമെന്നും പ്രതീക്ഷിക്കുന്നവരുണ്ട്. ഇതിനിടയിൽ, ന്യുയോർക്കിലെത്തിയ നേവൽ ഹോസ്പിറ്റലായ യു എസ് എൻ എസ് കംഫർട്ട് കോവിഡ് 19 രോഗികളെ സ്വീകരിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ന്യുയോർക്ക് ഗവർണർ ഇന്ന് പ്രതിരോധ സെക്രട്ടറിയുമായി സംസാരിക്കുമെന്നറിയുന്നു. കോവിഡ് ഒഴിച്ചുള്ള മറ്റ് 49 രോഗങ്ങൾക്കുള്ള ചികിത്സ ഈ കപ്പലിൽ ലഭിക്കുമെന്ന് സൂചിപ്പിച്ച് ഒരു പട്ടിക ഇന്നലെ നേവി അധികൃതർ പുറത്തുവിട്ടിരുന്നു.

മറ്റ് രാജ്യങ്ങളിലേതിനേക്കാൾ കൊറോണ വ്യാപനത്തിന്റെ വേഗത അമേരിക്കയിൽ വളരെ കൂടുതലാണ് എന്നതാണ് അധികൃതരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം 20 ദിവസം പിന്നിട്ടപ്പോൾ ഇവിടെ ഏകദേശം 20,000 രോഗികളുണ്ടായിരുന്നു. നേരേ മറിച്ച് ഇതേ കാലയളവിൽ സ്പെയിനിൽ ഉണ്ടായത് 7,000 രോഗികളും ഇറ്റലിയിൽ ഉണ്ടായത് 5,000 രോഗികളുമായിരുന്നെങ്കിൽ ഇറാനിൽ അത് വെറും1,000 രോഗികളായിരുന്നു. കൊറോണാ രോഗികളുടേ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യത്തേക്കാൾ ഇരട്ടി രോഗികളുണ്ടെ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ എന്നതാണ് നടുക്കുന്ന മറ്റൊരു യാഥാർത്ഥ്യം. പ്രതിദിന രോഗബാധിതരുടെ എണ്ണം അഞ്ചക്കത്തിൽ എത്തിയെന്നതും, പ്രതിദിന മരണസംഖ്യ നാലക്കത്തിൽ എത്തി എന്നതും സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നു തന്നെയാണ് കാണിക്കുന്നത്. മാത്രമല്ല, കേവലം ചില മേഖലകളിൽ മാത്രം ഒതുങ്ങിനിൽക്കാതെ രോഗം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലേക്കും വ്യാപിക്കുകയാണെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ തന്നെ പറയുന്നത്.

ഇതിനിടയിൽ 14,681 കോവിഡ് മരണങ്ങളുമായി പട്ടികയിൽ മുന്നിട്ട് നിൽക്കുന്ന ഇറ്റലിയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 1.2 ലക്ഷത്തോട് അടുക്കുകയാണ്. അതിനിടയിലും ഇറ്റലിക്ക് ആശ്വസിക്കാൻ ചെറിയൊരു വകയുണ്ട് എന്ന് കാണിക്കുകയാണ് തുടർച്ചയായി കഴിഞ്ഞ അഞ്ചുദിവസങ്ങളിൽ രേഖപ്പെടുത്തുന്ന പുതിയ കൊറോണ രോഗികളുടെ എണ്ണത്തിൽ വരുന്ന കുറവ്. രോഗവ്യാപനം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി എന്നും അവിടെനിന്നും തിരിച്ചിറങ്ങാൻ തുടങ്ങി എന്നു സൂചിപ്പിക്കുന്നതാണ് അഞ്ചുദിവസങ്ങളിൽ ക്രമമായി ഉണ്ടായ കുറവ് എന്നാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. ഇതിനിടയിൽ 10,000 ത്തിൽ അധികം ആരോഗ്യപ്രവർത്തകർ രോഗബാധിതരായത് ഇറ്റലിയുടെ ദുരിതനിവാരണ നടപടികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

11,198 കോവിഡ് മരണങ്ങളുമായി ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ള സ്പെയിനും മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 1.2 ലക്ഷത്തോട് അടുക്കുകയാണ്. എന്നാൽ ഇറ്റലിയിലേതുപോലെ ഇവിടെയും രോഗവ്യാപനത്തിന്റെ മൂർദ്ധന്യാവസ്ഥ അവസാനത്തോട് അടുക്കുകയാണ് എന്ന സൂചനകൾ നൽകി കഴിഞ്ഞ രണ്ടു ദിവസമായി പുതിയതായി രോഗബാധ ഉണ്ടാകുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 30,513പേരുടെ രോഗം ചികിത്സിച്ചു ഭേദമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രണ്ടുദിവസങ്ങളിലായി രോഗവ്യാപനത്തിന്റെ വേഗതയിൽ കുറവുകാണിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കുന്ന കാര്യം ഇപ്പോൾ ആലോചനയിലില്ലെന്നും സ്പെയിൻ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP