Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെഡിക്കൽ ഷോപ്പുകളിൽ മാസ്‌ക് കിട്ടാനില്ലാതെ വന്നപ്പോൾ പഞ്ചായത്തിന് പുതിയ ഐഡിയ; ത്രീലെയർ എൻ 95 മാസ്‌കുകളുടെ ഗുണമേന്മയോ പ്രതിരോധശേഷിയോ ഇല്ലെങ്കിലും സ്വയം തുമ്മുമ്പോഴും മറ്റുള്ളവർ തുമ്മുമ്പോഴും പ്രതിരോധിക്കാം; കോവിഡ് 19 വ്യാപനത്തിനെതിരെ തൂവാല വിപ്ലവവുമായി കുന്ദമംഗലം പഞ്ചായത്ത്

മെഡിക്കൽ ഷോപ്പുകളിൽ മാസ്‌ക് കിട്ടാനില്ലാതെ വന്നപ്പോൾ പഞ്ചായത്തിന് പുതിയ ഐഡിയ; ത്രീലെയർ എൻ 95 മാസ്‌കുകളുടെ ഗുണമേന്മയോ പ്രതിരോധശേഷിയോ ഇല്ലെങ്കിലും സ്വയം തുമ്മുമ്പോഴും മറ്റുള്ളവർ തുമ്മുമ്പോഴും പ്രതിരോധിക്കാം; കോവിഡ് 19 വ്യാപനത്തിനെതിരെ തൂവാല വിപ്ലവവുമായി കുന്ദമംഗലം പഞ്ചായത്ത്

ജാസിം മൊയ്ദീൻ

കോഴിക്കോട്: കൊറോണ വൈറസ് സംസ്ഥാനത്ത് ഭീതി പടർത്തുന്ന സാഹചര്യത്തിൽ വേറിട്ട പ്രതിരോധ പ്രവർത്തനവുമായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത്. മെഡിക്കൽ ഷോപ്പുകളിൽ മാസ്‌ക് ലഭിക്കാതെ വന്നതോടെ പകരം സംവിധാനമായി തൂവാല ഉപയോഗിക്കാനുള്ള നിർദ്ദേശമാണ് കുന്ദമംഗലം പഞ്ചായത്തിൽ ഇന്ന് നടന്ന സർവ്വകക്ഷിയോഗം മുന്നോട്ടുവെച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ്ബാബുവാണ് ഈ ആശയം അവതരിപ്പിച്ചത്. ഇതിന്റെ ആദ്യപടിയെന്നോണം യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യമായി തൂവാലകൾ വിതരണം ചെയ്തു.

പ്രദേശത്തെ ഒരു വസ്ത്ര വ്യാപാരിയാണ് ഇന്ന് പഞ്ചായത്തിലെത്തിയവർക്ക് സൗജന്യമായി നൽകാൻ തൂവാലകൾ സംഭാവന ചെയ്തത്. പദ്ധതിയെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ്ബാബു മറുനാടനോട് പറയുന്നത് ഇപ്രകാരം. ' തൂവാലകൾ മാസ്‌കിന് പകരം എന്നതിലുപരി മറ്റൊരു പ്രതിരോധ മാർഗ്ഗം എന്ന നിലയിൽ ഈ സാഹചര്യത്തിൽ ഉപയോഗിക്കാനാകും. ത്രീലെയർ, എൻ95 എന്നീ മാസ്‌കുകളുടെ അത്ര ഗുണമേന്മയോ, അവ ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന പ്രതിരോധ ശേഷിയോ തൂവാലകൾക്ക് ഇല്ലായെങ്കിൽ പോലും ഒന്നുമില്ലാത്തിടത്ത് ഒരു തുടക്കമെന്ന നിലയിൽ തൂവാലകൾ ഉപകാരപ്പെടും.

സ്വയം തുമ്മുമ്പോഴും, മറ്റുള്ളവർ തുമ്മുമ്പോഴും രോഗാണുക്കളിൽ നിന്നുള്ള ആദ്യ ഘട്ട പ്രതിരോധമെന്ന നിലയിൽ തൂവാലുകൾ ഉപയോഗിക്കാൻ കഴിയും. ത്രികോണാകൃതിയിൽ മടക്കി മൂക്കും, ചെവിയുമൊക്കെ മറയുന്ന രീതിയിൽ തൂവാല കെട്ടാം. കൊറോണയുടെ പശ്ചാതലത്തിലെല്ലങ്കിലും പൊടിയിൽ നിന്ന് സംരക്ഷണം നേടാനും ഇത് സഹായകമാകും.പ്രത്യേകിച്ച് മെഡിക്കൽ ഷോപ്പുകളിൽ മാസ്‌കുകൾ ലഭ്യമല്ലാത്ത ഈ സാഹചര്യത്തിൽ. നിലവിൽ സർക്കാർ തലത്തിൽ തന്നെ മാസ്‌കുകൾ ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകൾ മാസ്‌കുകൾ നിർമ്മിച്ചു നൽകാൻ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ അത്യാവശ്യ സാഹചര്യമുണ്ടായാൽ അതിനെ മറികടക്കാനുള്ള സംവിധാനങ്ങൾ ഇപ്പോൾ ഒരുങ്ങിയിട്ടുണ്ട്' ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്ബാബു മറുനാടനോട് പറഞ്ഞു.

പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന യോഗത്തിൽ കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട്, വിവിധ വാർഡ് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, രാഷ്്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത് വരും ദിവസങ്ങളിൽ കൊറോണ വൈറസ് വ്യാപനത്തിനെതിരെ കൈകൊള്ളേണ്ട നടപടികൾ ചർച്ചചെയ്തു. യോഗത്തിലെ പ്രധാന നിർദ്ദേശമായി മുസ്ലിം പള്ളികളിൽ നാളെ നടക്കുന്ന വെള്ളിയാഴ്ചകളിലെ പ്രത്യേക പ്രാർത്ഥനക്കെത്തുന്നവർ വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തിവരാൻ വേണ്ടി പള്ളികൾ വഴി അറിയിപ്പ് നൽകും, പ്രദേശത്തെ അമ്പലങ്ങളിലെ തിറ,താലപ്പൊലി ഉത്സവങ്ങൾ ചടങ്ങുകളും പൂജകളും മാത്രമായി നടത്തുന്നതിനാവശ്യമായ തീരുമാനം ബന്ധപ്പെട്ട കമ്മറ്റികളുമായി ചർച്ചചെയ്തെടുക്കും. വിവാഹമടക്കമുള്ള ആളുകൾ കൂടിച്ചേരുന്ന പരിപാടകിൾ മാറ്റിവെക്കുന്നതിനായുള്ള നിർദ്ദേശങ്ങൾ നൽകും. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP