Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കമ്യൂണിറ്റി കിച്ചനുകൾക്കായി സംസ്ഥാന സർക്കാർ വകമാറ്റിയത് 23 കോടി; ഓരോ കമ്യൂണിറ്റി അടുക്കളയ്ക്കും 50,000 രൂപ വരെ ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടും സംസ്ഥാനത്തെ പല സെന്ററുകളുടേയും പ്രവർത്തനും സാമ്പത്തിക ഞെരുക്കത്തിൽ; സ്‌പോൺസർഷിപ്പ് നേടാൻ സംസ്ഥാനം നിർദ്ദേശിച്ചിട്ടും കണ്ടെത്താനാകാതെ തദ്ദേശസ്ഥാപനങ്ങൾ; മുൻപോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോട്ടയം ജില്ല; സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചനുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

കോട്ടയം:സംസ്ഥാനത്തെ കമ്യൂണിറ്റി കിച്ചനുകൾ പ്രതിസന്ധിയിലേക്കെന്ന് സൂചന. സംസ്ഥാനം അതീവസാമ്പത്തിക ബുദ്ധിമുട്ടിൽ കടന്നു പോകുന്ന സന്ദർഭത്തിൽ ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ മദ്യവിൽപനയിലൂടെ ലഭിക്കുന്ന വരുമാനവും സംസ്ഥാനത്തിന് നിലച്ചിരിക്കുകയാണ്. ദിനംപ്രതി 50കോടിയുടെ മദ്യവിൽപന നടത്തുന്ന സംസ്ഥാനത്തിന് ലോക്ക് ഡൗണായിതോടെ നഷ്ടം കോടികളാണ്. പല ജില്ലകളിലും കമ്യൂണിറ്റി കിച്ചനുകളുടെ നടത്തി്പ്പിനായി തദ്ദേശ സ്ഥാനപങ്ങളിൽ ഫണ്ട് തികയാത്ത സാഹചര്യമാണ്. കോട്ടയം ജില്ലയിലെ കമ്യൂണിറ്റി കിച്ചനുകളുടെ ദയനീയവസ്ഥയാണ് ഇതിന് ഉദാഹരണമായിരിക്കുന്നത്.

തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകൾ പലതും തീർന്നു തുടങ്ങിയത് വൻ പ്രതിസന്ധിയാണ് കോട്ടയം ജില്ലയിലുണ്ടാക്കുന്നത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി. കോട്ടയത്ത് മറ്റ് പലയിടങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ അളവും കുറഞ്ഞു.ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ കോട്ടയത്ത് പൂർണമായും നിർത്തേണ്ടി വരുമെന്നാണ് കോട്ടയം നഗരസഭാധ്യക്ഷ പി ആർ സോന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സാമ്പത്തിക വർഷം അവസാനിച്ചതും മറ്റൊരു പ്രതിസന്ധിയാണെന്നും പി ആർ സോന വ്യക്തമാക്കുന്നു.

23 കോടി രൂപയാണ് സംസ്ഥാന സർക്കാർ സമൂഹ അടുക്കളകൾ സജ്ജമാക്കുന്നതിനായി കുടുംബശ്രീക്ക് അനുവദിച്ച് നൽകിയിരിക്കുന്നത്. ഓരോ കമ്മ്യൂണിറ്റി കിച്ചണും ആവശ്യത്തിനനുസരിച്ച് 50,000 രൂപ വരെ ലഭ്യമാക്കും. സൗജന്യമായി ഭക്ഷണം കൊടുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌പോൺസർഷിപ്പ് സ്വീകരിക്കുകയോ. സ്വന്തം ഫണ്ടിൽ നിന്ന് കണ്ടെത്തുകയോ വേണം എന്നാണ് നിർദ്ദേശം.

സിവിൽ സപ്ലൈസ് 10 രൂപ 90 പൈസക്കാണ് സമൂഹ അടുക്കളകളിലേക്ക് അരി കൊടുക്കുന്നത്. 86 ശതമാനം കമ്മ്യൂണിറ്റി കിച്ചണുകളും കുടുംബശ്രീയുടെ നേതൃത്വത്തിലാണ്. എന്നാൽ ഇത്തരത്തിൽ സ്‌പോൺസർഷിപ്പ് കണ്ടെത്തുന്നത് പ്രായോഗികമല്ല എന്നാണ് വ്യക്തമാകുന്നത്. ലോക്ക് ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പ്രാദേശിക തലത്തിൽ സ്‌പോൺസർഷിപ്പുകൾ കിട്ടില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പക്കൽ എല്ലാ ദിവസവും ഇത്രയധികം പണവുമില്ല. ഇനിയെങ്ങനെ മുന്നോട്ടു പോകണമെന്നറിയാതെ അന്തിച്ചുനിൽക്കുകയാണ് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും.

ഇത്തരത്തിൽ കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കാനായി നിർദ്ദേശം വന്ന സമയത്ത് തന്നെ പക്ഷേ, പല തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ഒട്ടും സമയം വൈകിക്കാതെ, സമൂഹ അടുക്കളകൾ സജ്ജീകരിച്ചിരുന്നതാണ്. പ്രഖ്യാപനം വന്ന് പിറ്റേന്ന് രാവിലെ തന്നെ സമൂഹ അടുക്കള തയ്യാറാക്കിയ തദ്ദേശഭരണസ്ഥാപനങ്ങൾ പോലുമുണ്ട്.

ജനമൈത്രി പൊലീസ് സ്റ്റേഷനുകളെയും തദ്ദേശഭരണസ്ഥാപനങ്ങൾ സ്വയം തയ്യാറാക്കുന്ന പട്ടികകളെയും ഉപയോഗിച്ച് ഭക്ഷണം വേണ്ട ആളുകളെ കണ്ടെത്തി ആവശ്യമുള്ളവർക്ക് ഭക്ഷണം വീട്ടിലെത്തിച്ച് നൽകുന്നുണ്ട്. വോളണ്ടിയർമാരെ ഉപയോഗിച്ചാണ് ഭക്ഷണവിതരണം. സൗജന്യമായി ഭക്ഷണം വേണ്ടവർക്ക് അങ്ങനെ ഭക്ഷണം നൽകും. അതല്ലാത്തവർക്ക് 20 രൂപ കൊടുത്ത് ഭക്ഷണം വാങ്ങാം - എന്നായിരുന്നു പദ്ധതിയുടെ ഉദ്ദേശം.

ഒപ്പം പെരുമ്പാവൂർ പോലെയുള്ള ഇടങ്ങളിൽ, അതിഥിത്തൊഴിലാളികൾക്കായി അവർക്ക് വേണ്ട ഭക്ഷണം ഉൾപ്പെടുത്തി പ്രത്യേക ഉത്തരേന്ത്യൻ ഭക്ഷണവും നൽകുന്നുണ്ട്. ഇന്ത്യയാകെ പ്രശംസ പിടിച്ചുപറ്റിയ മാതൃകയാണ് പതിയെ പ്രതിസന്ധിയിലേക്ക് നടന്നടുക്കുന്നത്. സംസ്ഥാനസർക്കാർ തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ എത്ര ദിവസം ഇത് തുടരാനാകും എന്നതാണ് ആശങ്കയുയർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP