Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണമേറുന്നതിനിടെ പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ; കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും ആദരവ് അർപ്പിക്കും; കേസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞു; കൂടുതലും മഹാരാഷ്ട്രയിൽ; ഏറ്റവും ഉയർന്ന മരണനിരക്ക് പശ്ചിമ ബംഗാളിലെന്ന് കേന്ദ്ര സർക്കാർ; കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ പുറത്തുവിട്ടു; പൊതുഗതാഗത സംവിധാനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സൂചന

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണമേറുന്നതിനിടെ പ്രധാനമന്ത്രിയുടെ അഭിസംബോധന നാളെ രാവിലെ; കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും ആദരവ് അർപ്പിക്കും; കേസുകളുടെ എണ്ണം അരലക്ഷം കവിഞ്ഞു; കൂടുതലും മഹാരാഷ്ട്രയിൽ; ഏറ്റവും ഉയർന്ന മരണനിരക്ക് പശ്ചിമ ബംഗാളിലെന്ന് കേന്ദ്ര സർക്കാർ; കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ പുറത്തുവിട്ടു; പൊതുഗതാഗത സംവിധാനം ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ലോക് ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയ ശേഷം ഇതാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ബുദ്ധ പൂർണിമ ദിനത്തോട് അനുബന്ധിച്ചുള്ള പ്രാർത്ഥനാ സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴിയാകും സംസാരിക്കുക. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികൾക്കും കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരവ് അർപ്പിക്കും. ലോകമെമ്പാടുമുള്ള ബുദ്ധ സംഘങ്ങളുടെ പരമോന്നത നേതാക്കളും പങ്കെടുക്കും.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പെരുകുന്ന പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ലോക് ഡൗണിന്റെ നേട്ടങ്ങളും ഭാവി പരിപാടികളും മോദി വിശദീകരിച്ചേക്കും. അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അരലക്ഷം കവിഞ്ഞു. മൂന്നുദിവസത്തിനിടെയാണ് 10,000 കേസുകൾ പോസിറ്റീവായത്. 24 മണിക്കൂറിനിടെ 126 മരണവും 2,958 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1,768 ആയി. 52,340 പേർക്ക് രോഗം സ്ഥിരീകരിച്ചു. 85 ബിഎസ്എഫ് ജവാന്മാർക്ക് കൂടി ഇന്ന് വൈറസ്ബാധ കണ്ടെത്തി.14,9111 പേർ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏററവും കൂടുതൽ കേസുകൾ.

കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ ഇന്ന് 1,233 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം വൈറസ് ബാധയെ തുടർന്ന് 34 പേർ മരിച്ചു. രോഗികളുടെ എണ്ണത്തിൽ ഒരുദിവസത്തെ ഏറ്റവും വലിയ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതുവരെ 16,758 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ മാത്രം രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 651 ആയി.ഗുജറത്തിൽ ഇന്ന് മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചത് 380 പേർക്കാണ്. ഇന്ന് 28 കോവിഡ് ബാധിതർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 396 ആയി. രോഗികൾ 6,625 ആയി.

ഒഡീഷയിലും രാജസ്ഥാനിലും ബംഗാളിലും ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ ഇന്നലെ മരിച്ച പൊലീസ് കോൺസ്റ്റബളിന്റെ പരിശോധനാഫലം പോസിറ്റീവാണ്. ഏറ്റവും കൂടുതൽ രോഗികളുള്ള മഹാരാഷ്ട്രയിൽ രോഗബാധിതരുടെയെണ്ണം 15,500 കടന്നു. മരണം 617 ആയി. മഹാരാഷ്ട്രയിലെ സ്ഥിതി ആശങ്കാജനകമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.

ഗുജറാത്തിൽ ഇന്നലെ മാത്രം 49 പേർ മരിച്ചു ഇതിൽ 39 അഹമ്മദാബാദിലാണ്. സംസ്ഥാനത്ത് ആകെ മരണം 368 ആയി. 6,245 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. മരണനിരക്കിൽ മഹാരാഷ്ട്രയേക്കാൾ മുൻപിലാണ് ഗുജറാത്ത്. തമിഴ്‌നാട്ടിൽ കഴിഞ്ഞ രണ്ട് ദിവസവും അഞ്ഞൂറിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും രോഗമുക്തിനേടിയവരുടെ നിരക്കും വർധിച്ചു.

രാജസ്ഥാനിൽ മരണസംഖ്യ 90 ആയി. 35 പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെയെണ്ണം 3,193 ആയി. ഡൽഹിയിൽ രോഗികളുടെയെണ്ണം അയ്യായിരം കടന്നു. ബംഗാളിൽ 112 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേന്ദ്രസർക്കാരിന്റെ കണക്കനുസരിച്ച് രാജ്യത്ത് 548 ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിച്ചു. ഡൽഹിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന 30 ബിഎസ്എഫ് ജവാന്മാർക്ക് കൂടി വൈറസ്ബാധ കണ്ടെത്തി. മിസോറാമിലെ ഏക കോവിഡ് രോഗി രോഗമുക്തി നേടി.

ഏറ്റവും ഉയർന്ന മരണനിരക്ക് പശ്ചിമ ബംഗാളിൽ

രാജ്യത്തുകൊറോണ വൈറസ് ബാധയെത്തുടർന്നുള്ള ഏറ്റവും ഉയർന്ന മരണനിരക്ക് പശ്ചിമ ബംഗാളിൽ. ടെസ്റ്റുകളുടെ എണ്ണം വളരെ കുറഞ്ഞതും ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടായതും അടക്കമുള്ളവയാണ് ഇതിനു പിന്നിലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ബംഗാളിനെ മമത ബാനർജി സർക്കാരിന് കത്തയച്ചു.

13.2 ശതമാനമാണ് പശ്ചിമ ബംഗാളിലെ മരണ നിരക്കെന്നും രാജ്യത്തെ മറ്റേത് സംസ്ഥാനത്തെക്കാളും ഉയർന്നതാണ് ഇതെന്നും ആഭ്യന്തര സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിരീക്ഷണവും രോഗബാധ കണ്ടത്തെലും പരിശോധന നടത്തലുമെല്ലാം മന്ദഗതിയിലാണ്. കൊൽത്തയിലെയും ഹൗറയിലെയും പ്രത്യേക മേഖലകളിൽ പ്രത്യേക ഗ്രൂപ്പുകൾ ലോക്ക്ഡൗൺ ലംഘനം നടത്തുന്നത് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നവർക്ക് നേരെയും പൊലീസിനു നേരെയും ആക്രമണങ്ങളുണ്ടായി.

കോവിഡ് ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ കണക്കുകൾ

രാജ്യത്ത് ഇതുവരെ കോവിഡ് 19 ബാധിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്കൽ ജീവനക്കാർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലായി 548 പേർക്ക് കോവിഡ് ബാധയേറ്റു.

ഫീൽഡ് വർക്ക് ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ, ശുചീകരണ വിഭാഗത്തിലെ ജീവനക്കാർ, വാർഡിലെ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, ലബോറട്ടറി അറ്റൻഡർമാർ, ആശുപത്രി അലക്കുകാർ-ഭക്ഷണം പാകം ചെയ്യുന്നവർ എന്നിവരെ ഉൾപ്പെടുത്താതെയുള്ള കണക്കാണ് ഇത്. ഇവരിൽ കോവിഡ് ബാധയേറ്റവരെ കൂടി ഉൾപ്പെടുത്തുമ്പോൾ എണ്ണം ഇനിയും വർധിക്കും. ഡോക്ടർമാർക്ക് വൈറസ് ബാധയേറ്റത് എവിടെ നിന്നെന്നോ, എങ്ങനെയെന്നോ സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ടിൽ ഇല്ല. കോവിഡ് ബാധിച്ച് രാജ്യത്ത് എത്ര ഡോക്ടർമാർക്ക് ജീവൻ നഷ്ടമായെന്നത് സംബന്ധിച്ച് സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഡൽഹിയിൽ മാത്രം 69 ഡോക്ടർമാർ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോർട്ട്.

പൊതുഗതാഗത സംവിധാനം ഉടൻതന്നെ പുനരാരംഭിച്ചേക്കും

രാജ്യത്തെ പൊതുഗതാഗത സംവിധാനം ഉടൻതന്നെ പുനരാരംഭിച്ചേക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗ നിർദ്ദേശങ്ങൾ കേന്ദ്രം തയ്യാറാക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.

പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുമെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നൽകിയ എല്ലാ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.

ഗതാഗത മേഖലയിലെ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സർക്കാറിന് അറിയാമെന്നും ഇക്കൂട്ടരെ സർക്കാർ സഹായിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ലണ്ടൻ പെതുഗതാഗത മാതൃക സ്വീകരിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും രാജ്യത്തെ ബസ്, കാർ ഓപ്പറേറ്റർ കോൺഫെഡറേഷൻ അംഗങ്ങളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ഗഡ്കരി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP