Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡിൽ രാജ്യത്ത് 77 പേർക്കുകൂടി ജീവൻ നഷ്ടമായി; ആകെ മരണം 1,154; 24 മണിക്കൂറിനിടെ 1,993 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 35,365; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നു; ഗുജറാത്ത് 5,000ലേക്ക് അടുക്കുന്നു; ഡൽഹി തൊട്ടുപിന്നിൽ; മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഭീതി; ഭേദമാകുന്നവരുടെ ശതമാനം 13 ൽ നിന്ന് 25.37 ആയി ഉയർന്നത് ആശ്വാസമാവുന്നു; രോഗം ബാധിക്കാതെ 300 ജില്ലകളും; മഹാമാരിയോട് പൊരുതി ഇന്ത്യ

കോവിഡിൽ രാജ്യത്ത് 77 പേർക്കുകൂടി ജീവൻ നഷ്ടമായി; ആകെ മരണം 1,154; 24 മണിക്കൂറിനിടെ 1,993 പേർക്ക് കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗികളുടെ എണ്ണം 35,365; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 10,000 കടന്നു; ഗുജറാത്ത് 5,000ലേക്ക് അടുക്കുന്നു; ഡൽഹി തൊട്ടുപിന്നിൽ; മധ്യപ്രദേശിലും രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഭീതി; ഭേദമാകുന്നവരുടെ ശതമാനം 13 ൽ നിന്ന് 25.37 ആയി ഉയർന്നത് ആശ്വാസമാവുന്നു; രോഗം ബാധിക്കാതെ 300 ജില്ലകളും; മഹാമാരിയോട് പൊരുതി ഇന്ത്യ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്ഡൗൺ നീട്ടൽ അടക്കമുള്ള കർശന നടപടികളുമായി മുന്നോട്ട് പോവുമ്പോഴും രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന് അറുതിയില്ല. ആഗോള സൂചികയായ വേൾഡോമീറ്ററിന്റെ കണക്കുകൾ അനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് 1,993 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയിൽ 77 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 1,154 ആയി ഉയർന്നു.രാജ്യത്ത് ഇതുവരെ 35365 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9064 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം ഭേദമാകുന്നവരുടെ ശതമാനം 13ൽനിന്ന് 25.37 ആയി ഉയർന്നിട്ടുണ്ട്. രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത് 3.4 ദിവസത്തിൽനിന്ന് 11 ദിവസമായ മാറിയതും ശുഭസൂചനയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഏറ്റവുമധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. ഗുജറാത്ത് 5000ലേക്ക് അടുക്കുകയാണ്. ഡൽഹിയാണ് തൊട്ടുപിന്നിൽ. തമിഴനാട്ടിൽ മൂവായിരം കടന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്.

തമിഴ്‌നാട്ടിൽ ട്രിപ്പിൾ ലോക്ഡൗൺ

കോവിഡ് കേസുകൾ വർധിച്ചതോടെ തമിഴ്‌നാട്ടിൽ ട്രിപ്പിൾ ലോകഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്്. തമിഴ്‌നാട്ടിലെ കോവിഡ് പ്രഭവ കേന്ദ്രമായവുന്നത് തലസ്ഥാനമായ ചെന്നൈ നഗരതന്നെയാണ്. വെള്ളിയാഴ്ച 176 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ മാത്രം രോഗികൾ 1000 കടന്നു. ചെന്നൈയിൽ ആകെ രോഗികൾ 1082. തമിഴ്‌നാട്ടിൽ ഇതാദ്യമായി ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 200 കടന്നു. ഇന്നു 203 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 3000 കടന്നു. ചെന്നൈയിലെ ഓമന്തുരാർ മെഡിക്കൽ കോളജിൽ 98 വയസ്സുകാരൻ മരിച്ചതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. കിൽപോക് മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിയെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തി. ഇവർ കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തിരുന്നു. എന്നാൽ, ഇവർക്കു കോവിഡില്ലെന്നു പിന്നീട് നടന്ന പരിശോധനയിൽ സ്ഥിരീകരിച്ചു.

രോഗികളുടെ എണ്ണം ആയിരം കടന്നതോടെ ചെന്നൈയിൽ പ്രതിരോധത്തിനു വൻ സന്നാഹം. ഒരുക്കിയിരിക്കയാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ ആരോഗ്യ സെക്രട്ടറിയുമായ ജെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ഉന്നതതല സമിതിക്കു രൂപം നൽകി. കോർപറേഷനിലെ ഓരോ സോണിലും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കാണു ചുമതല. സമൂഹ വ്യാപനമെന്ന ആശങ്ക നിലനിൽക്കെ, ഏതു സാഹചര്യവും നേരിടാൻ കോർപറേഷൻ ഒരുക്കം തുടങ്ങി. നഗരത്തിലെ എല്ലാ സർക്കാർ- സ്വകാര്യ സ്‌കൂളുകളും കോർപറേഷൻ ഏറ്റെടുത്തു. ഇവ ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റും.

ജനസംഖ്യാനുപാതികമായി കണക്കാക്കിയാൽ രാജ്യത്ത് ഏറ്റവും കൂടുതൽ സാംപിൾ പരിശോധന നടത്തിയ സംസ്ഥാനമാണു തമിഴ്‌നാട്. ഇതിൽ തന്നെ ചെന്നൈയിൽ പരിശോധന വളരെ കൂടുതലാണ്. തമിഴ്‌നാട്ടിൽ ലക്ഷത്തിൽ 165 പേർക്കാണു പരിശോധന നടത്തുന്നത്. ദേശീയ തലത്തിൽ ഇതു 65ൽ താഴെയാണ്. ചെന്നൈയിൽ ഇതു 400 ൽ കൂടുതലാണ്. സാംപിൾ പരിശോധനയുടെ എണ്ണം വർധിപ്പിച്ചതാണു കോവിഡ് ബാധിതരുടെ എണ്ണം കൂടാൻ ഒരു കാരണമെന്നാണു ആരോഗ്യ വകുപ്പിന്റെ വിശദീകരണം.തമിഴ്‌നാട്ടിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ കേരളത്തിലേക്കുള്ള ചരക്കു നീക്കം കുറയുന്നു. പ്രധാന അതിർത്തിയായ വാളയാർ വഴി സാധാരണ എത്തുന്നതിന്റെ പകുതി വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ വരുന്നത്. തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ആനക്കട്ടയിൽ ഗതാഗതം പൂർണമായും നിരോധിച്ചു. അവശ്യസാധനങ്ങളായ പഴം, പച്ചക്കറി, പലവ്യഞ്ജനങ്ങൾ അടക്കമുള്ളവ അതിർത്തി വരെ എത്തിച്ച് വാഹനം മാറ്റികയറ്റിയാണ് എത്തിക്കുന്നത്.

ലോക്ക് ഡൗൺ നിലവിൽ വന്നശേഷവും രണ്ടായിരത്തി അഞ്ചൂറോളം ചരക്ക് വാഹനങ്ങളാണ് ദിവസേന വാളയാർ വഴി എത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെ 6 മുതൽ ചൊവ്വ രാവിലെ 6 വരെയുള്ള കണക്കുപ്രകാരം 1156 ചരക്ക് വാഹനങ്ങളാണ് അതിർത്തി കടന്നത്. ചൊവ്വാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 5 വരെ 370 വാഹനങ്ങൾ മാത്രമാണ് എത്തിയത്. മുൻ ദിവസങ്ങളിൽ ഇത് 600 കടന്നിരുന്നു.

കോവിഡ് ബാധിക്കാതെ 300 ജില്ലകൾ

ഇന്ത്യയിൽ കൊവിഡ് ബാധിക്കാത്ത 300 ജില്ലകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചു. രണ്ടു സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര ആൻഡ് നാഗർഹവേലി, ദമൻ ആൻഡ് ദിയു, ലക്ഷദ്വീപ്, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലാണ് ഇതുവരെ ഒരു കൊവിഡ് രോഗികൾ പോലും ഇല്ലാത്തത്. രാജ്യത്ത് ആകെ 739 ജില്ലകളാണുള്ളത്. ഇതിൽ 300 ജില്ലകളിലാണ് കൊവിഡ് ബാധിക്കാത്തത്.ഗോവ പൂർണമായും ഗ്രീൻ സോണിലാണ്. സംസ്ഥാനത്ത് ഒരു കൊവിഡ് കേസുപോലും ഇല്ലാത്ത സാഹചര്യത്തിലാണ് ഗോവയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഗ്രീൻ സോണിലാക്കിയത്.അരുണാചൽ പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂർ, ഛത്തീസ്‌ഗഡ്, ത്രിപുര എന്നിവിടങ്ങളിൽ 75% ജില്ലകൾ ഇപ്പോഴും കൊവിഡ് മുക്തമാണ്.

രാജ്യത്താകെ 130 റെഡ്‌സോണുകളാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. 319 ജില്ലകൾ ഗ്രീൻ സോണിലും 284 ജില്ലകൾ ഓറഞ്ച് സോണിലുമാണ്. ഇന്നലെത്ത കണക്കനുസരിച്ച് ആകെ രോഗികളിൽ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡൽഹി (3439), രാജസ്ഥാൻ (2438), മധ്യപ്രദേശ് (2660), തമിഴ്‌നാട് (2323), ഉത്തർപ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണം 1000 കടന്നു.

രാജ്യത്തെ ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി അടയാളപ്പെടുത്തുകയെന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. പുതിയ കേസുകൾ ഉയരുമ്പോഴും കുറയുമ്പോഴും ഇതു ചെയ്യണം. കേസുകൾ, ടെസ്റ്റിങ് നിരക്ക്, ജനസംഖ്യ തുടങ്ങിയവരുടെ അടിസ്ഥാനത്തിലാണ് ജില്ലകളെ റെഡ്, ഓറഞ്ച് സോണുകളായി തിരിക്കുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു. 19, 398 വെന്റിലേറ്ററുകൾ ഇന്ത്യയിൽ ലഭ്യമാണെന്നും 60,884 എണ്ണം വാങ്ങുന്നതിന് ഓർഡർ നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

തദ്ദേശ സ്ഥാപനങ്ങളോടൊപ്പം ചേർന്ന് സിആർപിഎഫ് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബിഎസ്എഫും ഐടിബിപിയും കോവിഡിനെതിരെ പോരാടുന്നുണ്ട്. കർഷകരെ വിളകൾ വിൽക്കുന്നതിനായി അസം റൈഫിളും സഹായിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഉത്പാദനം വർധിച്ചതായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതല സമിതി വ്യക്തമാക്കി. ഹൈഡ്രോക്‌സിക്ലോറോക്വീൻ ഗുളികകളുടെ നിർമ്മാണം 30 കോടി ആയി ഉയർന്നു. 12.23 കോടി ഗുളികകളുടെ സ്ഥാനത്താണ് ഈ വർധനയെന്ന് ഉന്നതതല സമിതി പറയുന്നു.നിലവിൽ 16 കോടി ഗുളികകൾ വിപണിയിൽ വിതരണം ചെയ്തിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്ക് 35 ലക്ഷം ആർടി പിസിആർ കിറ്റുകളുടെ ആവശ്യമാണ് ഉള്ളത്. 21.35 ലക്ഷം കിറ്റുകൾക്കുള്ള ഓർഡർ ഐസിഎംആർ നൽകിയിട്ടുണ്ട്. ഇതിൽ 13.75 ലക്ഷം കിറ്റുകൾ ലഭ്യമായതായി ഉന്നതതല സമിതി വ്യക്തമാക്കി.

കോവിഡ് ചികിത്സയുടെ ഭാഗമായി 2.01 കോടി പിപിഇ കിറ്റുകളാണ് രാജ്യത്തിന് വേണ്ടി വരിക. വ്യക്തിഗത സുരക്ഷാ സംവിധാനമായ പിപിഇ കിറ്റുകൾ ലഭ്യമാക്കാൻ ഓർഡർ നൽകിയിട്ടുണ്ട്. 2.22 കോടി കിറ്റുകൾ ലഭ്യമാക്കുന്നതിനാണ് ഓർഡർ നൽകിയത്. ഇതിൽ 1.42 കോടി കിറ്റുകൾ ആഭ്യന്തര വിപണിയിൽ നിന്ന് സമാഹരിക്കാനാണ് തീരുമാനിച്ചത്. നിലവിൽ പ്രതിദിനം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്ത് ഉത്പാദിപ്പിക്കുന്നതെന്നും ഉന്നതതല സമിതി മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP