Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത; 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,463 കേസുകൾ; ഒറ്റദിവസം മരിച്ചത് 29പേർ; ആകെ മരണസംഖ്യ 368; ധാരാവിയിൽ രണ്ടുപേർ കൂടി മരിച്ചത് ഭീതിയുയർത്തുന്നു; മുംബൈയിൽ മരണസംഖ്യ 103 ആയി ഉയർന്നു; ചേരിനിവാസികൾക്ക് മുഴുവൻ ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് നൽകി തുടങ്ങി; ആശ്വാസം വിദേശരാജ്യങ്ങളിലെ പോലെ അതിഭീകരമായ വർധന ഇല്ലെന്ന ഒറ്റക്കാരണത്തിൽ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു; മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും അതീവ ജാഗ്രത; 24 മണിക്കൂറിനിടെ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,463 കേസുകൾ; ഒറ്റദിവസം മരിച്ചത് 29പേർ; ആകെ മരണസംഖ്യ 368; ധാരാവിയിൽ രണ്ടുപേർ കൂടി മരിച്ചത് ഭീതിയുയർത്തുന്നു; മുംബൈയിൽ മരണസംഖ്യ 103 ആയി ഉയർന്നു; ചേരിനിവാസികൾക്ക് മുഴുവൻ ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് നൽകി തുടങ്ങി; ആശ്വാസം വിദേശരാജ്യങ്ങളിലെ പോലെ അതിഭീകരമായ വർധന ഇല്ലെന്ന ഒറ്റക്കാരണത്തിൽ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇതുവരെ 10,941 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,463 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. രോഗബാധയുള്ളവരുടെ കണക്കിലെ ഇതുവരെയുള്ള ഏറ്റവും വലിയ വർധനയാണിത്. 29 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത്.ഇതോടെ ആകെ മരണസംഖ്യ 368 ആയി. ആകെ രോഗബാധിതരിൽ 9,272 പേർ ചികിത്സയിലാണ്. 1,190 പേർ രോഗമുക്തരായി. ലോക് ഡൗൺ സമയത്ത് വെറും 600 രോഗികൾ മാത്രം ഉണ്ടായിരുന്നിടത്തുനിന്നാണ് വെറും 21 ദിവസത്തിനുശേഷം രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞതെന്ന് ഓർക്കണം. എന്നാൽ വിദേശരാജ്യങ്ങളിൽ കണ്ടപോലുള്ള അതിഭീകരമായ വർധന ഇവിടെ ഉണ്ടായിട്ടില്ലെന്ന് ആശ്വസിക്കാം. മുംബൈയാണ് ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും കോവിഡ് ബാധിത പ്രദേശമായി നിൽക്കുന്നത്. ഡൽഹി തമിഴ്‌നാട് എന്നിവടങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ 300 പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹിയും തമിഴ്‌നാടുമാണ് തൊട്ടുപിന്നിൽ. തമിഴ്‌നാട്ടിൽ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 1,204 ആയി. ചൊവ്വാഴ്ച 31 പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ് വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ച 31 പേരിൽ 21 പേർക്കും ഒരു കേന്ദ്രത്തിൽനിന്നാണ് രോഗം ബാധിച്ചത്. ഇതുവരെ 81 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ദിണ്ഡിഗലിൽ കോവിഡ് ബാധിച്ച് 93കാരനാണ് മരിച്ചത്.

12 പേർക്കാണ് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടത്. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നു. ഇന്ന് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ എണ്ണം 28 ആയി. രോഗവ്യാപന സാധ്യത കൂടിയ മേഖലകൾ സീൽ ചെയ്തുള്ള പ്രതിരോധ പ്രവർത്തനമാണ് ഇപ്പോൾ ഡൽഹിയിൽ.ഡൽഹി ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും സാകേത് മാക്സ് ആശുപത്രിയിലെ രണ്ട് മലയാളി നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചു.

കർണാടകയിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ ചികിത്സയിലിരുന്ന 76 കാരൻ മരിച്ചു. ഇതോടെ മരണസംഖ്യ 10 ആയി. ഇന്നുമാത്രം 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 260 ആയി ഉയർന്നു. ബെംഗളൂരു നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 80 ആണ്. നഗരത്തിൽ ഈ മാസം 21 വരെ നിരോധനാജ്ഞ നീട്ടി. ആന്ധ്രാപ്രദേശിൽ കോവിഡ് ബാധിച്ച് 2 പേർ കൂടി മരിച്ചു. ഡൽഹിയിൽ നിന്നെത്തി ചികിത്സയിലായിരുന്ന ഡോക്ടറും. പഞ്ചാബിൽ നിന്ന് മടങ്ങിയെത്തിയയാളുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി. ഇന്ന് 34 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 473 ആയി. ഏറ്റവും കൂടുതൽ രോഗികൾ കുർണൂൽ ജില്ലയിലാണ്.

കോവിഡിന്റെ ഹോട്ട് സ്‌പോട്ടുകളിൽ ഒന്നായി മുംബെ നഗരം മാറിയതോടെ എങ്ങും ആശങ്ക ഉയരുകയാണ്. രണ്ടുപേർ കൂടി മരിച്ചതോടെ, ലോകത്തിലെ ഏറ്റവും വലിയ ചേരികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ധാരാവിയിൽ മാത്രം മരണം ഏഴായി. പൂണെയിൽ നാല് മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ മഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ 165 ലേക്ക് ഉയർന്നു. 2515 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചത്.മുംബൈയിൽ ആറ് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് 11 കോടി ജനങ്ങളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനം കടന്നുപോകുന്നത്.

മുംബൈയിൽ മാത്രം കോവിഡ് മരണം 100 കടന്നു. മഹാനഗരത്തിലെ രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുന്നു. ആരോഗ്യപ്രവർത്തകരിലെ രോഗവ്യാപനം തുടരുകയാണ്. ഭാട്യ ആശുപത്രിയിൽ ആറ് മലയാളി നഴ്സുമാർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇവിടെ 4 മലയാളി നഴ്സുമാർ നേരത്തെകോവിഡ് പോസിറ്റീവായിരുന്നു. മുംബൈയിൽ മാത്രം 70 മലയാളി ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.പൊലീസുകാരിലും രോഗം കണ്ടെത്തുന്നത് ആശങ്കവർധിപ്പിക്കുന്നു. മുമ്പ്ര സ്റ്റേഷനിലെ 3 പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു. 38 പേരെ നിരീക്ഷണത്തിലാക്കി. എൻസിപി മന്ത്രി ജിതേന്ദ്ര അവാഡിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 5 പൊലീസുകാരും പോസിറ്റീവായി. മന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു.

ധാരാവിയിൽ സ്ഥിതി രൂക്ഷമാണ്. ഇന്ന് രണ്ടുമരണം റിപ്പോർട്ട് ചെയ്ത ചേരിയിൽ ശനിയാഴ്ച മരിച്ച 52കരന്റെ ഫലവും പോസീറ്റാവായി. ചേരിയിൽ 55 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. താമസക്കാരുടെ പ്രതിരോധശേഷി വർധിപ്പിക്കാൻ ചേരിനിവാസികൾക്ക് ഹൈഡ്രോക്സി ക്ലോറോക്വീൻ മരുന്ന് നൽകി തുടങ്ങി. പക്ഷേ അപ്പോഴും ആശങ്ക ബാക്കിയാണ്. ചേരിൽ രോഗം പടർന്നാൽ അയിരങ്ങളെ ബാധിക്കുമെന്നാണ് ആശങ്ക. അതിനിടെ ലോക് ഡൗൺ ലംഘിച്ച് മുംബൈയിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധവും നഗരത്തെ നടുക്കി. സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകണം എന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് തൊഴിലാളികളാണ് ബാന്ദ്രയിൽ തെരുവിലിറങ്ങിയത്. പ്രധാനമായും യുപി, ബീഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ഭക്ഷണമില്ലെന്നും ദിവസങ്ങളായി പട്ടിണിയിലാണെന്നും തൊഴിലാളികൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. താമസിക്കുന്ന മുറികളിൽ നിന്നും ഉടമകൾ ഇറക്കിവിടുന്നുവെന്നും കൂലിയടക്കം നൽകാത്ത സാഹചര്യം നിലനിൽക്കുന്നുവെന്നുമാണ് തൊഴിലാളികൾ പറയുന്നത്. അതിനാൽ എത്രയും വേഗം തിരികെ നാട്ടിലെത്തിക്കണം എന്നാണ് അവരുടെ ആവശ്യം. ഇവരെ പിരിച്ചുവിടാൻ പൊലീസിന് ഒടുവിൽ ലാത്തിച്ചാർച്ച് നടത്തേണ്ടി വന്നു.

അതേസമയം കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മെയ്‌ മൂന്നുവരെ നീട്ടി. ചൊവ്വാഴ്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ലോക്ക്ഡൗൺ നീട്ടിയകാര്യം പ്രഖ്യാപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP