Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നത് അറുപതിനായിരത്തിലേക്ക്; കോവിഡ് നിയന്ത്രിക്കാൻ സാധിക്കാതെ മഹാരാഷ്ട്ര കേന്ദ്ര മെഡിക്കൽ സംഘത്തിന്റെയും സഹായം തേടിയേക്കും; കാര്യങ്ങൾ കൈവിട്ടുപോകുന്ന തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു; കോവിഡ് മരണനിരക്കിൽ ഇറ്റലിയേക്കാൾ മുന്നിൽലെത്തി ഇന്ത്യയുടെ വേദനയായി ഉജ്ജയിൻ; ഐടി ഹബ്ബായ ബംഗളുരുവിലും കോവിഡ് ഭീതി ഒഴിയാത്തതിനാൽ ഐടി കമ്പനികളും പ്രതിസന്ധിയിൽ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുന്നത് അറുപതിനായിരത്തിലേക്ക്; കോവിഡ് നിയന്ത്രിക്കാൻ സാധിക്കാതെ മഹാരാഷ്ട്ര കേന്ദ്ര മെഡിക്കൽ സംഘത്തിന്റെയും സഹായം തേടിയേക്കും; കാര്യങ്ങൾ കൈവിട്ടുപോകുന്ന തമിഴ്‌നാട്ടിൽ രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു; കോവിഡ് മരണനിരക്കിൽ ഇറ്റലിയേക്കാൾ മുന്നിൽലെത്തി ഇന്ത്യയുടെ വേദനയായി ഉജ്ജയിൻ; ഐടി ഹബ്ബായ ബംഗളുരുവിലും കോവിഡ് ഭീതി ഒഴിയാത്തതിനാൽ ഐടി കമ്പനികളും പ്രതിസന്ധിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അതിവേഗം കുതിക്കുമ്പോൾ എങ്ങും നിറയുന്നത് കടുത്ത ആശങ്ക. അതുപതിനായിരത്തിലേക്കാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കു കുതിക്കുന്നത്. കോവിഡ് വേൾഡ് മീറ്ററിലെ ഡാറ്റയെ അടിസ്ഥാനമാക്കി ഇന്ത്യയിൽ ആകെ റിപ്പോർട്ടു ചെയ്യപ്പെട്ടത് 59,695 കോവിഡ് കേസുകളാണ്. ലോക്ക് ഡൗൺ മൂന്നാം ഘട്ടവും പിൻവലിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെങ്കിലും ഇന്ത്യയിൽ കോവിഡ് അതിവേഗം കുതിക്കുന്നത് മൂന്ന് സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളെയാണ് സാരമായി തന്നെ കോവിഡ് ബാധിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാൺ. കോവിഡ് വ്യാപനത്തിന്റെ നിരക്കിൽ ഇന്ത്യ കുതിക്കുന്നത് കടുത്ത ആശങ്കയ്ക്കാണ് ഇട നൽകുന്നത്.

രോഗികൾ 6000 കടന്നു തമിഴ്‌നാട്

കേരളത്തിന്റെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കാര്യങ്ങൾ സംസ്ഥാനത്തെയും ശരിക്കും ആശങ്കപ്പെടുത്തുകയാണ്. 600 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡ്ബാധിതരുടെ എണ്ണം 6000 കടന്ന അവസ്ഥിലാണ്. ഇതിൽ ചെന്നൈയിൽമാത്രം 3043 പേരുണ്ട്. കോയമ്പേട് മാർക്കറ്റാണ് കോവിഡ് ബാധയിടെ ക്ലസ്റ്ററായി ഇപ്പോൾ മാറിയിരിക്കുന്നത്. മൂന്നുപേർ കൂടി വെള്ളിയാഴ്ച തമിഴ്‌നാട്ടിൽ മരിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടവർക്കും വൻതോതിൽ കോവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്ക ഉയർത്തുകയാണ്. പത്തിലധികം ഡോക്ടർമാർ, നാല് നഴ്സുമാർ, അറുപതോളം പൊലീസുകാർ, പത്തിലേറെ ശുചീകരണത്തൊഴിലാളികൾ, വൈദ്യുതി ബോർഡിലെ 20 ജീവനക്കാർ, അഗ്‌നിശമനസേനയിലെ പത്തോളം ജീവനക്കാർ, അമ്പതോളം മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഇതിൽ ഉൾപ്പെടും.

ചെന്നൈയിലെ കോയമ്പേട് ചന്തയിൽനിന്നുമാത്രം ആയിരത്തോളം പേർക്ക് കോവിഡ് പടർന്നു. ഇതിൽ വയനാട് സ്വദേശിയുമുൾപ്പെടുന്നു. കോയമ്പേട് മാർക്കറ്റിൽ വന്നുപോയ 6900 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ കോവിഡ് ഇല്ലാതിരുന്ന അരിയല്ലൂർപോലുള്ള ജില്ലകളിലേക്കുകൂടി രോഗം വ്യാപിച്ചു. നാലു ദിവസത്തിനുള്ളിൽ മാത്രം മൂവായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. തമിഴകത്തെ മുൾമുനയിൽ നിർത്തുന്നത് ചെന്നൈ നഗരമാണ്. സംസ്ഥാനത്തെ അതിതീവ്ര മേഖലകളിൽ ഭൂരിഭാഗവും ചെന്നൈയിലാണ്. രോഗം പടരുന്നതിനിടെ വ്യാഴാഴ്ച മദ്യഷാപ്പുകൾ തുറന്ന സർക്കാർ നടപടി പ്രതിഷേധത്തിനു വഴിയൊരുക്കി.

മഹാരാഷ്ട്രയിലും കാര്യങ്ങൾ പിടിവിട്ട നിലയിൽ

മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളെല്ലാം ഭേദിച്ച് കോവിഡ് വ്യാപനം തുടരുകയാണ്. വെള്ളിയാഴ്ച 1089 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 19,000 കടന്നു. മരണസംഖ്യ 700 കടന്നു. ആശങ്കയുയർത്തുന്ന ധാരാവിയിൽ വെള്ളിയാഴ്ച അഞ്ചുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 26 ആയി. 25 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 808 ആയി. മുംബൈ നഗരത്തിന്റെ നിയന്ത്രണം കരസേനയെ ഏൽപ്പിക്കുന്നു എന്ന അഭ്യൂഹം പരന്നിരുന്നെങ്കിലും ഇക്കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിഷേധിച്ചു.

കോവിഡ് രോഗികളുടെ എണ്ണം അമിതമായി വർധിക്കുന്നത് തടയാൻകഴിയാത്ത സാഹചര്യത്തിൽ ബ്രിഹൻ മുംബൈ മുനിസിപ്പൽ കമ്മിഷണറെ സർക്കാർ വെള്ളിയാഴ്ച സ്ഥലംമാറ്റി. കമ്മിഷണർ സ്ഥാനത്തിരുന്ന പ്രവീൺ പരദേശിയെ നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാക്കി മാറ്റി. ആ സ്ഥാനത്തുണ്ടായിരുന്ന ഇഖ്ബാൽ സിങ് ചഹലിനെ മുനിസിപ്പൽ കമ്മിഷണറായി നിയമിച്ചു. ബി.എം.സി.യുടെ കീഴിലുള്ള സയൺ ഹോസ്പിറ്റലിൽ മൃതദേഹങ്ങൾക്കിടയിൽ രോഗികൾ കിടക്കുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് കമ്മിഷണർ പരദേശിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്.

മുംബൈയിൽ കരസേനയെ വിന്യസിക്കുമെന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മുംബൈ, പുണെ മേഖലകളിൽ ലോക്ഡൗൺ മാസാവസാനം വരെ നീട്ടുമെന്നു സൂചന. സംസ്ഥാനത്ത് 37 പേർ കൂടി മരിച്ചു. ആകെ മരണം 731. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1089 പേർക്ക്. ആകെ രോഗികൾ 19063. കോവിഡ് രോഗികൾക്കൊപ്പം മൃതദേഹങ്ങൾ പൊതിഞ്ഞുകെട്ടി സൂക്ഷിച്ച സംഭവം പുറത്തുവന്നതിനു പിന്നാലെ മുംബൈ കോർപറേഷൻ കമ്മിഷണർ പ്രവീൺ പർദേശിയെ നഗരവികസന വകുപ്പിലേക്കു മാറ്റി.

ധാരാവി ചേരിയിൽ രോഗികൾ 808. ഇവിടെ 26 പേരാണു മരിച്ചത്. ആർതർ റോഡ് ജയിലിൽ 77 തടവുകാർക്കും 26 ജയിൽ ജീവനക്കാർക്കും കോവിഡ്. 800 തടവുകാരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ നിലവിൽ 2,600 തടവുകാരുണ്ട്. കർണാടകയിൽ 48 പേർക്കു കൂടി രോഗബാധ. ഇവരിൽ 6 പേർ ബെംഗളൂരുവിൽനിന്ന്. സംസ്ഥാനത്തെ ആകെ രോഗബാധിതർ 753. പുതിയ രോഗികളിൽ 13 വയസ്സിനു താഴെയുള്ള 10 കുട്ടികളുമുണ്ട്. ചികിത്സയിലുള്ളവർ 346. പ്രതിഷേധം വ്യാപകമായതിനെത്തുടർന്ന് അതിഥി തൊഴിലാളികൾക്ക് ജന്മ നാടുകളിലേക്കു യാത്ര ചെയ്യാനുള്ള പ്രത്യേക ട്രെയിനുകൾ പുനരാരംഭിച്ചു. ചെരിപ്പുകുത്തികളുടെ കുടുംബങ്ങൾക്ക് 5000 രൂപ ധനസഹായം പ്രഖ്യാപിച്ചു. നിർമ്മാണ തൊഴിലാളികൾക്ക് നേരത്തെ അനുവദിച്ച 2000 രൂപയ്ക്കു പുറമെ 3000 രൂപ കൂടിയും ബാർബർമാർ, അലക്കു തൊഴിലാളികൾ, ഓട്ടോ- ടാക്‌സി ഡ്രൈവർമാർ തുടങ്ങിയവർക്ക് 5000 രൂപ വീതവും ധനസഹായം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിൽ 449 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 7000 കടന്നു. വെള്ളിയാഴ്ച മാത്രം 24 പേർ മരിച്ചു; ഇതിൽ 22 പേരും അഹമ്മദാബാദിലാണ്. 269 േപർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 5,260 ആയി ഉയർന്നു. മരണസംഖ്യ 343 ആണ്. കർണാടകത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധന. ബെംഗളൂരു അടക്കമുള്ള ജില്ലകളിൽ 48 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും പേർക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത്. 376 പേർ രോഗം മാറി ആശുപത്രി വിട്ടു. നിലവിൽ 346 പേരാണ് ചികിത്സയിലുള്ളത്. ഏഴ് പേർക്കുകൂടി രോഗം ബാധിച്ചതോടെ ബെംഗളൂരുവിൽ രോഗബാധിതരുടെ എണ്ണം 163 ആയി.

കോവിഡിൽ പകച്ച് രാജ്യത്തിന്റെ ഐ.ടി. സിരാകേന്ദ്രവും

രാജ്യത്തിന്റെ ഐ.ടി. സിരാകേന്ദ്രമായ ബെംഗളൂരു കോവിഡ്-19 എന്ന മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയെങ്കിലും ആശങ്കയ്ക്ക് കുറവില്ല. ഐ.ടി., ബി.ടി. അടക്കമുള്ള സ്വകാര്യസ്ഥാപനങ്ങൾ ചരുക്കം ജീവനക്കാരെവെച്ച് പ്രവർത്തിക്കാൻ തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങളും കാറുകളും നിരത്തിലിറങ്ങി. ഭൂരിപക്ഷം കടകളും പ്രവർത്തിക്കുന്നു. ഇത് വീണ്ടും രോഗവ്യാപനത്തിനിടയാക്കുമോയെന്ന ഭീതിയുണ്ട്. രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കോവിഡ് ബാധിതരുടെ എണ്ണം ബെംഗളൂരുവിൽ കുറവാണ്. രോഗവ്യാപനം തടയാൻ തുടക്കത്തിൽ സ്വീകരിച്ച കർശന നടപടി ഒരുപരിധിവരെ ഇതിന് സഹായമായി. രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിന് 31 പനി ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു.

റെഡ് സോണിൽ ഉൾപ്പെട്ട നഗരത്തിൽ നൽകിയ ഇളവുകൾ തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. കർശന നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ ബെംഗളൂരുവിൽ രണ്ടാംവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിന്റെ മുന്നറിയിപ്പുമുണ്ട്. സംസ്ഥാനത്ത് കൂടുതൽ രോഗികളുള്ളതും ബെംഗളൂരുവിലാണ്. ഇതിനിടയിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ബെംഗളൂരു കൂടുതൽ കാലം അടച്ചിട്ടാൽ സാമ്പത്തിക അടിത്തറ തകരുമെന്ന് തരിച്ചറിഞ്ഞായിരുന്നു ഇളവുകൾ. സാമൂഹിക അകലം പാലിക്കാൻ തയ്യാറാകാതെ പുറത്തിറങ്ങുന്നവരാണ് പ്രധാന ഭീഷണി. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ബെംഗളൂരുവിലേക്ക് സ്വദേശികൾ വരുന്നതോടെ നിരീക്ഷണം ശക്തമാക്കേണ്ടിവരും. ആദ്യവിമാനം മെയ്‌ 11-നെത്തും. ബെംഗളൂരുവിലെ 198 വാർഡുകളിൽ 21 എണ്ണം തീവ്രാഘാതമേഖലകളാണ്.

മാർച്ച് ഒമ്പതിന് അമേരിക്കയിൽനിന്നെത്തിയ 46-കാരനായ സോഫ്റ്റ്‌വേർ എൻജിനിയർക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടുമാസത്തിനുള്ളിൽ ബെംഗളൂരുവിൽ 163 പേർക്ക് കോവിഡ് ബാധിച്ചു. ഇതിൽ 84 പേർക്ക് രോഗം ഭേദപ്പെട്ടു. 72 പേരാണ് ചികിത്സയിലുള്ളത്. ആറുപേർ രോഗം ബാധിച്ച് മരിച്ചു. ഒരു രോഗി ആശുപത്രിക്കെട്ടിടത്തിനുമുകളിൽനിന്ന് ചാടി ജീവനൊടുക്കി. വെള്ളിയാഴ്ച നഗരത്തിൽ ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴുപേർക്ക് രോഗം മാറുകയുംചെയ്തു. സംസ്ഥാനത്ത് 753 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 376 പേർക്ക് രോഗം മാറി. 30 പേർ രോഗം ബാധിച്ച് മരിച്ചു.

മെയ്‌ ആദ്യവാരത്തോടെയാണ് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായത്. കോവിഡ് വ്യാപനം മുന്നിൽക്കണ്ട് വിപുലമായ സജ്ജീകരണം സർക്കാർ ഒരുക്കിയിരുന്നു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിലും വിക്ടോറിയ ആശുപത്രിയിലും കോവിഡ് രോഗികൾക്കായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. വിക്ടോറിയ ആശുപത്രി കോവിഡ് ചികിത്സയ്ക്കായി മാറ്റി. 15 സ്വകാര്യ ഹോട്ടലുകളിൽ നിരീക്ഷണസൗകര്യമൊരുക്കി. ദക്ഷിണ-പശ്ചിമ റെയിൽവേ 312 കോച്ചുകൾ ഐസൊലേഷൻ വാർഡുകളിലാക്കി.

രോഗവ്യാപനം തടയാൻ 1.23 കോടി ജനസംഖ്യയുള്ള മഹാനഗരത്തിന്റെ അതിർത്തി അടച്ചിട്ടിരിക്കുകയാണ്. 13 ലക്ഷത്തോളം മലയാളികളാണ് നഗരത്തിലുള്ളത്. ചെറുകിടസ്ഥാപനങ്ങളിൽ ജോലിചെയ്തും ചായക്കട, തട്ടുകട എന്നിവ നടത്തിയും ഉപജീവനം കണ്ടെത്തുന്ന മലയാളികളുടെ ജീവിതം ആശങ്കനിറഞ്ഞതാണ്. നഗരത്തിൽ 15 ലക്ഷത്തോളം ഐ.ടി. ജീവനക്കാരുണ്ട്. ഇതിൽ നല്ലൊരു ശതമാനവും മലയാളികളാണ്. ഇവരിൽ പലരും പിരിച്ചുവിടൽ, ശമ്പളം വെട്ടിക്കുറയ്ക്കൽ ഭീഷണി നേരിടുന്നു. മലയാളികൾക്ക് ഇതുവരെ കോവിഡ് ബാധിച്ചില്ലെന്നത് ആശ്വസമാണ്. എന്നാൽ, നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയ നാലു മലയാളികൾ രോഗംബാധിച്ചതിനെത്തുടർന്ന് ചികിത്സയിലാണ്. ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കുമായി എത്തിയശേഷം നാട്ടിലേക്ക് പോകാൻ കഴിയാതെ നഗരത്തിൽ കുടുങ്ങിയ മലയാളികൾ ഏറെയാണ്. നാട്ടിലേക്ക് മടങ്ങാൻ 'നോർക്ക'വഴി 50,000-ത്തോളംപേരാണ് രജിസ്റ്റർചെയ്തത്. ഇതിൽ 2100-ഓളംപേർക്കാണ് മടങ്ങാനായത്. തൊഴിൽ നഷ്ടപ്പെട്ടതോടെ നഗരത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.

മരണ നിരക്കിൽ ഇറ്റലിയെ കടത്തിവെട്ടി ഉജ്ജെയിൻ

അതേസമയം കോവിഡ് പ്രതിരോധത്തിൽ മധ്യപ്രദേശിനു പുതിയ തലവേദനയായി ഉജ്ജയിൻ നഗരം. ഇവിടെ ലോകരാജ്യങ്ങളെക്കാൾ ഉയർന്ന മരണ നിരക്ക് രേഖപ്പെടുത്തിയതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. ദേശീയ മരണ നിരക്ക് 3.34% ആണെന്നിരിക്കെ ഉജ്ജയിനിൽ 19.54% ആണിത്. ഇവിടെ കോവിഡ് സ്ഥിരീകരിച്ച 220 ൽ 62 പേരും മരിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും മുംബൈ, ഡൽഹി, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങൾ മുന്നിലാണെങ്കിലും ഇവിടങ്ങളിൽ മരണനിരക്ക് ഇത്രയധികമില്ല. മുംബൈ: 3.91%, ഡൽഹി: 1.08%, അഹമ്മദാബാദ്: 6.29% എന്നിങ്ങനെയാണ് മരണനിരക്ക്. രോഗം തിരിച്ചറിയുന്നതിലും ചികിത്സ തേടുന്നതിലും അടക്കം വരുന്ന കാലതാമസം അടക്കം പല ഘടകങ്ങൾ കൊണ്ടാകാം മരണനിരക്ക് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP