Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോവിഡിന്റെ അതിവേഗ വ്യാപനം നടക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ; രാജ്യത്തിന്റെ അപകടകാരിയായ കോവിഡ് 19 ഹോട്ട് സ്പോട്ടായി മുംബൈ നഗരം; മഹാരാഷ്ട്രയിലെ മരണ സംഖ്യ നൂറ് പിന്നിട്ടതും രോഗം അതിവേഗം രോഗം പടരുന്നതും കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു; കോവിഡിന്റെ വ്യാപനത്തെ പിടിച്ചുകെട്ടി തല ഉയർത്തി കേരളവും; ഇന്ത്യയിൽ സമൂഹ വ്യാപനത്തിന്റെ സൂചന നൽകി ഐ.സി.എം.ആർ പഠനവും

കോവിഡിന്റെ അതിവേഗ വ്യാപനം നടക്കുന്നത് മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ; രാജ്യത്തിന്റെ അപകടകാരിയായ കോവിഡ് 19 ഹോട്ട് സ്പോട്ടായി മുംബൈ നഗരം; മഹാരാഷ്ട്രയിലെ മരണ സംഖ്യ നൂറ് പിന്നിട്ടതും രോഗം അതിവേഗം രോഗം പടരുന്നതും കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നു; കോവിഡിന്റെ വ്യാപനത്തെ പിടിച്ചുകെട്ടി തല ഉയർത്തി കേരളവും; ഇന്ത്യയിൽ സമൂഹ വ്യാപനത്തിന്റെ സൂചന നൽകി ഐ.സി.എം.ആർ പഠനവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നെന്ന സംശയം ശക്തമാകുന്നു. മാഹാരാഷ്ട്രയിൽ അടക്കം കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് രാജ്യം. രാജ്യത്തെ കോവിഡ് കേസുകളുടെ പകുതിയിലേറെയും മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡൽഹി, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിലാണ്. രാജ്യത്തെ ആകെ രോഗബാധയുടെയും മരണങ്ങളുടെയും 60 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്ക് ഏഴായിരം പിന്നിട്ട് കുതിക്കുകയാണ്. 31 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അവസാന രണ്ടാഴ്ചകൊണ്ട് വൈറസ് ബാധിതരുടെ എണ്ണം വൻതോതിൽ ഉയർന്നപ്പോൾ എല്ലായിടത്തും ഒരുപോലെയല്ല വ്യാപനമുണ്ടായത്.

മറ്റിടങ്ങളിൽനിന്ന് വ്യത്യസ്തമായി ഈ അഞ്ച് സംസ്ഥാനങ്ങളിൽ സ്ഥിതി ഏറെ രൂക്ഷമായി മാറിയിരിക്കുകയാണ്. അതേസമയം, രോഗം ഭേദമായവരിൽ 45 ശതമാനവും ഇവിടങ്ങളിൽനിന്നു തന്നെയാണ്. ഇന്ത്യൽ കോവിഡിന്റെ ആക്രമണം ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ കേസുകൾ 1600 ലേക്ക് അടുക്കുകയാണ്. ഇതിൽ മരണസംഖ്യ നൂറ് പിന്നിട്ടത് കടുത്ത ആശങ്കയ്ക്ക് ഇ നൽകുന്നുണ്ട്. മുംബൈ നഗരമാണ് കോവിഡ് വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ടായി മാറിയിരിക്കുന്നത്. അതുകൊണ്ടും രാജ്യത്തിന്റെ ആശങ്ക അതിവേഗം ശക്തമാകുകയാണ്. ഇത് രാജ്യത്തെ മരണസംഖ്യയുടെ പകുതിയോളം വരും. മുംബൈയിലും പുണെയിലും സ്ഥിതിഗതികൾ മോശമായി തുടരുകയാണ്.

രാജ്യത്തെ ആകെ കേസുകളുടെ 13 ശതമാനവും സംഭാവന ചെയ്ത തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. അവസാനത്തെ ഒരാഴ്ചകൊണ്ടാണ് സംസ്ഥാനത്ത് വൻ വർധന ഉണ്ടായത്. അതേസമയം, മരണസംഖ്യ 10ൽ എത്തിയിട്ടില്ല എന്നത് അൽപം ആശ്വാസത്തിന് വക നൽകുന്നു. 20ലേറെ പേർ രോഗമുക്തി നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ ഇനന്നലെ റിപ്പോർട്ട് ചെയ്തത് 77 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 911 ആയി. തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ് ഇവരിൽ 833 പേരുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് റിപ്പോർട്ട് ചെയ്ത 77 കേസുകളിൽ 70 കേസുകളും തബ്ലീഗിൽ പങ്കെടുത്ത കോവിഡ് 19 രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്. സംസ്ഥാനം കർശന പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടന്നിട്ടും വൈറസ് വ്യാപനം തുടരുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ കോവിഡ് -19 വ്യാപനം നിരീക്ഷിക്കാൻ രൂപീകരിച്ച മെഡിക്കൽ വിദഗ്ധരുടെ സമിതി ലോക്ക്ഡൗൺ ഏപ്രിൽ 14 ന് ശേഷം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടമെന്ന് മുഖ്യമന്ത്രി എടപ്പാടി.കെ.പളനിസ്വാമിക്ക് ശുപാർശ നൽകിയിരുന്നു. സർക്കാർ കഴിയുന്നത്ര ശ്രമിച്ചിട്ടും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗൺ 14 ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. വിദഗ്ധസമിതിയംഗം പറഞ്ഞു. ശനിയാഴ്ച തമിഴ്‌നാട് മന്ത്രിസഭ തീരുമാനമെടുക്കും.

വൈറസ് ബാധയിൽ മൂന്നാമതുള്ള രാജ്യതലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം എണ്ണൂറിനോട് അടുക്കുകയാണ്. ഇരുപഞ്ചോളം പേർക്ക് രോഗം ഭേദമായപ്പോൾ മരണസംഖ്യ രണ്ടക്കം കടന്നു. ആകെ രോഗികളുടെ 11 ശതമാനമാണ് ഡൽഹിലുള്ളത്. ഒരാഴ്ചകൊണ്ട് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധന കാണിച്ച രാജസ്ഥാനിൽ നിന്നാണ് രാജ്യത്തെ ആകെ കേസുകളുടെ ഏഴര ശതമാനവും. മാർച്ച് ആദ്യ ആഴ്ചതന്നെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയ രാജസ്ഥാനിൽ സംഖ്യ അഞ്ഞൂറിലേക്കടുക്കുകയാണ്. വൈറസ് ബാധിതരുടെ എണ്ണം അഞ്ഞൂറിലേക്കെത്തുന്ന തെലങ്കാനയിലും സ്ഥിതിഗതികൾ ആശങ്ക ഉയർത്തുന്നതാണ്. ഇവിടെ 35ഓളം കേസുകൾ നെഗറ്റിവ് ആയിട്ടുമുണ്ട്. ഇതിനിടെ, മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ വെള്ളിയാഴ്ച രണ്ടു വനിത ഡോക്ടർമാർ അടക്കം 14 പേർക്ക് രോഗം ബാധിച്ചു. രോഗികളുടെ എണ്ണം 400 കവിഞ്ഞ സംസ്ഥാനത്തും രോഗവ്യാപനത്തിന് വേഗത കൂടുതലാണ്. ഏറെ പ്രവാസികൾ ഉള്ള ഗുജറാത്തിൽ മരണസംഖ്യ ഇരുപതിനോട് അടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം മുന്നൂറു കടന്ന ഗുജറാത്തിൽ വെള്ളിയാഴ്ച 46 പേർക്ക് സ്ഥിരീകരിച്ചു.

മുംബൈയെ വിഴുങ്ങി കോവിഡ്

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനയാണ് മുംബൈയിൽ രേഖപ്പെടുത്തിയര്. രേഖപ്പെടുത്തി മുംബൈ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 132 പുതിയ കോവിഡ് 19 കേസുകളാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 1,008 ആയി. മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ 64 ശതമാനവും മുംബൈയിലാണ്. വെള്ളിയാഴ്ചത്തെ കണക്കുകൾ പ്രകാരം 1,574 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

കോവിഡ് കേസുകളിൽ വൻ വർധന രേഖപ്പെടുത്തിയതോടെ പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. മുംബൈയിലെ ചേരിപ്രദേശമായ ധാരാവിയിൽ സമൂഹവ്യാപനം ആരംഭിച്ചോ എന്ന ആശങ്കയിലാണ് അധികൃതർ. ധാരാവിയിൽ കോവിഡ് ബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചുവെന്നാണ് കണക്കുകൾ. പ്രതിരോധ പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് നടക്കുന്നതിനൊപ്പം ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്ന ആളുകളുടെ എണ്ണത്തിലും വർധനയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. വെള്ളിയാഴ്ച മാത്രം 1930 പേരെയാണ് നിയമം ലംഘിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കേരളം ആശ്വാസ വഴിയിൽ

കോവിഡിനെ തോൽപ്പിച്ചതിന്റെ ആശ്വാസ വഴിയിലാണ് കേരളം. സംസ്ഥാനത്ത് ഇന്നലെ ഏഴുപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസർകോട് ജില്ലകളിലെ മൂന്നുപേർക്കും കണ്ണൂർ, മലപ്പുറം ജില്ലയിലെ രണ്ടു പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേർ നിസാമുദ്ദീനിൽ നിന്നും വന്നതാണ്. അഞ്ചുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. ഇതിൽ രണ്ടുപേർ കണ്ണൂരിലും മൂന്നുപേർ കാസർകോടും ഉള്ളവരാണ്.

ഇന്ന് കേരളത്തിൽ 27 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കാസർഗോഡ് ജില്ലയിലുള്ള 17 പേരുടേയും (കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന എട്ടുപേർ) കണ്ണൂർ ജില്ലയിലുള്ള ആറുപേരുടേയും കോഴിക്കോട് ജില്ലയിലുള്ള രണ്ടുപേരുടേയും (ഒരാൾ കാസർകോട്) എറണകുളം, തൃശൂർ ജില്ലകളിലുള്ള ഓരോരുത്തരുടേയും ഫലമാണ് നെഗറ്റീവായത്.

കേരളത്തിൽ കോവിഡ് 19 ആദ്യ കേസ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടി ഡിസ്ചാർജായത്. ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടുപേരും എറണാകുളം ജില്ലയിൽ നിന്നുള്ള 14 പേരും ഇടുക്കി ജില്ലയിൽ നിന്നുള്ള ഏഴുപേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള 37 പേരും കാസർകോട് ജില്ലയിൽ നിന്നുള്ള 24 പേരും കൊല്ലം ജില്ലയിൽ നിന്നുള്ള രണ്ടുപേരും കോട്ടയം ജില്ലയിൽനിന്നുള്ള മൂന്നുപേരും കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആറു പേരും മലപ്പുറം ജില്ലയിൽ നിന്നുള്ള നാലുപേരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള എട്ടുപേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള എട്ടുപേരും തൃശൂർ ജില്ലയിൽ നിന്നുള്ള ഏഴുപേരും വയനാട് ജില്ലയിൽ നിന്നുള്ള രണ്ടുപേരുമാണ് ഡിസ്ചാർജായത്. ഇതിൽ എട്ട് വിദേശികളും ഉൾപ്പെടും. ഏഴു വിദേശികൾ എറണാകുളം മെഡിക്കൽ കോളേജിൽനിന്നും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്.

കേരളത്തിൽ ജനുവരി 30നാണ് ആദ്യ കേസുണ്ടായത്. ആദ്യഘട്ടത്തിൽ മൂന്നുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാർച്ച് എട്ടു മുതലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 364 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 238 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രണ്ടുപേർ മുമ്പ് മരണമടഞ്ഞിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,29,751 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,29,021 പേർ വീടുകളിലും 730 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 13,339 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്

സമൂഹ വ്യാപനത്തിലേക്ക് വിരൽചൂണ്ടി ഐ.സി.എം.ആർ

കോവിഡ് അതിവേഗം വ്യാപിക്കുമ്പോൾ കൂടുതൽ കരുതലും ജാഗ്രതയും വേണമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. നേരിട്ട് പറയാതെ, കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നതിന്റെ സൂചനകളടങ്ങുന്ന പഠന റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) പുറത്തുവിട്ടു. കോവിഡ് ലക്ഷണമായ കടുത്ത ശ്വാസകോശ രോഗമുള്ളവരിൽ (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൽനെസ് - സരി) നടത്തിയ പഠനത്തിൽ നിന്നാണ് സമൂഹ വ്യാപനത്തിന്റെ സൂചനകൾ വെളിപ്പെടുന്നത്. അടുത്തിടെ കോവിഡ് സ്ഥിരീകരിച്ച 104 പേരിൽ 40 പേരും വിദേശയാത്ര നടത്തിയവരോ മറ്റ് കോവിഡ് രോഗികളുമായി ഇടപഴകിയവരോ അല്ലെന്നാണ് ഐ.സി.എം.ആറിന്റെ നിർണായക കണ്ടെത്തൽ.

ഫെബ്രുവരി 15നും ഏപ്രിൽ രണ്ടിനുമിടക്ക് 20 സംസ്ഥാനങ്ങളിലെ 52 ജില്ലകളിൽ നിന്നുള്ള 5911 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. കോവിഡിന്റെ സമൂഹ വ്യാപനം കണ്ടെത്തുന്നതിനായിരുന്നു പരിശോധന.കോവിഡ് സ്ഥിരീകരിച്ചവരിൽ 39.2 ശതമാനം പേരാണ് വിദേശയാത്ര നടത്താത്തവരും മറ്റ് രോഗികളുമായി ഇടപഴകാത്തവരുമായി ഉള്ളത്. രണ്ടു ശതമാനം പേർ കോവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവരാണ്. ഒരു ശതമാനം പേരാണ് വിദേശയാത്ര നടത്തിയവർ. പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങളുള്ളവർ, അവരുമായി സമ്പർക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ എന്നിവരെയാണ് സമൂഹ വ്യാപനം കണ്ടെത്തുന്നതിനായി പരിശോധനക്ക് വിധേയമാക്കിയത്.

'സരി' രോഗികളിൽ കോവിഡ് പോസിറ്റിവായവരിൽ 2.3 ശതമാനം പേരും പുരുഷന്മാരാണ്. സ്ത്രീകളിൽ 0.8 ശതമാനം പേർ മാത്രമാണ് പോസിറ്റിവ്. 50-59 പ്രായക്കാരാണ് കോവിഡ് പോസിറ്റിവാകുന്നവരിൽ കൂടുതലെന്നും പഠനത്തിൽ പറയുന്നു. വിദേശയാത്രയും സമ്പർക്കവുമില്ലാതെ രോഗം പകർന്നവരുള്ള ജില്ലകൾ പ്രത്യേകം തരംതിരിച്ച് കോവിഡ് പ്രതിരോധത്തിന് ത്വരിത നടപടി സ്വീകരിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനം അതിവേഗം കണ്ടെത്തേണ്ടത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അനിവാര്യമാണ്. കഴിഞ്ഞ രണ്ടാഴ്ച കോവിഡ് കേസുകൾ കുതിച്ചുയർന്നു. കഴിഞ്ഞ മാസം 13 ലക്ഷം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ ബുധനാഴ്ച മാത്രം 13000 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു. 'ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർചി'ൽ പ്രസിദ്ധീകരിച്ച പഠനം ഐ.സി.എം.ആർ മേധാവി ബൽറാം ഭാർഗവ അടക്കം ഒന്നിലേറെ ശാസ്ത്രജ്ഞർ ചേർന്നാണ് തയാറാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP