Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാന ജീവനക്കാർ മാസ്‌കും കയ്യുറയും ധരിക്കണമെന്ന് വ്യോമയാന മന്ത്രാലയം; എയർഹോസ്റ്റസുമാർക്കും നിർദ്ദേശം ബാധകം; 2500 പേർക്കായി മുൻകരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; മാർച്ച് 18ന് വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച നാവികസേനയുടെ പ്രദർശനം റദ്ദാക്കി; കൊറോണ ബാധിതരുടെ എണ്ണം മൂന്നായതോടെ കരുതൽ നടപടികളുമായി കേന്ദ്രം; കേരളത്തിൽ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കെ കെ ഷൈലജ; വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പരിശോധന

വിമാന ജീവനക്കാർ മാസ്‌കും കയ്യുറയും ധരിക്കണമെന്ന് വ്യോമയാന മന്ത്രാലയം; എയർഹോസ്റ്റസുമാർക്കും നിർദ്ദേശം ബാധകം; 2500 പേർക്കായി മുൻകരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; മാർച്ച് 18ന് വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച നാവികസേനയുടെ പ്രദർശനം റദ്ദാക്കി; കൊറോണ ബാധിതരുടെ എണ്ണം മൂന്നായതോടെ കരുതൽ നടപടികളുമായി കേന്ദ്രം; കേരളത്തിൽ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് മന്ത്രി കെ കെ ഷൈലജ; വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പരിശോധന

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി മാറിയതോടെ കർശന നേരിടാൻ മുന്നൊരുക്കവുമായി കേന്ദ്രസർക്കാർ. കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, വിമാനജീവനക്കാർ മാസ്‌കും കയ്യുറയും ധരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദ്ദേശം. എയർഹോസ്റ്റസുമാർക്കും നിർദ്ദേശം ബാധകമാണ്. 2500 പേർക്കായി മുൻ കരുതൽ കേന്ദ്രങ്ങൾ തുറക്കാൻ കര, നാവിക, വ്യോമ സേനകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. നാവികസേന മാർച്ച് 18 മുതൽ 20 വരെ വിശാഖപട്ടണത്ത് നടത്താൻ തീരുമാനിച്ച മിലാൻ നാവിക പ്രദർശനം റദ്ദാക്കി. കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാനിയന്ത്രണങ്ങളും നാവികരുടെ സുരക്ഷയും പരിഗണിച്ചാണ് നടപടി.

വിനോദ സഞ്ചാരിയായി രാജ്യത്തേക്ക് എത്തിയ 69 വയസുകാരനായ ഇറ്റാലിയൻ സ്വദേശിക്കാണ് ഇന്ന് കൊറോണ സ്്ഥിരീകരിച്ചത്. ഇയാൾ ഏതാനും ദിവസമായി ജയ്‌പ്പൂരിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കുമേൽ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഡൽഹിയിലും തെലങ്കാനയിലുമുള്ള രണ്ടുപേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.രോഗബാധകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതിനെ നേരിടാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

കേരളത്തിൽ രണ്ടാംഘട്ട നിരീക്ഷണം ശക്തമാക്കും: മന്ത്രി കെ കെ ശൈലജ

വിവിധ രാജ്യങ്ങളിൽ കൊറോണ (കോവിഡ് 19) വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വിമാനത്താവളങ്ങളിൽ 24 മണിക്കൂറും പരിശോധനാ സംവിധാനം ഒരുക്കും. വിദേശത്തു നിന്ന് വരുന്നവർ ഉത്തരവാദിത്തത്തോടെ സഹകരിക്കണം. കൃത്യമായ വിവരങ്ങൾ നൽകണം. സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഇതു സഹായിക്കും. ആളുകൾക്കിടയിൽ ഇടപെടുന്നതിൽ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങളിൽ ജാഗ്രതയുണ്ടാക്കുന്നതിന് ബോധവത്കരണം ശക്തമാക്കും. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ നിലനിർത്തും. ജീവനക്കാരേയും സജ്ജരാക്കി നിർത്തിയിട്ടുണ്ടെന്ന് മന്ത്രി ഷൈജല അവലോകന യോഗത്തിന് ശേഷം വ്യക്തമാക്കി. നിരവധി രാജ്യങ്ങളിൽ കോവിഡ് 19 വ്യാപിച്ചതിനെ തുടർന്ന് എയർപോർട്ടിൽ മൂന്ന് ഷിഫ്ടായി പരിശോധന ശക്തിപ്പെടുത്തും. നേരിട്ട് ബന്ധമുള്ളവരെ കൂടുതൽ നിരീക്ഷണത്തിൽ വയ്ക്കും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 411 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 388 പേർ വീടുകളിലും 12 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തിൽ കഴിയുന്ന 12 വ്യക്തികളെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചൊവ്വാഴ്ച 130 പേരെ പുതുതായി നിരീക്ഷണത്തിൽ വച്ചിട്ടുണ്ട്. സംശയാസ്പദമായവരുടെ 520 സാമ്പിളുകൾ എൻ.ഐ.വി.യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 494 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ഇതുവരെ 4379 പേരെ നിരീക്ഷണത്തിലാക്കി. അതിൽ 3968 പേരേയും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് 19 രോഗം ഒന്നാം ഘട്ടത്തിൽ നന്നായി ഇടപെടാൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. മരണം ഉണ്ടാകാതെ കൂടുതൽ ആളുകളിലേക്ക് പകരാതെ നോക്കാനും സാധിച്ചു. പോസീറ്റീവായവരുടെ വീട്ടിലെ 14 ദിവസത്തെ നിരീക്ഷണവും കഴിഞ്ഞു. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് 19 പടരുന്ന സാഹചര്യത്തിലും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പോസിറ്റീവ് കേസുകൾ വന്ന സാഹചര്യത്തിലുമാണ് ജാഗ്രത ശക്തമാക്കുന്നത്. നിരീക്ഷണം ശക്തമായി തുടരണമെന്ന മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

ആരും മരണപ്പെടാതിരുന്നത് ജനങ്ങളുടെ നല്ല സഹകരണം ഉള്ളതുകൊണ്ടാണ്. ആദ്യ ഘട്ടത്തിൽ പ്രശ്‌നങ്ങൾ പറഞ്ഞെങ്കിലും സമൂഹത്തിന് വേണ്ടി അവർ സഹകരിച്ചിരുന്നു. അതാണ് നമുക്ക് വിജയമായത്. ഈ സഹകരണം തുടരണം. കൊറോണ ബാധിത പ്രദേശത്ത് നിന്ന് വന്നവർ സ്വമേധയാ മുന്നോട്ട് വരണം. എല്ലാവരും സഹകരിച്ചാൽ സംസ്ഥാനത്തിന്റെ മൊത്തം പ്രശ്‌നമാകാതെ നമുക്ക് എല്ലാവരേയും സംരക്ഷിക്കാൻ സാധിക്കും. 28 ദിവസത്തെ നിരീക്ഷണത്തിന് സ്വയം സന്നദ്ധരാകണം. അവരുടെ വ്യക്തിപരമായ സുരക്ഷയ്ക്കും സമൂഹത്തിന്റെ സുരക്ഷയ്ക്കും വേണ്ടി എല്ലാവരും ഒരിക്കൽ കൂടി സഹകരിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടർമാരായ ഡോ. രാജു, ഡോ. വി. മീനാക്ഷി, ഡോ. ബിന്ദു മോഹൻ, സംസ്ഥാന പകർച്ചവ്യാധി പ്രതിരോധ സെൽ ഡയറക്ടർ ഡോ. പി.എസ്. ഇന്ദു എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP