Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൊറോണയും കോവിഡ് 19 ഉം രണ്ടും ഒന്നാണോ; കേരളത്തിലെ ചൂടിൽ കോവിഡ് 19 പടരാൻ സാധ്യതയില്ലെന്ന പ്രചാരണം സത്യമാണോ; ചൂടുവെള്ളത്തിലെ കുളിയും ഉപ്പുലായനി ഉപയോഗിച്ചു മൂക്കു തുടയ്ക്കുന്നതും രോഗത്തെ പ്രതിരോധിക്കുമോ; വെളുത്തുള്ളി കഴിച്ചാൽ പ്രതിരോധമാവുമോ; തണുത്ത കാലാവസ്ഥയിലും മഞ്ഞിലും വൈറസ് വേഗം വളരുമെന്ന പ്രചാരണം സത്യമാണോ? കൊറോണക്കാലത്തെ പ്രചാരണങ്ങളുടെ യാഥാർഥ്യം എന്താണ്?

കൊറോണയും കോവിഡ് 19 ഉം രണ്ടും ഒന്നാണോ; കേരളത്തിലെ ചൂടിൽ കോവിഡ് 19 പടരാൻ സാധ്യതയില്ലെന്ന പ്രചാരണം സത്യമാണോ; ചൂടുവെള്ളത്തിലെ കുളിയും ഉപ്പുലായനി ഉപയോഗിച്ചു മൂക്കു തുടയ്ക്കുന്നതും രോഗത്തെ പ്രതിരോധിക്കുമോ; വെളുത്തുള്ളി കഴിച്ചാൽ പ്രതിരോധമാവുമോ; തണുത്ത കാലാവസ്ഥയിലും മഞ്ഞിലും വൈറസ് വേഗം വളരുമെന്ന പ്രചാരണം സത്യമാണോ? കൊറോണക്കാലത്തെ  പ്രചാരണങ്ങളുടെ യാഥാർഥ്യം എന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കൊറോണയെന്നും കോവിഡ് 19 എന്നു പറയുന്നതും രണ്ടും ഒന്നാണോ? കേരളത്തിൽ അടക്കം കൊറോണ വൈറസ് പകരുന്ന സാഹചര്യത്തിൽ നവമാധ്യമങ്ങളിലടക്കം ഉയരുന്ന ചോദ്യമാണിത്. പലരുടെയും ധാരണ രണ്ടും ഒന്നാണെന്നാണ്. എന്നാൽ ഇത് പുർണ്ണമായും ശരിയല്ല. മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ. മനുഷ്യരിൽ ജലദോഷപ്പനി മുതൽ മാരകരോഗങ്ങൾക്കു വരെ കാരണമാകാം. കൊറോണ കുടുംബത്തിൽ ജനിതകമാറ്റം സംഭവിച്ചു പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19. മറ്റൊരീതിയിൽ പറഞ്ഞാൽ ചേട്ടനും അനിയനുമാണ് ഇവ. കേരളത്തിലെ ചൂടിൽ കോവിഡ് 19 പടരാൻ സാധ്യതയില്ലെന്ന പ്രചാരണവും സത്യമല്ല. കേരളത്തിനു സമാനമായ കാലാവസ്ഥയുള്ള കിഴക്കൻ രാജ്യങ്ങളിൽ രോഗം പടർന്നിട്ടുണ്ട്. 27 ഡിഗ്രിയിൽ ചൂടുള്ളിടത്തുകൊറോണ നിൽക്കല്ല എന്നതും ശരിയല്ല. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവുതന്നെ 37 ഡിഗ്രിയാണ്്. ഈ തിയറി അനുസരിച്ചാണെങ്കിൽ മനുഷ്യശരീരത്തിൽ ഈ വൈറസ് നിലനിൽക്കാൻ തന്നെ പാടില്ല.

തണുത്ത കാലാവസ്ഥയിലും മഞ്ഞിലും വൈറസ് വേഗം വളരുമെന്ന പ്രചാരണം സത്യമല്ല. കാലാവസ്ഥ എന്തായാലും മനുഷ്യ ശരീരോഷ്മാവ് 36.5 37 ഡിഗ്രി സെൽഷ്യസായിരിക്കും. ചൂടുവെള്ളം ഇടയ്ക്കിടെ കുടിച്ചു തൊണ്ട നനച്ചാൽ കൊറോണ ബാധിക്കില്ലെന്ന പ്രചാരണവും ശരിയല്ല.
ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടു കോവിഡ് 19 ഭേദപ്പെടില്ല. എന്നാൽ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ചൂടുവെള്ളത്തിലെ കുളിയും ഉപ്പുലായനി ഉപയോഗിച്ചു മൂക്കു തുടയ്ക്കുന്നതും രോഗത്തെ പ്രതിരോധിക്കാൻ പര്യാപ്തമല്ല. വെളുത്തുള്ളി കഴിച്ചാലും കോവിഡ് 19 നെ പ്രതിരോധിക്കാനാവില്ല. പക്ഷേ ഹാനികരങ്ങളായ ചില സൂക്ഷ്മാണുക്കളെ ഇല്ലാതാക്കാനുള്ള ആന്റിമൈക്രോബിയൽ ഗുണം വെളുത്തുള്ളിക്കുണ്ട്. ആരോഗ്യകരമായ ഭക്ഷ്യവസ്തുവുമാണത്. പക്ഷേ അതുകൊവിഡിനുള്ള മരുന്നല്ലെന്ന് ഓർക്കണം. പൂച്ച, നായ പോലുള്ള മൃഗങ്ങളെ ഈ രോഗം ബാധിച്ചതയും അവയിൽനിന്നു മനുഷ്യരിലേക്കു പടർന്നതായോ കണ്ടെത്തിയിട്ടില്ല. മനുഷ്യവിസർജ്യം വഴി കോവിഡ് 19 പകരുമെന്നതും തെറ്റാണ്. വിസർജ്യത്തിൽ വൈറസ് ഉണ്ടാകാമെന്നു ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നെങ്കിലും രോഗം പൊട്ടിപ്പുറപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ഇതിനെ വിലയിരുത്തിയിട്ടില്ല. എങ്കിലും, ശുചിമുറി ഉപയോഗത്തിനു ശേഷം കൈകൾ വൃത്തിയായി കഴുകണം.

കൈകളിലെ വൈറസിനെ ഇല്ലാതാക്കാൻ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകഴുകുന്നതു ശീലമാക്കുക. ഏതു സോപ്പും ഉപയോഗിക്കാം. ഉള്ളംകയ്യിലും പുറം കയ്യിലും വിരലുകൾക്കിടയിലുമായി 20 സെക്കൻഡ് നേരമെങ്കിലും കഴുകണം. സോപ്പ് ഇല്ലെങ്കിൽ, 60% എങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കാം.വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേക്കു പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്കു രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിനു ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പരക്കാം. രോഗം ബാധിച്ച ആളിൽനിന്ന് ഒരു മീറ്ററെങ്കിലും (3 അടി) അകലെ നിൽക്കണം.

രോഗലക്ഷണങ്ങൾ കണ്ടാലോ അസ്വസ്ഥത തോന്നിയാലോ വീട്ടിൽ തുടരുകയാണ് വേണ്ടത്. ചുമയോ പനിയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ നേരിട്ടാൽ വൈദ്യസഹായം തേടുക. പ്രാദേശികമായി നൽകിയിട്ടുള്ള ഹെൽപ് നമ്പറിൽ സഹായം തേടുക. ആരോഗ്യവകുപ്പിന്റെ 1056 എന്ന 'ദിശ' ഹെൽപ്ലൈൻ നമ്പറിൽ മാർഗനിർദേശങ്ങൾ ലഭിക്കും. ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണു പൊതു ലക്ഷണങ്ങൾ. ചിലർക്കു ശരീരവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന, വയറിളക്കം എന്നിവ വരാറുണ്ട്. ചിലർക്കു ലക്ഷണങ്ങളൊന്നും കാണിക്കില്ല. രോഗികളിൽ 80% പേരും ചികിത്സയില്ലാതെതന്നെ രോഗമുക്തി നേടും.

രോഗം ബാധിക്കുന്ന ആറിൽ ഒരാൾ എന്ന കണക്കിലാണു ഗുരുതരമാകുക. ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തലിൽ മരണനിരക്ക് 4 ശതമാനത്തിൽ താഴെയാണ്. പക്ഷേ, വയോജനങ്ങളിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദം, കാൻസർ, ഹൃദയ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയുള്ളവരെയും ഗുരുതരമായി ബാധിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP