Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തബ്‌ലീഗി ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ കോവിഡ് ഭീതിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു; ഒരാഴ്‌ച്ചക്കിടെ രാജ്യത്ത് റിപ്പോർട്ടു ചെയ്തത് 1500ലേറെ കോവിഡ് കേസുകൾ; മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ രോഗം ബാധിതരായത് 647 പേർക്ക്; ആശങ്കയിൽ ആയിരങ്ങളും; രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 62 ആയി ഉയർന്നു; മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ മരിച്ചത് അഞ്ചുപേർ; രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം

തബ്‌ലീഗി ജമാഅത്ത് സമ്മേളനം ഇന്ത്യയിലെ കോവിഡ് ഭീതിയുടെ കണക്കുകൂട്ടൽ തെറ്റിച്ചു; ഒരാഴ്‌ച്ചക്കിടെ രാജ്യത്ത് റിപ്പോർട്ടു ചെയ്തത് 1500ലേറെ കോവിഡ് കേസുകൾ; മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചപ്പോൾ രോഗം ബാധിതരായത് 647 പേർക്ക്; ആശങ്കയിൽ ആയിരങ്ങളും; രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 62 ആയി ഉയർന്നു; മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ മരിച്ചത് അഞ്ചുപേർ; രോഗബാധിതരുടെ എണ്ണം ഉയരുമ്പോഴും സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചനകൾ. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1500ലേറെ കോവിഡ് കേസുകളാണ് ഉണ്ടായത്. തബ് ലീഗി ജമാഅത്ത് സമ്മേളനത്തിന് ശേഷമുള്ള കണക്കുകൾ പുറത്തുവന്നതോടെയാണ് രാജ്യത്തോ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായത്. മാർച്ച് 27ന് 724 കേസുകൾ മാത്രമായിരുന്ന സ്ഥാനത്താണിത്. നിലവിൽ 2300ലേറെയാണ്. വർധന മൂന്നിരട്ടിയിലേറെ. മാർച്ച് 10 വരെ 50ൽ താഴെയായിരുന്നു കേസുകൾ.

തമിഴ്‌നാട്, ഡൽഹി, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് ഒരാഴ്ചയ്ക്കിടെ രോഗികൾ കൂടിയത്. അതേസമയം, സമൂഹവ്യാപനം ഇപ്പോഴും ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരം. രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതിൽ 62 പേർക്ക് ജീവൻ നഷ്ടമായി. 2322 പേർ ചികിത്സയിൽ തുടരുകയാണ്. 162 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ വർധനയാണിത്.

രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകൾക്ക് നിസാമുദ്ദീനിൽ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവരുടേതാണ്. കേരളത്തിൽ വെള്ളിയാഴ്ച ഒമ്പതുപേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസർകോട് സ്വദേശികളായ ഏഴുപേർക്കും തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽനിന്നുള്ള ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേർ ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവരാണ്.

നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 12 പേർ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത 647 പേർക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരിൽ 28 ശതമാനവും സമ്മേളനത്തിൽ പങ്കെടുത്തവരും അവരുമായി സമ്പർക്കം പുലർത്തിയവരുമാണ്.

നിസാമുദ്ദീൻ തബ്ലീഗ് മസ്ജിദിൽ തങ്ങിയവരെ ഒഴിപ്പിക്കാൻ നേതൃത്വം നൽകിയ ഡൽഹി പൊലീസിലെ 14 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരിൽ 42 പേർ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേർ നേപ്പാളിലെ കഠ്മണ്ഡുവിൽ ക്വാറന്റീനിലുണ്ട്. അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേർ നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഗസ്സിയാബാദ് എംഎംജി സർക്കാർ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിൽ 6 പേർക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രയോഗിക്കാൻ യോഗി ആദിത്യനാഥ് സർക്കാർ നിർദ്ദേശിച്ചു.

ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്നവർ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവൽ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിങ്ല ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയ്ക്കു കത്തു നൽകി. രോഗികളിലൊരാൾ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിലെ മുകൾനിലയിൽ നിന്നു ചാടി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തബ്ലീഗ് മർകസിൽനിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡൽഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കോവിഡ് ബാധിച്ചുള്ള മരണവും റിപ്പോർട്ടു ചെയ്തു. സൂറത്തിൽ 54,000 പേരെ നിരീക്ഷണത്തിലാക്കി. തുണിയലക്കുന്ന കടയുടെ നടത്തിപ്പുകാരന് രോഗം സ്ഥിരീകരിച്ചതിനെതുടർന്നാണ് ഇവിടെ വസ്ത്രം അലക്കാൻ നൽകിയ പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത്.

മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച മരിച്ചത് അഞ്ചുപേർ, കർണാടകത്തിൽ മരണം നാലായി

വെള്ളിയാഴ്ച മഹാരാഷ്ട്രയിൽ അഞ്ച് കോവിഡ് രോഗികളാണ് മരിച്ചത്. വിജയവാഡയിൽ 55കാരൻ മരിച്ചു. ഡൽഹി തബ്‌ലീഗ് ആസ്ഥാനത്തുനിന്ന് തിരിച്ചെത്തിയ മകനിൽനിന്നാണ് ഇദ്ദേഹത്തിന് രോഗം പടർന്നത്. രോഗം സ്ഥിരീകരിച്ച മകൻ ചികിത്സയിലാണ്. ഗുജറാത്ത് വഡോദരയിൽ 78കാരനാണ് മരിച്ചത്. ഹിമാചൽ പ്രദേശ് സ്വദേശിനി ചണ്ഡിഗഢിലെ ആശുപത്രിയിൽ മരിച്ചു. മധ്യപ്രദേശിൽ ആരോഗ്യവകുപ്പിലെ ഐ.എ.എസ് ഓഫിസർക്ക് രോഗം സ്ഥിരീകരിച്ചു.

അതിനിടെ കർണാടകയിൽ കോവിഡ് മരണം നാലായി. വെള്ളിയാഴ്ച രാത്രി വൈകി ബാഗൽകോട്ടിൽ 75കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാൾക്ക് എങ്ങനെയാണ് കോവിഡ് വന്നതെന്ന് വ്യക്തമല്ല. ഇയാളുമായി അടുത്ത സമ്പർക്കം പുലർത്തിയ കുടുംബക്കാരുടെ സാമ്പിൾ പരിശോധന നടത്തിയെങ്കിലും അവർക്കെല്ലാം നെഗറ്റീവ് ആയിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 31നാണ് ഇയാളെ അസുഖബാധിതനായി ബാഗൽകോട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗ ലക്ഷണങ്ങൾ കാണിച്ചിരുന്നതിനാൽ നേരത്തെ തന്നെ ഇയാൾ ഐസൊലേഷനിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ അസുഖം മുർച്ഛിക്കുകയായിരുന്നു. നേരത്തെ കലബുറഗിയിൽ 75കാരനും തുമകുരുവിൽ 65കാരനും ചിക്കബെല്ലാപുര ഗൗരിബിദനൂർ സ്വദേശിനിയായ 64 കാരിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

ആശങ്കപ്പെടുത്തുന്ന വാർത്തകൾക്കിടെ ആശ്വാസം പകരുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. കോവിഡ് ബാധിച്ചയാളെ കിടത്തിയ അതേ ബെഡിൽ കിടത്തി ചികിത്സിച്ചതിനെ തുടർന്ന് രോഗം പകർന്ന നവജാത ശിശുവിനും അമ്മക്കും രണ്ടാം പരിശോധനയിൽ രോഗമില്ലെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ചൊവ്വാഴ്ച സ്വകാര്യ ലാബിൽ നടത്തിയ പരിശോധനയിലായിരുന്നു ഇരുവർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ട് വന്നത്. ഡോക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പരിശോധനക്ക് വിധേയമായത്. എന്നാൽ, കസ്തൂർബ ആശുപത്രിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ട് ഇരുവർക്കും രോഗമില്ലെന്ന് വ്യക്തമാക്കുന്നു. വ്യാഴാഴ്ച വൈകീട്ടാണ് റിപ്പോർട്ട് ലഭിച്ചത്. നഗരത്തിലെ ചെമ്പൂരിലുള്ള സായ് ഹോസ്പിറ്റലിൽ മാർച്ച് 26ന് പ്രസവിച്ച ശേഷം 26കാരിയായ അമ്മയെയും കുഞ്ഞിനെയും കോവിഡ് ബാധിച്ചയാളെ ചികിത്സിച്ച ബെഡിൽ കിടത്തിയെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സഹായം അഭ്യർത്ഥിക്കുന്ന യുവതിയുടെ ഭർത്താവിന്റെ വിഡിയോ വൈറലാവുകയായിരുന്നു.

തമിഴ്‌നാട്ടിൽ വെള്ളിയാഴ്ച 102 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 100 പേർ ഡൽഹി തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ്ബാധിതരുടെ മൊത്തം എണ്ണം 411 ആയി. 364 പേർ ഡൽഹി സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് തിരിച്ചെത്തിയവരാണെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് മൊത്തം 1,200ൽപരം പ്രതിനിധികളാണ് ഡൽഹി സമ്മേളനത്തിൽ പങ്കെടുത്തിരുന്നത്.
അതിനിടെ, ചെന്നൈ സ്റ്റാൻലി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികൾക്ക് മരുന്നും ഭക്ഷണവും നൽകുന്നതിന് പരീക്ഷണാടിസ്ഥാനത്തിൽ റൊബോട്ടിക് സംവിധാനമേർപ്പെടുത്തി.

ജൻധൻ: പണമെത്തിത്തുടങ്ങി

കോവിഡിനെതിരെ പ്രതിരോധമൊരുക്കുന്നതിൽ, യൂറോപ്യൻ രാജ്യങ്ങളുമായുള്ള താരതമ്യത്തിൽ ഇന്ത്യയുടെ നില ഭേദമാണെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. രാജ്യത്തു മെഡിക്കൽ സാമഗ്രികളുടെ ദൗർലഭ്യമില്ലെന്നും ആവശ്യമായവ കൃത്യമായി ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പറഞ്ഞു. കോവിഡ് പ്രതിരോധ രംഗത്തുള്ളവരെ കയ്യേറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടിക്കു സംസ്ഥാനങ്ങളോടു നിർദ്ദേശിച്ച് ആഭ്യന്തര മന്ത്രാലയം. ഡോക്ടർമാരടക്കം കടമ നിർവഹിക്കുമ്പോൾ രോഗികളും ബന്ധുക്കളും തടസ്സം നിൽക്കരുതെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ മറ്റെന്തിനെക്കാളും പ്രധാനമാണ്.

പ്രധാന്മന്ത്രി ജൻധൻ യോജനയിലെ സ്ത്രീകളായ അക്കൗണ്ട് ഉടമകൾക്ക് ഈ മാസത്തെ വിഹിതമായ 500 രൂപ നേരിട്ട് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്തു തുടങ്ങിയതായി ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. അടുത്ത 3 മാസത്തേക്കാണ് ആശ്വാസധനം ലഭിക്കുക. പണം പിൻവലിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പുവരുത്താനുള്ള മാനദണ്ഡം പാലിക്കണമെന്നും സർക്കാർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP