Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

പോത്തൻകോട് കോവിഡ് ബാധിച്ച് മരിച്ചയാളുമായി ഇടപഴകിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം; പഞ്ചായത്ത് അണുവിമുക്തമാക്കും; അബ്ദുൾ അസീസിന്റെ മകളുടെ പരിശോധനഫലം നിർണായകമാകും; കെഎസ്ആർടിസി കണ്ടക്ടറായ മകൾക്ക് ബൈപ്പാസ് റൂട്ടിൽ രണ്ട് ദിവസവും ഡബിൾ ഡ്യൂട്ടി; ഏറെ തിരക്കുള്ള ബസ് റൂട്ട് ആയതിനാൽ ഇവരുടെ പരിശോധനാഫലം അധികൃതർ നോക്കിക്കാണുന്നത് ആശങ്കയോടെ

പോത്തൻകോട് കോവിഡ് ബാധിച്ച് മരിച്ചയാളുമായി ഇടപഴകിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം; പഞ്ചായത്ത് അണുവിമുക്തമാക്കും; അബ്ദുൾ അസീസിന്റെ മകളുടെ പരിശോധനഫലം നിർണായകമാകും; കെഎസ്ആർടിസി കണ്ടക്ടറായ മകൾക്ക് ബൈപ്പാസ് റൂട്ടിൽ രണ്ട് ദിവസവും ഡബിൾ ഡ്യൂട്ടി; ഏറെ തിരക്കുള്ള ബസ് റൂട്ട് ആയതിനാൽ ഇവരുടെ പരിശോധനാഫലം അധികൃതർ നോക്കിക്കാണുന്നത് ആശങ്കയോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച തിരുവനന്തപുരം പോത്തൻകോട് സ്വദേശി അബ്ദുൾ അസീസുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനായി ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. അസീസ് എവിടെയൊക്കെ സഞ്ചരിച്ചു എന്ന കാര്യത്തെ കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്. മരിച്ച ആളുമായി സമ്പർക്കം പുലർത്തിയ എല്ലാവരും അക്കാര്യം സ്വമേധയാ പൊലീസിനെയോ ആരോഗ്യപ്രവർത്തകരെയോ അറിയിക്കണെമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പോത്തൻകോട് പഞ്ചായത്ത് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. മുഴുവനാളുകളും മൂന്നാഴ്ചയെങ്കിലും നിരീക്ഷണത്തിൽ കഴിയാനാണ് നിർദ്ദേശം. വിദേശത്ത് നിന്ന് എത്തിയവർ റിപ്പോർട്ട് ചെയ്യണം. രോഗലക്ഷണങ്ങളില്ലെങ്കിലും വിദേശത്ത് നിന്ന് എത്തിയവർ പരിശോധന നടത്തേണ്ടതുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശി അബ്ദുൽ അസീസാണ് ചൊവ്വാഴ്ച പുലർച്ച മരിച്ചത്. ശ്വാസകോശ, വൃക്ക സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഇയാളുടെ നില വഷളായിരുന്നു.

അതേസമയം അസീസിന്റെ മകളുടെ പരിശോധനഫലം നിർണായകമാകുമെന്നാണ് ഡോക്ടർമാരും പറയുന്നത്. കാരണം കെ.എസ്.ആർ.ടി.സി വികാസ്ഭവൻ ഡിപ്പോയിലെ കണ്ടക്ടറായ ഇവർ അവസാനമായി ഡ്യൂട്ടി നോക്കിയത് ഈ മാസം 17,19 തീയതികളിലായിരുന്നു. രണ്ട് ദിവസവും ഡബിൾ ഡ്യൂട്ടി ആയിരുന്നു ചെയ്തിരുന്നത്. പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. മകളും അബ്ദുൾ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

കിഴക്കേക്കോട്ടയിൽ നിന്നും ചാക്ക ബൈപാസ് ഇൻഫോസിസ് - ടെക്‌നോപാർക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തൻകോട് - വെഞ്ഞാറമൂട് ആണ് ഇവർ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്.നോൺ എ.സി ലോ ഫ്‌ളോർ ബസായിരുന്നു അത്. ഏറെ തിരക്കുള്ള റൂട്ട് ആയതിനാൽ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതർ കാത്തിരിക്കുന്നത്. കെ .എസ് .ആർ. ടി.സി ബസിൽ യാത്ര ചെയ്തവരെയൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. വിവരം അറിഞ്ഞതോടെ കിഴക്കേക്കോട്ടയിലെ അടക്കം കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശങ്കയിലാണ്.

പോത്തൻകോട് പഞ്ചായത്തിലുള്ളവരും പഞ്ചായത്തിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും മൂന്ന് ആഴ്ചത്തേക്ക് ക്വാറന്റൈനിൽ പോകണം. പോത്തൻകോട് കൺട്രോൾ റും തുറക്കും. പഞ്ചായത്ത് മുഴുവൻ അണുവിമുക്തമാക്കാനുള്ള നടപടി സ്വീകരിക്കും. മാണിക്കൽ, മംഗലപുരം, വെമ്പായം പഞ്ചായത്തുകളിൽ രണ്ടാഴ്ച ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ആരും പുറത്തിറങ്ങാൻ പാടില്ല. തിരുവനന്തപുരം കോർപ്പറേഷന് കീഴിലുള്ള അരിയോട്ടുകോണം, മേലേമുക്ക് ഭാഗത്തും നിയന്ത്രണമുണ്ട്.

രണ്ടുദിവസം മുൻപാണ് 68വയസ്സുകാരനായ അബ്ദുൾ അസീസിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ രണ്ടുദിവസമായി വഷളായിരുന്നു. ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. ഈ മാസം 23 മുതലാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാൾക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച് സ്ഥിരീകരിക്കാനായിട്ടില്ല.

അബ്ദുൾ അസീസിന്റെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. എന്നാൽ ഈ മാസം 28 ന് നടത്തിയ രണ്ടാം സ്രവ പരിശോധനയിലാണ് ഇദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. വീടിന് അടുത്തുള്ള വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജലദോഷവുമായാണ് ആദ്യം ചികിൽസ തേടി എത്തിയത്. എന്നാൽ അസുഖം ഭേദമാകാത്തതിനെ തുടർന്ന് വെഞ്ഞാറമൂടിലുള്ള സ്വകാര്യ ആശുപത്രിയെ സമീപിച്ചു. അവിടെ വെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇയാളുടെ ആരോഗ്യനില വഷളാണെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും സ്ഥിരീകരിച്ചിരുന്നു. മരിച്ച അബ്ദുൾ അസീസ് വീടിന് അടുത്ത് മരണ ചടങ്ങിലും കല്യാണത്തിലും പങ്കെടുത്തിരുന്നതായും, സഹകരണബാങ്കിൽ എത്തിയിരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് ബാലമുരളി പറഞ്ഞു.

ഇദ്ദേഹം ഒന്നര മണിക്കൂറോളം ബാങ്കിൽ ചെലവഴിച്ചിരുന്നു. റിട്ടയേഡ് എഎസ്ഐയാണ് അബ്്ദുൾ അസീസ്. ഇയാളുടെ മകൾ കെഎസ്ആർടിസി ജീവനക്കാരിയാണെന്നും, ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ ജോലിക്ക് പോയിരുന്നതുമാണ്. വിദേശയാത്രയോ, വിദേശത്തു നിന്നുള്ളവരുമായി സമ്പർക്കമോ ഇദ്ദേഹത്തിന് ഉള്ളതായി അറിയിലല്. അസീസുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും ആരോഗ്യവകുപ്പിനെ ബന്ധപ്പെടാൻ നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP