Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റാന്നിയിലെ ഇറ്റലിക്കാരൻ അച്ചായന്റെ മകൾക്കും മരുമകനും കൊറോണ ഭേദമായി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും അഞ്ചാമത്തെ സാമ്പിൾ പരിശോധനാ ഫലം നെ​ഗറ്റീവ്; ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ചെങ്ങളം സ്വദേശികളായ ദമ്പതികളും; കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച് കേരളം

റാന്നിയിലെ ഇറ്റലിക്കാരൻ അച്ചായന്റെ മകൾക്കും മരുമകനും കൊറോണ ഭേദമായി; കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഇരുവരുടെയും അഞ്ചാമത്തെ സാമ്പിൾ പരിശോധനാ ഫലം നെ​ഗറ്റീവ്; ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ചെങ്ങളം സ്വദേശികളായ ദമ്പതികളും; കൊവിഡ് 19നെ ഫലപ്രദമായി പ്രതിരോധിച്ച് കേരളം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: റാന്നിയിലെ ഇറ്റലി അച്ചായന്റെ മകൾക്കും മരുമകനും കൊവിഡ്19 ഭേദമായി. ചെങ്ങളം സ്വദേശികളായ ഇരുവരും കോട്ടയം മെഡിക്കൽ കോളജിലെ ചികിത്സയിലായിരുന്നു. ഇവരുടെ ആദ്യ നാല് പരിശോധനാ ഫലങ്ങളും പോസിറ്റീവായിരുന്നു. എന്നാൽ ഇന്ന് പുറത്ത് വന്ന അഞ്ചാമത്തെ പരിശോധനാ ഫലം നെ​ഗറ്റീവാണെന്ന് ആരോ​ഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ന് രോഗം ഭേദമായ 12 പേരുടെ പട്ടികയിൽ ഇരുവരുമുണ്ട്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം മാർച്ച് എട്ടിനാണ് ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഇവരുടെ ആദ്യ നാലു സാമ്പിളുകളുടെയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. മാർച്ച് 18, 20 തീയതികളിൽ ശേഖരിച്ച സാമ്പിളുകളാണ് നെഗറ്റീവാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ആദ്യ സാമ്പിൾ പരിശോധനയിൽതന്നെ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇവരുടെ കുട്ടിയെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. കുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ തുടരുകയാണ്.

ഇന്ന് രോ​ഗം ഭേദമായ യുവതിയുടെ മാതാപിതാക്കൾക്കും സഹോദരനുമാണ് പത്തനംതിട്ട ജില്ലയിൽ ആദ്യമായി രോഗം ബാധിച്ചത്. ഇറ്റലിയിൽ നിന്ന് തിരികെയെത്തിയ ശേഷം റാന്നി സ്വദേശികളായ ദമ്പതികളും മകനും മകളെയും മരുമകനെയും കാണാൻ കോട്ടയത്തെ വീട്ടിലെത്തിയിരുന്നു. ഇങ്ങനെയാണ് ഇവർക്ക് രണ്ട് പേർക്കും വൈറസ് ബാധയുണ്ടായത്.

ഈ കുടുംബത്തിലെ വൃദ്ധരായ രണ്ട് പേർക്കും പിന്നീട് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതിനാൽ ഇവരുടെ സ്ഥിതി ആദ്യം മോശമായിരുന്നെങ്കിലും പിന്നീട് മെച്ചപ്പെട്ടു. റാന്നിയിലെ വീട്ടിലേക്കാണ് ഇറ്റലിയിൽ നിന്ന് തിരികെ എത്തിയവർ ആദ്യം വന്നത്. വരുമ്പോൾ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫ്ലൈറ്റിൽ അനൗൺസ്മെന്റുണ്ടായിരുന്നെങ്കിലും അവർ അത് അനുസരിച്ചിരുന്നില്ല. പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതിരുന്നതിലാണ് റിപ്പോർട്ട് ചെയ്യാതിരുന്നത് എന്ന് ഇവർ പിന്നീട് വിശദീകരിച്ചെങ്കിലും പനി ഉൾപ്പടെ വന്നപ്പോഴും സ്വകാര്യ ആശുപത്രിയിലെത്തി മടങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. തൊട്ടടുത്തുള്ള സർക്കാർ സംവിധാനങ്ങളെയൊന്നും വിവരമറിയിക്കാൻ ഇവർ തയ്യാറായില്ല.

ഒടുവിൽ അയൽവാസികളായ കുടുംബത്തിന് പനി വന്നപ്പോഴാണ് ഇവർക്കും അസുഖമുണ്ടെന്ന് ആരോഗ്യവകുപ്പ് തിരിച്ചറിയുന്നത്. അതുവരെ വിദേശത്ത് നിന്ന് വന്നതാണെന്ന വിവരമടക്കം ഇവർ മറച്ചുവച്ചിരുന്നുവെന്ന് പിന്നീട് ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയുമടക്കം പറഞ്ഞു. വിവരമറിഞ്ഞ് വീട്ടിലെത്തിയ ആരോഗ്യപ്രവർത്തരോടൊപ്പം ആംബുലൻസിൽ ആശുപത്രിയിലേക്ക് വരാൻ ഇവർ തയ്യാറായില്ല. പിന്നീട് സ്വന്തം വാഹനത്തിൽ വരാമെന്നും സർക്കാരാശുപത്രിയിലേക്ക് വരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഇവർ പറഞ്ഞതും. ഒടുവിൽ എങ്ങനെയെങ്കിലും ആശുപത്രിയിലെത്തിക്കാൻ ഇവരോട് സ്വന്തം വാഹനത്തിൽ വരാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു. ‌‌‌

ഇറ്റലിയിൽ നിന്നെത്തിയ 55കാരനായ ഗൃഹനാഥനും ഭാര്യയും മകനും പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. ഗൃഹനാഥന്റെ സഹോദരനും ഭാര്യയും അവിടെ തന്നെയാണ് ചികിത്സയിൽ കഴിയുന്നത്. ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബസുഹൃത്തുക്കളായ അമ്മയും മകളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

കുടുംബം വന്നതും പോയതും

ഫെബ്രുവരി 29 രാവിലെ 8.20:
55 വയസ്സുകാരനും ഭാര്യയും മകനും ഖത്തർ എയർവേയ്സ് വിമാനത്തിൽ വെനീസിൽനിന്ന് ദോഹയിലും (QR 129) അവിടെനിന്ന് കൊച്ചിയിലും (QR 514) എത്തി. കോട്ടയം ചെങ്ങളത്തുള്ള മകളും ഭർത്താവും 4 വയസ്സുള്ള കുഞ്ഞുമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. എല്ലാവരും ഒരുമിച്ച് റാന്നി പഴവങ്ങാടി മീമൂട്ടുപാറയിലെ വീട്ടിലേക്ക്. 55 വയസ്സുകാരന്റെ 93 വയസ്സുള്ള പിതാവും 89 വയസ്സുള്ള മാതാവും ഒരു ജോലിക്കാരിയുമാണ് ഈ വീട്ടിൽ. പ്രായാധിക്യമുള്ള മാതാപിതാക്കളെ സന്ദർശിക്കാനാണ് ഇറ്റലിയിൽനിന്നു വന്നത്. അയലത്തു താമസിക്കുന്ന സഹോദരനും കുടുംബവും വീട്ടിലെത്തി; ഇവരെ ആലിംഗനം ചെയ്തു സ്വീകരിച്ചു.

മാർച്ച് 1: യാത്രാക്ഷീണം. വൈകി എഴുന്നേറ്റതിനാൽ പള്ളിയിൽ പോകാനായില്ല. അയൽവീടുകൾ സന്ദർശിച്ചു. മകന്റെ സുഹൃത്തുക്കൾ വീട്ടിൽ വന്നു; ഭക്ഷണം കഴിച്ചു.

മാർച്ച് 2: പഴവങ്ങാടി പോസ്റ്റ് ഓഫിസിൽ രണ്ടു തവണ പോയി. റാന്നിയിലെ സൂപ്പർ മാർക്കറ്റ്, ഹോം അപ്ലയൻസ് കട എന്നിവിടങ്ങളിൽ കയറി. വൈകിട്ട് കൊല്ലം പുനലൂർ മണിയാറിലെ ബന്ധുവീട്ടിലെത്തി. 4 മണിക്കൂർ ഇവിടെ ചെലവഴിച്ചു രാത്രി മടങ്ങി. യാത്ര സ്വന്തം വാഹനത്തിൽ.

മാർച്ച് 3: സൂപ്പർ മാർക്കറ്റിൽ പോയി. ബന്ധുക്കൾ പലരും വീട്ടിൽ വന്നു.

മാർച്ച് 4: 55 വയസ്സുകാരന്റെ ഭാര്യ (53 വയസ്സുകാരി) വൈകിട്ട് ബോധരഹിതയായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

മാർച്ച് 5: മടക്കയാത്രയ്ക്കുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റിന് റാന്നി പൊലീസ് സ്റ്റേഷനിലും തുടർന്ന് പത്തനംതിട്ട എസ്‌പി ഓഫിസിലുമെത്തി. ഫോട്ടോ എടുക്കാൻ എസ്‌പി ഓഫിസിനു സമീപത്തെ സ്റ്റുഡിയോയിലും പോയി.

മാർച്ച് 6: ക്ലിയറൻസ് പരിശോധനയ്ക്കായി പൊലീസ് വീട്ടിലെത്തി. അന്നു തന്നെ സഹോദരൻ (62 വയസ്സ്) പനി ബാധിച്ച് താലൂക്ക് ആശുപത്രിയിൽ. ഒപ്പം ഭാര്യയും. ഇവരിൽനിന്നു വിവരങ്ങളറിഞ്ഞതോടെ ഇവരെയും ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തെയും ആശുപത്രിയിലും പിന്നീട് ഐസലേഷൻ വാർഡിലും പ്രവേശിപ്പിച്ചു.

മാർച്ച് 7: കൊറോണ സ്ഥിരീകരിച്ചുള്ള ഫലം രാത്രി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP