Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

അഞ്ചാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയില്ല; സോണുകൾ നിർണയിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകി; കോവിഡ് വിവരങ്ങൾ പങ്കുവെക്കുന്ന പതിവു വാർത്താസമ്മേളനങ്ങളും ഒഴിവാക്കി; കോവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ യോഗം ചേർന്നിട്ടും 25 ദിവസം; കോവിഡ് നിരക്ക് കൂടുമ്പോൾ കേന്ദ്രസർക്കാർ മെല്ലേപ്പോക്കിൽ; 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിലെ പലതും പ്രഖ്യാപനത്തിൽ മാത്രം

അഞ്ചാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നേരിട്ടെത്തിയില്ല; സോണുകൾ നിർണയിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടു നൽകി; കോവിഡ് വിവരങ്ങൾ പങ്കുവെക്കുന്ന പതിവു വാർത്താസമ്മേളനങ്ങളും ഒഴിവാക്കി; കോവിഡ് പ്രതിരോധത്തിനായുള്ള മന്ത്രിതല സമിതിയുടെ യോഗം ചേർന്നിട്ടും 25 ദിവസം; കോവിഡ് നിരക്ക് കൂടുമ്പോൾ കേന്ദ്രസർക്കാർ മെല്ലേപ്പോക്കിൽ; 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിലെ പലതും പ്രഖ്യാപനത്തിൽ മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെ തടയാൻ വേണ്ടി കേന്ദ്രസർക്കാർ ചെയ്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോക്ക് ഡൗൺ പ്രഖ്യാപിക്കുക എന്നതായിരുന്നു. എന്നാൽ, യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ടുള്ള ഗുണം ആർക്കും ഫലത്തിൽ ഉണ്ടായതുമില്ല. മാത്രമല്ല, ഭക്ഷണവും വെള്ളവും കിട്ടാതെ അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം കാൽനടയായി പോകുന്ന ദുരന്തക്കാഴ്‌ച്ചയും ലോകം കണ്ടു. ഇപ്പോൾ കോവിഡ് വ്യാപന നിരക്ക് വർദ്ധിക്കുമ്പോൾ കേന്ദ്രസർക്കാർ മെല്ലേപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. പുതിയ രോഗികളുടെ എണ്ണം ദിവസവും റെക്കോർഡ് വർധന രേഖപ്പെടുത്തുന്നതിനിടെ, കോവിഡ് പ്രതിരോധത്തിനുള്ള മന്ത്രിതല സമിതിയുടെ യോഗം പോലും ചേരുന്നില്ലെന്നതാണ് അവസ്ഥ. ഈ യോഗം ചേർന്നിട്ട് 25 ദിവസം കഴിഞ്ഞു. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ നേതൃത്വം നൽകുന്ന സമിതി ഒടുവിൽ യോഗം ചേർന്നത് മെയ്‌ 15നായിരുന്നു.

കേരളത്തിൽ രോഗം സ്ഥിരീകരിച്ച് ഒരുമാസത്തെ ഇടവേളയിൽ വീണ്ടും കോവിഡ് റിപ്പോർട്ട് ചെയ്തതോടെയാണു കേന്ദ്രം മന്ത്രിതല സമിതിക്കു രൂപം നൽകിയത്. ഫെബ്രുവരി മൂന്നിനായിരുന്നു ആദ്യ യോഗം. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ, വ്യോമയാന മന്ത്രി ഡോ. ഹർദീപ് സിങ് പുരി, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, തുറമുഖ മന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സഹമന്ത്രി അശ്വിനികുമാർ ചൗബേ എന്നിവരാണ് മറ്റ് അംഗങ്ങൾ. ഓരോ 10 ദിവസത്തെയും ഇടവേളയിൽ മെയ്‌ 15 വരെ 15 യോഗങ്ങൾ നടത്തി.

പിന്നീടാണു മുടങ്ങിയത്. ഇന്ത്യയിലെയും വിദേശത്തെയും പൊതുസാഹചര്യം വിലയിരുത്തി, അടുത്ത നടപടികൾ തീരുമാനിക്കുന്നതായിരുന്നു യോഗത്തിന്റെ രീതി. പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ സമിതിക്കു മുന്നിൽ തൽസ്ഥിതി അവതരിപ്പിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രാലയം ഇപ്പോൾ ശരിക്കും ഉൾവലിഞ്ഞു നിൽക്കുകയാണ്. തുടരെയുള്ള ആലോചനാ യോഗങ്ങളും മാർഗരേഖയുമായി സജീമായിരുന്ന ആരോഗ്യമന്ത്രാലയം ഉൾവലിഞ്ഞെന്ന വിമർശനം സർക്കാർ സംവിധാനത്തിൽ നിന്നു തന്നെ ഉയർന്നു തുടങ്ങി. സർക്കാരിന്റെ കർമസമിതിയിൽ അംഗമായ സംഘടനകൾ തന്നെ വിമർശനവുമായി പ്രസ്താവനയിറക്കി.

എയിംസിലെ മുതിർന്ന ഡോക്ടർമാരിലൊരാളും സർക്കാർ നടപടികളെ വിമർശിച്ചു. കോവിഡ് ചികിത്സയിൽ പൊതുമാനദണ്ഡമില്ലാത്തതും സ്വകാര്യ ആശുപത്രികൾ അമിതനിരക്ക് ഈടാക്കുന്നതും അടക്കമുള്ള പ്രശ്‌നങ്ങളിൽ ഇതുവരെ കേന്ദ്രം വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. കോവിഡ് പ്രതിരോധത്തിനു ചുക്കാൻപിടിക്കുന്ന ആരോഗ്യമന്ത്രാലയം, നിതി ആയോഗ്, ഐസിഎംആർ തുടങ്ങിയവയുടെ ഓഫിസുകൾ തന്നെ കോവിഡ് നിഴലിൽ വീണതു കൂടുതൽ പ്രതിസന്ധിയായി. പ്രതിദിന മാധ്യമ സമ്മേളനം വഴി നടപടികൾ വിശദീകരിച്ചിരുന്ന രീതിയും ഉപേക്ഷിച്ചു. ഇതിനെല്ലാം ഇടയാക്കിയത് കോവിഡ് വ്യാപനമായിരുന്നു. ഇതോടെ കോവിഡ് നിയന്ത്രണ അധികാരം കൂടുതലായി സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.

അതേസസമയം പുതിയതരം വൈറസാണെന്നും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു പ്രതിരോധ നടപടി സ്വീകരിക്കുന്നതിലാണു ശ്രദ്ധയെന്നുമാണ് കേന്ദ്ര സർക്കാർ വാദം. സർക്കാരിന്റെ പ്രതിരോധത്തിൽ പ്രധാനപ്പെട്ട, 21 അംഗ ദേശീയ കർമസമിതി 20 യോഗങ്ങൾ നടത്തി. സർക്കാരിലെയും പുറത്തെയും വിദഗ്ദ്ധർ ഇതിലുണ്ട്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് മാർഗരേഖകളും തയാറാക്കുന്നു. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും മരണനിരക്ക്, രോഗമുക്തി, രോഗം ഇരട്ടിക്കാൻ വേണ്ട സമയം തുടങ്ങിയവയിൽ ഇന്ത്യയുടെ നില ഭേദമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

അതിനിടെ അഞ്ചാംഘട്ട ലോക്ക് ഡൗൺ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി മോദി നേരിൽ എത്താത്തതും കേന്ദ്രം ഉൾവലിയുന്നു എന്നതിന്റെ തെളിവായി മാറി. കോവിഡ് പാക്കേജിലെ പലകാര്യങ്ങളും വെറും പ്രഖ്യാപനമായി ഇപ്പോഴും അവശേഷിക്കുകയാണ്. തൊഴിലാളികൾക്ക് ഭക്ഷ്യധാന്യം എത്തിക്കുമെന്നതും 24 മണിക്കൂർ കൊണ്ട് റേഷൻ കാർഡ് നൽകുമെന്നതും അടക്കം വെറും പാഴ് വാഗ്ദാനങ്ങളായി മാറുകയായിരുന്നു.

കോവിഡ് രൂക്ഷമായ 45 മുനിസിപ്പൽ കോർപറേഷൻ മേഖലകളിൽ വീടുവീടാന്തരം കയറിയുള്ള സർവേ, കൂടുതൽ പരിശോധന, കർശന നിരീക്ഷണം തുടങ്ങിയവ നിർദ്ദേശിച്ച് ആരോഗ്യമന്ത്രാലയം. ഈ മേഖലകളിലെ കലക്ടർമാരുമായി ആരോഗ്യ സെക്രട്ടറി നടത്തിയ വിഡിയോ കോൺഫറൻസിലാണു നിർദ്ദേശം. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീർ, കർണാടക ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിലെ 38 ജില്ലകളിലാണ് ഈ നഗരസഭകൾ.

അതിനിടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ കെ.എസ്. ദത്ത്‌വാലിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാറിലും കോവിഡ് ആശങ്ക തുടങ്ങി. ഇദ്ദേഹത്തെ എയിംസിലെ പ്രത്യേക കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂൺ 3നു മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിച്ച കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമർ, പ്രകാശ് ജാവഡേക്കർ എന്നിവർക്കൊപ്പം മാധ്യമ സമ്മേളന വേദിയിൽ ദത്ത്‌വാലിയയും ഉണ്ടായിരുന്നു. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ തുടങ്ങി ഇദ്ദേഹം അടുത്തിടപഴകിയവരോടു സ്വയം നിരീക്ഷണത്തിനു നിർദ്ദേശമുണ്ട്. നാഷനൽ മീഡിയ സെന്റർ അണുവിമുക്തമാക്കാൻ അടച്ചു. അതുവരെ ഔദ്യോഗിക മാധ്യമ സമ്മേളനങ്ങൾ ശാസ്ത്രി ഭവനിലേക്കു മാറ്റും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP