Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര; 24 മണിക്കൂറിനുള്ളിൽ 3007 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 85,975 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 43,591 വൈറസ് ബാധിതർ

കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര; 24 മണിക്കൂറിനുള്ളിൽ 3007 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മാത്രം രോ​ഗം സ്ഥിരീകരിച്ചത് 85,975 പേർക്ക്; നിലവിൽ ചികിത്സയിലുള്ളത് 43,591 വൈറസ് ബാധിതർ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് ബാധിതരുടെ എണ്ണത്തിൽ ചൈനയേയും മറികടന്ന് മഹാരാഷ്ട്ര. സംസ്ഥാനത്ത് 85,975 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ജോൺ ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ട് പ്രകാരം കോവിഡ് 19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇതുവരെ സ്ഥിരീകരിച്ചത് 84,186 കേസുകളാണ്. 4,638 പേർ മരിച്ചു. 83,036 കോവിഡ് ബാധിതരും 4,634 മരണവും എന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3007 പുതിയ കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. 91 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3060 ആയി ഉയർന്നു. ഇന്ത്യയിൽ കോവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. നിലവിൽ 43,591 പേരാണ് മഹാരാഷ്ട്രയിൽ ചികിത്സയിലുള്ളത്. മുംബൈയിൽ മാത്രം 1421 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ 48,549 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25,717 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1636 പേർ മുംബൈയിൽ മരിച്ചു. ധാരാവിയിൽ ഇന്ന് 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ധാരാവിയിൽ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 1912 പേർക്കാണ്. 71 പേർ ഇവിടെ മരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ 3000 പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചു. 30 പൊലീസ് ഉദ്യോഗസ്ഥരാണ് അസുഖ ബാധിതരായി മരിച്ചത്. ഇതേ തുടർന്ന് 50-55 വയസ്സിനിടയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഇനിമുതൽ സാധാരണ ജോലികൾക്ക് മാത്രമേ നിയോഗിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു. 55 വയസ്സിന് മുകളിലുള്ള ഉദ്യോഗസ്ഥർക്ക് ശമ്പളത്തോടുകൂടിയുള്ള ലീവ് അനുവദിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.

രാജ്യത്ത് അടച്ചിടൽ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്താൻ ഭരണകൂടം തീരുമാനിച്ച സാഹചര്യത്തിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. ഒപ്പം ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പൂട്ടികിടക്കാനുമാണ് തീരുമാനം.

ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ എന്നിവ തുറക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഇത്തരം ഇടങ്ങളിൽ ആളുകൾ ഒത്ത് കൂടുന്നത് അനുവദിക്കില്ലെന്നുമാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.സംസ്ഥാനത്തെ സ്‌ക്കൂളുകളും ജൂൺ മാസത്തിൽ തുറക്കില്ലായെന്ന് അറിയിച്ചിട്ടുണ്ട്. ഗ്രീൻ സോണിൽ പോലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കേണ്ടതില്ലായെന്നാണ് തീരുമാനം. ഈജിപ്ത്, ബെൽജിയം, ഖത്തർ തുടങ്ങിയ രാജ്യങ്ങളേക്കാൾ കൂടുതൽ കോവിഡ് കേസുകളാണ് മഹാരാഷ്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇപ്പോൾ ചൈനയേയും മറികടന്നു. ഇന്ത്യയിൽ മഹാരാഷ്ട്ര, തമിഴ്‌നാട്,ഡൽഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP