Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

20 ലക്ഷം കോടിയുടെ പാക്കേജിലുള്ളത് കണക്കുകളിലെ കളികൾ മാത്രം; സർക്കാരിന്റെ സാമ്പത്തികത്തെ ബാധിക്കാതെ വിവിധ മേഖലകളിൽ കൂടുതൽ പണമെത്തിക്കാനുള്ള വെറും വായ്പാധിഷ്ഠിത കൺകെട്ട് വിദ്യ; സാധാരണക്കാരുടെ ക്രിയവിക്രയ ശേഷി ഉയർത്തുന്നതൊന്നും നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനത്തിൽ ഇല്ല; 500 രൂപ ശരാശരി ദിവസ കൂലി കിട്ടിയിരുന്ന കുടിയേറ്റ തൊഴിലാളികളോട് ധനമന്ത്രി ആവശ്യപ്പെടുന്നത് 202 രൂപ കിട്ടുന്ന തൊഴിലുറപ്പ് പദ്ധതിക്ക് പോകാൻ; മോദിയുടെ കോവിഡ് പാക്കേജ് നിരാശപ്പെടുത്തുമ്പോൾ

20 ലക്ഷം കോടിയുടെ പാക്കേജിലുള്ളത് കണക്കുകളിലെ കളികൾ മാത്രം; സർക്കാരിന്റെ സാമ്പത്തികത്തെ ബാധിക്കാതെ വിവിധ മേഖലകളിൽ കൂടുതൽ പണമെത്തിക്കാനുള്ള വെറും വായ്പാധിഷ്ഠിത കൺകെട്ട് വിദ്യ; സാധാരണക്കാരുടെ ക്രിയവിക്രയ ശേഷി ഉയർത്തുന്നതൊന്നും നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനത്തിൽ ഇല്ല; 500 രൂപ ശരാശരി ദിവസ കൂലി കിട്ടിയിരുന്ന കുടിയേറ്റ തൊഴിലാളികളോട് ധനമന്ത്രി ആവശ്യപ്പെടുന്നത് 202 രൂപ കിട്ടുന്ന തൊഴിലുറപ്പ് പദ്ധതിക്ക് പോകാൻ; മോദിയുടെ കോവിഡ് പാക്കേജ് നിരാശപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: കോവിഡ് ഭീതിയിൽ പെട്ട രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജിൽ ആദ്യരണ്ടുദിവസത്തെ പ്രഖ്യാപനങ്ങളിൽ സർക്കാർ നേരിട്ട് ജനങ്ങളുടെ കൈകളിലേക്ക് നൽകുന്ന തുക നാമമാത്രം. ഇതോടെ പ്രതീക്ഷിച്ച ഫലം പാക്കേജ് ഉണ്ടാക്കുന്നില്ലെന്നതാണ് വസ്തുത. ജനങ്ങളിലേക്ക് പണം നേരിട്ട് കൈമാറിയാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എന്നാൽ ആദ്യ രണ്ട് ദിവസത്തെ പ്രഖ്യാപനങ്ങളിൽ രാജ്യം നിരാശരാണ്. വലിയ തുകയൊന്നും ആർക്കും നേരിട്ട് കേ്ന്ദ്ര സർക്കാർ നൽകുന്നില്ല. മറിച്ച് വായ്പകളാണ് കൂടുതലും. ഇതിലൂടെ പാവങ്ങൾക്ക് ഗുണകരമായി ഒന്നും സംഭവിക്കുന്നില്ല. ആളുകളുടെ ക്രയവിക്രയ ശേഷി കൂടുന്നതുമില്ല.

സർക്കാരിന്റെ സാമ്പത്തികച്ചെലവുകളെ കൂടുതൽ ബാധിക്കാതെ വിവിധ മേഖലകളിൽ കൂടുതൽ പണമെത്തിക്കാനാണ് ശ്രമം. ഉപഭോഗം കൂട്ടുന്നതിന് ആളുകളിൽ നേരിട്ട് കൂടുതൽ പണം ലഭ്യമാക്കാനുള്ള നടപടികൾ ഇതുവരെ സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഇന്ത്യൻ വിപണിയും ആവേശത്തിൽ അല്ല. അമേരിക്കയിലെ സാമ്പത്തിക മാന്ദ്യം കൂടുതൽ കാലം നിലനിൽക്കുമെന്ന ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ മുന്നറിയിപ്പിൽ ആഗോള വിപണിയിലുണ്ടായ ഇടിവും ഇതിനൊപ്പം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. വ്യാഴാഴ്ച ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 885.72 പോയിന്റ് നഷ്ടത്തിൽ 31,122.89 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2.77 ശതമാനമാണ് ഇടിവ്. നിഫ്റ്റിയാകട്ടെ 2.57 ശതമാനം ഇടിവോടെ (240.80 പോയിന്റ്) 9,142.75 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ഇതിന് കാരണം ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലെ കരുത്തില്ലായ്മയാണെന്നാണ് വിലയിരുത്തൽ.

ആദ്യദിവസത്തെ പ്രഖ്യാപനത്തിൽ 2500 കോടിരൂപ മാത്രമാണ് ഇത്തരത്തിൽ കൈമാറുക. ബാക്കിയുള്ള തുക മുഴുവൻ ബാങ്ക് വായ്പകൾക്കുനൽകുന്ന ഫണ്ടും സർക്കാർ ഗ്യാരന്റിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതിന് സമാന പ്രഖ്യാപനങ്ങളാണ് രണ്ടാം ദിവസവും ഉണ്ടാകുന്നത്. ഇത് രാജ്യത്തെ ധനസ്ഥിതിയിൽ കാര്യമായ ചലനമുണ്ടാക്കിയേക്കില്ല. സമ്പദ് വ്യവസ്ഥയിലേക്ക് പണം ഒഴുകണം. ഇത് ആളുകളിലേക്ക് പണം എത്തണം. ഇതായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പൂർവ്വ സ്ഥിതിയിലാക്കാൻ വേണ്ടതെന്നായിരുന്നു വിദഗ്ദ്ധർ നിലപാട് എടുത്തത്. എന്നാൽ ഇതു രണ്ടും ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനങ്ങളിൽ ഇല്ല. കണക്കു കൊണ്ടുള്ള വെറും കളിയാണ് പാക്കേജ് പ്രഖ്യാപനം. എല്ലാ ദിവസവും ധനമന്ത്രിയുടെ പ്രസംഗമുണ്ട്. അതുകൊണ്ട് തന്നെ എന്തെല്ലാമാണ് ഇനി പ്രഖ്യാപിക്കുകയെന്ന് ആർക്കും അറിയില്ല. കർഷകരുടേയും തൊഴിലാളികളുടേയും ക്ഷേമത്തിന് ഇതുവരെയുള്ള പ്രഖ്യാപനങ്ങളിൽ ഒന്നുമില്ല.

മറുനാടൻ തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് സൗജന്യമായി റേഷൻകടകൾവഴി ധാന്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള ചെലവ് കേന്ദ്രം വഹിക്കുമെന്നതാണ് രണ്ടാം ദിവസത്തെ പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്. 3500 കോടി രൂപയാണ് ഇതിനായി നേരിട്ട് നൽകുക. ഇത്തരം തൊഴിലാളികൾക്ക് ചെലവുകുറഞ്ഞ താമസസൗകര്യം ഒരുക്കുന്നതിനായി പ്രഖ്യാപിച്ച പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് നടപ്പാക്കുന്നത്. ഇതിനായി സർക്കാർ എത്ര തുക ചെലവഴിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല. പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. അതുകൊണ്ട് തന്നെ അവ്യക്തതകൾ തീരുന്നില്ല.

മുദ്ര-ശിശു വായ്പകളുടെ പലിശയിൽ രണ്ടുശതമാനം സബ്‌സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക കേന്ദ്രസർക്കാർ നേരിട്ടു നൽകുന്നതാണ്. 1500 കോടി രൂപയാണ് ഈയിനത്തിൽ ചെലവു പ്രതീക്ഷിക്കുന്നത്. വഴിയോര കച്ചവടക്കാർക്കുള്ള പദ്ധതിയിൽ വായ്പകൾക്ക് അവസരമൊരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പലിശ സഹിതമുള്ള വായ്പകളായിരിക്കും ഇത്. ഇടത്തരം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള വായ്പാ അധിഷ്ഠിത സബ്‌സിഡി പദ്ധതി 2021 മാർച്ച് വരെ നീട്ടിയിട്ടുണ്ട്. 70,000 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ പദ്ധതിക്ക് കഴിയും.

20 വർഷ കാലാവധിയുള്ള വായ്പകൾക്ക് മൂന്നുമുതൽ നാലുശതമാനംവരെ സബ്‌സിഡി സർക്കാർ നൽകും. എത്ര കോടി രൂപ ഇതിനായി ചെലവഴിക്കുമെന്ന് കൃത്യമായി പറയുന്നുമില്ല. ഇതോടെ പാക്കേജിനെതിരെ പ്രതിപക്ഷ അതിരൂക്ഷമായി രംഗത്തു വന്നു കഴിഞ്ഞു. ദിശാ ബോധമില്ലാത്തതാണ് പാക്കേജ് എന്നാണ് അവരുടെ വിമർശനം. ധനമന്ത്രി നിർമലാ സീതാരാമൻ ബുധനാഴ്ച ആകെ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് മഹാമാരിയുടെ സാന്പത്തിക പ്രത്യാഘാതം കൂടുതൽ കാലത്തേക്ക് നിലനിൽക്കുമെന്ന അമേരിക്കൻ ഫെഡറൽ റിസർവിന്റെ വെളിപ്പെടുത്തൽ വിപണിയിൽ ആശങ്ക വർധിപ്പിച്ചു. ഇതിനൊപ്പം പ്രഖ്യാപനത്തിന് കരുത്തില്ലാതയതോടെ വിപണിയും നഷ്ടത്തിലായി.

ഐ.ടി. മേഖലയാണ് വ്യാഴാഴ്ച കൂടുതൽ നഷ്ടം നേരിട്ടത്. ബാങ്ക് ഓഹരികളും ഇടിവു നേരിട്ടു. ഇലക്ട്രിക് ഉത്പന്ന കന്പനികളും ഊർജ മേഖലയിലെ ധനകാര്യ കന്പനികളും മികച്ച നേട്ടമുണ്ടാക്കി. മികച്ച ഫാദഫലത്തിന്റെ ചുവടു പിടിച്ച് ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സ് ആറു ശതമാനം ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ആഗോള വിപണികളിൽ ഇടിവു രേഖപ്പെടുത്തുന്നത്.

കുടിയേറ്റക്കാർക്ക് നേരിട്ട് പണമില്ല

കോവിഡ് അടച്ചിടലിനെത്തുടർന്ന് കടുത്ത ദുരിതത്തിലായ മറുനാടൻ തൊഴിലാളികളുടെ ഭക്ഷണം, താമസം, തുടർന്നുള്ള ജോലി എന്നിവ ലക്ഷ്യമിട്ടാണ് 'ആത്മനിർഭർ ഭാരത്' പാക്കേജിന്റെ രണ്ടാംഭാഗം കേന്ദ്രം പ്രഖ്യാപിച്ചത്. മറുനാടൻ തൊഴിലാളികൾക്ക് അന്യനാട്ടിലുൾപ്പെടെ എവിടെയാണെങ്കിലും ഭക്ഷ്യധാന്യം ലഭ്യമാക്കാനാണു പദ്ധതി. താമസവും ഭക്ഷണവുമൊരുക്കാൻ സംസ്ഥാന ദുരന്തനിവാരണ ഫണ്ടുപയോഗിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതും ധനമന്ത്രി നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ ദുരന്തനിവാരണ നിധിയിലേക്ക് കേന്ദ്രം ഏപ്രിലിൽ 11,002 കോടി രൂപ നൽകുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികൾക്ക് നേരിട്ട് പണം നൽകണമെന്നതായിരുന്നു ഉയർന്ന ആവശ്യം. സമാന രീതിയിൽ കർഷകർക്കും താങ്ങാവണമെന്ന അഭിപ്രായം ഉയർന്നിരുന്നു. ഇതൊന്നും കേന്ദ്രം പരിഗണിച്ച മട്ടില്ല.

നാട്ടിൽ തിരിച്ചെത്തിയ അതിഥിതൊഴിലാളികൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ചേരാം. പാവപ്പെട്ടവർക്ക് ആർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്. അതിന് പ്രഖ്യാപനത്തിന്റെ കൂടെ ആവശ്യമില്ല. ഇതാണ് ധനമന്ത്രി വലിയ ആഘോഷത്തോടെ പ്രഖ്യാപിച്ചത്. ഇതൊന്നും സാധാരണക്കാർക്ക് വരുമാന നഷ്ടത്തെ മറികടക്കാൻ പോന്ന വഴികളല്ല. മെയ്‌് 13 വരെ 14.62 കോടി തൊഴിൽദിനങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്. അതിനായി 10,000 കോടി രൂപ ചെലവാക്കി. രാജ്യത്തെ 1.87 ലക്ഷം ഗ്രാമപ്പഞ്ചായത്തുകൾ 2.33 കോടിയാളുകൾക്ക് ബുധനാഴ്ച ജോലി വാഗ്ദാനം ചെയ്തതും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ മേയിൽ 40 മുതൽ 50 ശതമാനം പേർ കൂടുതലായി തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. മറുനാടൻ തൊഴിലാളികൾ അവരുടെ നാട്ടിലേക്കു തിരിച്ചെത്തിയാൽ അവിടെ രജിസ്റ്റർ ചെയ്യാം. ശരാശരി കൂലി 182 രൂപയിൽനിന്ന് 202 രൂപയായി വർധിപ്പിച്ചതും അവർക്ക് നേട്ടമാകും.

ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രതിദിനം 500ലേറെ രൂപയാണ് വേതനമായി ഇപ്പോൾ ശരാശരി കിട്ടുന്നത്. ഇവർക്ക് ജീവിതാവശ്യങ്ങൾ 202 രൂപ കൊണ്ട് ഒരിക്കലും നിർവ്വഹിക്കാനാകില്ല. ഈ വസ്തുതയാണ് കേന്ദ്രം തിരിച്ചറിയാതെ പോകുന്നത്.

എവിടെനിന്നും റേഷൻ

എട്ട് കോടി അതിഥി തൊഴിലാളികൾക്ക് രണ്ടുമാസം സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് 3,500 കോടി രൂപയുടെ പദ്ധതിയാണ് മുന്നോട്ടുവെക്കുന്നത്. ഒരാൾക്ക് അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യവും കുടുംബത്തിന് മാസംതോറും ഒരു കിലോ പയറുവർഗവും അടുത്ത രണ്ട് മാസത്തേക്കു നൽകും. ചെലവ് പൂർണമായും കേന്ദ്രംവഹിക്കും. വിശദാംശങ്ങൾ സംസ്ഥാനസർക്കാരുകൾ അറിയിക്കും. റേഷന്റെ ഒരുഭാഗം ഒരിടത്തുനിന്നു വാങ്ങിയിട്ടുണ്ടെങ്കിലും ബാക്കി മറ്റൊരു സ്ഥലത്തുനിന്ന് വാങ്ങാം. രാജ്യത്ത് എട്ട് കോടി അതിഥി തൊഴിലാളികൾ എന്നത് സംസ്ഥാന സർക്കാരുകൾ നൽകിയ, വിവിധ ക്യാംപുകളിൽ കഴിയുന്നവരുടെ കണക്കാണെന്നും ധനമന്ത്രി അറിയിച്ചു.

അടുത്തവർഷം മാർച്ചോടെ ഇവർക്ക് രാജ്യത്തെവിടെനിന്നും റേഷൻ വാങ്ങാം. 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പാക്കുന്നതോടെയാണിത്. ഓഗസ്റ്റോടെ 23 സംസ്ഥാനങ്ങളിൽ നിന്നായി 67 കോടിപേർക്ക് (ആകെ പി.ഡി.എസ്. പോപ്പുലേഷന്റെ 83 ശതമാനം) 'ഒരു രാജ്യം ഒരു കാർഡ്' പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്താം. അടുത്തവർഷം മാർച്ചോടെ റേഷൻ കാർഡ് പോർട്ടബിലിറ്റി (രാജ്യത്തെവിടെ വേണമെങ്കിലും റേഷൻ കാർഡ് ഉപയോഗിക്കാനുള്ള സൗകര്യം) 100 ശതമാനം പേർക്കും ലഭ്യമാക്കും.

ചെറിയ വാടകയിൽ താമസം

പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ മറുനാടൻ തൊഴിലാളികൾക്കും നഗരത്തിലെ പാവങ്ങൾക്കും മിതമായ വാടകയ്ക്ക് താമസസ്ഥലമൊരുക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ മിതമായ വാടകയ്ക്ക് പാർപ്പിടസമുച്ചയങ്ങൾ നിർമ്മിക്കും. ഇതിനായി കെട്ടിട നിർമ്മാതാക്കൾ, വ്യവസായികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് സഹായം നൽകും. പാക്കേജിന്റെ ഭാഗമായി മധ്യവർഗക്കാർക്ക് മിതമായ ചെലവിൽ വീടുകൾ ലഭ്യമാക്കാനുള്ള പദ്ധതിക്കായി 70,000 കോടി രൂപ കൂടി ചെലവഴിക്കും. പുതുതായി രണ്ടര ലക്ഷം പേർക്കുകൂടി നേട്ടമുണ്ടാക്കും വിധമാണ് പാക്കേജ്. ഇതും ലോണാണ്. അതായത് പാവങ്ങൾക്ക് പണം നൽകി ബാങ്കുകൾക്ക് പലിശ സഹിതം നേട്ടമുണ്ടാക്കാനുള്ള പദ്ധതി.

മധ്യവർഗക്കാർക്കുള്ള (ആറ്് ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ) ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്‌കീം കഴിഞ്ഞ മാർച്ച് 31 വരെ നീട്ടിയിരുന്നു. പദ്ധതി 3.3 ലക്ഷം പേർക്ക് ഗുണം ലഭിച്ചു. ഈ പദ്ധതി അടുത്ത വർഷം മാർച്ച് വരെയാണ് നീട്ടിയത്. അതിനാൽ രണ്ടര ലക്ഷം മധ്യവർഗക്കാർക്കുകൂടി ഗുണം ലഭിക്കും. ഭവന മേഖലയിൽ 70,000 കോടിയുടെ നിക്ഷേപമുണ്ടാകുന്നത് നിർമ്മാണമേഖലയ്ക്ക് ഉണർവുണ്ടാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കൂടാതെ ഉരുക്ക്, സിമന്റ്, ഗതാഗതം, നിർമ്മാണ സാമഗ്രികൾ എന്നിവയ്ക്കുള്ള ആവശ്യം വർധിപ്പിക്കുകയും ചെയ്യും. അതുവഴി ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുമെന്നും പാക്കേജിൽ പറയുന്നു. ഇതും പ്രതീക്ഷ മാത്രമാണ്. യാഥാർത്ഥ്യത്തിന്റെ തലത്തിൽ എത്രമാത്രം ഇത് മുന്നോട്ട് പോകുമെന്ന ചർച്ചയാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP