Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'രണ്ടാമൂഴം' തിരികെ ലഭിക്കുവാൻ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളി ഫാസ്ട്രാക്ക് കോടതി; മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരികെ വേണമെന്നുമുള്ള നിലപാടിലുറച്ച് എം ടി; പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും രണ്ടാമൂഴം യാഥാർത്ഥ്യമാവുമെന്ന 'ഒടിയൻ' സംവിധായകന്റെ വാക്കുകൾ സത്യമാകുമോ എന്ന സംശയത്തിൽ സിനിമാ പ്രേമികൾ

'രണ്ടാമൂഴം' തിരികെ ലഭിക്കുവാൻ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകൻ വി.എ ശ്രീകുമാർ മേനോന്റെ ആവശ്യം തള്ളി ഫാസ്ട്രാക്ക് കോടതി; മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരികെ വേണമെന്നുമുള്ള നിലപാടിലുറച്ച് എം ടി; പ്രീപ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണെന്നും രണ്ടാമൂഴം യാഥാർത്ഥ്യമാവുമെന്ന 'ഒടിയൻ' സംവിധായകന്റെ വാക്കുകൾ സത്യമാകുമോ എന്ന സംശയത്തിൽ സിനിമാ പ്രേമികൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: രണ്ടാമൂഴം സിനിമയാക്കാനുള്ള ശ്രീകുമാർ മോനോന്റെ നീക്കം നടക്കാനിടയില്ല. 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എം ടി. വാസുദേവൻ നായർ നൽകിയ കേസിൽ മധ്യസ്ഥനെ (ആർബിട്രേറ്റർ) നിയോഗിക്കണമെന്ന സംവിധായകൻ വി.എ. ശ്രീകുമാർ മേനോന്റെ ആവശ്യം ഫാസ്റ്റ്ട്രാക്ക് കോടതി തള്ളി. എംടിയുടെ തിരക്കഥ ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. നേരത്തെ ഇതേ ആവശ്യം കോഴിക്കോട് അഡീഷനൽ മുൻസിഫ് കോടതിയും തള്ളിയിരുന്നു. രണ്ടാമൂഴത്തിന് ആദ്യം പണം മുടക്കാനെത്തിയത് ബിആർ ഷെട്ടിയായിരുന്നു. ഷെട്ടി സിനിമ നിർമ്മിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പിന്നീട് ഡോ എസ് കെ നാരായണന്റെ കഥ കരാർ കാലാവധി കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ തുടങ്ങാത്തതിനാൽ 'രണ്ടാമൂഴം' തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം ടി. വാസുദേവൻ നായരാണ് കോടതിയിൽ കേസു നൽകിയത്. മധ്യസ്ഥനിലൂടെ പ്രശ്നപരിഹാരം കാണണമെന്നായിരുന്നു സംവിധായകന്റെ ആവശ്യം. കേസിൽ മധ്യസ്ഥതയ്ക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമുള്ള നിലപാടിൽ എംടി ഉറച്ചു നിന്നു. ഇതോടെയാണ് മധ്യസ്ഥ ചർച്ച പൊളിയുന്നത്.

കരാർ വ്യവസ്ഥയുടെ ലംഘനം നടന്നതു കൊണ്ടു തന്നെ എംടിയുടെ ഭാഗത്തിനെ കോടതി അംഗീകരിക്കാനാണ് സാധ്യത. അതുകൊണ്ട് തന്നെ രണ്ടാമൂഴം ശ്രീകുമാർ മേനോന് സംവിധാനം ചെയ്യാനാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എം ടിയുടെ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി എംടി എഴുതിയ തിരക്കഥ 4 വർഷം മുൻപ് സിനിമയാക്കുന്നതിനായി സംവിധായകൻ ശ്രീകുമാർ മേനോനെ ഏൽപിച്ചിരുന്നു. തിരക്കഥ നൽകുമ്പോഴുള്ള കരാർ പ്രകാരം 3 വർഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാൽ 4 വർഷം കഴിഞ്ഞിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ട് സംവിധായകനെതിരെയും നിർമ്മാണക്കമ്പനിക്കെതിരെയും കോടതിയെ സമീപിച്ചത്.

ഈ തിരക്കഥ ഉപയോഗിച്ചു ചിത്രീകരണം തുടങ്ങുന്നതിൽ നിന്നു സംവിധായകനെയും നിർമ്മാണ കമ്പനിയെയും കോടതി താൽക്കാലികമായി വിലക്കിയിരുന്നു. പിന്നീടാണ് സംവിധായകൻ തർക്കം കോടതിക്കു പുറത്തു പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കോടതിക്കു ഹർജി നൽകിയത്. എർത്ത് & എയർ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രീകുമാരൻ മേനോൻ എന്നിവരാണ് എംടി നൽകിയ കേസിലെ എതിർകക്ഷികൾ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, ചിത്രീകരണം തുടങ്ങുന്നത് താത്കാലികമായി വിലക്കിയിരുന്നു.

കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് മധ്യസ്ഥനെ വയ്ക്കണമെന്ന ആവശ്യം സംവിധായകൻ ശ്രീകുമാർ മേനോൻ ഉന്നയിച്ചത്. സിനിമയുടെ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണെന്നും കേസ് വേഗത്തിൽ തീരണമെന്ന് ആഗ്രഹമുണ്ടെന്നും നിർമ്മാണ കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതാണ് തള്ളുന്നത്. വർഷങ്ങൾ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എംടി തിരക്കഥ ഒരുക്കിയത്. എന്നാൽ താൻ കാണിച്ച ആവേശവും ആത്മാർഥതയും അണിയറ പ്രവർത്തകരിൽനിന്നും ലഭിച്ചില്ല. ഇതാണ് പിന്മാറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. നാലുവർഷം മുമ്പാണ് ശ്രീകുമാർ മേനോനുമായി കരാർ ഉണ്ടാക്കിയത്. തുടർന്ന് മലയാളം, ഇംഗ്ലീഷ് തിരക്കഥകൾ നൽകി.

മൂന്നു വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ പ്രകാരം ചിത്രീകരണം തുടങ്ങാനായില്ല. ഒരു വർഷം കൂടി സമയം നീട്ടിനൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് എംടിയുടെ നീക്കം. അതിനിടെ ചിത്രത്തിന്റെ നിർമ്മാണത്തിൽ നിന്നും ബി ആർ ഷെട്ടി പിൻവാങ്ങി. അതേസമയം രണ്ടാമൂഴം നടക്കുമെന്ന് ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരന്നു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണ്.

എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരിക്കും. മലയാളികളുടെ അഭിമാനമായ എം. ടി സാറിന്റെ രണ്ടാമൂഴത്തിനെ അന്തർദേശീയ നിലവാരത്തിൽ ചലച്ചിത്രമായി പുറത്തു കൊണ്ടുവരിക എന്നതാണ് ഞാൻ കൊടുത്ത വാക്ക്. അത് നടക്കുമെന്നും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP