Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർത്തവ രക്തത്തിൽ അയ്യപ്പനെ ചിത്രീകരിച്ച കുട്ടി സഖാക്കൾക്ക് എട്ടിന്റെ പണി; വിവാദമായപ്പോൾ എബിവിപിയുടെ തലയിലിട്ട് തടിതപ്പാനുള്ള ശ്രമവും പാളി; തൃശ്ശൂർ കേരള വർമ്മ കോളേജിലെ ഫ്‌ളക്‌സ് വിവാദത്തിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി ചിത്രം ഹൈന്ദവ വികാരത്തിനെതിരെന്ന് കാണിച്ച് ബിജെപി നേതാവ് നൽകിയ പരാതിയിൽ

ആർത്തവ രക്തത്തിൽ അയ്യപ്പനെ ചിത്രീകരിച്ച കുട്ടി സഖാക്കൾക്ക് എട്ടിന്റെ പണി; വിവാദമായപ്പോൾ എബിവിപിയുടെ തലയിലിട്ട് തടിതപ്പാനുള്ള ശ്രമവും പാളി; തൃശ്ശൂർ കേരള വർമ്മ കോളേജിലെ ഫ്‌ളക്‌സ് വിവാദത്തിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ ഉത്തരവിട്ട് കോടതി; നടപടി ചിത്രം ഹൈന്ദവ വികാരത്തിനെതിരെന്ന് കാണിച്ച് ബിജെപി നേതാവ് നൽകിയ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരള വർമ്മ കോളേജിലെ വിവാദ ഫ്‌ളക്‌സ് ബോർഡ് എബിവിപിയുടെ തലയിലാക്കി രക്ഷപ്പെടാനുള്ള എസ്എഫ്‌ഐ ശ്രമം പാളി. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച് ബോർഡ് വച്ചെന്ന പരാതിയിൽ തൃശ്ശൂർ കേരള വർമ്മ കോളേജിലെ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തൃശ്ശൂർ സിജെഎം കോടതിയാണ് കേസെടുക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്.

എസ്എഫ്‌ഐ നേതാക്കൾക്കെതിരെ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണർ, തൃശ്ശൂർ വെസ്റ്റ് സിഐ എന്നിവർക്കെല്ലാം പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കോടതിയുടെ ഇടപെടൽ. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസൻ മുബാറക്, കോളേജ് യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആർ നന്ദന, യൂണിയൻ ചെയർമാൻ വി എസ് കൃഷ്ണ എന്നിവർക്കെതിരെയാണ് കേസ് എടുക്കുക.

തൃശ്ശൂർ കേരളവർമ്മ കോളേജിന് മുൻപിൽ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട പോസ്റ്ററിന്റെ പേരിൽ പരാതിയുമായി ബിജെപി. രക്തം ഒലിച്ചിറങ്ങുന്ന കാലുകൾക്കിടയിൽ രക്തത്തിൽ കുളിച്ച അയ്യപ്പന്റെ ചിത്രമാണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. എസ്എഫ്ഐയുടെ പേരിൽ സ്ഥാപിക്കപ്പെട്ട ഈ പോസ്റ്റർ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ നിലവിലുള്ള കേസിൽ അന്തിമവിധി വരാത്ത സാഹചര്യത്തിൽ സ്ഥാപിക്കപ്പെട്ട പോസ്റ്റർ വിദ്യാർത്ഥികൾക്കിടയിൽ കലാപം സൃഷ്ടിക്കൻ സ്ഥാപിക്കപ്പെട്ടതെന്നും ഉന്നയിച്ചുകൊണ്ടാണ് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. അനീഷ് കുമാർ പരാതി നൽകിയിരിക്കുന്നത്.

'പിറവി, അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ, എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകൾ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിരോധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്കുനേരെ മുഖം തിരിക്കാൻ... ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്വദാർഢ്യം' എന്നാണ് പോസ്റ്ററിൽ ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്.എസ്എഫ്ഐ പ്രവർത്തകർ അദ്ധ്യാപകരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റർ സ്ഥാപിച്ചതെന്നാണ് ബിജെപി ജില്ല സെക്രട്ടറി പരാതിയിൽ ആരോപിച്ചിരുന്നു.

കാലുകൾക്കിടയിൽ തലകീഴായി ശബരിമല ധർമ്മ ശാസ്താവ്. യുവതിയുടെ കാലുകളാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ നഖത്തിൽ ക്യൂട്ടക്സുമുണ്ട്. ആർത്തവത്തെ ചിത്രീകരിക്കാൻ കാലുകളിൽ ചോരപ്പാടുകൾ. ഇതിനൊപ്പമാണ് ശബരിമലയിലേക്ക് സ്ത്രീകൾക്ക് ഭൃഷ്ടു കൽപ്പിക്കുന്ന എന്ന തരത്തിലെ വിവാദ ഫ്ളക്സ്. ഒറ്റ നോട്ടത്തിൽ തന്നെ അയ്യപ്പ വിശ്വാസികളെ പ്രകോപിപ്പിക്കുന്നതാണ് ഈ ഫ്ളക്സ്. ഇതിലെ രാഷ്ട്രീയം സംഘപരിവാർ ചർച്ചയാക്കിയതോടെ കുറച്ചു മാസം ചർച്ചകളിൽ നിന്ന് മാറിയ ശബരിമല സ്ത്രീ പ്രവേശനം വീണ്ടും വാർത്തകളിൽ എത്തുകയായിരുന്നു്. വിവാദങ്ങൾ ഇനിയുണ്ടാക്കരുതെന്ന സിപിഎം സംസ്ഥാന സമിതിയിലെ ചർച്ചകളെ അംഗീകരിക്കാത്തതാണ് ഈ ഫ്ളക്സ്. ഇതിന് പിന്നാലെ പണി പാളി എന്ന് മനസ്സിലാക്കിയ എസ്എഫ്‌ഐ നേതൃത്വം സംഗതി എബിവിപിയുടെ തലയിലിട്ട് തടിതപ്പാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

വീണ്ടും എസ് എഫ് ഐയുടെ ഹിന്ദു നിന്ദ.. കേരളവർമ്മ കോളേജിന്റെ ക്യാമ്പസിലാണ് ശബരിമല അയ്യപ്പന്റെ വികൃതമായ രൂപത്തോടു കൂടിയ ഫ്ളെക്സ് വെച്ചിരിക്കുന്നത്.... ജനം തീരുമാനിക്കുക ഇവറ്റകളെ എന്ത് ചെയ്യണമെന്ന്...-എന്ന ഫ്ളക്സുമായി സുരജ് ഇലന്തൂരാണ് ഈ വിഷയം ചർച്ചയാക്കിയത്. തുടർന്ന് കെ സുരേന്ദ്രനും വിഷയം ചർച്ചയാക്കുന്ന തരത്തിൽ പോസ്റ്റിട്ടു. സെക്രട്ടറിയുടെ മക്കളെപ്പോലെ പാർട്ടിയുടെ മക്കളും ഇങ്ങനെ തല തിരിഞ്ഞു പോയാൽ പിന്നെ കുലം മുടിയാൻ അധികസമയം വേണോ? യഥാരാജാ തഥാ പ്രജാ...-ഇതാണ് സുരേന്ദ്രന്റെ കുറിപ്പ്. വലിയ ചർച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഈ യുവജനസംഘടനയിൽ ഇതുപോലെയുള്ള തോന്ന്യവാസങ്ങൾ ചോദ്യംചെയ്യാൻ ആരുമില്ലേ. അതോ എല്ലാവരും സപ്പോർട്ടാണോ? എന്ന ചോദ്യമാണ് പരിവാർ സംഘടനകൾ ഉയർത്തുന്നത്. ബീഫ് ഫെസ്റ്റും മറ്റും നടത്തി നവോത്ഥാനം ചർച്ചായാക്കി കേരളവർമ്മാ കോളേജ് അങ്ങനെ വീണ്ടും ചർച്ചകളിലെത്തുകയാണ്.

സ്ത്രീ പ്രവേശനത്തിന് എസ് എഫ് ഐ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നതാണ് ഫ്ളക്സ് വിശദീകരിക്കുന്നത്. പിറവി അതൊരു യാഥാർത്ഥ്യമാണ്. ഒരു പെണ്ണിന് മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്ന് വീണത് ഒരേ വഴിയിലൂടെ... എവിടെ ആർത്തവം അശുദ്ധിയാകുന്നുവോ... എവിടെ സ്ത്രീകൾ ഭ്രഷ്ടയാക്കുന്നുവോ.. അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങൾക്ക് നേരെ മുഖം തിരിക്കുവിൻ... ശബരിമല സ്ത്രീ പ്രവേശനം ഐക്യദാർഡ്യ സമരം.. എസ് എഫ് ഐ-ഇതാണ് പരിവാറുകാർ വിവാദമാക്കുന്ന ഒരു ഫ്ളക്സ്. അതായത് ശബരിമലയിൽ എസ് എഫ് ഐ സമരം നടത്തുമെന്ന് പറയാതെ പറയുകയാണ് ഈ ഫ്ളക്സ്. സ്ത്രീ സ്വാതന്ത്ര്യമെന്ന നവോത്ഥാന മുദ്രാവാക്യമാണ് ഇതിൽ നിറയുന്നത്. ഏത് സാഹചര്യത്തിലാണ് ഇപ്പോൾ ഈ ഫ്ളക്സ് എത്തിയതെന്നും വ്യക്തമല്ല. എന്തായാലും ഇപ്പോൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതോടെ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലാവുകയാണ് കുട്ടി സഖാക്കൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP