Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു; മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിൽ; മറാഠാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവം; കണ്ണൂരിൽ പി.കെ ശ്രീമതിക്കായി വോട്ടുചോദിക്കുന്ന ഇവർക്ക് പറയാനുള്ളത് പാവങ്ങളുടെ അതിജീവനത്തിന്റെ കഥ

മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലമുണ്ടായിരുന്നു; മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിൽ; മറാഠാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവം; കണ്ണൂരിൽ പി.കെ ശ്രീമതിക്കായി വോട്ടുചോദിക്കുന്ന ഇവർക്ക് പറയാനുള്ളത് പാവങ്ങളുടെ അതിജീവനത്തിന്റെ കഥ

രഞ്ജിത് ബാബു

കണ്ണൂർ: മഹാരാഷ്ട്രയിലെ ധാരാവിയിലും മാട്ടുങ്കയിലും രാഷ്ട്രീയ പ്രവർത്തനം നടത്തിയ അനുഭവത്തിലാണ് മാവിലാക്കണ്ടി പ്രഭാകരനും ഭാര്യ കെ. രതിയും കണ്ണൂരിലെ കിഴുത്തള്ളിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങുന്നത്. മുംബൈ ധാരാവിയിൽപ്പോലും സിപിഎം ജയിക്കുന്ന ഒരു കാലം അവർ ഓർക്കുകയാണ്. മദ്യവും പണവും സാരിയുമൊക്കെ നൽകി സ്വാധീനിച്ചിട്ടും ഇടതുപക്ഷം ജയിച്ചത് പാവപ്പെട്ട തൊഴിലാളികളുടെ കരുത്തിലായിരുന്നു. മറാത്ത തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുവേണ്ടി പൊരുതിയ തൊഴിലാളി ദമ്പതികൾ ജീവിത സായാഹ്നത്തിലും പാർട്ടിക്കായി സജീവമാണ്. പഴയ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് ഊർജം ഉൾക്കൊണ്ട് ഈ ജീവിത സായാഹ്നത്തിലും അവർ പാർട്ടിക്കായി രംഗത്തിറങ്ങുന്നു. കണ്ണൂരിലെ സിപിഎം സ്ഥാനാർത്ഥി പി കെ ശ്രീമതിക്കായി വീട് കയറി വോട്ടു ചോദിക്കുന്നു.

1976 ൽ കണ്ണൂർ താളിക്കാവിലെ സാധുബീഡി കമ്പനിയിൽ ബീഡി തൊഴിലാളിയായിരിക്കേയാണ് പ്രഭാകരൻ മുംബൈയിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞ് കടുത്ത സാമ്പത്തിക പ്രതിസന്ധി ഏറിയതിനാൽ മുംബൈയിൽ ജോലി ചെയ്യുന്ന ജനാർദ്ദനൻ സഹോദരനെ അങ്ങോട്ട് ക്ഷണിക്കുകയായിരുന്നു. അവിടെ ടെക്സ്റ്റയിൽ രംഗത്ത് ജോലിക്ക് ശ്രമിച്ചെങ്കിലും പരിശീലനക്കുറവിനാൽ ജോലി ലഭിച്ചില്ല. അതോടെ മാട്ടുങ്കയിലെ ലാമ്പർ ക്യാമ്പിൽ ' തമ്പാക്ക് ' എന്നറിയപ്പെടുന്ന പുകയിലയും ചുണ്ണാമ്പും ചേർത്തുള്ള മുറുക്കാൻ വിൽക്കുന്ന കട നടത്തി.

അതോടെ പ്രഭാകരനും ഭാര്യയും രാഷ്ട്രീയ ജീവിതത്തിനും അവിടെ തുടക്കമിട്ടു. നാട്ടിൽ വെച്ചുള്ള കമ്യൂണിസത്തിന്റെ ഹരം പ്രഭാകരനിലെ മുംബൈയിലെ ജീവിതത്തോടെ ശക്തിപ്പെടുകയായിരുന്നു. ബീഡിയും സിഗരറ്റും മിഠായിയും പാവും വാങ്ങാനായി മലയാളികളായ തൊഴിലാളികൾ ധാരാളമായി കടയിലെത്തി തുടങ്ങി. അവരുമായുള്ള ബന്ധത്തിനിടയിൽ കമ്യൂണിസത്തിന്റെ ബാലപാഠവും പ്രഭാകരൻ തൊഴിലാളികൾക്ക് പകർന്നു നൽകി.

മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള പപ്പട തൊഴിലാളികളായിരുന്നു മുംബൈയിൽ പ്രഭാരകനുമായി ആദ്യം അടുത്തത്. പപ്പട തൊഴിലാളികളുടെ അവധിക്കാര്യത്തിലും മിനിമം കൂലിയിലുമൊക്കെ പ്രഭാകരൻ ഇടപെടുകയും ചെയ്തു. തൊഴിലാളികളെ വിളിച്ചു കൂട്ടി മുംബൈ പാപ്പട് വർക്കേഴ്‌സ് യൂനിയൻ ഉണ്ടാക്കി. ഇരുനൂറിലേറെ തൊഴിലാളികളുള്ള ട്രേഡ് യൂനിയനായി അത് വളർന്നു. ഈ സംഘടയുടെ മുംബൈ പ്രസിഡന്റായും പ്രവർത്തിച്ചു.രണ്ട് പതിറ്റാണ്ടിലേറെക്കാലം പപ്പട തൊഴിലാളി യൂനിയന്റെ എല്ലാമായിരുന്നു പ്രഭാകരൻ. 1995 മുതൽ മാട്ടുങ്ക ലാബർ ക്യാമ്പിന് സമീപത്തെ പാർട്ടി ഓഫീസിലായിരുന്നു ഈ ദമ്പതികളുടെ താമസവും. 1996 ഓടെ തൊഴിലാളികൾ ഓരോരുത്തരും സ്വന്തമായി തന്നെ പപ്പട നിർമ്മാണ യൂനിറ്റുകൾ ആരംഭിച്ചതോടെ ഈ രംഗത്ത് തൊഴിലാളി -മുതലാളി വേർതിരിവില്ലാതായി. അതോടെ യൂനിയന്റെ പ്രവർത്തനവും നിലച്ചു.

എന്നാൽ പാർട്ടി പ്രവർത്തനത്തിന് പ്രഭാകരനും ഭാര്യയും സജീവമായി തന്നെ നിലകൊണ്ടു. ധാരാവി നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം. സ്ഥാനാർത്ഥി സത്യേന്ദ്ര മോറെ മത്സരിച്ചപ്പോൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഈ ദമ്പതികൾ സജീവമായി മുൻ നിരയിലായിരുന്നു. അദ്ദേഹം വിജയിക്കുകയും ചെയ്തു. മലയാളി -തമിഴ് മേഖലകളിൽ മാതൃകാപരമായ പ്രവർത്തനമായിരുന്നു ഇവർ കാഴ്ച വെച്ചിരുന്നത്. 1990 ൽ യു.കെ. നായർ ഇടതു പിന്തുണയുള്ള സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോഴും തെരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഈ ദമ്പതികൾ സജീവമായുണ്ടായിരുന്നു. ധാരാവിയിൽ റേഷൻ വിതരണത്തിലെ ക്രമക്കേട് പരിഹരിക്കാൻ മഹിളാ അസോസിയേഷന്റെ ധാരാവി താലൂക്ക് സെക്രട്ടറിയായ കെ. രതിയുടെ പോരാട്ടം പ്രത്യേകം ശ്രദ്ധേയമായിരുന്നു.

അതോടെയാണ് റേഷൻ വിതരണ രംഗത്തെ അഴിമതിക്ക് പരിഹാരമായത്. കണ്ണൂരിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.കെ. ശ്രീമതിയുടെ പ്രചാരണത്തിരക്കിലാണ് ഈ ദമ്പതികൾ. മുബൈയുമായി തെരഞ്ഞെടുപ്പു പ്രവർത്തന രീതിക്ക് ഏറെ സാദൃശ്യമുണ്ട് കണ്ണൂരിലെ തെരഞ്ഞെടുപ്പിന്. പകൽ സമയങ്ങളിൽ വീടുകളിലും ഫ്‌ളാറ്റുകളിലും കയറി വോട്ടഭ്യർഥിക്കുന്നു. ചെറിയ പ്രകടനങ്ങളും പൊതു യോഗങ്ങളും ഉണ്ടാകും. എന്നാൽ മുംബൈയിൽ വോട്ടർമാർക്ക് സാരിയും പണവും നൽകി പ്രലോഭിപ്പിക്കാറുണ്ട്. ഇതൊക്കെ വാങ്ങിയവരും തങ്ങൾക്ക് വോട്ട് ചെയ്തതായി രതി പറയുന്നു.

പുരുഷന്മാർക്ക് മദ്യവും പണവും നൽകി സ്വാധീനിക്കാറുണ്ടെന്ന് പ്രഭാകരനും സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ എന്നിട്ടും ഇടതുപക്ഷം പിടിച്ചു നിന്നത് തൊഴിലാളികളുടെ കരുത്തിലാണ്. പാവങ്ങൾക്ക് എന്തെങ്കിലും ഗുണം കിട്ടണമെങ്കിൽ ഇടതുപക്ഷംതന്ന വരണമെന്നാണ് ഇവർ ഇപ്പോഴും പറയുന്നത്. നിൽക്കാൻ സമയമില്ല ഈ ദമ്പതികൾക്ക്. തെരഞ്ഞെടുപ്പ് പോരാട്ട ഭൂമിയിലേക്ക് മറാട്ട ടച്ചോടുകൂടി ഇറങ്ങുകയാണ് പ്രഭാകരനും രതിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP